Representative Image| Photo: Canva.com
വിട്ടുമാറാത്ത കഴുത്തുവേദനയുമായിട്ടാണ് ആശുപത്രിയിലെ കംപ്യൂട്ടർ ബില്ലിങ് സെക്ഷനിൽ ജോലിചെയ്യുന്ന 40 വയസ്സുള്ള സ്ത്രീ ഒ.പി.യിലെത്തിയത്. കഴുത്തുവേദന പതുക്കെ തോളുകളിലേക്ക് കൂടി വ്യാപിച്ചതോടെയാണ് ഡോക്ടറെ കാണാമെന്ന് വിചാരിച്ചത്. ദിവസവും 6-7 മണിക്കൂറാണ് കംപ്യൂട്ടറിന്റെ മുന്നിലിരിക്കുന്നത്. സ്ക്രീനിൽ കണ്ണുംനട്ട് കഴുത്ത് മുന്നോട്ടാഞ്ഞ് ഏറെനേരം ഇരിക്കുന്നതിനെത്തുടർന്നുണ്ടാകുന്ന ടെക്സ്റ്റ് നെക് സിൻഡ്രോം എന്ന ന്യൂജനറേഷൻ പ്രശ്നമായിരുന്നു ഇവർക്ക്.
തുടർച്ചയായി ഒരേപോലെ ഇരിക്കുന്നത് സുഖകരമായി തോന്നാം. എന്നാൽ വെറുതേയുള്ള ചടഞ്ഞിരിക്കുന്ന ശീലം പല തരത്തിലുള്ള ലൈഫ് സ്റ്റൈൽ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. കൂടാതെ കഴുത്തുവേദന, നടുവേദന, തോൾവേദന തുടങ്ങിയ അസ്ഥി-പേശി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം.
തടിയും വയറും തന്നെയാണ് പ്രധാന പ്രശ്നം. ടി.വി.യുടെയും ലാപ്ടോപ്പിന്റെയും മുന്നിലുള്ള ചടഞ്ഞിരിപ്പിനോടൊപ്പം കലോറി കൂടിയ ഭക്ഷണം കൂടിയാകുമ്പോൾ ശരീരഭാരം വർധിക്കുന്നു. ഇരിപ്പുശീലം ഹൃദയാരോഗ്യത്തെയും ദുർബലമാക്കാം. കൊളസ്ട്രോൾ നില കൂടാനും നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ. കുറയാനും രക്തസമ്മർദം വർധിക്കാനും ചടഞ്ഞിരിപ്പ് കാരണമാകും. അമിതവണ്ണം പിന്നീട് പ്രമേഹത്തിലേക്കും രോഗങ്ങളുടെ സമുച്ചയമായ മെറ്റബോളിക് സിൻഡ്രോമിലേക്കും നയിക്കും. വളരെ നിശ്ശബ്ദമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്നമാണ് ഓസ്റ്റിയോപൊറോസിസ്. ജോലിസംബന്ധമായും മറ്റും ദിവസം ഏറെസമയം ഇരിക്കുകയും വ്യായാമം കുറയുകയും ചെയ്യുമ്പോഴാണ് അസ്ഥികൾ ദുർബലമാകുന്നത്.
കൈകാൽ വേദന, കഴുത്തുവേദന, നടുവേദന തുടങ്ങിയ തുടർച്ചയായ വേദനകൾ ദീർഘനേരമുള്ള ഇരിപ്പുമൂലമുണ്ടാകുന്ന മസ്ക്കുലോ സ്കെലിട്ടൽ പെയിൻ സിൻഡ്രോമിന്റെ ഭാഗമായുണ്ടാകുന്നതാണ്. തുടർച്ചയായുള്ള ഇരിപ്പ്, പേശികളുടെ ക്ഷമതക്കുറവ്, ജോലിസമ്മർദം എന്നിവയ്ക്ക് പുറമേ വെയിൽ ഏൽക്കാത്തതുമൂലമുണ്ടാകുന്ന വിറ്റാമിൻ-ഡിയുടെ കുറവും ഇത്തരം വേദനകൾക്ക് കാരണമാകാം.
ഒരു മണിക്കൂർ ഇരുന്നാൽ 10 മിനിറ്റ് നടക്കാം
- ദീർഘനേരം ഒരേപോലെ ഇരുന്ന് ജോലിചെയ്യേണ്ടിവരുന്നവർ ഒരു മണിക്കൂറിൽ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നിൽക്കുകയോ ചെയ്യണം. കൂടാതെ ജോലിസ്ഥലത്തുവെച്ചുതന്നെ ചെയ്യാവുന്ന ചില ലഘുവ്യായാമങ്ങളുമുണ്ട്.
- കസേരയിൽ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയിൽ തൊടാൻ ശ്രമിക്കുക. കുനിയുമ്പോൾ ശ്വാസം പുറത്തേക്കും നിവരുമ്പോൾ ശ്വാസം അകത്തേക്കും എടുക്കണം.
- പാദങ്ങൾ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക.
- കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക. ചെവി തോളിൽ തൊടാൻ ശ്രമിക്കുന്നതുപോലെ ചരിക്കുക.
- കംപ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ നട്ടെല്ലും തലയും നിവർത്തി ഇടുപ്പ്, കാൽമുട്ടുകൾ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയിൽ അമർത്തി ഇരിക്കുക.
- കംപ്യൂട്ടർ സ്ക്രീനിന്റെ മുകൾഭാഗം കണ്ണിനുനേരെ വരുന്ന രീതിയിൽ ക്രമീകരിക്കുക.
Content Highlights: why sitting too much is bad for your health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..