കോവിഡ് ഭീതിയിൽ രാജ്യങ്ങൾ, ഭീഷണിയായി പുതിയ വകഭേദങ്ങൾ; മാർ​ഗനിർദേശങ്ങൾ പുതുക്കി ലോകാരോ​ഗ്യസംഘടന


വീണ ചിറക്കൽ 

Premium

Representative Image| Photo: AP

കോവിഡ് മഹാമാരിയുടെ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് ലോകം. പലരാജ്യങ്ങളിലും വീണ്ടും കോവിഡ് കേസുകൾ കുതിക്കുകയാണ്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളൊക്കെ ഒരിടവേളയ്ക്കു ശേഷം കോവിഡ് പ്രതിരോധം ഊർജിതമാക്കിയിരിക്കുകയാണ്. പുതിയ വകഭേദങ്ങളാണ് മിക്ക രാജ്യങ്ങളിലും രോഗവ്യാപനത്തിനും മരണനിരക്ക് ഉയരുന്നതിനും കാരണമായത്. ഇന്ത്യയിലും ജനുവരി പകുതിയോടെ കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന് ഈ മാസമാദ്യം കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ചയോളം നിർണായകമാണെന്നും വൈറസിന്റെ ജനിതകമാറ്റം പ്രവചനാതീതമായതിനാൽ തന്നെ വരുംകാലങ്ങളിലും കരുതിയിരിക്കണം എന്നുമാണ് ആരോഗ്യവിദഗ്ധർ അറിയിച്ചത്. വിദേശത്തുനിന്നു വരുന്നവരിൽ കോവി‍ഡ് വർധിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. നേരത്തേ ഈസ്റ്റ് ഏഷ്യയിലെ വ്യാപനം ആരംഭിച്ച് മുപ്പതു മുതൽ മുപ്പത്തിയഞ്ചു ദിവസത്തിനുള്ളിലാണ് ഇന്ത്യയിലും വ്യാപനമുണ്ടായത്. ഇപ്പോഴിതാ ലോകത്തെ വീണ്ടും കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ കോവിഡ് മാർഗനിർദേശങ്ങൾ പുതുക്കിയിരിക്കുകയാണ് ലോകാരോഗ്യസംഘടന.

ആളുകൾ കൂടിച്ചേരുന്ന ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കൽ, കോവിഡ് സംബന്ധമായ ചികിത്സ തുടങ്ങിയ കാര്യങ്ങളിലാണ് ലോകാരോഗ്യസംഘടന പുതിയ നിർദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

എന്നും ഫലപ്രദം മാസ്ക്

കോവിഡിനെ തുരത്താൻ മുൻകാലങ്ങളിൽ സ്വീകരിച്ചിരുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായ മാസ്ക് ഉപയോഗം ഇനിയും തുടരണമെന്നാണ് ലോകാരോഗ്യസംഘടനയുടെ പുതുക്കിയ മാർഗനിർദേശത്തിലും വ്യക്തമാക്കുന്നത്. പ്രാദേശിക തലത്തിൽ രോഗവ്യാപനം ഇല്ലെങ്കിലും ആഗോളതലത്തിലെ വ്യാപനം കണക്കിലെടുത്ത് ആളുകൾ കൂടിച്ചേരുന്ന ഇടങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്നു പറയുകയാണ് ലോകാരോഗ്യസംഘടന.

കോവിഡ് രോഗികൾ, കോവിഡ് ഉണ്ടെന്ന് സംശയിക്കുന്നവർ, കോവിഡ് അപകടസാധ്യതാ വിഭാഗത്തിൽ പെട്ടവർ, ആൾക്കൂട്ടങ്ങളിൽ, വായുസഞ്ചാരമില്ലാത്ത അടച്ചിട്ട ഇടങ്ങളിൽ ഇരിക്കുന്നവർ തുടങ്ങിയ വിഭാ​ഗങ്ങളെല്ലാം മാസ്ക് ഉപയോഗിക്കണമെന്നാണ് നിർദേശം. ഒപ്പം നേരത്തേ പാലിച്ചിരുന്ന ചില നിർദേശങ്ങൾ കൂടി പിന്തുടരേണ്ടതുണ്ടെന്നും നിഷ്കർഷിക്കുന്നുണ്ട്. അപകടസാധ്യതാ ഘട്ടങ്ങൾ പരിശോധിച്ച് മാസ്ക് നിർദേശിക്കുന്ന രീതിയാണിത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം വർധിക്കുക, വാക്സിനേഷന്റെ തോത്, സമൂഹത്തിലെ പ്രതിരോധശേഷി തുടങ്ങിയവ കണക്കിലെടുത്തായിരിക്കണം അത്.

കോവിഡ് രോഗികൾക്ക് നിർദേശിച്ചിട്ടുള്ള ഐസൊലേഷൻ കാലം കുറച്ചതും പ്രധാന നിർദേശങ്ങളിലൊന്നാണ്. കോവിഡ് രോഗികൾ ആന്റിജെൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയിക്കഴിഞ്ഞാൽ ഐസൊലേഷൻ അവസാനിപ്പിക്കാം എന്നതാണത്. ലക്ഷണങ്ങൾ ഉള്ള രോഗികൾ ടെസ്റ്റ് ചെയ്യാതെ തന്നെ, ലക്ഷണം ആരംഭിച്ച ആദ്യദിവസം തൊട്ട് പത്തുദിവസത്തോളം ഐസൊലേഷനിൽ ഇരിക്കണമെന്നതാണ് പുതിയ നിർദേശം. നേരത്തെ ലക്ഷണങ്ങൾ ആരംഭിച്ച് പത്തുദിവസത്തിനുള്ളിൽ ഡിസ്ചാർജ് ആകാമെന്നും ലക്ഷണങ്ങൾ ഭേദമായി മൂന്നുദിവസം കൂടി ഐസൊലേഷനിൽ ഇരിക്കണം എന്നുമായിരുന്നു നിർദേശമുണ്ടായിരുന്നത്.

കോവിഡ് പോസിറ്റീവാകുകയും എന്നാൽ ലക്ഷണങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും ചെയ്യുന്നവർ അഞ്ചു ദിവസം ഐസൊലേഷനിൽ ഇരിക്കണമെന്നതാണ് നിർദേശം. നേരത്തേ ഇത് പത്തുദിവസം ആയിരുന്നു. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ കോവിഡ് രോഗികളെ ഐസൊലേഷനിൽ ആക്കുക എന്നത് പ്രധാനമാണെന്നും വീട്ടിലോ അല്ലെങ്കിൽ ആശുപത്രിയിലോ ഇത് തുടരാമെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.

ചികിത്സയിൽ nirmatrelvir-ritonavir

കോവിഡ് ചികിത്സയിൽ സൈഫർ വികസിപ്പിച്ചെടുത്ത ആന്റിവൈറൽ മരുന്നായ nirmatrelvir-ritonavir അഥവാ Paxlovid ന്റെ ഉപയോഗവും ലോകാരോഗ്യസംഘടന നിർദേശിക്കുന്നുണ്ട്. അധികം ​ഗുരുതരമാകാത്ത കോവിഡ് രോഗികളായ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറെ കണ്ടതിനുശേഷം മാത്രം ഈ മരുന്ന് എടുക്കാവൂ എന്നും നിർദേശമുണ്ട്. ഏപ്രിൽ 2022ലാണ് ലോകാരോഗ്യസംഘടന nirmatrelvir-ritonavir ആദ്യമായി നിർദേശിക്കുന്നത്. ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ സാധ്യതയുള്ള മിതമായതും കുറഞ്ഞതുമായ കോവിഡ് രോഗികൾക്കും ലോകാരോഗ്യസംഘടന ഈ മരുന്നിന്റെ ഉപയോഗം നിർദേശിക്കുന്നു.

മാസ്കിൽ നേരത്തേയും നിർദേശം

രോഗവ്യാപന സാഹചര്യത്തിൽ അടുത്തിടെയും മാസ്ക് ഉപയോഗം സംബന്ധിച്ച് ലോകാരോഗ്യസംഘടന നിർദേശം പുറത്തിറക്കിയിരുന്നു. ദീർഘദൂര വിമാനയാത്രകൾ ചെയ്യുന്നവരോട് മാസ്കുകൾ ധരിക്കാൻ അതാത് രാജ്യങ്ങൾ നിർദേശിക്കണമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്. യൂറോപ്പിൽ XBB.1.5 വകഭേദം നിലവിൽ കുറവാണെങ്കിലും നിരക്കുകൾ കൂടിക്കൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു.

കോവി‍ഡ് വ്യാപനം രൂക്ഷമായ ഇടങ്ങളിൽ ഉള്ളവരെല്ലാം ഈ നിർദേശം പാലിക്കുന്നതാണ് അഭികാമ്യമെന്ന് യൂറോപ്പിലെ ലോകാരോഗ്യസംഘടനയുടെ സീനിയർ എമർജൻസി ഓഫീസറായ കാതറിൻ സ്മാൾവുഡ് ആണ് വ്യക്തമാക്കിയത്. അമേരിക്കയിൽ നിലവിലെ കോവിഡ് വ്യാപനത്തിന്റെ 27.6 ശതമാനവും XBB.1.5 വകഭേദം മൂലമാണെന്നാണ് റിപ്പോർട്ടുകൾ. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ വ്യാപനത്തിന് പിന്നിലും ബി.എഫ്.7, XBB.1.5 തുടങ്ങിയ വകഭേദങ്ങളാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജപ്പാനിൽ കോവിഡ് നിരക്കുകളും മരണനിരക്കുകളും റെക്കോഡ് നില ഭേദിച്ചും കുതിച്ചുകൊണ്ടിരിക്കുകയാണ്. ഒരുദിവസം മാത്രം 523 കോവിഡ് മരണങ്ങളെന്ന റെക്കോഡ് സംഖ്യയിലേക്കാണ് ജപ്പാൻ എത്തിയിരിക്കുന്നത്. അതിനിടെ ചൈനയും ആരോപണങ്ങൾക്കൊടുവിൽ കോവിഡ് രോഗ-മരണ നിരക്കുകൾ പുറത്തുവിടുകയുണ്ടായി. ഒരു മാസത്തിനിടെ അറുപതിനായിരത്തോളം കോവിഡ് അനുബന്ധ മരണങ്ങളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് കഴിഞ്ഞദിവസം അധികൃതർ വ്യക്തമാക്കി. ഡിസംബർ എട്ടു മുതൽ ജനുവരി 12 വരെയുള്ള കണക്കുപ്രകാരമാണിത്. 2020-ന്റെ തുടക്കത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ ആരംഭിച്ച സീറോ കോവിഡ് നയം അടുത്തിടെയാണ് നീക്കം ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള കണക്കുകൾ പ്രകാരം 114 പുതിയ കോവിഡ് കേസുകളോടെ 2119 ആക്റ്റീവ് കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനുവരി പതിമൂന്നിനെ അപേക്ഷിച്ച് നേരിയ കുറവും പ്രകടമാണ്, അന്ന് 2257 ആയിരുന്നു കോവിഡ് കേസുകൾ.

ലോകത്ത് റിപ്പോർട്ടുചെയ്ത ഒമിക്രോണിന്റെ എല്ലാ ഉപവകഭേദങ്ങളും ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വിദേശരാജ്യങ്ങളിലേതുപോലെ രോഗവ്യാപനത്തിന് സാധ്യതയില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുകയുണ്ടായി. രാജ്യത്ത് പരിശോധിക്കുന്ന കോവിഡ് സാംപിളുകളിൽ 15 ശതമാനത്തിലും എക്സ്.ബി.ബി., ബി.എ.2.75, ബി.ജെ. ഒന്ന് തുടങ്ങിയ ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണുള്ളത്.

ഇന്ത്യയിൽ തീവ്രതരംഗത്തിന് സാധ്യതയില്ല

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ തീവ്രതരം​ഗത്തിന് സാധ്യതയില്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ കരുതുന്നത്. മുൻകാല തരം​ഗങ്ങളെ നേരിട്ടതിൽ അപേക്ഷിച്ച് ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ വലിയ മാറ്റമുണ്ടായതായി ഡല്‍ഹി എയിംസ് മുന്‍മേധാവി രണ്‍ദീപ് ഗുലേറിയ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇനിയൊരു കോവിഡ് തരംഗമുണ്ടായാല്‍ത്തന്നെ നേരിയ ലക്ഷണങ്ങളോടെയുള്ള രോഗബാധയാകാനാണ് സാധ്യതയെന്നും ആശുപത്രിക്കേസുകള്‍ വര്‍ധിക്കാനും മരണങ്ങള്‍ കൂടാനും സാധ്യതയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. എങ്കിലും വൈറസ് പ്രവചനാതീതമായതുകൊണ്ടു തന്നെ കോവിഡ് മാദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഒമിക്രോണിന്റെ അഞ്ഞൂറോളം ഉപവകഭേദങ്ങൾ

ഒരുവർഷത്തിലേറെയായി ആശങ്ക പടർത്തിക്കൊണ്ട് വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വകഭേദമാണ് ഒമിക്രോൺ എന്നും നിലവിൽ ഒമിക്രോണിന്റെ മാത്രം അഞ്ഞൂറോളം ഉപവകഭേദങ്ങൾ ഉണ്ടെന്നതാണ് വസ്തുതയെന്നും പറയുകയാണ് ലോകാരോ​ഗ്യസംഘടനയുടെ ആരോ​ഗ്യ അടിയന്തരാവസ്ഥാ പദ്ധതിയുടെ കോവിഡ് 19 ടെക്നിക്കൽ ലീഡായ ഡോ. മരിയ വാൻ കെർഖോവ്. ഒമിക്രോൺ, ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് വളരെ ​ഗുരുതരമാകാനുള്ള സ്ഥിതിവിശേഷം കുറവായിരിക്കും. പക്ഷേ ലക്ഷണങ്ങളില്ലാതെ വരാനോ വീണ്ടും അതേ വകഭേദം തന്നെ പിടിപെടാനോ ​തീവ്രമാകാനോ ഒക്കെ സാധ്യതയുണ്ട്. രോ​ഗം ​തീവ്രമാകാതിരിക്കാനും മരണം സംഭവിക്കാതിരിക്കാനും വാക്സിനുകൾ ഏറെ ​ഗുണം ചെയ്യുന്നുണ്ടെന്നും മരിയ പറയുന്നു.

മഹാമാരി വന്ന് നാലുവർഷമായതുകൊണ്ടുതന്നെ ജനങ്ങൾ ഈ രോ​ഗത്തെക്കുറിച്ച് സംസാരിച്ചും മറ്റും തളർന്നിരിക്കുകയാണ്. പക്ഷേ രോ​ഗത്തെ ഇല്ലാതാക്കാനല്ല, മറിച്ച് പടരാതിരിക്കാൻ നിരവധി കാര്യങ്ങൾ നമുക്ക് ചെയ്യാനാകുമെന്നും മരിയ വ്യക്തമാക്കുന്നു. ആൾ‌ക്കൂട്ടമുള്ള അടച്ചിട്ട ഇടങ്ങളാണ് തുറസ്സായ ഇടങ്ങളേക്കാൾ കൂടുതൽ അപകടകരം. രോ​ഗത്തെ പ്രതിരോധിക്കാൻ നിലവിലുള്ള മുൻകരുതലുകൾതന്നെ തുടരുക എന്നതാണ് പ്രധാനമെന്നും മരിയ പറയുന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം മാസ്ക് ധരിക്കുന്നത് ശീലമാക്കണം. ഒപ്പം വാക്സിൻ സ്വീകരിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്യണം. ലോകത്തിന്റെ മുപ്പതു ശതമാനത്തോളം പേർ ഒരു ഡോസ് വാക്സിൻ പോലും സ്വീകരിച്ചിട്ടില്ലാത്തവരാണ്. ഇപ്പോഴും ഓരോ ആഴ്ച്ചയിലും പതിനായിരക്കണക്കിന് പേർ കോവിഡ് ബാധിച്ച് മരണമടയുന്നുണ്ട്. അവയിലേറെയും പ്രതിരോധിക്കാവുന്നവയുമാണ്, മരിയ പറയുന്നു.

തുടർന്നും പുതിയ വകഭേദങ്ങൾ പരിണമിക്കാൻ സാധ്യതയുള്ളതിനാൽ കരുതിയിരിക്കേണ്ടത് പ്രധാനമാണെന്നും മരിയ പറയുന്നു. നിലവിൽ രോ​ഗത്തെ നമ്മൾ മനസ്സിലാക്കിക്കഴിഞ്ഞതുകൊണ്ടു തന്നെ പ്രതിരോധവും എളുപ്പമായിരിക്കും. സമൂഹത്തിലെ ഓരോ വ്യക്തിയും രോ​ഗം പടരുന്നത് തടയാനുള്ള മാർ​ഗങ്ങൾ സ്വീകരിക്കണമെന്നും 2023-ഓടെ മഹാമാരി അവസാനിപ്പിക്കാൻ കഴിയുമെന്നും മരിയ പറയുന്നു.

കോവി‍ഡിനെ തുരത്താൻ പ്രധാന ടൂളുകൾ

കോവി‍ഡിനെ തുരത്താൻ സ്വീകരിക്കേണ്ട പ്രധാന മാർ​ഗങ്ങൾ എന്തൊക്കെയാണെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നുമുണ്ട് ലോകാരോ​ഗ്യസംഘടന. അതിൽ ആദ്യത്തേത് വാക്സിനേഷൻ തന്നെയാണെന്ന് പറയുകയാണ് ഡോ.മരിയ വാൻ കെർഖോവ്. നിങ്ങൾ വാക്സിൻ എടുത്തതാണോ എന്നതല്ല പ്രധാനം മറിച്ച് എന്നാണ് അവസാനമായി വാക്സിൻ എടുത്തത് എന്നും ബൂസ്റ്റർ ഡോസ് എടുത്തത് എന്നാണ് എന്നുമൊക്കെ ശ്രദ്ധിച്ചിരിക്കണം. ​ഗുരുതര രോ​ഗങ്ങൾ ഉള്ളവർ, അറുപത് വയസ്സിനു മുകളിലുള്ളവർ, രോ​ഗപ്രതിരോധശേഷി കുറഞ്ഞവർ, കോവി‍ഡ് മുൻനിര പോരാളികൾ തുടങ്ങിയവരിലൊക്കെ രോ​ഗം പെട്ടെന്ന് പിടിപെടാൻ സാധ്യതയുണ്ട്. ഈ വിഭാ​ഗക്കാർ വാക്സിനേഷൻ കൃത്യമായി സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പറയുകയാണ് മരിയ. ഒപ്പം എപ്പോഴത്തേയും പോലെ മാസ്ക് ഉപയോ​ഗത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക എന്നും പരമാവധി ജനലുകളും മറ്റും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പുവരുത്തണം എന്നും മരിയ ഓർമിപ്പിക്കുന്നു.

ആശങ്ക പടർത്തിയ ക്രാക്കൻ

പുതിയ വകഭേദങ്ങളിൽ ദ്രുതഗതിയിൽ വ്യാപിക്കുന്ന ക്രാക്കൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വകഭേദത്തിനെതിരെ യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകുകയുമുണ്ടായി. വ്യാഴാഴ്ച്ചയാണ് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ കൺട്രോൾ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ക്രാക്കൻ എന്ന് വിളിക്കുന്ന XBB.1.5 വകഭേദം ഒക്ടോബറിൽ അമേരിക്കയിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് പന്ത്രണ്ടു മടങ്ങ് വ്യാപനശേഷി കൂടിയവയാണ് ഈ വകഭേദമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത രണ്ടുമാസത്തിനുള്ളിൽ യൂറോപ്പിൽ ഈ വകഭേദം ആധിപത്യം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

നിലവിൽ സ്ഥിരീകരിക്കപ്പെട്ടവയിൽ വച്ച് ഏറ്റവും വ്യാപനശേഷിയുള്ള വകഭേദമായാണ് ക്രാക്കനെ കാണുന്നത്. എങ്കിലും നിലവിലുള്ള വാക്സിനുകൾ ഇപ്പോഴും പുതിയ വകഭേദങ്ങൾക്കെതിരെയും ഫലപ്രദമാണെന്നാണ് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ കൺട്രോൾ പറയുന്നത്. പുതിയ വകഭേദത്തിന് വ്യത്യസ്തമായ ഈ വിളിപ്പേര് വന്നതിനു പിന്നിലും കാരണമുണ്ട്. മഹാമാരിയെ വീണ്ടും ശക്തിപ്പെടുത്താൻ പാകംചെന്ന വകഭേദമാണ് എന്നു കരുതുന്നതിനാലാണിത്. കപ്പലുകളെ ആക്രമിക്കാൻ കടലിന്റെ ആഴങ്ങളിൽ നിന്ന് ഉയർന്നുവരുന്ന കടൽജീവിയാണ് ക്രാക്കൻ എന്നതാണ് സാങ്കൽ‌പിക കഥ.

BQ1 വകഭേദത്തെ അപേക്ഷിച്ച് 108 ശതമാനത്തോളം വേ​ഗത്തിൽ വ്യാപിക്കുന്ന വകഭേദമാണ് XBB.1.5 എന്നാണ് കണക്കുകൾ പറയുന്നത്. മനുഷ്യകോശങ്ങളെ കടന്നാക്രമിക്കാൻ ശേഷിയുള്ള വകഭേദം എന്നതും രോ​ഗം ബാധിച്ചവരിലേറെ പേരെയും ആശുപത്രിവാസത്തിലേക്ക് നയിക്കുന്നു എന്നതും ഈ വകഭേദത്തിന്റെ പ്രത്യേകതയാണ്.

XBB.1.5ലുളള വകഭേദങ്ങൾക്ക് വാക്സിനുകളിൽ നിന്നുള്ള പ്രതിരോധ ശേഷിയേയും മുമ്പത്തെ കോവിഡ് ബാധയിൽ നിന്ന് ആർജിച്ച പ്രതിരോധശേഷിയേയും എളുപ്പം മറികടക്കാൻ സാധിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മനുഷ്യ ശരീത്തിലെ ACE 2 റിസപ്റ്ററുകളിലേക്ക് കൂടുതൽ ശക്തമായി കടന്നുകയറാനും ഇവ പ്രാപ്തമാണെന്നാണ് അനുമാനം.

XBB15 വകഭേദത്തെ മറ്റ് ഒമിക്രോൺ വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന 4 പ്രധാന ഘടകങ്ങൾ

  • ഇന്നുവരെ കണ്ടതിൽ വച്ച് പ്രതിരോധശേഷിയെ തകർക്കുന്ന പ്രധാന വകഭേദങ്ങളിലൊന്ന്
  • മനുഷ്യകോശങ്ങളിൽ പ്രവേശിക്കാനും ആക്രമിക്കാനും ശേഷിയുള്ള വകഭേദം
  • മുമ്പത്തെ XBB, BQ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷി
  • രോ​ഗവ്യാപനമുള്ളയിടങ്ങളിൽ ആശുപത്രിവാസങ്ങൾക്ക് ഇടയാക്കുന്നു
സാധാരണ ഒമിക്രോൺ വകഭേദം അല്ല ഇതെന്നും കരുതലോടെ പുതിയ വകഭേ​ദത്തെ സമീപിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കുകയാണ് ​ഗവേഷകർ.

ബി.എഫ്.7

ഒമിക്രോൺ വകഭേദമായ ബി.എഫ്.7 ആണ് ചൈനയിലെ വ്യാപനത്തിനു പിന്നിൽ. തുടർന്ന് ഇന്ത്യയിലും ഈ വകഭേദം സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നിരുന്നു. കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്തപനി തുടങ്ങിയവയെല്ലാം ബി.എഫ്-7 വകഭേദത്തിൽ കൂടുതൽ കാണുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മുൻപ് അസുഖബാധിതരായവരും പ്രായമായവരും ഹൃദ്രോഗം, ഡയബറ്റിസ്, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ ഉള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്ക, യു.കെ., ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തേ ബി.എഫ്.7 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു.

എക്‌സ്.ബി.ബി. വകഭേദങ്ങൾ

കോവിഡ് വകഭേദങ്ങളിൽ ഏറ്റവും രോഗവ്യാപന ശേഷിയുള്ള എക്‌സ്.ബി.ബി. സിങ്കപ്പൂരിൽ ഓഗസ്റ്റിലാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, തളർച്ച, തലവേദന, വയറിളക്കം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. എക്‌സ്.ബി.ബി.-1, എക്‌സ്.ബി.ബി.-1.5 എന്നിവയാണ് ഈ വൈറസിന്റെ ഉപവകഭേദങ്ങൾ. XBB പോലുള്ള വകഭേദങ്ങൾ കൂടിവരുന്നത് കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും വീണ്ടും വൈറസ് പടരുന്നതിനും ഇടയാക്കുമെന്ന് കൊളംബിയ സർവകലാശാലയിലെ ഗവേഷകർ ഈ മാസമാദ്യം നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു.

Content Highlights: who updates covid guidelines, covid variants


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented