വീണ്ടും പക്ഷിപ്പനി; വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നാല്‍


അനു സോളമന്‍

5 min read
Read later
Print
Share

രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്

ഫയൽ ഫോട്ടോ: പി. ജയേഷ്‌

കൊറോണ ഭീതിയിൽ കഴിഞ്ഞ വർഷം മുഴുവൻ കടന്നുപോയി. ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകമെങ്ങും ആശങ്ക ഉയർത്തിയിരിക്കുകയാണ്.

ഇതിനിടയിലാണ് ആലപ്പുഴയിലും കോട്ടയത്തുമായി പലയിടങ്ങളിലും പക്ഷിപ്പനി പടർന്നുപിടിച്ചിരിക്കുന്നത്. താറാവുകളിലാണ് രോഗം ബാധിച്ചിരിക്കുന്നത്. താറാവുകൾ ചത്തുവീണതിനെത്തുടർന്ന് അവയെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് എച്ച് 5 എൻ 8 വിഭാഗത്തിൽപ്പെട്ട വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകളിലും കോട്ടയം ജില്ലയിലെ നീണ്ടൂർ പഞ്ചായത്തിലുമാണ് രോഗം പടർന്നുപിടിച്ചിരിക്കുന്നത്.

രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്ന് നശിപ്പിക്കാനാണ് (കള്ളിങ്) അധികൃതരുടെ തീരുമാനം. അങ്ങനെ ആലപ്പുഴ ജില്ലയിൽ തന്നെ മുപ്പത്തിനാലായിരത്തിലധികം പക്ഷികളെ കൊന്നൊടുക്കി കത്തിക്കേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

ഏതെങ്കിലും പനിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ചുറ്റുവട്ടത്ത് മനുഷ്യർക്കിടയിൽ ഉണ്ടോ എന്നുകണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടന്നുവരുകയാണ്. കള്ളിങ്ങിനു പോകുന്ന ടീമംഗങ്ങൾക്ക് എച്ച് വൺ എൻ വൺ പ്രതിരോധമരുന്ന് നൽകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

എന്താണ് പക്ഷിപ്പനി

പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ 1. ഇത് ഒരു തരം ഇൻഫഌവൻസ വൈറസാണ്.

രോഗം പകരുന്നത്

പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങൾ വഴിയാണ്. രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകൾ എന്നിവ വഴിയും വേഗം പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് രോഗം പകരും.

മനുഷ്യരിലേക്ക് പകരുന്നത്

രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്.

പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് ഇത് ചില സാഹചര്യങ്ങളിൽ പകരാറുണ്ട്. എന്നാൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ ബുദ്ധിമുട്ടാണ്. രോഗം ബാധിച്ച മനുഷ്യരിൽ മരണനിരക്ക് 60 ശതമാനത്തോളമാണ്. എന്നാൽ ജനിതകവ്യതിയാനമോ മറ്റോ മൂലം ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന തരത്തിലേക്ക് മാറിയാൽ അത് വലിയ അപകടമുണ്ടാക്കും. 1997 ൽ ചൈനയിലാണ് ആദ്യമായി പക്ഷിപ്പനിയുടെ വൈറസ് മനുഷ്യനിലേക്ക് പകരുന്നത്.

പക്ഷികളിലെ രോഗലക്ഷണങ്ങൾ

മന്ദത, വിശപ്പില്ലായ്മ, വയറിളക്കം, തൂവൽ കൊഴിയുക, ചലനങ്ങൾക്ക് ബുദ്ധിമുട്ട്, മുട്ടകളുടെ എണ്ണം കുറയുക, കട്ടികുറഞ്ഞ തോടുള്ള മുട്ടകൾ, ശരീരത്തിലും കൊക്ക്, പൂവ് എന്നിവയിലും നീലനിറം, മൂക്കിലൂടെയുള്ള രക്തസ്രാവം, ശ്വാസതടസ്സം എന്നിവയൊക്കെയാണ് ലക്ഷണൾ

മനുഷ്യരെ ബാധിച്ചാലുള്ള ലക്ഷണങ്ങൾ

സാധാരണ ഇൻഫ്ലുവൻസ വൈറസ് ബാധിച്ചാൽ ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ തന്നെയാണ് ഇവിടെയും ഉണ്ടാവുക. പനി, ജലദോഷം, തലവേദന, ഛർദി, വയറിളക്കം, ശരീരവേദന, ചുമ, തൊണ്ടവേദന, ക്ഷീണം എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. വളരെ പെട്ടെന്നു തന്നെ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങൾക്കിടയാക്കാൻ ഈ വൈറസുകൾ ഇടയാക്കും.

ചികിത്സ

രോഗികൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുകൊണ്ടുള്ള ചികിത്സ ആവശ്യമാണ്. ഒസൽട്ടാമിവിർ എന്ന ആന്റി വൈറൽ മരുന്നാണ് പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നതിന് എതിരെ നൽകുന്നത്. ഇത് രോഗം ഗുരുതരമാവുന്നത് കുറയ്ക്കാൻ സഹായിക്കും. പക്ഷിപ്പനിക്കുള്ള പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതുവരെ ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല. സാധാരണ ഇൻഫഌവൻസയ്ക്ക് ഉപയോഗിക്കുന്ന വാക്സിൻ എച്ച്5എൻ1 ന് പ്രതിരോധം നൽകില്ല.

രോഗം ബാധിക്കാൻ സാധ്യത കൂടുതലുള്ള ഹൈ റിസ്ക് ഗ്രൂപ്പ് ഇവരാണ്

പക്ഷികളിൽ നിന്ന് രോഗം പകരാൻ സാധ്യതയുള്ള ഹൈ റിസ്ക് വിഭാഗത്തിലുള്ളവർ ഇവരാണ്. ഇവരെ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ ഐസൊലേറ്റ് ചെയ്ത് ചികിത്സ ലഭ്യമാക്കുകയും വേണം.

  • പക്ഷികളുമായി ധാരാളമായി ഇടപെടുന്ന കർഷകർ
  • പക്ഷി ഫാമുകളിലെ ജോലിക്കാർ, മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർ
  • ഇറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്യുന്നവർ
  • പക്ഷിവളർത്തലിൽ താത്‌പര്യം ഉള്ളവർ
  • പക്ഷി കാഷ്ഠം (വളത്തിനായി) കൈകാര്യം ചെയ്യുന്നവർ
  • പക്ഷിപ്പനി ബാധിച്ച പക്ഷികളെ കൊല്ലുവാൻ നിയോഗിക്കപ്പെടുന്ന സംഘാംഗങ്ങൾ
  • പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളിലെ ആളുകൾ
മനുഷ്യരിൽ രോഗം ഉണ്ടോ എന്നറിയാൻ

മനുഷനിൽ പക്ഷിപ്പനി പകർന്നിട്ടുണ്ടോയെന്നറിയാൻ സാധാരണയായി തൊണ്ട, മൂക്ക് എന്നിവയിൽ നിന്നാണ് സ്രവങ്ങൾ എടുക്കുന്നത്. ഈ സ്രവങ്ങൾ കൾച്ചർ ചെയ്ത് വൈറസിനെ തിരിച്ചറിയലാണ് ഒരു വഴി. റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമേഴ്സ് ചെയിൻ റിയാക്ഷൻ( RTPCR) ടെസ്റ്റ് ആണ് ആധികാരികമായ ലാബ് ടെസ്റ്റ്. രോഗിയുടെ സീറം ഉപയോഗിച്ച് എച്ച്.5 എൻ.1 ആന്റിബോഡിയുടെ അളവ് നോക്കി രോഗനിർണ്ണയം നടത്താറുണ്ട്.

പ്രതിരോധിക്കാൻ

പക്ഷിപ്പനി സാധാരണമായി പക്ഷികളെ മാത്രം ബാധിക്കുന്ന വൈറൽ രോഗമാണെങ്കിലും വളരെ അപൂർവമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളിൽ മാത്രം മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ട്. താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിച്ചാൽ ഇത്തരം സാധ്യതകൾ ഒഴിവാക്കാം.

  • പക്ഷികളുമായി അടുത്ത ബന്ധം ഒഴിവാക്കുക.
  • ശരീരവും വസ്ത്രവും മറയ്ക്കുന്ന മേൽവസ്ത്രം ധരിക്കുക.
  • ഷൂസ് ഉപയോഗിക്കുക. കൈയുറകൾ, മാസ്ക്, ഗോഗിൾസ് എന്നിവ ഉപയോഗിക്കുക.
  • രോഗമുണ്ടെന്ന് സംശയിക്കുന്ന പക്ഷികളിൽ നിന്നും മനുഷ്യനിൽ നിന്നും ആറ് അടിയിലേറെ ദൂരം പാലിക്കുക.
  • ഉപയോഗിച്ച മേൽവസ്ത്രവും അനുബന്ധ സാധനങ്ങളും ശാസ്ത്രീയമായി രോഗാണു വിമുക്തമാക്കുക.
  • രോഗാണു വിമുക്തമാക്കാൻ ശാസ്ത്രീയമായ കൈകഴുകൽ രീതികൾ ശീലിക്കുക.
  • ഇറച്ചി, മുട്ട എന്നിവ കുറഞ്ഞത് 70 ഡിഗ്രി സെന്റിഗ്രേഡിൽ ചൂടാക്കി മാത്രം ഭക്ഷിക്കുക.
  • ഹോട്ടലുകളിൽ പാകം ചെയ്ത ഇറച്ചി, മുട്ട എന്നിവ കഴിയുന്നതും ഒഴിവാക്കുക.
  • മുട്ട പുഴുങ്ങി കഴിക്കുമ്പോൾ മഞ്ഞക്കുരു എല്ലാ ഭാഗവും നന്നായി ഉറച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക.
  • ഒരു വശം മാത്രം ചൂടാക്കിയ ഇറച്ചി കഴിക്കരുത്.
  • രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കി കത്തിക്കുകയോ ആഴത്തിൽ കുഴിച്ചിടുകയോ ചെയ്യണം.
  • കത്തിക്കാൻ വിറക്, മണ്ണെണ്ണ, പഞ്ചസാര എന്നിവ ഉപയോഗിക്കണം.
  • കുഴിച്ചിടുകയാണെങ്കിൽ 20 അടി താഴ്ചയിൽ കുഴിയെടുക്കണം.
  • മൂന്നു മാസം വരെ ആ സ്ഥലം മറ്റൊരു ഉപയോഗത്തിനും നൽകരുത്.
  • പക്ഷിപ്പനിയെക്കുറിച്ച് കർഷകർക്ക് ആവശ്യമായ അവബോധം നൽകുക.
  • പക്ഷികൾക്ക് രോഗം വന്നാൽ അവയ്ക്ക് സ്വയം ചികിത്സ നൽകരുത്.
  • അസുഖങ്ങൾ പെട്ടെന്നു തന്നെ വെറ്ററിനറി ജീവനക്കാരെ അറിയിക്കുക.
  • സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കുക
  • പക്ഷിമരണങ്ങളുണ്ടായാൽ അവയുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.
  • പ്രതിരോധ മരുന്ന് ലഭ്യത ഉറപ്പാക്കുക.
  • സമൂഹത്തിൽ ആശങ്ക പരത്താതെ ശാസ്ത്രീയ ബോധവത്‌ക്കരണം നടത്തുക.
മൃഗസംരക്ഷണ വകുപ്പ് നൽകുന്ന നിർദേശങ്ങൾ

  • ചത്ത പക്ഷികളുടെയോ രോഗം ബാധിച്ചവയെയോ ദേശാടന കിളികളെയോ ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനു മുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം.
  • രോഗത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറകളും മാസ്കും നിർബന്ധമായും ധരിക്കണം.
  • കോഴികളുടെ മാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.
  • നന്നായി പാകം ചെയ്ത മാംസവും മുട്ടയും ഉപയോഗിക്കുക.
  • നിങ്ങളുടെ അടുത്ത് അസാധാരണമാംവിധം എണ്ണം പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കാം.
  • പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ കാണുക.
  • വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക.
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
  • രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
  • ശുചീകരണത്തിനായി രണ്ടു ശതമാനം സോഡിയം ഹൈഡ്രോക്സൈഡ് ലായനി, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്.
  • അണുനശീകരണം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരുത്തേണ്ടതാണ്.
  • നിരീക്ഷണമേഖലയിൽ പക്ഷികളുടെ മരണം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്.
  • ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ ദേശാടന കിളികളെയോ, പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.
  • ബുൾസ് ഐ പോലെ പകുതി വേവിച്ച മുട്ടകൾ കഴിക്കരുത്.
  • പകുതി വേവിച്ച മാംസം ഭക്ഷിക്കരുത് (പിങ്ക് നിറം ഉണ്ടാകരുത്)
  • രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുത്.
  • അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കുക.
  • വ്യാജസന്ദേശങ്ങൾ ഫോർവേഡ് ചെയ്ത് അഭ്യൂഹങ്ങൾ പരത്താതിരിക്കുക.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ.എം. മുരളീധരൻ
സംസ്ഥാന വൈസ് പ്രസിഡന്റ്
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

മൃഗസംരക്ഷണ വകുപ്പ്

Content Highlights:When the bird flu virus spreads to humans bird flu all details you needs to know, Health, Bird Flu, Health

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
MIMS Doctors

2 min

ഡോക്ടര്‍മാരുടെ കൈപിടിച്ച് ഒമ്പതുകാരന്‍ ജീവിതത്തിലേക്ക്; ഉമ്മയുടെ സ്‌നേഹവാക്കുകളും നിര്‍ണായകമായി

Sep 30, 2023


.

4 min

മരണത്തെ മുഖാമുഖം കണ്ട് നിപയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ഒമ്പതുകാരന്‍; ഇത് പുതുചരിത്രം

Sep 30, 2023


conjunctivitis

3 min

തിരിച്ചറിഞ്ഞാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം; ചെങ്കണ്ണ് വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Nov 29, 2022

Most Commented