ജനുവരി നാല് ലോക ബ്രെയ്‌ലി ദിനം; അറിയാം, ലൂയിസ് ബ്രെയ്‌ലിയെക്കുറിച്ച്


ആര്‍. രാമചന്ദ്രന്‍

ലോകത്തിലെ കാഴ്ച നഷ്ടപ്പെട്ട ഓരോ വ്യക്തിക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കണമെന്ന് ലൂയിസ് ബ്രെയ്‌ലി മോഹിച്ചു

Representative Image | Photo: Gettyimages.in

1952 ജൂൺ മാസത്തിലെ ഒരു ദിവസം. ശോകസാന്ദ്രമായ ബാന്റിന്റെ അകമ്പടിയോടെ ശവമഞ്ചവും വഹിച്ചുകൊണ്ട് ഒരു വിലാപയാത്ര പാരീസിന്റെ പ്രധാന തെരുവിലൂടെ മുന്നോട്ടു നീങ്ങുന്നു. ആദര സൂചകമായി പള്ളിയിലെ മണികൾ മുഴങ്ങി. വിലാപയാത്രയുടെ മുൻനിരയിൽ ഫ്രാൻസിന്റെ പ്രസിഡന്റും 40 രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും ഉണ്ടായിരുന്നു. അവരുടെ കൂടെ ലോകപ്രശസ്തയായ അന്ധയും, ബധിരയും, മൂകയുമായ ഹെലൻകെല്ലറും, കാഴ്ചനഷ്ടപ്പെട്ടവരുടെ ഒരു വൻകൂട്ടവും ഈ വിലാപയാത്രയെ അനുഗമിക്കുന്നുണ്ടായിരുന്നു.

ഫ്രാൻസിലെ കുവ്രേ എന്ന ഗ്രാമത്തിൽ 100 വർഷം മുമ്പ് മരിച്ച് അടക്കം ചെയ്ത ഒരു മഹാന്റെ ശവശരീരം രാജ്യത്തിന്റെ എല്ലാ ആദരങ്ങളും ഏറ്റുവാങ്ങി ഔദ്യോഗിക ബഹുമതികളോടെ വീണ്ടും അടക്കം ചെയ്യാനായിരുന്നു ഈ വിലാപയാത്ര. ഇതുപോലുള്ള മറ്റൊരു സംഭവം ലോകചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടില്ല.

ആരായിരുന്നു ഫ്രഞ്ചു ജനതയുടെയും ലോകരാഷ്ട്രങ്ങളുടെയും ആദരവ് പിടിച്ചുപറ്റിയ ആ മഹദ് വ്യക്തി?

കാഴ്ചയില്ലാത്തവർ കേവലം ഭിക്ഷാംദേഹികളും നിസ്സഹായരുമായി കരുതപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ നിരവധി എതിർപ്പുകളേയും ക്ലേശങ്ങളേയും അതിജീവിച്ചുകൊണ്ട് അവർക്കായി ഒരു എഴുത്തു രീതി കണ്ടുപിടിച്ച ലൂയിസ് ബ്രെയ്ലി ആയിരുന്നു ആ മഹാൻ. കാഴ്ചശേഷിയില്ലാത്തവർക്ക് വലിയ അനുഗ്രഹമായിത്തീർന്ന ബ്രെയിൽ ലിപിയെ പറ്റി നാമെല്ലാം കേട്ടിട്ടുണ്ടെങ്കിലും അതെങ്ങനെയുണ്ടായി, ആരാണ് അതുണ്ടാക്കിയത് എന്നതിനെകുറിച്ച് അറിയുന്നവർ വളരെ ചുരുക്കമായിരിക്കും. അതിന്റെ നിർമ്മാതാവായ ലൂയിസ് ബ്രെയ്ലിന്റെ ജീവിതം കാഴ്ചയില്ലാത്തവർ മാത്രമല്ല മനുഷ്യസ്നേഹികളായ എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ടതാണ്.

1809 ജനുവരി 4ന് ഫ്രാൻസിലെ കുവ്രേ ഗ്രാമത്തിൽ സിമോൺ റെനേ ബ്രെയിലിന്റെയും മോനിക്കിന്റെയും നാല് മക്കളിൽ ഇളയവനായി ലൂയിസ് ബ്രെയ്ലി ജനിച്ചു.

സിമോൺ റെനേ തുകൽ ഉത്‌പ്പന്നങ്ങൾ നിർമ്മിക്കുന്ന ആളായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും ലൂയിയെ വളരെയധികം സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തു. മൂന്നു വയസ്സാകുമ്പോഴേക്കും ലൂയിസ് ഉത്സാഹവും, ചുറുചുറുക്കുമുള്ള ഒരു ബാലനായി വളർന്നിരുന്നു. നിത്യവും പണിപ്പുരയിൽ പോയി അച്ഛൻ ചെയ്യുന്ന പ്രവർത്തികൾ സസൂക്ഷ്മം നിരീക്ഷിക്കുകയെന്നത് ലൂയിയുടെ പതിവായിരുന്നു. ക്രമേണ അച്ഛനെപ്പോലെ തുകൽ ഉത്‌പ്പന്നങ്ങൾ നിർമ്മിക്കാനുള്ള മോഹം ലൂയിയിൽ മൊട്ടിട്ടു. പക്ഷേ ഈ മോഹം പൂത്തുലയുന്നതിനുള്ള വേദി ഒരുക്കുന്നതിനു പകരം, ആ പണിശാല ലൂയിയുടെ ജീവിതത്തിൽ ഏറ്റവും വലിയ ഒരു ദുരന്തത്തിന് സാക്ഷ്യം വഹിച്ചു.

എന്നും ചെയ്യാറുള്ളതുപോലെ ഒരു ദിവസം ലൂയി അച്ഛന്റെ പണിശാലയിൽ പ്രവേശിച്ചു. ആ സമയം സിമോൺ അവിടെയുണ്ടായിരുന്നില്ല. ഒരു കൂർത്ത കമ്പികൊണ്ട് തുകലിൽ ഒരു ദ്വാരമുണ്ടാക്കാൻ ലൂയി ശ്രമം തുടങ്ങി. പലവട്ടം ശ്രമിച്ചിട്ടും അത് വിജയിച്ചില്ല. അവസാനം മുഴുവൻ ശക്തിയും ഉപയോഗിച്ചു നടത്തിയ ശ്രമം വിജയിച്ചുവെങ്കിലും ഒരു വലിയ ദുരന്തത്തിന്റെ നാന്ദിയെന്നോണം കൂർത്തകമ്പി ലൂയിയുടെ കണ്ണിൽ തുളച്ചുകയറി. വേദനകൊണ്ട് പുളയുന്ന ലൂയിയുടെ നിലവിളികേട്ട് ഓടിയെത്തിയ മാതാപിതാക്കൾ പ്രിയപുത്രന്റെ കണ്ണിൽ നിന്ന് രക്തം ധാരധാരയായി ഒഴുകുന്നതാണ് കണ്ടത്.

വലതുകണ്ണിനേറ്റ ആഴമേറിയ മുറിവ് സുഖപ്പെടുത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. കാഴ്ച വീണ്ടെടുക്കാൻ മാതാപിതാക്കൾ നടത്തിയ എല്ലാശ്രമങ്ങളും പരാജയപ്പെട്ടു. വൈദ്യശാസ്ത്രം വേണ്ടത്ര വികസിച്ചിട്ടില്ലാത്ത ഒരു കാലഘട്ടമായിരുന്നു അത്. വലതുകണ്ണിലെ പഴുപ്പ് ഇടതുകണ്ണിനെയും ബാധിച്ചു. ക്രമേണ ഇരുകണ്ണിന്റേയും കാഴ്ച മങ്ങുവാൻ തുടങ്ങി. ഓടി നടന്നിരുന്ന സ്വന്തം വീട്ടിൽ പോലും മങ്ങിയ കാഴ്ചകാരണം ലൂയി തട്ടിവീഴാൻ തുടങ്ങി. അങ്ങനെ അഞ്ച് വയസ്സായപ്പോഴേക്കും കോർണിയക്കേറ്റ ക്ഷതം കാരണം ലൂയിസ് ബ്രെയ്ലി പൂർണ്ണമായി അന്ധതയുടെ പിടിയിലമർന്നു.

ബ്രെയ്ലി കുടുംബത്തെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ആഘാതമായിരുന്നു. അക്കാലത്ത് കാഴ്ചശേഷിയില്ലാത്തവർ മറ്റുള്ളരുടെ സന്മനസ്സുകൊണ്ടാണ് ജീവിതം നയിച്ചിരുന്നത്. ഭിക്ഷാടനം ഈ സഹോദരന്മാർ കുലത്തൊഴിലായി കരുതിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. തങ്ങളുടെ ഓമന മകനും ഭിക്ഷടനം നടത്തി ജീവിക്കേണ്ടി വരുമോ എന്ന ചിന്ത മാതാപിതാക്കളെ അലട്ടുവാൻ തുടങ്ങി.

ലൂയിക്ക് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും നിർലോഭമായ വാത്സല്യവും പരിചരണവും ലഭിച്ചു. അവർ ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് ക്ഷമാപൂർവ്വം അവന് മനസ്സിലാക്കികൊടുത്തു. സ്പർശനത്തിലൂടെയും ഗന്ധത്തിലൂടെയും ചുറ്റുമുള്ള ആളുകളെയും, സസ്യങ്ങളെയും, മൃഗങ്ങളെയും അതുപോലെ മറ്റു വസ്തുക്കളെയും തിരിച്ചറിയാൻ അവർ അവനെ പഠിപ്പിച്ചു. അന്ന് കുപ്രേയിലെ റെക്ടറായിരുന്ന ഫാദർ പാളൂയിക്ക് (Palluy) ലൂയിയോട് എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു.

ലൂയിയുടെ അപാരമായ ബുദ്ധിശക്തിയും തളരാത്ത മനസ്സും കണ്ട ഫാദർ പാളൂയി ലൂയിയെ ഗ്രാമത്തിലെ വിദ്യാലയത്തിൽ ചേർക്കാൻ മാതാപിതാക്കളോട് പറഞ്ഞു. അങ്ങനെ കാഴ്ചയുള്ള കൂട്ടുകാർക്കൊപ്പമിരുന്ന് ലൂയി പഠനം തുടങ്ങി.

അക്ഷരങ്ങൾ തിരിച്ചറിയാൻ കഴിയാത്ത ലൂയിക്ക് ഈ പ്രതിസന്ധി തരണം ചെയ്യാൻ അച്ഛൻ ഒരുപായം കണ്ടെത്തി. പലകയിൽ ആണികൾ തറച്ച് അദ്ദേഹം അക്ഷരമാല രൂപപ്പെടുത്തി. ലൂയി അത് വളരെ ക്ഷമാപൂർവ്വം സ്പർശിച്ചു പഠിച്ചു. ഉരുണ്ട അഗ്രത്തോടുകൂടിയ ആണികൾകൊണ്ടു രൂപപ്പെടുത്തിയ അക്ഷരമാല, പിൽക്കാലത്ത് ലൂയി കണ്ടുപിടിച്ച ബ്രെയിൽ ലിപിയുടെ മുൻഗാമിയായിരുന്നോ?

ലൂയിയുടെ അസാമാന്യ ബുദ്ധിശക്തിയും ഓർമ്മശക്തിയും പഠനത്തിലുള്ള താല്പര്യവും കണ്ട് ഫാദർ പാളൂയി, ലൂയിക്ക് കൂടുതൽ ഉയർന്ന വിദ്യാഭ്യാസം നൽകുന്നതിനെക്കുറിച്ച് ചിന്തിച്ചു. അങ്ങനെ ലൂയി പത്താം വയസ്സിൽ കാഴ്ചയില്ലാത്തവർക്കായിവാലെന്റൈൻ ഹാവി (Valentin Havy) എന്ന മനുഷ്യസ്നേഹി സ്ഥാപിച്ച വിദ്യാലയത്തിൽ (Royal Institute for The Blind) ചേർന്നു. ഒരു പുതിയ ജീവിതത്തിലേക്കുള്ള കാൽവെപ്പും പ്രശസ്തിയിലേക്കുള്ള ആദ്യപടിയുമായിരുന്നു അത്.

സ്കൂളിലെ പുതിയ അന്തരീക്ഷവും മാതാപിതാക്കളേയും സഹോദരങ്ങളേയും വിട്ടുനിൽക്കുന്നതും, ലൂയിയിൽ മനോവിഷമം ഉളവാക്കി. ക്രമേണ ലൂയി ഇതുമായി പൊരുത്തപ്പെടാൻ തുടങ്ങി. പഠനത്തിൽ ലൂയി തന്റെ സഹപാഠികളെയെല്ലാം പിന്നിലാക്കി അധ്യാപകരുടെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി. 1821 ഏപ്രിൽ 11 ലൂയിയുടെ ജീവിതത്തിൽ വലിയ മാറ്റത്തിന് വഴി തെളിയിച്ച ദിനമായിരുന്നു. ആദിവസം റിട്ട. ആർട്ടിലറി ക്യാപ്റ്റൻ ചാൾസ് ബാർബിയാർ ഡി ലെസ്സെറെ (Charls Barbiar De Leserre) ലൂയി പഠിച്ചിരുന്ന സ്കൂളിൽ വരാനിടയായി. അദ്ദേഹം താൻ കണ്ടുപിടിച്ച എഴുത്തുരീതി വിദ്യാലയത്തിലെ അധ്യാപകരെ കാണിച്ചു. കാർഡ് ബോർഡിൽ പൊന്തിനിൽക്കുന്ന കുത്തുകളും, വരകളും ചേർന്ന ഒരു അക്ഷരമാലയായിരുന്നു അത്. യുദ്ധകാലത്ത് രാത്രിയിൽ സൈനികർ തമ്മിൽ സന്ദേശം കൈമാറുന്നതിന് ആ രീതി ഉപയോഗിച്ചിട്ടുണ്ടെന്നും, അതിന് പ്രകാശത്തിന്റെ ആവശ്യമില്ലെന്നും ക്യാപ്റ്റൻ വിശദീകരിച്ചു.

ഈ എഴുത്തുരീതി ലൂയിയെ ഏറെ ആകർഷിച്ചുവെന്ന് മാത്രമല്ല, അധികം താമസിയാതെ ലൂയി അത് സ്വായത്തമാക്കുകയും ചെയ്തു. അതോടൊപ്പം തന്നെ അതിന്റെ പരിമിതികളെ കുറിച്ചും ലൂയി ബോധവാനായിരുന്നു. പകൽ മുഴുവൻ ക്ലാസ്സിൽ ചെലവഴിച്ച ലൂയി, രാത്രികാലങ്ങളിൽ ഉറക്കം വെടിഞ്ഞ് സാധാരണകാഴ്ചയുള്ളവർ എഴുതുകയും വായിക്കുകയും ചെയ്യുന്നതുപോലെ അക്ഷരങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു പുതിയ എഴുത്തുരീതി കണ്ടുപിടിക്കാൻ ആലോചിച്ചു. അവധിക്കാലത്ത് കുപ്വ്രേയിലെ വീട്ടിൽ വെച്ച് തന്റെ പരീക്ഷണങ്ങൾ തുടർന്നു.

1829 ൽ ലൂയി താൻ കണ്ടുപിടിച്ച പുതിയ എഴുത്തു രീതി വിദ്യാലയത്തിലെ മേധാവിയുടെ മുമ്പാകെ അവതരിപ്പിച്ചു. ഈ പുതിയ അക്ഷര രീതിയുടെ അടിസ്ഥാനമായി ലൂയി സ്വീകരിച്ചത് ആറ് കുത്തുകളാണ്. കാഴ്ചയുള്ളവർ ഉപയോഗിക്കുന്ന എല്ലാ ലിഖിത ചിഹ്നങ്ങളും ഇതുകൊണ്ട് പകർത്തിയെഴുതാൻ കഴിയുമെന്ന് ലൂയി മേധാവിയെ ബോധിപ്പിച്ചു. ഈ എഴുത്തുരീതി എത്രമാത്രം പ്രയോജനപ്രദമാണെന്ന് പരീക്ഷിക്കുവാൻ വിദ്യാലയത്തിലെ മേധാവി തീരുമാനിച്ചു. അന്നത്തെ പത്രത്തിൽ വന്ന ഒരു ലേഖനം വായിക്കുകയും ലൂയിയോട് അതേപടി പകർത്തിയെഴുതാൻ ആവശ്യപ്പെടുകയും ചെയ്തു. വായന കഴിഞ്ഞപ്പോൾ ലൂയി താൻ വികസിപ്പിച്ചെടുത്ത അക്ഷരരീതികൊണ്ട് എഴുതിയ ലേഖനത്തിന്റെ ഭാഗങ്ങൾ സ്പർശം കൊണ്ട് മനസ്സിലാക്കി ഒരു തെറ്റും കൂടാതെ വായിച്ചുകൊടുത്തു. ലൂയിയുടെ സഹപാഠികൾ ഈ പുതിയ എഴുത്തുരീതി പരീക്ഷിക്കുകയും അത് എത്രമാത്രം പ്രയോജനപ്രദമാണെന്ന് മനസ്സിലാക്കി അതീവ സന്തോഷവാന്മാരായിത്തീരുകയും ചെയ്തു. ഈ എഴുത്ത് രീതി അവരെ അധ്യാപകർ പറയുന്ന പാഠഭാഗങ്ങൾ പരസഹായമില്ലാതെ എഴുതിയെടുക്കാനും വായിക്കാനും സഹായിച്ചു.

തന്റെ വിദ്യാലയത്തിലെ സഹപാഠികൾക്കുമാത്രമല്ല ലോകത്തിലെ കാഴ്ച നഷ്ടപ്പെട്ട ഓരോ വ്യക്തിക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കണമെന്ന് ലൂയി മോഹിച്ചു. വിദ്യാലയത്തിലെ മേധാവി ലൂയി വികസിപ്പിച്ചെടുത്ത അക്ഷരമാല കാഴ്ചനഷ്ടപ്പെട്ടവരുടെ അംഗീകൃത ലിപിയാക്കണമെന്ന് ഫ്രഞ്ച് ഭരണാധികാരികളോട് അഭ്യർത്ഥിച്ചുവെങ്കിലും അത് നിഷേധിക്കപ്പെടുകയാണ് ഉണ്ടായത്.

ഈ കാലയളവിൽ ലൂയി വിദ്യാലയത്തിലെ സഹഅധ്യാപകനായി നിയമിതനായി. വിദ്യാർത്ഥികൾക്ക് ലൂയിയുടെ അധ്യാപന ശൈലി വളരെയധികം ഇഷ്ടപ്പെട്ടു. അനവധി ഗ്രന്ഥങ്ങൾ താൻ വികസിപ്പിച്ചെടുത്ത അക്ഷരമാലയിലൂടെ പകർത്തിയെഴുതുന്നതിനായി ഒഴിവുസമയങ്ങൾ ലൂയി വിനിയോഗിച്ചു. ഈ സമയത്തുതന്നെ കാഴ്ച നഷ്ടപ്പെട്ട സംഗീതജ്ഞർക്ക് സംഗീത ശാസ്ത്ര ഗ്രന്ഥങ്ങൾ എഴുതാനും വായിക്കാനുമുള്ള ചില പ്രത്യേക ചിഹ്നങ്ങൾക്ക് ലൂയി രൂപം നൽകി.

1834 ൽ ഫ്രാൻസിൽ സംഘടിപ്പിച്ച ഒരു എക്സിബിഷനിൽ പങ്കെടുത്ത ലൂയി തന്റെ അക്ഷരമാല അവിടെ പ്രദർശിപ്പിച്ചു. സന്ദർശകനായ ഫ്രഞ്ചു ചക്രവർത്തി ഇത് കാണാനിടയായെങ്കിലും ഔദ്യോഗികമായി ഈ അക്ഷരമാലയെ അംഗീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇത് ലൂയിയെ വളരെ നിരാശനാക്കി. ആയിടക്ക് ലൂയിയുടെ ആരോഗ്യം ക്ഷയിക്കുവാൻ തുടങ്ങി. ഇടയ്ക്കിടെ പനിയും ചുമയും ലൂയിയെ ബാധിച്ചു. താൻ ക്ഷയരോഗബാധിതനാണെന്നറിഞ്ഞിട്ടും ലൂയി തന്റെ പ്രവർത്തനത്തിൽ നിന്ന് പിന്തിരിഞ്ഞില്ല. അക്ഷരമാലയിൽ പുതിയ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായുള്ള പരിശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.

ദിവസങ്ങൾ കഴിയുന്തോറും ലൂയി കൂടതൽ കൂടുതൽ ക്ഷീണിതനായി കാണപ്പെട്ടു. ഇന്നത്തെപോലെ ചികിത്സാ സമ്പ്രദായം വികാസം പ്രാപിച്ചിട്ടില്ലാത്ത കാലഘട്ടമായിരുന്നല്ലോ അത്. പൂർണ്ണവിശ്രമം മാത്രമായിരുന്നു ഏക ചികിത്സ. ഇടയ്ക്കിടെ കുവ്രേയിലുള്ള ജന്മഗൃഹത്തിലേക്ക് വിശ്രമിക്കാനായി ലൂയി വന്നുകൊണ്ടേയിരുന്നു. പക്ഷേ ഇതൊന്നും ലൂയിയെ മരണത്തിന്റെ കൈകളിൽ നിന്ന് മോചിതനാവാൻ പ്രാപ്തനാക്കിയില്ല. 1852 ജനുവരി 8ന് പാരീസിൽ വെച്ച് ലൂയി ലോകത്തോട് വിടപറഞ്ഞു.

ലൂയി മരിച്ച് രണ്ട് വർഷത്തിനുശേഷം അത് സംഭവിച്ചു. ഫ്രഞ്ച് ഭരണകൂടം ലൂയി വികസിപ്പിച്ചെടുത്ത അക്ഷരമാല, കാഴ്ചയില്ലാത്തവരുടെ ഔദ്യോഗിക അക്ഷരമാലയായി അംഗീകരിച്ചു. ലൂയിയോടുള്ള ആദര സൂചകമായി ഈ ലിപിയെ 'ബ്രെയിൽ ലിപി' എന്ന് നാമകരണം ചെയ്തു. ഇന്ന് ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും ബ്രെയിൽ ലിപി അംഗീകരിച്ചിട്ടുണ്ട്. മാത്രവുമല്ല ജനുവരി നാല് ലൂയിബ്രെയിൽ ദിനമായി ലോകം ആചരിക്കുകയും ചെയ്തുവരുന്നു.

ആത്മവിശ്വാസവും, സ്ഥിരോത്സാഹവുമുള്ള ഒരു വ്യക്തിക്ക്, എത്ര വലിയ വൈകല്യമുണ്ടെങ്കിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ പറ്റും എന്നതിലുള്ള ഉദാത്തമായ ഉദാഹരണമാണ് ലൂയിസ് ബ്രെയ്ലിന്റെ ജീവിതം.

കോർണിയക്ക് ക്ഷതം സംഭവിച്ചതാണ് ലൂയിസ് ബ്രെയ്ലിന് കാഴ്ച നഷ്ടപ്പെടാൻ കാരണമായത്. കോർണിയക്ക് തകരാർ സംഭവിച്ചതു മൂലം കാഴ്ച നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. കോർണിയ തകരാറുമൂലമുള്ള അന്ധതയ്ക്ക് പരിഹാരം കോർണിയ മാറ്റിവെക്കൽ മാത്രമാണ്. വ്യക്തികൾ മരണാനന്തരം നേത്രദാനം ചെയ്യാൻ തയ്യാറായാൽ മാത്രമേ ഈ അന്ധത പരിഹരിക്കാൻ സാധ്യമാവുകയുള്ളൂ. കോർണിയ തകരാറു മൂലം കാഴ്ച നഷ്ടമായവർക്ക് വെളിച്ചം പകരാൻ 'സക്ഷമ' ആവിഷ്കരിച്ച പദ്ധതിയാണ് CAMBA അഥവാ കോർണിയ അന്ധത്വ മുക്ത ഭാരത് അഭിയാൻ. നിരവധി പേർക്ക് ഈ പദ്ധതിയിലൂടെ കാഴ്ച്ചശക്തി തിരിച്ചു കിട്ടിയിട്ടുണ്ട്. നേത്രദാനത്തിലൂടെ മറ്റുള്ളവർക്ക് കാഴ്ചശക്തി നൽകാൻ സമൂഹത്തെ സന്നദ്ധമാക്കുന്ന പ്രവർത്തനത്തിന് ലൂയിസ് ബ്രെയ്ലിന്റെ ജീവിതം അനശ്വര പ്രേരണയാകട്ടെ.

(ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'സക്ഷമ' എന്ന അഖിലേന്ത്യാ സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷനാണ് ലേഖകൻ)

Content Highlights:What is World Braille Day know about Louis Braille, Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented