കോവിഡ് രണ്ടാം തരംഗം എന്തുകൊണ്ട്?


ഡോ. രാജീവ് ജയദേവൻ

വാക്‌സിനേഷൻ ഇനിയും മന്ദഗതിയിൽ തുടർന്നാൽ വരും കാലങ്ങളിൽ അമിതമായ രോഗ വ്യാപനവും മരണങ്ങളും ഉണ്ടാകാൻ ഇടയുണ്ട്

Representative Image | Photo: Gettyimages.in

ഴിഞ്ഞ വർഷം ലോകത്തെല്ലായിടത്തും എന്ന പോലെ ഇന്ത്യയിലും ഏറെ കെടുതികൾ വരുത്തിയ ശേഷം കോവിഡ് ഒന്നടങ്ങിയപ്പോൾ പലരും ആശ്വസിച്ചു: ആദ്യം ഭയന്നയത്രയും മരണങ്ങൾ നടന്നില്ലല്ലോ എന്ന്.

വൈറസുകളെപ്പറ്റി ജീവിതത്തിൽ ആദ്യമായി വായിച്ചറിയുന്ന ചിലർ, പേരും നാളുമില്ലാത്ത നാടകീയത നിറഞ്ഞ വാട്സ്അപ്പ് സന്ദേശങ്ങളിൽ ആകൃഷ്ടരാവുക മാത്രമല്ല, സ്വന്തമായി മെനഞ്ഞെടുത്ത പല സിദ്ധാന്തങ്ങളും തൊടുത്തു വിടുകയും ചെയ്‌തു. വൈറസിനേക്കാൾ കൂടുതൽ വ്യാപിച്ചത് വ്യാജവാർത്തകളും ഇത്തരം സന്ദേശങ്ങളും ആണ് എന്ന് പലരും സമ്മതിക്കുന്നു.

"നാം കൊറോണയെ തോൽപിച്ചെന്നും, ഇന്ത്യയെ വൈറസിന് തൊടാനാവില്ലെന്നും നമുക്കെന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്നും" ഒക്കെ പറഞ്ഞു കേട്ടു.

"ഒന്നു കുന്നു കയറി ഇറങ്ങിയാൽ എല്ലാം ശരിയായി" എന്ന വിശ്വാസം എങ്ങനെയോ ഉണ്ടായിവന്നു.

പൊതുസമൂഹത്തിൽ ജാഗ്രത കുറയാനുള്ള ഒരു പ്രാധാന കാരണം ഇത്തരം "സുഖിപ്പിക്കുന്ന" സന്ദേശങ്ങളാണ് എന്ന് പറയാതെ വയ്യ.

എന്നാൽ അനേക വർഷങ്ങളായി ഈ വിഷയങ്ങൾ പഠിക്കുന്നവർ, വൈറസുകളുടെ സ്വഭാവം അറിയാവുന്നവർ ആദ്യം തന്നെ പറഞ്ഞു, ഇത് ഇവിടെ തീരാൻ പോകുന്നില്ല, രണ്ടാം വരവും അതിനു ശേഷമുള്ള വരവും മറ്റും ഉണ്ടാവും എന്ന്. വെറും ഒരു കുന്നല്ല, ഒരു നീണ്ട മലനിരയുടെ ഒരറ്റത്താണ് നാം ഇപ്പോൾ നിൽക്കുന്നത് എന്നും, ഈ കുന്നു കയറി ഇറങ്ങിയാൽ ഇതിനും അപ്പുറത്ത് അനേകം കുന്നുകൾ ഉണ്ടാവും എന്നും അറിവുള്ളവർ അന്നു പറഞ്ഞു.

എന്നാൽ, കേൾക്കാൻ ഇമ്പമില്ലാത്ത കാര്യങ്ങൾ പതിവു പോലെ ശ്രദ്ധിക്കപ്പെടാതെ പോയി. പലരും ജാഗ്രത കൈവിട്ടു, കേരളത്തിന് പുറത്തുള്ള ചില സ്ഥലങ്ങളിൽ മാസ്‌ക് ഇടുന്നവരെ വിചിത്രജീവികൾ എന്നോണം തുറിച്ചു നോക്കുന്ന അവസ്ഥയും ഉണ്ടായി.

ഇന്ന് രാജ്യമാകെ കോവിഡ് ചർച്ചകൾ നടക്കുന്നു. ഗ്രാഫിന്റെ കുത്തനെയുള്ള കയറ്റം കാണുമ്പോൾ ഇത്തവണ കൂടുതൽ ഭീകരമാകുമോ എന്ന് ചോദ്യങ്ങൾ.

എന്തുകൊണ്ടാണ് രണ്ടാം തവണയും കോവിഡ് ആഞ്ഞടിച്ചത്?

1 . കോവിഡ് രോഗമുണ്ടാക്കുന്ന സാർസ് കോവ് 2 (SARS CoV 2) വൈറസ്, കൊറോണ ഫാമിലിയിൽ പെട്ടവയാണ്. ഈ കുടുംബത്തിലുള്ള വൈറസുകൾക്ക് ചില പൊതു സ്വഭാവങ്ങൾ ഉണ്ട്. ഇടയ്ക്കിടയ്ക്ക് സമൂഹത്തിൽ പടർന്നു പിടിക്കുക ഇവരുടെ ശീലമാണ്.

2 . മനുഷ്യരിൽ രോഗമുണ്ടാക്കുന്ന ആറ് കൊറോണാ വൈറസുകളിൽ ഒന്നാണ് സാർസ് കോവ് 2 (SARS CoV 2) വൈറസ്. കെട്ടടങ്ങിപ്പോയ രണ്ടെണ്ണം മാറ്റിനിർത്തിയാൽ ബാക്കി നാലെണ്ണവും ജലദോഷ വൈറസുകളാണ്. അവ ഇടയ്ക്കിടയ്ക്ക് വന്നു കൊണ്ടിരിക്കും, വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് അതിവേഗം പടർന്നു കൊണ്ടിരിക്കും. പക്ഷേ "വെറും ജലദോഷം" ആയതിനാൽ ആരും ഇത് കാര്യമാക്കാറില്ല എന്നു മാത്രം.

എന്നു വച്ച് ഇവർ അത്ര നിസ്സാരക്കാരൊന്നുമല്ല. അപൂർവമായി ചിലയിടങ്ങളിൽ പടർന്നു പിടിച്ച് അനേകം മരണങ്ങൾ വരുത്തിയ ചരിത്രം ഇവയിലെ HCoV - OC 43 നുണ്ട്. അതിവേഗം പടർന്നു പിടിക്കാനുള്ള കഴിവാണ് ഈ വൈറസുകളുടെ പ്രത്യേകത . അതിനാൽ ഒരാളിൽ നിന്നും രണ്ട്, നാല്, എട്ട്, പതിനാറ് ക്രമത്തിൽ ആയിരക്കണക്കിന് പേർക്ക് രോഗം പകരാൻ അധികം സമയം ഇതിനു വേണ്ടാ.

3. ഒരിക്കൽ വന്നു പോയവർക്ക് പൊതുവേ കോവിഡ് വരുന്നത് കുറവാണ്. 2-4 ശതമാനം വരെ പേർക്ക് രണ്ടാമതും വന്നതായി തെളിവുണ്ട്. അതായത് ആദ്യത്തെ വരവിൽ നിന്നും സുഖപ്പെട്ടവരിൽ പിൽക്കാലത്ത്‌ ഇതേ വൈറസ് വരാതിരിക്കാൻ പൂർണമായ സംരക്ഷണം ലഭിക്കുന്നില്ല എന്നർത്ഥം.

4. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ, അതുപോലെ ദൂരസ്ഥലങ്ങളിൽ നിന്നും പലരും വന്നു പോകുന്ന ഇടങ്ങളിൽ - ഒരിക്കലും പൂർണമായി കെട്ടണയാത്ത ഒരു തീ പോലെ വീണ്ടും വീണ്ടും ഇടയ്ക്കിടയ്ക്ക് ആളിക്കത്തിക്കൊണ്ടിരിക്കും. പരക്കെയുള്ള ജാഗ്രതക്കുറവ് ഉണ്ടാവുമ്പോൾ ഈ ചെറിയ തീനാളങ്ങൾ എല്ലാം കൂടിച്ചേർന്ന് വലിയ ജ്വാലകൾ ഉണ്ടാവുന്നു. ഇവയെ വേവ്‌സ് എന്നു വിളിക്കുന്നു.

5 പൊതുവേ ഈ വൈറസിന്റെ രീതി ഒരു പ്രദേശത്ത് ഏകദേശം മൂന്നു നാലു മാസത്തോളം വലിയ രീതിയിൽ രോഗബാധയുണ്ടാക്കുക എന്നാണ്. അടുത്ത "വലിയ വരവിന്" മൂന്നോ നാലോ മാസം വേണ്ടി വന്നേക്കാം. എന്നാൽ ഇതിനിടയ്ക്കും പലർക്കും വന്നു പോയി ഇരിക്കും. ആ സമയത്തുള്ള സമൂഹത്തിന്റെ ജാഗ്രത അനുസരിച്ചിരിക്കും എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടാകുന്നു എന്നുള്ളത്. വലിയ മേളകൾ നടക്കുമ്പോൾ-അത് ഏതു പേരിലായാലും - വൈറസ് വ്യാപനം പതിന്മടങ്ങായി മാറും.

6 തുടക്കത്തിൽ എല്ലാവരും കാണിച്ചിരുന്ന കരുതലിൽ ഗണ്യമായ കുറവ് ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. അതിൻറെ ഫലമായും വലിയ രീതിയിൽ രണ്ടാം വരവ് ഉണ്ടായിട്ടുണ്ട്. രോഗത്തെ നിസ്സാരമായി കാണുന്നവർ ധാരാളം. അവർ സ്വയം രോഗബാധിതർ ആവുന്നതോടൊപ്പം മറ്റുള്ളവരിലേക്ക് ഈ രോഗം എത്തിച്ചുകൊടുക്കുന്നു.

7.ചെറുപ്പക്കാരിൽ കോവിഡ് ഗുരുതരമാകില്ല എന്ന് ഒരു തെറ്റിദ്ധാരണ നിലവിലുണ്ട്. ചെറുപ്പക്കാരിൽ ശ്രദ്ധക്കുറവ് ഉണ്ടാകാൻ ഈ തെറ്റിദ്ധാരണ ഇടയാക്കിയിട്ടുണ്ട്. വാസ്തവത്തിൽ, ഇന്ത്യയിലെ കണക്കുകൾ നോക്കുമ്പോൾ 15 ശതമാനം മരണങ്ങളും നടക്കുന്നത് ചെറുപ്പക്കാരിലാണ് (45 വയസിനു താഴെയുള്ളവർ) എന്ന് പലർക്കും അറിയില്ല.

8.സ്വാഭാവികമായി ഉണ്ടാവുന്ന ജനിതകമാറ്റം വൈറസിന് ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് എളുപ്പം എത്തിപ്പെടാൻ വഴിയൊരുക്കുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. B.1.351 , B.1.1.7 മുതലായ വേരിയന്റുകൾ ഈ ഗണത്തിൽ പെടും. ഇന്ത്യയിലെ വേരിയന്റുകളെ പറ്റി പഠനങ്ങൾ നടന്നു വരുന്നു.

9. തണുപ്പു രാജ്യങ്ങളിൽ ശൈത്യകാലത്ത് ജനങ്ങൾ അടഞ്ഞ മുറികളിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിനാൽ വൈറസിന് മറ്റുള്ളവരിലേക്ക് എത്തിപ്പെടാൻ എളുപ്പമാവുന്നു. മിക്ക തണുപ്പു രാജ്യങ്ങളിലും ക്രിസ്തുമസ് ഒരു വളരെ വലിയ ആഘോഷമാണ്; എല്ലാവരും ഒത്തുചേരുന്ന അവസരവും. ഈ കാരണങ്ങളാൽ റെസ്‌പിറേറ്ററി വൈറസുകൾ എല്ലാം തന്നെ ശൈത്യകാലത്ത് കൂടുതൽ വ്യാപിക്കാറുണ്ട്.

എന്നാൽ താപനിലയിൽ വലിയ ഏറ്റക്കുറച്ചിൽ ഇല്ലാത്ത പ്രദേശങ്ങളിൽ ഇതേ വൈറസുകൾ ഈ സ്വാഭാവം കാട്ടാറില്ല. ലോകത്തിന്റെ നാനാ ഭാഗത്തും കോവിഡ് തരംഗങ്ങൾ പല രീതിയിൽ ഉണ്ടാവാനും ഇത് ഒരു കാരണമാണ്. (ചിത്രം ശ്രദ്ധിക്കുക)

data photo

10.വാക്സിനേഷൻ എടുത്തവരിൽ വൈറസ് ബാധ അഥവാ ഉണ്ടായാൽ പോലും ബഹുഭൂരിപക്ഷം പേരും രോഗം ഗുരുതരമാകാതെ രക്ഷപ്പെടും എന്ന് തെളിഞ്ഞു കഴിഞ്ഞു. ഒരു കോടിയിലധികം പേർ നമ്മുടെ രാജ്യത്ത് ഇതിനകം രണ്ടു ഡോസ് വാക്‌സിൻ എടുത്തു കഴിഞ്ഞു. എന്നാൽ ഇത് നമ്മുടെ ജനസംഖ്യയുടെ 0.8 ശതമാനം മാത്രമാണ്. എന്നു വച്ചാൽ 99.2 ശതമാനം പേർക്ക് പൂർണമായ വാക്സിനേഷൻ ഇനിയും ലഭിച്ചിട്ടില്ല.

കേരളത്തിൽ ഏറ്റവും ഒടുവിൽ ഈ ഫെബ്രുവരി മാസം നടത്തിയ പഠനത്തിൽ 89 ശതമാനം പേർക്കും രോഗം വന്നിട്ടില്ല എന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് നമ്മുടെ ജാഗ്രതയുടെ ഒരു ഫലമാണെങ്കിലും ഇതിൻറെ മറുവശം, ഇത്രയും പേർക്ക് രോഗം പിടിപെടാൻ സാധ്യത ഉണ്ട് എന്നാണ്. രാജ്യത്താകമാനമുള്ള കണക്കുകൾ നോക്കുമ്പോൾ 80 ശതമാനം പേർക്കും വൈറസ് വന്നിട്ടില്ല.

വാക്‌സിനേഷൻ ഇനിയും മന്ദഗതിയിൽ തുടർന്നാൽ വരും കാലങ്ങളിൽ അമിതമായ രോഗ വ്യാപനവും മരണങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. ഇതേപ്പറ്റിയുള്ള മുന്നറിയിപ്പ് ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ. കേന്ദ്രസർക്കാരിന് കൊടുത്തു കഴിഞ്ഞു.

വാക്സിനേഷൻ അതിവേഗം സാധ്യമായാൽ ഭാവിയിൽ വരാനുള്ള വേവുകളിൽ ഒരു മിതത്വവും അതോടൊപ്പം മരണ സംഖ്യയിൽ വളരെ കാര്യമായ കുറവും പ്രതീക്ഷിക്കാം.

എല്ലാ കണക്കുകൂട്ടലുകളും ശരിയായാൽ, വാക്സിനേഷൻ ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചാൽ - ഒരു കാലത്ത് വെറും ഒരു ജലദോഷ വൈറസായി ഇത് തരം താഴ്ത്തപ്പടാൻ സാധ്യതയുണ്ട്.

Content Highlights: Why the second wave of the Covid19, Health, Covid19, Corona Virus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented