വാക്‌സിൻ ഉത്പാദനം കൂട്ടാൻ എന്തുചെയ്യണം


ഡോ. ജയകൃഷ്ണൻ ടി.

3 min read
Read later
Print
Share

രാജ്യത്ത് ഉപയോഗിച്ചുവരുന്ന കോവീഷീൽഡ്‌ വാക്സിന്റെ പ്രതിദിന നിർമാണശേഷി 20 ലക്ഷം ഡോസും കോവാക്സിന്റേത് രണ്ടുലക്ഷവുമാണ്. ഉത്പാദനം ഇരട്ടിപ്പിച്ചാലും നമ്മുടെ ആവശ്യകതയുടെഅടുത്തെത്താനാകില്ല.

Representative Image| Photo: GettyImages

രാജ്യത്താകെ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോഴും മറുഭാഗത്ത് വാക്സിനു ക്ഷാമം നേരിടുകയാണ്. നിലവിലുള്ള നമ്മുടെ വാക്സിൻ ഉത്പാദനക്ഷമതയ്ക്കും എത്രയോ ഇരട്ടി വാക്സിൻ ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭ്യമാക്കേണ്ടതുണ്ട്. വാക്സിൻ നൽകേണ്ടവരുടെ മുൻഗണനപ്പട്ടിക പതിനെട്ടുവയസ്സ് തികഞ്ഞവരെയും ഉൾപ്പെടുത്തി വിപുലപ്പെടുത്തിയപ്പോൾ വാക്സിൻ ലഭിക്കേണ്ടവരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ മൂന്നര ഇരട്ടിയോളമായി വർധിച്ചു. ഇവരിൽത്തന്നെ അറുപതുശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകാൻ 120 കോടി ഡോസ് വാക്സിൻ വേണ്ടിവരും.

വാക്സിൻ ലഭ്യതയ്ക്ക് ഞെരുക്കമനുഭവിക്കുന്ന സമയത്തുതന്നെ കമ്പനികൾക്ക് ഇരട്ടിവില ഈടാക്കി സംസ്ഥാന സർക്കാരുകൾക്കും മൂന്നിരട്ടിവിലയിൽ സ്വകാര്യ മേഖലകളിലേക്കും നൽകാൻ തീരുമാനിച്ചതും അതിന് സമ്മതം നൽകിയതും ഓക്സിജൻ ക്ഷാമമനുഭവപ്പെട്ട് മരിക്കുന്ന ജനതയുടെ നെഞ്ചിൽ മറ്റൊരു ഭാരം കയറ്റി ശ്വാസംമുട്ടിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. ഇപ്പോൾ രാജ്യത്ത് ഉപയോഗിച്ചുവരുന്ന കോവീഷീൽഡ്‌ വാക്സിന്റെ (സിറം ഇൻസ്റ്റിറ്റ്യൂട്ട്) പ്രതിദിന നിർമാണശേഷി 20 ലക്ഷം ഡോസും കോവാക്സിന്റേത് (ഭാരത് ബയോടെക്) രണ്ടുലക്ഷവുമാണ്. ഇതിന്റെ ഉത്പാദനം ഇരട്ടിപ്പിച്ചാലും നമ്മുടെ ആവശ്യകതയുടെ അടുത്തെത്താൻ പോകുന്നില്ല. അതിനാൽ രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാൻ സർക്കാരുകൾ അടിയന്തര നടപടികളിലേക്ക് പോകേണ്ടതുണ്ട്.

  1. രാജ്യത്ത് നിലവിലുള്ള 1897-ലെ എപ്പിഡെമിക് ഡിസീസ് ആക്ട് സെക്‌ഷൻ 2, ഡ്രഗ്‌സ് ആൻഡ്‌ കോസ്‌മെറ്റിക് ആക്ട് (1940)ലെ സെക്‌ഷൻ 26 ബി പ്രകാരവും ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ കേന്ദ്രസർക്കാരിന് വാക്സിനുകളുടെ നിർമാണം, വ്യാപാരം, വിതരണം എന്നിവ നിയന്ത്രിക്കാനും പുതിയ നിർമാണ ലൈസൻസുകൾ നൽകിയും മറ്റ് നിർമാതാക്കളുടെ ഉത്പാദന കപ്പാസിറ്റി കടമെടുത്ത് വാക്സിൻ ഉത്പാദനം നടത്താനും പറ്റുന്നതാണ്.
  2. പേറ്റന്റ് ആക്ട് സെക്‌ഷൻ 92 അനുസരിച്ച് ഇത്തരം അടിയന്തര ഘട്ടത്തിൽ നിർബന്ധിത ലൈസൻസിങ്‌ വ്യവസ്ഥ അനുസരിച്ച് ഇതിന് തയ്യാറാകുന്ന നിർമാണ, സാങ്കേതിക സൗകര്യമുള്ള മറ്റ് കമ്പനികളോടോ, അല്ലെങ്കിൽ സർക്കാരിന് നിർബന്ധമായി മറ്റ് സ്വകാര്യ വാക്സിൻ കമ്പനികളോടോ വാക്സിൻ നിർമിച്ചുനൽകാൻ നിർദേശിക്കാവുന്ന വ്യവസ്ഥകളുണ്ട്.
  3. സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വാക്സിൻ വികസിപ്പിച്ചതും നിർമിക്കുന്നതും സർക്കാരിന്റെ ഫണ്ടുകൾ ഉപയോഗിച്ചാണ്. ഇവയൊക്കെ ജനങ്ങളുടെ നികുതിയിൽ നിന്ന് സമാഹരിക്കപ്പെട്ടതാണ്. കോവാക്സിന്റെ വിത്തുകോശങ്ങൾ വികസിപ്പിച്ചെടുത്തത് കേന്ദ്രസർക്കാർ സ്ഥാപനമായ എൻ.ഐ.വി. പുണെയിലെ ഐ.സി.എം.ആർ. ശാസ്ത്രജ്ഞരാണ്. അതിനാൽ കേന്ദ്ര ബൗദ്ധിക സ്വത്തവകാശ (പേറ്റന്റ്) നിയമങ്ങൾ (TRIPS) മറികടന്ന് രാജ്യത്തെ മറ്റ് വാക്സിൻ ഉത്പാദകർക്കും ഈ വാക്സിനുകൾ നിർമിക്കാനുള്ള അനുമതി കേന്ദ്രസർക്കാരിന് നൽകാവുന്നതാണ്.
  4. സർക്കാരിന് രാജ്യത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ മേഖലകളിലെ ഔഷധനിർമാണ യൂണിറ്റുകളിലെ വാക്സിൻ സാധ്യതകൾ ആരായാമായിരുന്നു. ഇവിടങ്ങളിലെ നിർമാണ യന്ത്രങ്ങൾ ഇതിനനുസരിച്ച്‌ ‘റീ പർപ്പസ്’ ചെയ്യുകയും ചെയ്യാം. (ഉദാ: കസൗളി, കൂനൂർ, ചെന്നൈ തുടങ്ങിയ വാക്സിൻ കേന്ദ്രങ്ങൾ).
  5. രാജ്യത്തെ മറ്റ് വാക്സിനുകൾ നിർമിക്കുന്ന ഇടങ്ങളിൽ തത്‌കാലം അവ നിർത്തി കോവിഡ് വാക്സിൻ നിർമിക്കാൻ ആവശ്യപ്പെടാവുന്നതാണ് (റീ പർപ്പസിങ്).
  6. അടിയന്തര സാഹചര്യം മാനിച്ച് കേന്ദ്ര സർക്കാരിന് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഭാരത് ബയോടെക്കിന്റെയും കോവിഡ് വാക്സിൻ നിർമാണത്തിലെ കുത്തകാവകാശം ഒഴിവാക്കി മറ്റ് നിർമാതാക്കൾക്ക് പുതിയ ലൈസൻസുകൾ നൽകാവുന്നതാണ്.
  7. കോവീഷീൽഡ്, കോവാക്സിൻ വാക്സിനുകൾക്കു മാത്രമേ ഇതുവരെ ഉപയോഗാനുമതി നൽകിയിട്ടുള്ളൂ. അടുത്തിടെ അനുമതി നൽകിയ റഷ്യൻ വാക്സിനായ സ്പുട്നിക്-വി ഇവിടെ ഇതുവരെ ലഭ്യമായിത്തുടങ്ങിയിട്ടില്ല.മറ്റു രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന ഫൈസർ, മൊഡേണ, ജോൺസൺസ്, സിനോ ഫാം തുടങ്ങിയവരുടെ വാക്സിനുകൾക്ക് ഉപയോഗത്തിന്‌ ഇവിടെയും ഇറക്കുമതി അനുമതിനൽകി സ്വകാര്യ മാർക്കറ്റിൽ ലഭ്യമാക്കുകയാണെങ്കിൽ ആവശ്യമുള്ളവർക്ക് കാശുകൊടുത്ത് ഇവ വാങ്ങി ഉപയോഗിക്കാം.
  8. രാജ്യത്ത് നിലവിലുള്ള മറ്റ് ഔഷധനിർമാണ കമ്പനികർക്ക് മറ്റ് വിദേശ വാക്സിനുകളുടെ നിർമാണ ലൈസൻസുകൾ നൽകി അവയുടെ ഉത്പാദനം ഇവിടെ തുടങ്ങാം. റഷ്യൻ നിർമിത സ്പുട്നിക് വാക്സിൻ ഉത്പാദനത്തിന് ഇന്ത്യയിലെ ആറിലധികം കമ്പനികൾ കരാറായിട്ടുണ്ട്. ഇത് ത്വരപ്പെടുത്തണം.
  9. മറ്റു രാജ്യങ്ങളിൽ ഉത്പാദിക്കപ്പെടുന്ന വാക്സിനുകൾക്ക് ഇപ്പോഴുള്ള നിരോധനം നീക്കി ഇറക്കുമതി ലൈസൻസുകൾ നൽകണം.
ഇങ്ങനെ ഇറക്കുമതി ചെയ്യപ്പെട്ട വാക്സിനുകൾക്ക് സബ്‌സിഡികൾ നൽകി രാജ്യത്ത് വിൽപ്പനയും വിതരണവും നടത്താം.

ഇന്ത്യയിൽ പഠനം നടത്തിയ തെളിവുകൾ ഇല്ലെന്ന വാദത്തിന്റെ വെളിച്ചത്തിൽ ഫൈസർ വാക്സിനടക്കം പലതിനും ഇന്ത്യയിൽ അനുമതി നൽകിയിരുന്നില്ല. പ്രയോറിറ്റി ഗ്രൂപ്പിൽപ്പെട്ട മുഴുവൻ പേർക്കും ഇപ്പോഴുള്ളതുപോലെ വാക്സിനുകൾ സൗജന്യമായി ലഭ്യമാക്കാൻ ഇനിയും ശ്രമങ്ങൾ ഉണ്ടാകുകയും ആഭ്യന്തര മാർക്കറ്റിൽ വാക്സിനുകളുടെ വിലനിയന്ത്രണം സർക്കാർ ഉറപ്പുനൽകുകയും വേണ്ടതുണ്ട്. ലോകത്തിലാവശ്യമുള്ള വാക്സിനുകളുടെ 60 ശതമാനത്തിലധികം ഉത്പാദിപ്പിക്കുന്ന ‘ലോകത്തിന്റെ ഫാർമസി’യായി അറിയപ്പെടുന്ന രാജ്യത്ത് മഹാമാരിയുടെ അടിയന്തരഘട്ടത്തിൽ വാക്സിൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ വിവേകപൂർണമായ നടപടികൾ ആവശ്യമാണ്‌.

(കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അഡീഷണൽ പ്രൊഫസറാണ്‌ ലേഖകൻ)

Content Highlights: What to do to increase Covid19 vaccine production in India, Health, Covid19, Covid Vaccine

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
fever

2 min

വിട്ടുമാറാത്ത പനി, പുറംവേദന; കുട്ടികളിൽ ശ്രദ്ധിക്കേണ്ട വാതരോഗ ലക്ഷണങ്ങൾ

Sep 24, 2023


drug addictionh
Premium

6 min

ഫാര്‍മസിസ്റ്റുകള്‍ വെറുമൊരു പാലമല്ല; സാമൂഹികാരോഗ്യത്തിന്റെ പതാകവാഹകരാണ്‌

Sep 25, 2023


salt

2 min

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോ? ഈ ലക്ഷണങ്ങൾ പറയും

Sep 23, 2023


Most Commented