നാൽപ്പതുകൾ കഴിഞ്ഞാൽ സ്ത്രീ ആരോഗ്യം നിരവധി വെല്ലുവിളികൾ നേരിട്ടു തുടങ്ങും. ആർത്തവ വിരാമവും അതിനോടനുബന്ധിച്ച പ്രശ്നങ്ങളും, തേയ്മാനവും, വിഷാദവും, അമിതവണ്ണവും ജീവിതശൈലീ രോഗങ്ങളുമെല്ലാം കൂട്ടമായെത്തുന്ന കാലയളവ് ഇതാണ്. 2020 കൊറോണയും ലോക്ഡൗണുമായി ജീവിതരീതികൾ ആകെ തകിടം മറിഞ്ഞ വർഷമാണ്. പുതുവർഷത്തിൽ ആരോഗ്യത്തോടെയിരിക്കാൻ സ്ത്രീകൾ സ്വീകരിക്കേണ്ട ചിലവഴികൾ ഇവയാണ്.
ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ നിർദേശമനുസരിച്ച് പഴങ്ങളും പച്ചക്കറികളും പയറുവർഗ്ഗങ്ങളും നവധാന്യങ്ങളായ ചോളം, ധാന്യപ്പൊടി, ഓട്സ്, ഗോതമ്പ്, കുത്തരി എന്നിവയും അപൂരിതകൊഴുപ്പടങ്ങിയ സൺഫ്ളവർ ഓയിൽ, മീൻ, അവോകാഡോ, നട്സ്, ഒലീവ് ഓയിൽ തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പൂരിതകൊഴുപ്പടങ്ങിയ ഇറച്ചി വെണ്ണ, പാമോയിൽ, വെളിച്ചെണ്ണ, ക്രീംചീസ്, നെയ്യ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഇൻഡസ്ട്രിയൽ ട്രാൻസ് ഫാറ്റടങ്ങിയ ഫാസ്റ്റ് ഫുഡുകൾ, സ്നാക്സുകൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ഫ്രോസൺ ഫുഡുകൾ എന്നിവ ഒഴിവാക്കാം. ഒരു ദിവസം അഞ്ച് ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുത്.
ദിവസവും വ്യായാമം
ബിഎംഐ അനുസരിച്ച് ശരീരഭാരം ക്രമീകരിക്കാൻ ശ്രദ്ധിക്കണം. അമിതവണ്ണം കുറയ്ക്കാൻ ഏറ്റവും നല്ലത് ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്നതാണ്. ഇതിലൂടെ പ്രമേഹം, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, പൊണ്ണത്തടി, ഓസ്റ്റിയോപൊറോസിസ്, കാൻസർ എന്നിവ വരുന്നതിന്റെ സാധ്യതകൾ കുറയ്ക്കാനാവും. മാത്രമല്ല മാനസികാരോഗ്യം നിലനിർത്താനും വ്യായാമം നല്ലതാണ്.
യോഗ, നടത്തം, നീന്തൽ, സൈക്ലിംങ്, ഗാർഡനിങ്, എയ്റോബിക്, ഡാൻസിങ് എന്നിവയെല്ലാം മികച്ച വ്യായാമമുറകളാണ്.
മദ്യപാനം, പുകവലി... വേണ്ടേ വേണ്ട
വെറ്റിലമുറുക്കുന്നത്, മദ്യപാനം, പുകവലി എന്നിവ കാൻസറിന് കാരണമാകാം. പ്രത്യേകിച്ചും പ്രായമാകും തോറും അതിനുള്ള സാധ്യതകളും കൂടുന്നു. ഇവയൊക്കെ ഒഴിവാക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് നല്ലതാണ്.
പരിശോധനകൾ മുടക്കരുത്.
കൃത്യമായി ഹെൽത്ത് ചെക്കപ്പ് തുടരുന്ന ശീലമുണ്ടെങ്കിൽ അത് മുടക്കേണ്ട. ഇതുവരെ ചെയ്യാത്തവർ അത് തുടങ്ങുകയും വേണം. പ്രമേഹം, വിളർച്ച, കൊളസ്ട്രോൾ, തൈറോയിഡ്, ഹൈപ്പെർടെൻഷൻ എന്നിവ നേരത്തെയറിയാൻ ഇത് സഹായിക്കും.
കാൻസർ പരിശോധനകൾ
സ്താനാർബുദം, ഗർഭാശയഗളകാൻസർ എന്നിവ നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാനാവും. അതുകൊണ്ട് തന്നെ നാൽപതുകൾ കഴിഞ്ഞാൽ കാൻസർ ടെസ്റ്റുകൾ ചെയ്യാൻ മടിക്കേണ്ട. മാത്രമല്ല ഇത്തരം കാൻസറുകൾ കുടുംബത്തിലെ അടുത്തബന്ധുക്കൾക്ക് വന്നിട്ടുള്ള സ്ത്രീകൾ നിർബന്ധമായും ഒരു ആരോഗ്യവിദഗ്ധനെ കണ്ട് പരിശോധനകൾ നടത്തണം.
Content Highlights:what middle-aged women should do for their health