ഡോക്ടറാകാന്‍ പഠനം തുടങ്ങുന്നത് പതിനഞ്ചാംവയസ്സില്‍. സ്വന്തം കാലില്‍ നില്‍ക്കാനുള്ള പണം ലഭിച്ചു തുടങ്ങുന്നത് 35-ാം വയസ്സില്‍. എം.ബി.ബി.എസോടെ ഡോക്ടറാകുമെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ എം.ഡി. ഇല്ലാതെ പറ്റില്ല. എം.ബി.ബി.എസിനും എം.ഡിക്കും ഇടയിലുള്ള പി.ജി.കാലം ഡോക്ടര്‍മാര്‍ക്ക് പരീക്ഷണകാലമാണ്. കൈയില്‍ പണമില്ലാതെ പണിമാത്രം ബാക്കിയായ സമയം. ഇപ്പോഴത്തെ സമരത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്ക് പറയാന്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്.

എന്‍ട്രന്‍സ് കാലം

പത്താം ക്ലാസ് കഴിയുമ്പോള്‍ എന്‍ട്രന്‍സിനായി ശ്രമം തുടങ്ങും. പ്ലസ്ടു കഴിഞ്ഞ് ആ വര്‍ഷം എം.ബി.ബി.എസ്. കിട്ടുന്നവര്‍ അഞ്ച് ശതമാനത്തില്‍ താഴെ. ഒരു വര്‍ഷം കോച്ചിങ് സെന്ററില്‍ പഠനം. താമസം, പുസ്തകം, ഭക്ഷണം എല്ലാംകൂടി അതുവരെ ശരാശരി ഒരു ലക്ഷം രൂപ ചെലവ്.

എം.ബി.ബി.എസിലേക്ക്

ഭാഗ്യവും യോഗവുമുണ്ടെങ്കില്‍ 19 വയസ്സില്‍ സര്‍ക്കാര്‍ കോളേജില്‍ സീറ്റ് ലഭിക്കും. നാലരവര്‍ഷം പഠനം. ഫീസും പുസ്തകങ്ങളും മറ്റ് പഠന ചെലവുകളുമെല്ലാം കൂട്ടി നാല്-നാലര ലക്ഷം രൂപ വേണം. സ്വകാര്യ മെഡിക്കല്‍ കോളേജിലാണങ്കില്‍ 22 ലക്ഷം വരും. ഡോക്ടര്‍ എന്ന നിലയിലെത്തുമ്പോള്‍ 25 വയസ്സ്.

പി.ജി. എന്ന കടമ്പ

പരീക്ഷ പാസായാല്‍ ഒരുവര്‍ഷം ഹൗസ് സര്‍ജന്‍സി. സര്‍ക്കാര്‍ കോളേജില്‍ 25,000 രൂപ പ്രതിമാസം ലഭിക്കുമെങ്കിലും സ്വകാര്യ കോളേജുകളില്‍ കുറവാണ്. പി.ജി. എന്‍ട്രന്‍സിന് അപ്പോള്‍ മുതല്‍ ശ്രമിക്കണം. ഹൗസ് സര്‍ജന്‍സി കാലത്ത് അത്യപൂര്‍വം പേര്‍ക്കേ പി.ജി. എന്‍ട്രന്‍സ് കിട്ടൂ. പിന്നെ ഒരു വര്‍ഷം പൂര്‍ണ പഠനം. എന്‍ട്രന്‍സ് പഠന പാക്കേജിന് കുറഞ്ഞത് 50,000 രൂപ. പിന്നെ പരീക്ഷാ ഫീസ്, താമസം, പുസ്തകം, ഭക്ഷണം എല്ലാംകൂടി കുറഞ്ഞത് ഒന്നരലക്ഷം രൂപ. കുറച്ചുപേര്‍ ഒരുവര്‍ഷംകൊണ്ട് ഈ കടമ്പ കടക്കും. സാധിക്കാത്തവര്‍ പിന്നെയും ശ്രമിക്കും. 27-ാം വയസ്സില്‍ പി.ജി. കോഴ്‌സില്‍ ചേര്‍ന്നേക്കാം. മൂന്നുവര്‍ഷം പഠനം. ആദ്യ വര്‍ഷം പ്രതിമാസം 53,000, രണ്ടാംവര്‍ഷം 54,000, മൂന്നാംവര്‍ഷം 50,000 എന്നിങ്ങനെ സ്‌റ്റൈപന്‍ഡ് ലഭിക്കും. ഈ മൂന്ന് വര്‍ഷവും പി.ജി. ഫീസ് ഇനത്തില്‍ 70,000, തീസിസിന് 20,000, അവസാനവര്‍ഷം പരീക്ഷയ്ക്ക് 10,000 എന്നിങ്ങനെ അടയ്ക്കണം. പി.ജി. കാലത്താണ് ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും കല്യാണം കഴിക്കുന്നത്. വീട്, വാഹനം, കുടുംബ ചെലവുകള്‍, വായ്പ തിരിച്ചടവ് എന്നിവയ്ക്ക് വക കണ്ടെത്തണം. പി.ജി. പാസായാല്‍ ഒരുവര്‍ഷം സീനിയര്‍ റെസിഡന്റായി സേവനം. ഈ കാലത്ത് 70,000 രൂപ മാസം കിട്ടും. ഇനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി എന്‍ട്രന്‍സ് എന്ന കടമ്പ മുന്നില്‍ കിടക്കും.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി

മുപ്പത്തിഒന്നാം വയസ്സില്‍ സീനിയര്‍ റെസിഡന്‍സി പൂര്‍ത്തിയാക്കി എന്‍ട്രന്‍സിലേക്ക്. ഒരുവര്‍ഷം പൂര്‍ണ പഠനം. വരുമാനമില്ലാത്ത അവസ്ഥ. കിട്ടിയാല്‍ മൂന്ന് വര്‍ഷം പഠനം. 70,000 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും. വാര്‍ഷിക ഫീസ് 1.75 ലക്ഷം. ഒരു വര്‍ഷം ബോണ്ടും കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ 35 വയസ്സ്.

Content Highlights: Why do doctors make strike