ഴിഞ്ഞ ദിവസമാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്. ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ച് ഉടലെടുത്ത പുതിയ വൈറസാണ് ഡെല്‍റ്റ പ്ലസ് വകഭേദം. 'ആശങ്കപ്പെടേണ്ടത്' എന്ന അര്‍ഥത്തില്‍ 'Variant of Concern' എന്നാണ് ഈ വകഭേദത്തെ മന്ത്രാലയം വിശേഷിപ്പിച്ചത്. രാജ്യത്ത് മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞത്. 

മഹാരാഷ്ട്രയില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ 21 കേസുകളാണ് കണ്ടെത്തിയത്. കേരളത്തില്‍ പാലക്കാട് രണ്ടും പത്തനംതിട്ടയില്‍ ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ടയില്‍ ഈ പുതിയ വൈറസ് വകഭേദം കണ്ടെത്തിയത് ഒരു നാലുവയസ്സുകാരനിലാണ്. മധ്യപ്രദേശില്‍ ആറ് കേസുകള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂണ്‍ 22 ന് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കര്‍ണാടകയില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്ടില്‍ മൂന്ന്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഇന്ത്യന്‍ സാര്‍സ് കോവ് 2 ജീനോമിക് കണ്‍സോര്‍ഷ്യത്തിന്റെ(INSACOG) ഏറ്റവും പുതിയ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീവ്രവ്യാപനശേഷി, ശ്വാസകോശത്തിന്റെ കോശങ്ങളിലെ റിസപ്റ്ററുകളില്‍ വേഗത്തില്‍ കൊളുത്തിപ്പിടിക്കാനുള്ള കഴിവ്, മോണോക്ലോണല്‍ ആന്റിബോഡി റെസ്‌പോണ്‍സിനെ കുറയ്ക്കാനുള്ള കഴിവ് എന്നിവയാണ് ഈ വകഭേദത്തിന്റെ പ്രത്യേകത. 

എന്താണ് സംഭവിച്ച ജനിതക മാറ്റം?

AY.1 വകഭേദം എന്നാണ് ഈ ഡെല്‍റ്റ പ്ലസ് വകഭേദം അറിയപ്പെടുന്നത്. ലോകാരോഗ്യസംഘടന 'ഡെല്‍റ്റ' എന്ന് നാമകരണം ചെയ്ത B.1.617.2 എന്ന സ്‌ട്രെയിനിന് ജനിതകമാറ്റം സംഭവിച്ചാണ് ഡെല്‍റ്റ പ്ലസ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. ഇന്ത്യയില്‍ കോവിഡ് രണ്ടാംതരംഗം ശക്തമായി ആഞ്ഞടിച്ചതിന് കാരണം ഡെല്‍റ്റ വകഭേദമായിരുന്നു. 

സാര്‍സ് കോവ് 2 വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ വന്ന K417N എന്ന ജനിതകവ്യതിയാനമാണ് ഡെല്‍റ്റ പ്ലസിന്റെ പിറവിക്ക് പിന്നില്‍. ഈ സ്‌പൈക്ക് പ്രോട്ടീനാണ് വൈറസിന് മനുഷ്യ ശരീരത്തിന്റെ കോശങ്ങളിലേക്ക് പ്രവേശിച്ച് രോഗബാധയുണ്ടാകാന്‍ വഴിയൊരുക്കുന്നത്. 

ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന K417N എന്ന ജനിതകവ്യതിയാനം ഇമ്മ്യൂണ്‍ എസ്‌കേപ്പുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. വൈറസിനെ നശിപ്പിക്കാനുള്ള മരുന്ന് ചികിത്സയെയും വാക്‌സിനെയുമൊക്കെ മറികടക്കാനുള്ള വൈറസിന്റെ കഴിവിനെയാണ് ഇമ്മ്യൂണ്‍ എസ്‌കേപ്പ് എന്ന് പറയുന്നത്. 

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ യൂറോപ്പില്‍ ഈ വകഭേദത്തിന്റെ ജീനോം സീക്വന്‍സുകള്‍ കണ്ടെത്തിയിരുന്നു. യു.കെ., പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, പോളണ്ട്, ജപ്പാന്‍, നേപ്പാള്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലും ഈ വകഭേദത്തെ തിരിച്ചറിഞ്ഞിരുന്നു. 

ഡെല്‍റ്റ പ്ലസ് വകഭേദം എത്രമാത്രം വിനാശകാരിയാകും എന്നതിനെ സംബന്ധിച്ച പഠനങ്ങള്‍ നിലവില്‍ ഇല്ല. കോവിഡ് 19 ബാധിച്ചവര്‍ക്ക് നിലവില്‍ ഇന്ത്യയില്‍ നല്‍കുന്ന മോണോക്ലോണല്‍ ആന്റിബോഡി കോക്ക്‌ടെയില്‍ ചികിത്സയെ ഡെല്‍റ്റ പ്ലസ് വകഭേദം പ്രതിരോധിച്ചേക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് ഡെല്‍റ്റ പ്ലസ് വകഭേദം കാരണമായേക്കാമെന്നും ആശങ്കയുണ്ട്. ഡെല്‍റ്റ പ്ലസ് വകഭേദം നിലവില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അതേസമയം ഇപ്പോള്‍ ശക്തിപ്രാപിച്ചിരിക്കുന്ന ഡെല്‍റ്റ വകഭേദവും ഇതുപോലെ പതുക്കെ വന്ന് ശക്തമായി വ്യാപിക്കുകയായിരുന്നു. കോവിഡ് രണ്ടാംതരംഗം തീവ്രമാകാന്‍ കാരണം ഡെല്‍റ്റ വകഭേദമായിരുന്നു.

Content Highlights: why coronavirus delta plus variant is concerning, Health, Covid19, Corona Virus, Delta Plus Variant