കൊറോണ വൈറസ് ബാധതയുടെ സങ്കീര്‍ണതയോ പുതിയ രോഗമോ ഒന്നുമല്ല വൈറ്റ് ഫംഗസ്. സാധാരണയായി ശരീരത്തില്‍ കണ്ടുവരുന്ന ഫംഗസാണ് കാന്‍ഡിഡ. വൈറ്റ് ഫംഗസ് രോഗത്തിന് കാരണക്കാരനും ഇത് തന്നെ. പ്രതിരോധ ശേഷി കുറയുന്ന സമയത്താണ് ഇത് രോഗാവസ്ഥയായി മാറുന്നത്. പ്രതിരോധ ശേഷികുറയ്ക്കുന്ന രോഗങ്ങള്‍ ബാധിച്ചവരിലാണ് പ്രധാനമായും ഇത് കാണപ്പെടുന്നത്. നഖങ്ങള്‍, ചര്‍മം, ആമാശയം, വൃക്ക, തലച്ചോറ് എന്നിവയയേയും ഈ ഫംഗസ് ബാധിക്കാം.

ആര്‍ക്കൊക്കെ വരാം

- HIV/AIDS രോഗികള്‍
- അനിയന്ത്രിതമായ പ്രമേഹം ഉള്ള രോഗികള്‍
- അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് പ്രതിരോധ ശേഷി കുറക്കാനുള്ള മരുന്ന് കഴിക്കുന്നവര്‍
- ക്യാന്‍സര്‍ രോഗികള്‍
- കീമോതെറാപ്പി എടുക്കുന്നവര്‍
- അധിക ഡോസിലുള്ള സ്റ്റിറോയ്ഡ് മരുന്ന് ദീര്‍ഘ നാളുകള്‍ എടുക്കുന്ന രോഗികള്‍

ലക്ഷണങ്ങള്‍

ഇതിന്റെ ലക്ഷണങ്ങള്‍ എന്നത് ഇത് ബാധിക്കുന്ന ശരീരഭാഗത്തെ അനുസരിച്ചാണ്. വായയില്‍ വെളുത്ത പാടായി കാണപ്പെട്ടുന്ന ഫംഗസ് ബാധ 'ഓറല്‍ ത്രഷ് ' എന്നാണ് അറിയപ്പെടുന്നത്. മറ്റൊരു തരം ഫംഗസ് ബാധയാണ്  'വജൈനല്‍ കാന്‍ഡിഡിയാസിസ്'. സ്വകാര്യ ഭാഗങ്ങളില്‍ ചൊറിച്ചില്‍, വെളുത്ത പാട്, വെള്ളപോക്ക് എന്നിവയാണ് ഇതിന്റെ ലക്ഷണം. ഈ രോഗം മൂര്‍ച്ഛിക്കുന്നത് സാധാരണ മേല്‍ പറഞ്ഞ പോലെ പ്രതിരോധ ശേഷി കുറവുള്ളവരിലാണ്. അവരില്‍ ഇത് രക്തത്തിലൂടെ കലര്‍ന്ന് ശരീരത്തിന്റെ വിവിധ അവയവങ്ങളെ ബാധിക്കുന്നു. അതിനെ 'കാന്‍ഡിഡീമിയ' എന്നു വിളിക്കുന്നു. 

നമ്മുടെ രാജ്യത്തെ കോവിഡ് രോഗികളിലും രോഗം വന്നുമാറിയവരിലും ഈ ഫംഗസ് ബാധ ശ്വാസകോശത്തെയാണ് ബാധിച്ചത്. അവരില്‍ കോവിഡിന് സമാനമായ അതേ രോഗലക്ഷണങ്ങളും ഉണ്ടാവും പനി, ചുമ ,ശ്വാസതടസ്സം, സ്വാദ്, മണം എന്നിവ നഷ്ടപ്പെടല്‍ തുടങ്ങി കോവിഡ് രോഗത്തിന് സമാനമായാണ് കാണപ്പെടുന്നത്. 

എങ്ങനെ കണ്ടെത്താം

സി.ടി. സ്‌കാന്‍, ബ്ലഡ് ടെസ്റ്റ് എന്നിവ വഴി ഇത് കണ്ടെത്താം. രക്തപരിശോധനയിലൂടെയും, വായിലും, സ്വകാര്യ ഭാഗത്തും ഉള്ള പാടുകളില്‍ നിന്നുള്ള സ്വാബ് ടെസ്റ്റ് വഴിയും, ബയോപ്‌സി ടെസ്റ്റ് വഴിയും ഇവ കണ്ടു പിടിക്കാന്‍ കഴിയും. ഈസോഫാഗല്‍ കാന്‍ഡിഡിയാസിസ് ആണെങ്കില്‍ എന്‍ഡോസ്‌കോപി വഴിയും, ശ്വാസകോശത്തെ ബാധിച്ചാല്‍ സി.ടി. സ്‌കാന്‍ വഴിയും കണ്ടുപിടിക്കാം.

എങ്ങനെ തടയാം

ആന്റിഫംഗല്‍ മരുന്നുകളാണ് പ്രധാന ചികിത്സാ മാര്‍ഗം. അനിയന്ത്രിതമായ പ്രമേഹം, പ്രതിരോധ ശക്തി കുറക്കുന്ന രോഗങ്ങള്‍ ഉള്ളവര്‍, ഉയര്‍ന്ന തോതിലുള്ള സ്റ്റിറോയ്ഡ് മരുന്ന് അധിക നാള്‍ ഉപയോഗിക്കേണ്ടി വരുന്നവര്‍ എന്നിവരെ കോവിഡ് ബാധിക്കുമ്പോള്‍ ഈ ഫംഗസ് ബാധയും പിടിപെടാനുള്ള സാധ്യത കൂടുന്നു. 

വ്യക്തിശുചിത്വവും ഒരു ഈ രോഗം തടയുന്നതില്‍ പ്രധാന ഘടകമാണ്. സ്റ്റിറോയ്ഡ് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നവരില്‍ വായില്‍ വെളുത്ത പാടായി ഈ ഫംഗ്‌സ് ബാധ വരാറുണ്ട്. മരുന്ന് ഉപയോഗിച്ച് കഴിഞ്ഞ് വായ നന്നായി കഴുകുന്നതിലൂടെ ഇത് തടയാം. 

ബ്ലാക് ഫംഗസ് പോലെ വൈറ്റ് ഫംഗസും പുതിയ രോഗമല്ല. എന്നാല്‍ ഗുരുതരമായേക്കാവുന്ന ഒരു രോഗം തന്നെയാണ്. നേരിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സിച്ചാല്‍ പൂര്‍ണ്ണമായി മാറുകയും ചെയ്യും. ഭയപ്പെടേണ്ടതില്ല. ജാഗ്രത കൈവിടാതിരുന്നാല്‍ മതി.

(പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ഫിസിഷ്യനാണ് ലേഖിക)

Content Highlights: white fungus symptoms and treatment in covid 19 patients