ചൈനയില്‍ 2019 ഡിസംബര്‍ അവസാനം പ്രത്യക്ഷപ്പെട്ട കോവിഡ്-19 ലോകമെമ്പാടും വ്യാപിച്ച് ലക്ഷക്കണക്കിനാളുകളുടെ ജീവനപഹരിച്ച് തുടങ്ങിയിട്ട് ഇപ്പോള്‍ ഏതാണ്ട് ആറുമാസമാകുന്നു. എല്ലാവരുടെയും നാവിന്‍ തുമ്പില്‍ ഇപ്പോള്‍ ഒരു ചോദ്യമാണുള്ളത്. കോവിഡ് എന്നെങ്കിലും അവസാനിക്കുമോ? എങ്കില്‍ എപ്പോള്‍? എങ്ങനെ?

വാക്‌സിന്‍ കണ്ടെത്തി രോഗത്തെ നിയന്ത്രിച്ച് നിര്‍ത്തുക, ചികിത്സയ്ക്ക് പറ്റിയ ആന്റി വൈറസുകള്‍ കണ്ടെത്തുക എന്നിവയാണ് രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍. എന്നാല്‍, മഹാമാരി (പാന്‍ഡമിക്), പ്രാദേശിക രോഗമായി (എന്‍ഡമിക്) മാറാനും സാധ്യതയുണ്ട്. ഇതിനുമുമ്പ് മനുഷ്യരാശിയുടെ അന്ത്യം കുറിക്കുമെന്ന് പ്രവചിക്കപ്പെട്ട മഹാമാരികളില്‍ പലതും പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യപ്പെടുകയോ മറ്റു ചിലവ ഭാഗികമായിട്ടെങ്കിലും പിന്‍വാങ്ങുകയോ ചെയ്തിട്ടുള്ളത് ഈ മാര്‍ഗങ്ങളിലൂടെയാണ്.

വാക്‌സിന്‍ ഗവേഷണം

വാക്‌സിന്‍ നല്‍കുന്നതുവഴി കൃത്രിമമായി മനുഷ്യശരീരത്തില്‍ വൈറസിനെതിരേ പ്രതിവസ്തുക്കള്‍ (ആന്റി ബോഡീസ്) സൃഷ്ടിച്ച് പ്രതിരോധശേഷി വളര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. കോവിഡിന് കാരണമായ സാര്‍സ് കൊറോണ വൈറസ്-2 ഒരു ആര്‍.എന്‍.എ. വൈറസാണ്. ആര്‍.എന്‍.എ. വൈറസുകള്‍ നിരന്തരം ജനിതകവ്യതിയാനത്തിന് (മ്യൂട്ടേഷന്‍) വിധേയമാകുന്നതിനാല്‍ വാക്‌സിന്‍ നിര്‍മാണം ബുദ്ധിമുട്ടുണ്ടാക്കും. എല്ലാതരം ജനിതകഘടനകള്‍ക്കും യോജിച്ച വാക്‌സിന്‍ നിര്‍മിക്കുക എളുപ്പമല്ല.

സാര്‍സ് കൊറോണ വൈറസ്-2ന്റെ ജനിതകഘടന വിവിധ രാജ്യങ്ങളിലായി രേഖപ്പെടുത്തി വരുന്നുണ്ട്. 9000-ത്തോളം വൈറസ് ഘടനകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ കാര്യമായ വ്യത്യാസം കാണുന്നില്ല എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് വാക്‌സിന്‍ നിര്‍മാണം വേഗത്തിലാവാന്‍ സാധ്യതയുണ്ട്. ഇതിനകം പലരാജ്യങ്ങളിലായി വാക്‌സിന്‍ ഗവേഷണ സംരംഭങ്ങള്‍ നടന്നുവരുന്നു. വൈറസിലുള്ള ആര്‍.എന്‍.എ.തന്തു, പ്രോട്ടീന്‍ കവചം എന്നിവയുടെ അടിസ്ഥാനത്തിലോ ജനിതക സാങ്കേതിക വിദ്യ പ്രയോഗിച്ചോ വാക്‌സിനുകള്‍ നിര്‍മിക്കാം. വാക്‌സിന്‍ മാതൃക കണ്ടെത്തല്‍, മൃഗപരീക്ഷണം, മൂന്നു ഘട്ടങ്ങളായുള്ള മനുഷ്യപരീക്ഷണം, മനുഷ്യപരീക്ഷണത്തിന് ശേഷമുള്ള നിരീക്ഷണസ്ഥാപനങ്ങളുടെ ഗുണപരിശോധന എന്നിവയെല്ലാം കഴിഞ്ഞു മാത്രമേ വാക്‌സിന്‍ മാര്‍ക്കറ്റ് ചെയ്യാനാവൂ.

മനുഷ്യരില്‍ പരീക്ഷണം നടത്തേണ്ട ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തില്‍ പത്തു വാക്‌സിനുകള്‍ എത്തിയിട്ടുണ്ട്. 126 വാക്‌സിനുകള്‍ അതിനുമുമ്പുള്ള ഘട്ടത്തിലാണ്. ഇന്ത്യയില്‍ മൂന്ന് സംരംഭങ്ങളാണ് നടന്നുവരുന്നത്. പുണെയില്‍നിന്നുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനെക്ക കമ്പനിയും സംയുക്തമായി നടത്തുന്ന വാക്‌സിന്‍ പരീക്ഷണം ക്ലിനിക്കല്‍ ഘട്ടത്തിലെത്തിയിട്ടുണ്ട്. ഐ.സി.എം.ആര്‍. ഹൈദരാബാദിലെ ഭാരത് ബയോടെക് കമ്പനിയുമായി ചേര്‍ന്ന് നടത്തുന്ന പരീക്ഷണവും ഹൈദരാബാദിലെ ഇന്ത്യന്‍ ഇമ്യൂണോളോജിക്കല്‍ ലിമിറ്റഡിന്റെ പരീക്ഷണവും ക്ലിനിക്കല്‍ പൂര്‍വ ഘട്ടത്തിലാണ്. മനുഷ്യരില്‍ നടത്തുന്ന ക്ലിനിക്കല്‍ പരിശോധന ഓരോ ഘട്ടവും പൂര്‍ത്തിയാക്കാന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെയോ വേണ്ടിവന്നേക്കാം. ഇതിനിടെ വൈറസ് കൂടുതല്‍ ജനിതക മാറ്റങ്ങള്‍ക്ക് വിധേയമായാല്‍ അതും പ്രശ്‌നമായി വരാം. ഏതായാലും ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് കോവിഡ് വാക്‌സിന്‍ 2021-ല്‍ പ്രതീക്ഷിച്ചാല്‍ മതിയാവും. ഭാഗ്യമുണ്ടെങ്കില്‍ 2021 ഏപ്രില്‍ മാസത്തോടെ എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍

കോവിഡിന് ഫലപ്രദമായ മരുന്ന് കണ്ടെത്തുക എന്നതാണ് മറ്റൊരു മാര്‍ഗം. ലോകാരോഗ്യസംഘടന ഏതാനും മരുന്നുകള്‍ സോളിഡാരിറ്റി ട്രയല്‍ എന്ന പേരില്‍ പരീക്ഷിച്ചുനോക്കിവരുകയാണ്. കേരളവും ഈ പരീക്ഷണത്തില്‍ പങ്ക് ചേരാനുള്ള താത്പര്യം അറിയിച്ചിട്ടുണ്ട്. ജിലിയാഡ് എന്ന അമേരിക്കന്‍ കമ്പനി കണ്ടെത്തിയ റെംഡെസിവീര്‍ എന്ന മരുന്നും എയ്ഡ്സിനായി ഉപയോഗിച്ചുവരുന്ന ലോപിനാവിര്‍, റിറ്റോനാവിര്‍ എന്നീ മരുന്നുകളും ഇപ്പോള്‍ത്തന്നെ കേരളത്തിലടക്കം പരീക്ഷണാര്‍ഥം ഉപയോഗിച്ചുവരുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിനും പ്രതിരോധശേഷി വര്‍ധിപ്പിക്കും എന്ന് കരുതുന്ന ഇന്റര്‍ഫേറോണ്‍ ബീറ്റ എന്ന മരുന്നുമാണ് സോളിഡാരിറ്റി ട്രയലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സോളിഡിരിറ്റി ട്രയല്‍ വിജയിച്ചാല്‍പ്പോലും മറ്റൊരു പ്രശ്‌നം ഉയര്‍ന്നുവരും. എയ്ഡ്‌സ്‌ രോഗത്തിന്റെ കാര്യത്തിലത് സംഭവിച്ചതാണ്. എയ്ഡ്സ് സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവരില്‍ പടര്‍ന്നുപിടിച്ചിരുന്ന കാലത്താണ് എയ്ഡ്സിനുള്ള മരുന്നുകള്‍ വന്‍കിട കമ്പനികള്‍ വലിയ വിലയ്ക്ക് മാര്‍ക്കറ്റ് ചെയ്തുതുടങ്ങിയത്. എന്നാല്‍, മരുന്ന് ഏറ്റവും അടിയന്തരമായി ആവശ്യമുള്ള ദരിദ്രര്‍ക്ക് അതിന്റെ പ്രയോജനം കിട്ടിയില്ല. അക്കാലത്ത് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പേറ്റന്റ് വ്യവസ്ഥയനുസരിച്ച് ഇന്ത്യന്‍ കമ്പനികള്‍ കുറഞ്ഞ വിലയ്ക്ക് എയ്ഡ്സിനുള്ള ജനറിക് മരുന്ന് ഉത്പാദിപ്പിച്ച് മാര്‍ക്കറ്റ് ചെയ്തതോടെയാണ് മരുന്ന് പാവപ്പെട്ടവര്‍ക്ക് ലഭ്യമായതും എയ്ഡ്സ് നിയന്ത്രണ വിധേയമായതും. അങ്ങനെയാണ് ഇന്ത്യന്‍ ഔഷധമേഖല പാവപ്പെട്ടവരുടെ ഫാര്‍മസി എന്നറിയപ്പെട്ടത്.

ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. ട്രിപ്‌സ് നിബന്ധനപ്രകാരം പേറ്റന്റ് നിയമം മാറ്റിയതോടെ പേറ്റന്റ് മരുന്നുകളുടെ ജനറിക് പതിപ്പുകള്‍ ഉത്പാദിപ്പിക്കാന്‍ ഇന്ത്യക്കോ മറ്റ് രാജ്യങ്ങള്‍ക്കോ കഴിയില്ല. ഇപ്പോള്‍ പരീക്ഷണത്തിലുള്ള മരുന്നുകളില്‍ ക്ലോറോക്വിന്‍ മാത്രമാണ് പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്ന്. അതുകൊണ്ട് സോളിഡാരിറ്റി ട്രയല്‍ വിജയിച്ചാല്‍ത്തന്നെ കോവിഡ് മരുന്നുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാവണമെന്നില്ല. ഇപ്പോള്‍ത്തന്നെ ജിലിയാഡ് കമ്പനി തത്കാലത്തേക്ക് റോയല്‍റ്റി കുറച്ചു നല്‍കിയാന്‍ മതിയെന്ന് സമ്മതിച്ചതുകൊണ്ടുമാത്രമാണ് ഇന്ത്യയിലെ റെഡ്ഡീസ് ലബോറട്ടറിയും മറ്റും റെംഡെസിവീര്‍ ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

വാക്‌സിന്‍ വഴിയല്ലാതെ മറ്റൊരു രീതിയിലും പ്രതിരോധശേഷി വളര്‍ത്തിയെടുക്കാനാവും. സാമൂഹിക പ്രതിരോധം (ഹേര്‍ഡ് ഇമ്യൂണിറ്റി) എന്നാണ് ഇതിനെ വിളിക്കുക.

മഹാമാരി പ്രാദേശിക രോഗമായി മാറുമോ?

പരിണാമപ്രക്രിയയിലൂടെ കോവിഡ് മഹാമാരിയില്‍ (പാന്‍ഡമിക്) നിന്ന് പ്രാദേശിക രോഗമായി മാറുക (എന്‍ഡമിക്) എന്നതാണ് അടുത്ത സാധ്യത. കോവിഡിന് കാരണമായ സാര്‍സ് കൊറോണ വൈറസ്-2 മിക്കവാറും വവ്വാലിന്റെ ശരീരത്തില്‍നിന്ന് ഈനാംപേച്ചിയിലൂടെ മനുഷ്യരിലെത്തി രോഗകാരണമായെന്നാണ് കരുതപ്പെടുന്നത്. വവ്വാലിന്റെ ശരീരത്തില്‍ അവയുടെ പ്രതിരോധ സംവിധാനങ്ങളുമായി ഇണങ്ങി രോഗമുണ്ടാക്കാതെ കഴിഞ്ഞുവന്നിരുന്ന രോഗാണുക്കളാണിവ. എന്നാല്‍, സ്വന്തം പ്രകൃതിദത്ത ആവാസവ്യവസ്ഥയ്ക്ക് ഹാനി സംഭവിച്ചതുകൊണ്ടാണ് വൈറസ് മറ്റൊരു ജീവിയിലേക്ക് കടന്നത്. മനുഷ്യര്‍ക്കും വൈറസിന്റെ പ്രകൃത്യാലുള്ള ആതിഥേയ ജീവിക്കുമിടയിലുള്ള മധ്യവര്‍ത്തി ജീവിയുടെ (ഇന്റര്‍മീഡിയേറ്റ് ഹോസ്റ്റ്) ശരീരത്തില്‍ വെച്ച് വൈറസിന്റെ തീവ്രത വര്‍ധിക്കുകയും (ആംപ്ലിഫിക്കേഷന്‍) അവ മനുഷ്യരിലെത്തി രോഗകാരണമായി മാറുകയും മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

വൈറസിന് ഏത് ജീവിയിലെത്തുമ്പോഴും രണ്ട് ലക്ഷ്യങ്ങള്‍ മാത്രമാണുള്ളത്. അവയുടെ കോശങ്ങള്‍ക്കുള്ളിലെ ജൈവ ഘടകങ്ങള്‍ പ്രയോജനപ്പെടുത്തി വിഭജിച്ച് പെരുക, മറ്റ് ജീവികളിലേക്ക് വ്യാപിക്കുക (റിപ്ലിക്കേഷന്‍ ആന്‍ഡ് ട്രാന്‍സ്മിഷന്‍). ഇവ രണ്ടും മാത്രമാണ് വൈറസിന്റെ ലക്ഷ്യം. തങ്ങള്‍ വസിക്കുന്ന ആതിഥേയ ജീവികളെ കൊല്ലുക എന്നത് അവയുടെ ലക്ഷ്യമല്ല. അങ്ങനെ സംഭവിച്ചാല്‍ അവയുടെ മന്നോട്ടുള്ള പോക്കിന്റെ ഗതി മുട്ടും.

വൈറസ് ശരീരത്തില്‍ കടന്നുകഴിയുമ്പോള്‍ മനുഷ്യശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുടെ വൈറസിനെതിരായ അമിതമായ പ്രതികരണത്തിന്റെ ഫലമായുണ്ടാവുന്ന സൈറ്റോക്കൈന്‍ സ്റ്റോം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് ശ്വാസകോശങ്ങള്‍, വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ക്ക് ഹാനികരമാവുന്നതും രോഗം ബാധിച്ചയാളിന്റെ മരണത്തിന് കാരണമാവുന്നതും. യുദ്ധത്തില്‍ ലക്ഷ്യമില്ലാതെയും ബോധപൂര്‍വമല്ലാതെയും സംഭവിക്കുന്ന നാശനഷ്ടങ്ങളോട് (Collateral Damage) താരതമ്യം ചെയ്യാവുന്ന സ്ഥിതിവിശേഷമായി ഇതിനെ കാണാവുന്നതാണ്.

മനുഷ്യരിലെത്തുന്ന വൈറസുകളുടെ ആദ്യഘട്ടത്തിലെ തീവ്രതയും വ്യാപനനിരക്കും വളരെക്കൂടുതലായിരിക്കും. ഈ ഘട്ടത്തില്‍ ആതിഥേയരായ മനുഷ്യരുടെ മരണനിരക്കും സ്വാഭാവികമായും കൂടുതലായിരിക്കും. മനുഷ്യര്‍ രോഗവ്യാപനം തടയുന്നതിനും മറ്റുമുള്ള നടപടികളും ഈ അവസരത്തില്‍ സ്വീകരിക്കും. ഇതെല്ലാം വൈറസിന്റെ വ്യാപനസാധ്യത കുറയ്ക്കും. ഈ സാഹചര്യം വൈറസിന്റെ തീവ്രത കുറയുന്നതിലേക്ക് നയിക്കും. അതിന് സഹായകരമായ ജനിതകമാറ്റത്തിന് അവ വിധേയരാകും. തീവ്രത കൂടിയവയും വൈറസിന്റെ അതിജീവനത്തിന് സഹായകരമല്ലാത്തവയുമായ വൈറസ് ജനിതകമാറ്റങ്ങള്‍ പ്രകൃതിനിര്‍ധാരണ പ്രകാരം തിരസ്‌കരിക്കപ്പെടും. തീവ്രത കുറഞ്ഞവ മനുഷ്യശരീരവുമായി സമരസപ്പെട്ട് വ്യാപനനിരക്ക് കുറച്ചും മനുഷ്യര്‍ക്ക് ഹാനികരമാവാതെയും നിലനില്‍ക്കും.

മനുഷ്യരുമായി ഒരുതരം പാരിസ്ഥിതിക സന്തുലാവസ്ഥ കൈവരിക്കും. പാന്‍ഡമിക് അങ്ങനെ എന്‍ഡമിക്കായി മാറും. ഇങ്ങനെയൊരു സ്ഥിതിവിശേഷം സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒട്ടേറെ ജന്തുജന്യ മഹാമാരികള്‍ ഇങ്ങനെയാണ് അവസാനിച്ചിട്ടുള്ളതെന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്.

Content Highlights: Will the Corona Virus outbreak Covid 19 Pandemic come to an end? When? How so? Dr Ekbal writes, Health