കളിയല്ല, കരളാണ്! കരള്‍ മാറ്റിവെയ്ക്കലില്‍ ഇന്ത്യ പിന്നിലായതിന്റെ കാരണം | ഡോ. ഷബീറലിയുമായി അഭിമുഖം


ഡോ. ഷബീറലി ടി.യു/ ജോബിന ജോസഫ്‌ | jobinajoseph@mpp.co.in

6 min read
Read later
Print
Share

മരണശേഷമുള്ള ഡൊണേഷനുകളാണ് ഏറ്റവും ഉചിതം (കഡാവെറിക് ഡൊണേഷന്‍). വിദേശത്തൊക്കെ ഏറ്റവും കൂടുതലുള്ള രീതിയാണിത്. ലിവിങ് ഡൊണേഷന്റെ യാതൊരു നൂലാമാലകളുമില്ലാതെ, രജിസ്റ്റര്‍ ചെയ്ത് 60 ദിവസത്തിനകം രോഗത്തിന്റെ തീവ്രതയും വെയിറ്റിങ് ലിസ്റ്റിലെ മുന്‍ഗണനയുമനുസരിച്ച് കരള്‍ ലഭിക്കും. കഡാവെറിക് ഡൊണേഷന്‍ എന്ന കള്‍ച്ചര്‍ നാം ശീലിച്ചുതുടങ്ങേണ്ട സമയം അതിക്രമിച്ചു.

Representative Image| Photo: Canva.com

രളിനെ 'നിശബ്ദയന്ത്രം' എന്നാണ് ചിലിയന്‍ കവി പാബ്ലോ നെരൂദ വിശേഷിപ്പിച്ചത്. ഇത് അന്വര്‍ത്ഥമാക്കുംവിധം നിത്യജീവിതത്തില്‍ നിശബ്ദകൊലയാളികളായി മാറിക്കൊണ്ടിരിക്കയാണ് കരള്‍രോഗങ്ങള്‍. നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് കേരളീയസമൂഹം. 'അക്യൂട്ട് ലിവര്‍ ഫെയ്‌ലിയര്‍' (ALF) എന്ന രോഗാവസ്ഥയാണ് അവരുടെ ജീവന്‍ പൊടുന്നനേ കവര്‍ന്നെടുത്തത്. തുള്ളിപോലും മദ്യപിക്കാത്ത, പുറമേ പൂര്‍ണ ആരോഗ്യത്തോടെ പ്രത്യക്ഷപ്പെട്ട പല ചെറുപ്പക്കാരുടെയും ജീവന്‍ ഇത് അപഹരിച്ചിട്ടുണ്ട്. മുമ്പൊക്കെ പ്രായമുള്ളവരിലായിരുന്നെങ്കില്‍ ഇന്ന് ചെറുപ്പക്കാരുടെയിടയിലും കരള്‍രോഗങ്ങള്‍ വ്യാപകമാവുകയാണ്. അവസാനഘട്ടത്തില്‍ മാത്രമേ തിരിച്ചറിയാനാകൂ എന്നതാണ് ഇതിനെ ഒരു 'സൈലന്റ് കില്ലര്‍' ആക്കുന്നത്. അപ്പോഴേക്കും അവയവമാറ്റം അത്യാവശ്യമായി വരികയും ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നതിലെ അപകടസാധ്യതകള്‍ കൂടുതലാവുകയും ചെയ്യും. വികസിതരാജ്യങ്ങളെ അപേക്ഷിച്ച് കരള്‍ മാറ്റിവെയ്ക്കലില്‍ ഇന്ത്യയുടെ വിജയശതമാനം കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് കിംസ് ഹെല്‍ത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും പാന്‍ക്രിയാറ്റിക് ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. ഷബീറലി ടി.യു. മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

ഫാറ്റി ലിവര്‍ പോലെയുള്ള കരള്‍ രോഗങ്ങള്‍ തുടക്കത്തിലേ തിരിച്ചറിയുക സാധ്യമാണോ? പ്രാഥമിക ലക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ ലിവർ ഫെയിലിയർ തടയാനാകുമോ?

ഇന്നത്തെ ജീവിതശൈലി മൂലമുണ്ടാകുന്ന അനേകം മെറ്റബോളിക് അസുഖങ്ങളില്‍ ഒന്നാണ് ഫാറ്റി ലിവര്‍. ഇത് മൂര്‍ച്ഛിച്ചാണ് ലിവര്‍ സിറോസിസും പിന്നീട് ലിവര്‍ ഫെയിലിയറുമാകുന്നത്. കരളിന്, ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ ട്രാന്‍സ്പ്ലാന്റും ചെയ്യേണ്ടിവരും. എന്നാല്‍, കരളിന്റെ 70 മുതല്‍ 80 ശതമാനം വരെ ബാധിച്ചുകഴിയുമ്പോള്‍ മാത്രമാണ് ഭൂരിഭാഗം കേസുകളും തിരിച്ചറിയപ്പെടുക. ഫാറ്റി ലിവര്‍ കണ്ടെത്തുന്നത് പലപ്പോഴും മറ്റസുഖങ്ങള്‍ക്ക് മരുന്ന് വാങ്ങാനെത്തുമ്പോഴോ അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്യുമ്പോഴോ ഒക്കെയാണ്. ചെറിയ തോതിലുള്ള വ്യതിയാനങ്ങളാണെങ്കില്‍ പലരും അപ്പോള്‍ കാര്യമാക്കുകയുമില്ല. അഡ്വാന്‍സ്ഡ് ഘട്ടത്തില്‍ എത്തുന്നതുവരെ പുറത്തേക്കു വരില്ല എന്നുള്ളത് ഈ രോഗത്തിന്റെ പ്രത്യേകതയാണ്.

ഡോ. ഷബീറലി ടി.യു.

എന്താണ് അക്യൂട്ട് ലിവര്‍ ഫെയിലിയര്‍? അവയവമാറ്റത്തിലൂടെ ഇത് പൂര്‍ണമായും ഭേദപ്പെടുത്തിയെടുക്കാനാവുമോ? അതിജീവനത്തിലുള്ള സാധ്യത എത്രത്തോളമാണ്?

പാരമ്പര്യമായോ മുന്‍കാലജീവിതത്തിലോ കരള്‍ രോഗങ്ങളില്ലാതിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് രോഗം ബാധിച്ച് കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നതാണ് അക്യൂട്ട് ലിവര്‍ ഫെയിലിയര്‍ അഥവാ എഎല്‍എഫ്. കരള്‍കോശങ്ങളെ ആക്രമിക്കുന്ന ഹെപ്പറ്റൈറ്റിസ് വൈറസുകളാണ് (ഹെപ്പറ്റൈറ്റിസ് എ, ബി, ഇ) പ്രധാനമായും എ.എല്‍.എഫിനു പിന്നില്‍. ശരീരത്തിനുള്ളില്‍ സിങ്ക് ഫോസ്ഫൈഡ് പോലെയുള്ള വിഷവസ്തുക്കള്‍ എത്തിയാലും അക്യൂട്ട് ലിവര്‍ ഡിസീസ് വരാം. ഭൂരിഭാഗം കേസുകളിലും ഈ രോഗങ്ങള്‍ ഭേദപ്പെടുത്തിയെടുക്കാം. എന്നാല്‍, ചുരുക്കം ചില കേസുകളില്‍ ഇവ കരളിന്റെ തകരാറിനു കാരണമാവുകയും ജീവന്‍ നിലനിര്‍ത്താന്‍ ത്രാണിയില്ലാത്ത തരത്തില്‍ കരളിനെ നശിപ്പിച്ചുകളയുകയും ചെയ്യും. ബില്‍റൂബിന്‍ കൂടുക, രക്തം കട്ടപിടിക്കാതിരിക്കുക തുടങ്ങിയ അവസ്ഥയിലെത്തിയാല്‍ ആ രോഗി രക്ഷപെടാനുള്ള സാധ്യത പത്തു ശതമാനത്തില്‍ താഴെയാണ്. മൂന്നു മുതല്‍ എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കാം. അക്യൂട്ട് -ഓണ്‍- ക്രോണിക് ലിവര്‍ ഫെയിലിയര്‍ എന്ന ഇനവുമുണ്ട്. ഇവിടെ രോഗിക്ക് പൊടുന്നനേയാണ് ലക്ഷണങ്ങള്‍ പ്രകടമാവുന്നതെങ്കിലും ആ വ്യക്തി കാലങ്ങളായി രോഗബാധിതനായിരുന്നു എന്നതാണ് വസ്തുത, പുറത്തേക്കു വരാൻ വൈകി എന്നുമാത്രം. ഇത് കാഴ്ചയില്‍ അക്യൂട്ട് ലിവര്‍ ഫെയ്ലിയര്‍ പോലെ തോന്നിക്കുമെങ്കിലും രോഗത്തിന് പഴക്കമുള്ളതിനാല്‍ ഇത്തരക്കാരിലും രോഗം ഭേദമാവാനുള്ള സാധ്യത കുറവാണ്.

ലിവര്‍ ഫെയ്ലിയര്‍ സംഭവിക്കുമ്പോള്‍ സാധാരണ ശരീരപ്രവര്‍ത്തനങ്ങളെ അത് എത്തരത്തിലാണ് ബാധിക്കുന്നത് ? എപ്രകാരം ഇത് മരണത്തിന് കാരണമാകുന്നു?

മനുഷ്യശരീരത്തിലെ അതിപ്രധാനവും സങ്കീര്‍ണവുമായ അവയവമാണ് കരള്‍. ഏകദേശം അഞ്ഞൂറോളം പ്രവർത്തനങ്ങൾ കരളിനുള്ളിൽ നടക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാ​ഗവും ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായ പ്രവൃത്തികളാണ്. വൃക്കയുടെ പ്രവര്‍ത്തനം നൂറു ശതമാനവും നിലച്ചാലും ഡയാലിസിസിലൂടെ വൃക്കയ്ക്ക് പകരം ആ ഫങ്ഷനിങ് സാധ്യമാക്കാം. ആ സ്റ്റേജില്‍ത്തന്നെ വൃക്ക മാറ്റിവെയ്ക്കല്‍ നടത്തുകയും ചെയ്യാം. എന്നാല്‍, കരളിന്റെ പ്രവര്‍ത്തനം നൂറു ശതമാനം നിലച്ചാല്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളിൽ മരണം സംഭവിക്കാം. മറ്റൊരു യന്ത്രവും കരളിന് പകരമാവില്ല. ശരീരത്തിലെ ഫ്‌ളൂയിഡ് ക്ലിയറന്‍സ് നടക്കില്ല, രക്തം കട്ടപിടിക്കുന്നത് നിലയ്ക്കുകയും അമിതമായ അളവില്‍ ആന്തരികരക്തസ്രാവമുണ്ടാവുകയും ചെയ്യും. കൂടാതെ, രക്തത്തിലെ ബില്‍റൂബിന്റെ അളവ് വർധിക്കും, രക്തസമ്മര്‍ദം നിയന്ത്രണാതീതമാകും, അമോണിയയും മറ്റ് ടോക്‌സിക് പദാര്‍ഥങ്ങളുമൊക്കെ കുമിഞ്ഞുകൂടി തലച്ചോറിന്റെ പ്രവര്‍ത്തനവും നശിക്കും. കരള്‍ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ സ്വാഭാവികമായും വൃക്കയുടേയും ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയുമെല്ലാം പ്രവര്‍ത്തനം തകരാറിലാകുകയും ( മള്‍ട്ടിഓര്‍ഗന്‍ ഫെയിലിയര്‍) രോഗി മരണത്തിന് കീഴ്‌പ്പെടുകയും ചെയ്യും.

സാധാരണ കരളും സിറോസിസ് ബാധിച്ച കരളും (കമ്പ്യൂട്ടര്‍ ചിത്രീകരണം)

കരള്‍ മാറ്റിവെയ്ക്കലില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ പിന്നിലാകുന്നത് എന്തുകൊണ്ടാണ്?

ലോകത്തിലെ കരള്‍ ട്രാന്‍സ്പ്ലാന്റേഷന്റെ ശരാശരി വിജയം 93 ശതമാനത്തിന് അടുത്താണെങ്കില്‍ ഇന്ത്യയിലത് 85% ആണ്. രണ്ട് കാരണങ്ങളാണ് ഇതിനു പിന്നില്‍. ഒന്ന്, ഇന്ത്യയില്‍ കൂടുതല്‍ ട്രാന്‍സ്പ്ലാന്റേഷനുകളും നടക്കുന്നത് അവസാനഘട്ടത്തിലെത്തുമ്പോഴാണ്. രോഗിക്ക് എഴുന്നേറ്റു നടക്കാവുന്ന അവസ്ഥയില്‍ കരള്‍ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാലും പലരും ചെയ്യില്ല. എല്ലാ അവയവങ്ങളേയും ബാധിച്ച് ഒടുവില്‍ ഐ.സി.യു. സഹായമില്ലാതെ നിലനിൽപ് സാധ്യമല്ല എന്ന ഘട്ടത്തിലാണ് ഇവിടെ കൂടുതല്‍ ട്രാന്‍സ്പ്ലാന്റുകളും നടക്കുന്നത്. അതിലെ അപകടസാധ്യതകള്‍ കൂടുതലാണ്. രണ്ടാമതായി, എന്തെങ്കിലും കാരണവശാല്‍ പുതിയ കരള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ (പ്രൈമറി നോണ്‍ഫങ്ഷന്‍) ഒരു റീട്രാന്‍സ്പ്ലാന്റേഷുള്ള സാധ്യത ഇവിടെയില്ല. ആവശ്യത്തിന് ഡൊണേഷനുകളില്ലാത്തതാണ് ഇതിനു കാരണം. നമുക്കുള്ളത് ലിവിങ് ഡൊണേഷനുകള്‍ മാത്രമാണ്. അതിന് കുടുംബത്തില്‍ തന്നെയുള്ള ആരെങ്കിലും കരള്‍ ദാനം ചെയ്യണം, അല്ലെങ്കില്‍ പുറത്തുനിന്നുള്ള ആരെങ്കിലും തയ്യാറാവണം. ഇതിനൊക്കെ മാസങ്ങളെടുക്കും. മാത്രമല്ല, മാറ്റിയ കരള്‍ പ്രൈമറി നോണ്‍ഫങ്ഷന്‍ കാണിച്ചാല്‍, പകരം മറ്റൊരു കരളിനുള്ള സാധ്യത ഇന്ത്യയിലില്ല. മരണശേഷമുള്ള ഡൊണേഷനുകളാണ് ഏറ്റവും ഉചിതം (കഡാവെറിക് ഡൊണേഷന്‍). വിദേശത്തൊക്കെ ഏറ്റവും കൂടുതലുള്ള രീതിയാണിത്. ലിവിങ് ഡൊണേഷന്റെ യാതൊരു നൂലാമാലകളുമില്ലാതെ, രജിസ്റ്റര്‍ ചെയ്ത് 60 ദിവസത്തിനകം രോഗത്തിന്റെ തീവ്രതയും വെയിറ്റിങ് ലിസ്റ്റിലെ മുന്‍ഗണനയുമനുസരിച്ച് കരള്‍ ലഭിക്കും. എന്തെങ്കിലും കാരണവശാല്‍ ശസ്ത്രക്രിയയ്ക്കു ശേഷം കരള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വീണ്ടും മാറ്റിവെയ്ക്കാനും അവയവം ലഭ്യമാണ്. കഡാവെറിക് ഡൊണേഷന്‍ എന്ന കള്‍ച്ചര്‍ നാം ശീലിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചു.

ലിവിങ് ഡൊണേഷനാണ് നമ്മുടെ നാട്ടില്‍ കൂടുതല്‍ എന്ന് പറഞ്ഞല്ലോ. ഇവിടെ കരള്‍ ദാതാവിന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടാകുമോ? ഈ ആശങ്ക മൂലമാണോ കരൾദാനം കുറയുന്നത്?

ശസ്ത്രക്രിയയിലുള്ള റിസ്‌കൊഴിച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ യാതൊരു ആരോഗ്യപ്രശ്‌നവും ദാതാവിനുണ്ടാകില്ല. തീര്‍ച്ചയായും ഒരു മേജര്‍ ശസ്ത്രക്രിയയാണ് കരള്‍ മാറ്റിവെയ്ക്കല്‍. 250-ല്‍ ഒന്നോ അല്ലെങ്കില്‍ 500-ല്‍ ഒന്നോ എന്ന നിരക്കില്‍ മരണസാധ്യതയുള്ള ശസ്ത്രക്രിയയാണിത്. പലപ്പോഴും 25 വയസ്സിലും താഴെയുള്ളവരൊക്കെ തങ്ങളുടെ നല്ല മനസ്സുകൊണ്ടോ പ്രിയപ്പെട്ടവര്‍ക്കായോ കരള്‍ ദാനം ചെയ്യാനായി കടന്നുവരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാഴ്ചയാണ്. തികച്ചും ആരോഗ്യവാന്മാരായ ഇവരെ സംബന്ധിച്ച് അഞ്ഞൂറില്‍ ഒന്ന് എന്ന മരണസാധ്യതയും വളരെ കൂടുതലാണ്. ഇതറിഞ്ഞിട്ടും നമ്മുടെ നാട്ടില്‍ ധാരാളം പേർ അവയവം ദാനം ചെയ്യാന്‍ മുന്നോട്ടുവരുന്നുണ്ട് എന്നത് അഭിനന്ദനാര്‍ഹമാണ്. നമ്മുടെ സാമൂഹിക വ്യവസ്ഥയുടേതാണ് പ്രശ്‌നം. മരണശേഷമുള്ള ഡൊണേഷനുകളെ നാം പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ് കാരണം.

നമ്മുടെ നാട്ടില്‍ ഒരാള്‍ക്ക് അവയവം ദാനം ചെയ്യണമെങ്കിൽ അഭിമുഖീകരിക്കേണ്ടി വരുന്ന നൂലാമാലകള്‍ എന്തെല്ലാമാണ്? ഇതിനായി ചെലവാകുന്ന സമയം രോഗിയുടെ അവസ്ഥ വഷളാക്കുകയല്ലേ?

നിയമപരമായി കുറച്ചധികം നടപടിക്രമങ്ങളുണ്ടിതിന്. അവയവദാനത്തിന്റെ മറവില്‍ ധാരാളം കള്ളക്കളികളും ചൂഷണങ്ങളും നിലനില്‍ക്കുന്നതിനാല്‍ ഈ നിയമങ്ങളിൽ അയവുവരുത്തുന്നതും ശരിയല്ല. ലിവിങ് ഡൊണേഷനായതുകൊണ്ടുതന്നെ റിലേറ്റഡ് ഡോണറാണോ അണ്‍റിലേറ്റഡ് ഡോണറാണോ എന്നതിനെ ആസ്പദമാക്കിയാണ് കാലതാമസം. കരള്‍ദാതാവ് രോഗിയുടെ അച്ഛനോ അമ്മയോ മക്കളോ ഭാര്യയോ ഭര്‍ത്താവോ സഹോദരങ്ങളോ മുത്തച്ഛനോ മുത്തശ്ശിയോ ആണെങ്കില്‍ മാത്രമേ റിലേറ്റഡ് ആയി കണക്കാക്കൂ. ഇവരുടെ വേരിഫിക്കേഷന്‍ നടത്തേണ്ടത് ആശുപത്രിയുടെ ഓതറൈസേഷന്‍ കമ്മിറ്റിയാണ്. കസിന്‍ സഹോദരങ്ങളടക്കം ബാക്കിയുള്ളവരെല്ലാം സര്‍ക്കാരിന്റെ കണക്കുപ്രകാരം അണ്‍റിലേറ്റഡ് ഡോണര്‍മാരാണ്. ഇവര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓതറൈസേഷന്‍ കമ്മിറ്റിയുടെ നടപടിക്രമങ്ങളിലൂടെ കടന്നുപോയാല്‍ മാത്രമേ അനുവാദം ലഭിക്കൂ. സര്‍ക്കാരിന്റെ ഒന്നിലധികം തലങ്ങളിലെ പരിശോധനയ്ക്കുശേഷം അനുവാദം ലഭിക്കണമെങ്കില്‍ കുറഞ്ഞത് ഒന്നരമാസമെങ്കിലുമെടുക്കും. എന്നാലിത് ഇത്തരത്തില്‍ കര്‍ശനമാക്കിയില്ലെങ്കില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങൾ നടക്കുകയും ചെയ്യും. അതുകൊണ്ട്, കഡാവെറിക് ഡൊണേഷൻ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിവിധി.

കരള്‍ വിജയകരമായി മാറ്റിവെച്ച ഒരു വ്യക്തി പിന്നീട് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞാല്‍ പിന്നെ 70 ശതമാനം ആളുകളും കാലക്രമേണ തങ്ങളുടെ പ്രായത്തിലുള്ള മറ്റുള്ളവരെപ്പോലെതന്നെ തികച്ചും നോര്‍മല്‍ ജീവിതം നയിക്കും. ജീവിതശൈലീരോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നതുപോലെ ഇവരും ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടി വരുമെന്നതൊഴിച്ചാല്‍ മിക്കവര്‍ക്കും മറ്റ് കുഴപ്പങ്ങളൊന്നുമുണ്ടാകില്ല. ചുരുക്കം ചിലര്‍ക്ക് മാത്രം അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കുശേഷം കരളില്‍ വീണ്ടും പ്രശ്‌നങ്ങള്‍ രേഖപ്പെടുത്തിയേക്കാം. ആ ഘട്ടത്തില്‍ ഒരു റീട്രാന്‍സ്പ്ലാന്റേഷന്‍ സാധ്യമാണ്. മരുന്ന് കൃത്യമായി കഴിക്കുക, വ്യായാമങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ജീവിതശൈലി രൂപപ്പെടുത്തുക എന്നിവ ശ്രദ്ധിച്ചാല്‍ മതിയാകും.

മദ്യപാനം മൂലം കരള്‍രോഗം വന്നവര്‍ അവയവമാറ്റത്തിനു ശേഷം മദ്യം ഉപയോഗിക്കാന്‍ പാടുണ്ടോ?

ഒരിക്കലും പാടില്ല. നമ്മുടെ നാട്ടിലെ മദ്യപാനസംസ്‌കാരം ഹെല്‍ത്തി ഡ്രിങ്കിങ് എന്നതല്ല. അൽപം മദ്യപിക്കാം എന്നെഴുതിയാല്‍ നിയന്ത്രണാതീതമായി മദ്യപിക്കുക എന്നതാണ് ഇവിടെ തുടരുന്ന രീതി. അതിനാല്‍ത്തന്നെ, ഒരിക്കല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തി കരകയറിയവര്‍ പിന്നീട് ആ അവസ്ഥയിലേക്ക് തിരികെപോകാതിരിക്കാന്‍ തുള്ളി പോലും മദ്യപിക്കാതിരിക്കുകയാണ് ഉചിതം.

Representative Image| Photo: Gettyimages.com

കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ കാര്യത്തില്‍ നാം കൂടുതൽ മുന്നേറേണ്ടതുണ്ടോ?

ശസ്ത്രക്രിയയ്ക്കു വേണ്ട സൗകര്യങ്ങളുടേയും സംവിധാനങ്ങളുടേയും കാര്യത്തില്‍ ആഗോളനിലവാരത്തോടൊപ്പം തന്നെ ഗുണമേന്മ നമ്മളും പുലര്‍ത്തുന്നുണ്ട്. ഡോണര്‍ ട്രാന്‍സ്പ്ലാന്റേഷന്റെ കാര്യത്തില്‍ വികസിതരാജ്യങ്ങളിലെപ്പോലെ ലാപറോസ്‌കോപ്പിയും (സ്‌പെഷ്യല്‍ ക്യാമറ ഉപയോഗിച്ച് ആന്തരിക അവയവങ്ങള്‍ കണ്ട് സര്‍ജറി ചെയ്യുന്നത്) റോബോട്ട് അസിസ്റ്റഡ് സാങ്കേതികവിദ്യയുമെല്ലാം ഇവിടെയും ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല, ഈ മേഖലയില്‍ പതിവായി സാങ്കേതികമുന്നേറ്റങ്ങള്‍ ഉണ്ടാകുന്നുമുണ്ട്. ഡൊണേഷനില്‍ മാത്രമാണ് നമ്മള്‍ പിന്നില്‍ നില്‍ക്കുന്നത്.

എന്തുകൊണ്ടാണ് മുന്‍കാലത്തെ അപേക്ഷിച്ച് യുവതലമുറയുടെ ഇടയില്‍ കരൾ രോ​ഗങ്ങൾ വര്‍ധിച്ചുവരുന്നത്? എങ്ങനെ പ്രതിരോധിക്കാം?

നമ്മുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ മൂലമാണിത്. ആല്‍ക്കഹോള്‍ ഉപയോഗം മൂലമുണ്ടാകുന്ന കരള്‍രോഗങ്ങളേക്കാള്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന ഫാറ്റിലിവര്‍ പോലെയുള്ളവയാണ്. അമിതവണ്ണവും കുടവയറും വരാതെ ദിവസവും കൃത്യമായ വ്യായാമചര്യ ഉണ്ടാക്കുക, ഭക്ഷണക്രമത്തില്‍നിന്നും ഷുഗര്‍ പൂര്‍ണമായും ഒഴിവാക്കുക, ഇടയ്‌ക്കൊക്കെ ലിവര്‍ എന്‍സൈമുകളുടേയും മറ്റ് ചെക്കപ്പുകളും നടത്തുക, ചെറിയ വ്യതിയാനങ്ങളെപ്പോലും ഗൗരവപൂര്‍വം സമീപിക്കുക, സാധാരണഗതിയിലുള്ള ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കുക, അവയൊഴിവാക്കാന്‍ നിഷ്ഠയോടെയുള്ള ജീവിതശൈലി രൂപപ്പെടുത്തിയെടുക്കുക തുടങ്ങിയവയാണ് ഇക്കാര്യത്തില്‍ നമുക്ക് ചെയ്യാവുന്നത്.

Content Highlights: why liver transplantation surgeries show less success rate in india compared to other countries

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dementia

6 min

ഓര്‍മകള്‍ മാഞ്ഞുപോകുമ്പോള്‍; അല്‍ഷിമേഴ്ഷിനെ കരുതലോടെ ചെറുക്കാം, ഒട്ടുംവൈകാതെ ചികിത്സിക്കാം

Sep 21, 2023


dementia

4 min

യുവാക്കളെ ഡിമെന്‍ഷ്യ ബാധിക്കാൻ സാധ്യതയുണ്ടോ? രോ​ഗം തടയാന്‍ ഈ കാര്യങ്ങള്‍ ശീലിക്കാം

Sep 21, 2023


alzheimer's

3 min

മറവി അൽഷിമേഴ്സിന്റേത് ആണോയെന്ന് എങ്ങനെ തിരിച്ചറിയാം? ഓർമ കൂട്ടാൻ ചിലവഴികൾ

Sep 21, 2023


Most Commented