കോവിഡ് വാക്സിൻ എത്തിയത്‌ മുതലുള്ള സംശയങ്ങളാണ്. അളവിലും രണ്ടാമത്തെ ഡോസിലും ഇരു ഡോസുകൾക്കിടയിലെ സമയത്തിലുമെല്ലാം സംശയം. വാക്സിൻ ക്ഷാമം അറിഞ്ഞതോടെ രണ്ടാം ഡോസ് ലഭിക്കുമോ, വൈകിയാൽ എന്തെങ്കിലും സംഭവിക്കുമോ എന്നിങ്ങനെയായി സംശയങ്ങൾ. സാധാരണ കേൾക്കുന്ന ചില സംശയങ്ങൾക്ക് ആരോഗ്യ വകുപ്പ് നൽകുന്ന ഉത്തരങ്ങൾ ഇങ്ങനെ.

രണ്ട്‌ ഡോസും ഒരേ മരുന്നുതന്നെ

കോവാക്സിൻ, കോവിഷീൽഡ് എന്നിവയാണ് നൽകുന്ന വാക്സിനുകൾ. ആദ്യ ഡോസ് എടുത്ത അതേ മരുന്നുതന്നെ രണ്ടാം ഡോസിലും എടുക്കണം. ഒരേ അളവ്‌ വാക്സിൻ തന്നെയാണ്‌ രണ്ടു തവണയും ലഭിക്കുക.

രണ്ടാമത്തെ ഡോസ് എപ്പോൾ ?

കോവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 42 മുതൽ 56 ദിവസത്തിനുള്ളിൽ.

കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 28 മുതൽ 42 ദിവസത്തിനുള്ളിൽ.

വാക്സിനും പ്രതിരോധവും

ആദ്യ ഡോസ് എടുത്താൽ 50 ശതമാനത്തോളം പ്രതിരോധ ശേഷി നേടിയെന്നാണർഥം. രണ്ടാം ഡോസെടുത്താൽ 95 ശതമാനത്തോളവും. ഒരു വാക്സിനും നൂറു ശതമാനം ഉറപ്പു നൽകുന്നില്ല. വാക്സിൻ എടുത്താലും മാസ്കും സാമൂഹിക അകലവും ശുചിത്വവും പാലിക്കണം.

വാക്സിൻ വൈകിയാൽ

മറ്റ് വാക്സിനുകൾ പോലെ (ഉദാ: പേപ്പട്ടി വിഷബാധ) കൃത്യസമയത്ത് വാക്‌സിൻ എടുക്കണമെന്ന നിഷ്‌കർഷ നിലവിലില്ല. രണ്ടാം ഡോസ് വൈകിയാൽ പ്രതിരോധശേഷി കുറയുമെന്ന്‌ കണ്ടെത്തിയിട്ടില്ല. എന്നാൽ, കൃത്യസമയത്ത് രണ്ടാം ഡോസ് എടുക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും.

വൈകിയാൽ ആദ്യ ഡോസ് വീണ്ടും എടുക്കണോ?

കാലതാമസം വന്നാലും രണ്ടാം ഡോസ് തന്നെയാണ് എടുക്കേണ്ടത്. പ്രയോജനമില്ലെന്നും സമയം വൈകിയെന്നും കരുതാതെ രണ്ടാം ഡോസ് എടുക്കണം. മൂന്ന്‌ ഡോസ് എന്ന നയം നിലവിൽ ആരംഭിച്ചിട്ടില്ല.

മികച്ചത് ഏത്?

ഈ തർക്കത്തിന്‌ പ്രസക്തിയില്ല. ഭാവിയിൽ ഇതിലും മികച്ച വാക്സിനുകൾ വന്നേക്കാം. ജനിതക മാറ്റം വരുന്ന വൈറസുകളെ പ്രതിരോധിക്കാൻ പുതിയവ നിർമിച്ചേക്കാം. നിലവിൽ കോവിഡിനെ ചെറുക്കാൻ കഴിയുമെന്ന്‌ തെളിയിച്ച രണ്ട്‌ വാക്സിനുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ, ശരിയായ രീതിയിൽ വാക്സിനെടുക്കാം.

പ്രതിരോധ ശേഷി വർധിച്ചോ?

വാക്സിൻ എടുത്തശേഷം പ്രതിരോധ ശേഷിയുടെ തോത് അറിയാനായി ആന്റിബോഡി പരിശോധന നടത്താം. സർക്കാർ-സ്വകാര്യ മേഖലയിൽ പലയിടങ്ങളിലും നിലവിൽ ആന്റിബോഡി പരിശോധന നടത്തുന്നുണ്ട്.

Content Highlights: Will the vaccine be delayed and the result will be reduced?, Health, Covid19, Corona Virus, Covid Vaccine