Representative Image| Photo: Canva.com
കണ്ണൂർ: കേരളത്തിൽ ഹൃദയാഘാതത്തിന് പ്രായം കുറഞ്ഞുവരികയാണ്. മുൻപ് 60 പിന്നിട്ടവരിലെ അസുഖമായിരുന്നു ഇത്. ഇന്ന് 25-45 പ്രായത്തിൽ ഹാർട്ട് അറ്റാക്ക് വരുന്നവരുടെ എണ്ണം വളരെക്കൂടി. ചെറുപ്പക്കാരിൽ അറ്റാക്ക് വരുന്നവരിൽ 25 ശതമാനം 30 വയസ്സിൽ കുറവുള്ളവരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കൂടുതലാണ് കേരളത്തിൽ. 20 ശതമാനമാളുകൾക്ക് ഏതെങ്കിലും വിധത്തിലുള്ള ഹൃദ്രോഗമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 1993ൽ ഇത് 1.4 ശതമാനം മാത്രമായിരുന്നു. 30 വർഷംകൊണ്ട് ഹൃദ്രോഗ സാധ്യത കുതിച്ചുയർന്നു. 2000ത്തിന് ശേഷം ഹൃദയാഘാത നിരക്ക് വർഷം രണ്ടുശതമാനം കൂടുകയാണ്.
63,000 തീവ്ര ഹൃദയാഘാതങ്ങളാണ് ഒരുവർഷം കേരളത്തിൽ ഉണ്ടാകുന്നത്. ഇതിൽ ചെറുപ്പക്കാർ ധാരാളം. ഓരോവർഷവും ചെയ്യുന്ന ആൻജിയോപ്ലാസ്റ്റികളുടെ എണ്ണവും കൂടുന്നു. ഏതാണ്ട് 45,000 ആൻജിയോപ്ലാസ്റ്റിയാണ് കഴിഞ്ഞവർഷം ചെയ്തത്. ഇതിൽ തന്നെ 12,000 ജീവൻ രക്ഷിക്കാൻ അടിയന്തരമായി ചെയ്യുന്ന പ്രൈമറി ആൻജിയോപ്ലാസ്റ്റിയാണ്. ഈ ചെറിയ സംസ്ഥാനത്ത് 120 കാത്ത് ലാബുകളുണ്ട്. ആധുനിക ചികിത്സ ലഭ്യമാവുന്നതുകൊണ്ടാണ് ഹാർട്ട് അറ്റാക്ക് മരണങ്ങൾ നമുക്ക് കുറക്കാനാവുന്നത്.
Also Read
ചെറുപ്പത്തിൽതന്നെ അറ്റാക്ക് വരുന്നതിന് പലകാരണങ്ങളാണ് ഹൃദ്രോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിയന്ത്രണമില്ലാത്ത ബി.പി., പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, പുകവലി, തീരെ വ്യായാമം ഇല്ലാത്ത ജീവിതം മുതലായ പരമ്പരാഗത അപകടഘടകങ്ങൾക്കു പുറമെ മറ്റു ചില കാരണങ്ങളും ചെറുപ്പക്കാരിൽ അറ്റാക്കിന് വഴിവെക്കുന്നു.
അമിത വ്യായാമം
ശരീരവടിവിനും സിക്സ് പാക്കിനുമൊക്കെയായി സമയപരിധിയില്ലാതെ ചെയ്യുന്ന അമിത വ്യായാമം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു. ശരീരത്തിന് പറ്റാവുന്നതിലുമപ്പുറം വലിച്ചിഴച്ചാൽ ഹൃദയം താങ്ങില്ല. മിതമായ വ്യായാമം ആഴ്ചയിൽ 150 മിനിറ്റു മതി. തീവ്ര വ്യായാമം 75 മിനിറ്റും. പലരും 300 മുതൽ 450 മിനിറ്റുവരെ ആഴ്ചയിൽ കഠിന വ്യായാമം ചെയ്യുന്നു. അപ്പോൾ ഓവർ ട്രെയിനിങ് സിൻഡ്രോം (ഒ.ടി.എസ്.) എന്ന അവസ്ഥ വരും. അമിത വ്യായാമം ചെയ്യുന്ന ഭൂരിഭാഗമാളുകളിലും ഒ.ടി.എസ്. കാണാറുണ്ട്.
പേശികളെ അമിതമായി അലട്ടിയാൽ റാബ്ഡോമയോലൈസിസ് ഉണ്ടാകും. പേശികളിൽ ചെറുമുറിവുകൾ ഉണ്ടാകും. ഹൃദയപേശികളിലും ഇതുണ്ടാകാം. അപ്പോൾ മയോഗ്ലോബിൻ ചോർന്ന് ദോഷമുണ്ടാക്കും. കഠിന വ്യായാമം അമിതമായാൽ ധമനികളിൽ കാൽസ്യം അടിഞ്ഞ് പ്ലാക്കുകൾ രൂപപ്പെട്ട് ബ്ലോക്കുകൾ ഉണ്ടാവുകയും ചെയ്യും. ചൂടായ ശരീരം തണുക്കുകയും വേണം. കഠിന വ്യായാമത്തിനു ശേഷം ശരീരത്തിന് കൃത്യമായ വിശ്രമം വേണം. മിക്കവരും ഇതിൽ ശ്രദ്ധിക്കുന്നില്ല. അതിനാൽ സ്ട്രസ്സ് ഹോർമോൺ കൂടി നിൽക്കും.
ജീനുകൾ തോക്ക് നിറക്കുന്നു, അപകടഘടകങ്ങൾ കാഞ്ചിവലിക്കുന്നു
ഹൃദയാഘാതം വരാൻ പാരമ്പര്യ, ജനിതകപരമായ പ്രവണത 15ശതമാനം വരെയുണ്ട്. 50 വയസ്സിനു ശേഷം അച്ഛനോ അമ്മയ്ക്കോ ഹൃദയാഘാതം വരുന്നവരിൽ അതുകൊണ്ട് തന്നെ സാധ്യത കൂടും. ചില ജീനുകളുടെ സ്വാധീനം ഹൃദയാഘാതത്തിന് സാധ്യത കൂട്ടുന്നു. അതിനൊപ്പം മറ്റ് അപകടഘടകങ്ങൾ കൂടി വന്നാൽ സാധ്യത പതിന്മടങ്ങാവും. ചെറുപ്പക്കാരിലെ മദ്യത്തിന്റെ അമിതോപയോഗം, മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം, അമിത മനസ്സമ്മർദം എന്നിവ പുതിയകാലത്ത് വലിയ അപകടമാവുന്നുണ്ട്.
അജ്ഞാത കാരണങ്ങൾ കൊറോണറി ആർട്ടറിയിൽ വലിയ ബ്ലോക്കില്ലാതെ തന്നെ ഹൃദ്രോഗം വരുന്നതായി നിരീക്ഷണമുണ്ട്. സൂക്ഷ്മധമനികളിലും ലോമികളിലും ഉണ്ടാകുന്ന താത്കാലിക തടസങ്ങളാണ് ഇതിന് കാരണം. ആൻജിയോഗ്രാമിൽ ഇതു പരിശോധിക്കാറില്ല. ധമനികൾ ചുരുങ്ങി (കൊറോണറി സ്പാസം) രക്ത സഞ്ചാരം കുറയുന്നതും മറ്റൊരു കാരണമാണ്.
കോവിഡ് എന്തുചെയ്തു ?
കോവിഡ് വരുന്നതിനു മുൻപ് തന്നെ കേരളത്തിൽ ഹൃദയാഘാത നിരക്ക് വളരെ ഉയർന്നു നിൽക്കുന്നുണ്ട്. കോവിഡനന്തരം മയോകാർഡൈറ്റിസ് എന്ന ഹൃദയപേശി രോഗം കൂടിയതായി വിലയിരുത്തലുണ്ട്. പേശീ സങ്കോചന ശേഷി കുറയുന്നതാണ് പ്രശ്നമാകുന്നത്. കോവിഡ് പലതലത്തിൽ ഉണ്ടാക്കിയ സ്ട്രെസും ഹൃദയാരോഗ്യത്തെയും ബാധിച്ചുകാണണം. കോവിഡ് ഹൃദയാരോഗ്യത്തെ എങ്ങനെബാധിക്കുന്നു എന്നതിനെക്കുറിച്ച് പഠനം നടത്താൻ ഐ.സി.എം.ആർ. തീരുമാനിച്ചിട്ടുണ്ട്.
25 കഴിഞ്ഞാൽ വേണം പരിശോധനകൾ
ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്ന 50 ശതമാനമാളുകളിലും ലക്ഷണങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. അതിനാൽ 30 വയസ്സാകും മുൻപ് തന്നെ നിർബന്ധമായും ആരോഗ്യ പരിശോധനകൾ നടത്തി ഹൃദയാരോഗ്യം ഉറപ്പാക്കണം. പ്രത്യേകിച്ചും പുരുഷൻമാർ. ധമനികളുടെ ജരിതാവസ്ഥ ചെറുപ്രായത്തിൽ തന്നെ ആരംഭിക്കുന്നുണ്ട്. കഠിന വ്യായാമ പദ്ധതി തുടങ്ങും മുൻപ് ഡോക്ടറുടെ ഉപദേശം തേടുകയും വേണം.
ഡോ.ജോർജ് തയ്യിൽ
സീനിയർ കൺസൽട്ടന്റ് കാർഡിയോളജിസ്റ്റ്
ലൂർദ് ഹോസ്പിറ്റൽ,എറണാകുളം.
Content Highlights: whats behind the rise in heart attacks among young people
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..