ജൂണ്‍ 25 ലോക വെള്ളപ്പാണ്ട് (Vitiligo) ദിനമായി ആചരിക്കുകയാണ്. വെള്ളപ്പാണ്ടിനെക്കുറിച്ച് ആഗോളതലത്തില്‍ ബോധവത്ക്കരണം നടത്തുകയാണ് ഇതിന്റെ ലക്ഷ്യം. 2011 ലാണ് ആദ്യമായി ഈ ദിനാചരണം ആരംഭിച്ചത്. വെള്ളപ്പാണ്ട്, കരിമാംഗല്യം തുടങ്ങി ചര്‍മത്തെ ബാധിക്കുന്ന രോഗങ്ങള്‍ പരിഹരിക്കാന്‍ ലേസര്‍ ചികിത്സ, മെലാനോസൈറ്റ് സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങിയ പുതിയ ചികിത്സാരീതികള്‍ നിലവിലുണ്ട്. ഇവയെക്കുറിച്ച് കൂടുതലറിയാം.
ചര്‍മത്തിലെ നിറംമാറ്റങ്ങള്‍
ശരീരത്തിലെ മെലാനിന്‍ എന്ന വര്‍ണവസ്തുവിന്റെ അളവിനനുസരിച്ചാണ് ഓരോരുത്തരുടെയും ചര്‍മത്തിന്റെ നിറം രൂപപ്പെടുന്നത്. ശരീരത്തിലെ മെലനോസൈറ്റ് കോശങ്ങളാണ് മെലാനിന്‍ ഉത്പാദിപ്പിക്കുന്നത്. മെലനോസൈറ്റ് കോശങ്ങള്‍ എല്ലാവരിലും ഒരേ അളവിലാണ് കാണപ്പെടുന്നത്. എന്നാല്‍ അവയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മെലാനിന്റെ അളവില്‍ മാത്രമാണ് വ്യത്യാസം. മെലാനിന്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് കറുപ്പുനിറം കൂടുന്നത്. കുറയുമ്പോള്‍ വെളുത്ത നിറവും കൂടും. മെലാനിന്റെ അളവില്‍ വലിയ വ്യതിയാനമുണ്ടാകുമ്പോള്‍ അതിന് രോഗസ്വഭാവം കൈവരുന്നു.
വര്‍ണവ്യതിയാന രോഗങ്ങള്‍
ചര്‍മത്തിന്റെ നിറവ്യത്യാസവുമായി ബന്ധപ്പെട്ട് രണ്ടുതരം രോഗങ്ങളാണുള്ളത്.
1. ഡീപിഗ്മെന്റേഷനും ഹൈപ്പോപിഗ്മെന്റേഷനും
2. ഹൈപ്പര്‍ പിഗ്മെന്റേഷന്‍
ഡീപിഗ്മെന്റേഷന്‍
മെലാനിന്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഡീപിഗ്മെന്റേഷന്‍. ഇതോടെ ചര്‍മം വെളുത്ത നിറത്തിലാകും. ശരീരം പൂര്‍ണമായി വെളുത്തുപോകുന്ന ആല്‍ബിനിസം ഇതുമൂലമുണ്ടാകുന്ന രോഗമാണ്.
ഹൈപ്പോ പിഗ്മെന്റേഷന്‍
മെലാനിന്റെ അളവ് അസാധാരണമായി കുറയുന്ന അവസ്ഥയാണിത്. വെള്ളപ്പാണ്ട്, ജന്‍മനാ ശരീരത്തിലുണ്ടാകുന്ന പാടുകള്‍ (ബെര്‍ത്ത് മാര്‍ക്ക്), കുട്ടികളില്‍ കാണുന്ന തീവ്രത കുറഞ്ഞ എക്സിമ (pityriasis versicolor), സൂര്യപ്രകാശത്തോടുള്ള അലര്‍ജി എന്നിവ ഇതുമൂലമുണ്ടാകുന്ന രോഗാവസ്ഥയാണ്.
വെള്ളപ്പാണ്ട്
ചര്‍മത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥകളില്‍ പൊതുവേ കാണുന്ന രോഗമാണ് വെള്ളപ്പാണ്ട് (Vitiligo). ഡീപിഗ്മെന്റേഷന്റെ ഭാഗമായും ഹൈപ്പോ പിഗ്മെന്റേഷന്റെ ഭാഗമായും ഈ രോഗമുണ്ടാകാം.
ചര്‍മത്തിന് നിറം നല്‍കുന്ന മെലനോസൈറ്റ് കോശങ്ങള്‍ നശിക്കുന്നതാണ് ഇതിന് കാരണം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ള നിറത്തിലുള്ള പാടുകള്‍ ഉണ്ടാവും. ഈ രോഗത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണിത്. ഇത് പകരുന്നതല്ല. ജീവന് ഭീഷണിയുമല്ല. എന്നാല്‍ സൗന്ദര്യപരമായും ആത്മവിശ്വാസപരമായും ബുദ്ധിമുട്ടുണ്ടാക്കാം. സ്ത്രീകളിലും പുരുഷന്‍മാരിലും ഇത് കണ്ടുവരാറുണ്ട്. കറുത്ത ചര്‍മമുള്ളവരെയാണ് രോഗം കൂടുതലും ബാധിക്കാറുള്ളത്. ഇത് പാരമ്പര്യ രോഗമല്ല. സാധാരണമായി 20 വയസ്സിന് മുന്‍പ് ഇത് പ്രത്യക്ഷപ്പെടാറുണ്ട്. മൂന്നു തരത്തിലാണ് വെള്ളപ്പാണ്ട് പ്രത്യക്ഷപ്പെടുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ (symmetrically), ശരീരത്തിന്റെ ഏതെങ്കിലും ഒരു വശത്ത് മാത്രമായി (segmental vitiligo), ഒരു പ്രത്യേക ഭാഗത്ത് മാത്രമായി (localized vitiligo) എന്നിങ്ങനെയാണിവ.
ലക്ഷണങ്ങള്‍
ശരീരത്തില്‍ വെള്ള നിറത്തിലുള്ള പാടുകള്‍, തലമുടിയും കണ്‍പുരികങ്ങളും കണ്‍പീലികളും താടിയും അകാരണമായി നരയ്ക്കല്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
ചികിത്സാരീതികള്‍
മരുന്ന് ഉപയോഗിച്ചും, ലേസറുകള്‍ ഉപയോഗിച്ചും ചികിത്സ നിലവിലുണ്ട്. മെലനോസൈറ്റ് കോശങ്ങളെ മാറ്റിവെക്കുന്നതാണ് പുതിയ ചികിത്സാരീതി.
മരുന്ന് ചികിത്സ
രോഗം ബാധിച്ച ശരീരഭാഗത്ത് ക്രീമുകള്‍ പുരട്ടിക്കൊണ്ടുള്ള മരുന്ന് ചികിത്സയാണ് ആദ്യത്തേത്. കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് ക്രീമുകള്‍, ടാക്രോലിമസ്, പെപ്റ്റൈഡ് ക്രീമുകള്‍ തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. കഴിക്കാനുള്ള മരുന്നുകളും നല്‍കാറുണ്ട്. പ്രതിരോധശേഷി കുറയ്ക്കുന്ന അസതിയോപ്രിന്‍, സൈക്ലോസ്പോറിന്‍, ഓറല്‍ സ്റ്റിറോയ്ഡുകള്‍ എന്നിവ ഉപയോഗിച്ചാണ് രോഗ വ്യാപനം തടയുന്നത്. ഇത്തരം മരുന്നുകള്‍ രോഗത്തെ കുറച്ചുകാലത്തേക്ക് തടയാന്‍ സഹായിക്കും.
ഫോട്ടോതെറാപ്പി
ആദ്യ ഘട്ടത്തില്‍ നാരോ ബാന്‍ഡ് അള്‍ട്രാവയലറ്റ് ബി ലൈറ്റ് ഉപയോഗിച്ചുള്ള ചികിത്സയാണ് ചെയ്യുന്നത്. ഇതുവഴി വെള്ളപ്പാണ്ട് പരക്കുന്നത് തടയാനും ശരീരത്തിന്റെ നിറം തിരിച്ചുലഭിക്കാനും സാധിക്കും. ചികിത്സയുടെ ഭാഗമായി രോഗി ആഴ്ചയില്‍ മൂന്നുദിവസം ക്ലിനിക്കില്‍ എത്തേണ്ടി വരും.
പി.യു.വി.എ. തെറാപ്പിയാണ് (Psoralen + Ultraviolet) മറ്റൊന്ന്. ഇതിനായി ഫോട്ടോ സെന്‍സിറ്റൈസിങ് മരുന്ന് രോഗിക്ക് നല്‍കും. ഇതിനെത്തുടര്‍ന്ന് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ രോഗിക്ക് ആഗിരണം ചെയ്യാന്‍ സാധിക്കും.
പുതിയ രീതി
എക്സൈമര്‍ ലേസര്‍, എക്സൈമര്‍ ലൈറ്റ് സിസ്റ്റം എന്നിവയാണ് ഫോട്ടോതെറാപ്പിയിലെ ഏറ്റവും പുതിയത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗം ബാധിച്ച ഭാഗത്തേക്ക് വലിയ അളവിലുള്ള ലേസര്‍ നല്‍കാനാകും. 70 ശതമാനത്തോളം മികച്ച ഫലം നല്‍കാന്‍ എക്സൈമര്‍ ലേസറിന് സാധിക്കുന്നുണ്ട്.
ടാര്‍ഗറ്റഡ് ഫോട്ടോതെറാപ്പിയാണ് മറ്റൊന്ന്. ചെറിയ പാടുകള്‍, വലിയ ചെലവില്ലാതെ ചികിത്സിക്കാന്‍ ഏറ്റവും നല്ലത് ഇതാണ്. കുട്ടിക്കാലത്തുള്ള വെള്ളപ്പാണ്ടുകള്‍ ചികിത്സിക്കാന്‍ ഏറ്റവും മികച്ചത് എക്സൈമര്‍ ലേസര്‍ ഉപയോഗിച്ചുള്ള ചികിത്സയാണ്.
ട്രാന്‍സ്പ്ലാന്റേഷന്‍
രോഗം ബാധിച്ച ഭാഗം ലേസര്‍ ചികിത്സയോട് പ്രതികരിക്കാത്ത അവസ്ഥയില്‍ ട്രാന്‍സ്പ്ലാന്റേഷന്‍ രീതികള്‍ സ്വീകരിക്കേണ്ടി വരും. പഞ്ച് ഗ്രാഫ്റ്റ് (punch graft), സക്ഷന്‍ ബ്ലിസ്റ്റര്‍ ഗ്രാഫ്റ്റ്സ് (suction blister grafting), സ്പ്ലിറ്റ് തിക്ക്നെസ്സ് ഗ്രാഫ്റ്റ് (split thickness graft) എന്നിവയാണ് നേരത്തെ ഉപയോഗിച്ചിരുന്നത്.
പുതിയ രീതികള്‍
മെലനോസൈറ്റ് കോശങ്ങള്‍ മാറ്റിവെക്കുന്ന (melanocyte cell transplant technique) രീതിയാണ് പുതിയതായി നിലവില്‍ വന്നിരിക്കുന്നത്. മെലനോസൈറ്റ് കോശങ്ങളെ ചര്‍മത്തില്‍ നിന്നോ മുടിയില്‍ നിന്നോ വേര്‍തിരിച്ചെടുത്ത് രോഗബാധയുള്ള ഭാഗത്ത് മാറ്റിവെക്കുകയാണ് ചെയ്യുക. ഇത്തരത്തില്‍ മാറ്റിവെക്കപ്പെടുന്ന കോശങ്ങള്‍ ആ ഭാഗത്ത് ക്രമേണ പ്രവര്‍ത്തിച്ച് മെലാനിന്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങും. ഹ്യൂമന്‍ സെല്‍ കള്‍ച്ചര്‍ ഗ്രേഡ് എന്‍സൈമുകള്‍ ഉപയോഗിച്ച് കോശങ്ങളെ കള്‍ച്ചര്‍ ചെയ്ത് വളര്‍ത്തിയെടുത്ത് എണ്ണം വര്‍ധിപ്പിച്ച് നേരിട്ട് മാറ്റിവെച്ചും ശസ്ത്രക്രിയ നടത്താം.
മെലനോസൈറ്റുകള്‍ മുടിയില്‍ നിന്നും വേര്‍തിരിക്കുമ്പോള്‍ അതിനെ ഫോളിക്കുലാര്‍ മെലാനോസൈറ്റ് സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ എന്നാണ് പറയുക. എന്നാല്‍ മെലനോസൈറ്റ് കോശങ്ങള്‍ ചര്‍മത്തില്‍ നിന്നുതന്നെ വേര്‍തിരിച്ചെടുക്കുകയാണെങ്കില്‍ അതിനെ മെലനോസൈറ്റ്- കെരാറ്റിനോസൈറ്റ് സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ എന്നാണ് പറയുന്നത്. ശരീരത്തില്‍ എവിടെയുമുള്ള വെള്ളപ്പാണ്ടിനെ ഈ രീതി ഉപയോഗിച്ച് ചികിത്സിക്കാം.
ഗുണങ്ങള്‍
- ശരീരത്തിന്റെ വലിയൊരു ഭാഗം ചികിത്സിക്കാം.
- ഒരു ചെറിയ ചര്‍മഭാഗത്തു നിന്നും കോശങ്ങളെടുത്ത്
- അതിന്റെ പത്തിരട്ടി ഭാഗത്ത് ചികിത്സിക്കാം.
- ചികിത്സയിലൂടെ ലഭിക്കുന്ന നിറവും ഗുണനിലവാരവും മികച്ചതായിരിക്കും.
- ശരീരത്തിന്റെ ഒരു വശത്ത് മാത്രമായി വരുന്ന സെഗ്മെന്റല്‍ വിറ്റിലിഗോ പോലുള്ളവ ഫലപ്രദമായി ചികിത്സിക്കാനാകും.
ഡീപിഗ്മെന്റേഷന്‍ തെറാപ്പി
വെള്ളപ്പാണ്ട് ശരീരത്തിന്റെ 85-90 ശതമാനം ഭാഗത്തേയും ബാധിച്ചുകഴിഞ്ഞാല്‍ പിന്നെ ഡീപിഗ്മെന്റേഷന്‍ തെറാപ്പിയാണ് നല്ലത്. അതായത്, ബാക്കിയുള്ള ഭാഗത്തുള്ള നിറം കൂടി എടുത്തുകളയുന്ന രീതി. ഭൂരിഭാഗം ഭാഗത്തും നിറം തിരിച്ചുകൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് ഇതിന് കാരണം. ശരീരത്തിലാകെ ഒറ്റനിറം എന്ന ആശയമാണ് ഇതിന് പിന്നില്‍. ഇതിന് ഉപയോഗിക്കുന്നത് ലേസര്‍ ഡീപിഗ്മെന്റേഷന്‍ തെറാപ്പിയും മോണോ ബെന്‍സീന്‍ പോലുള്ള ഡീപിഗ്മെന്റേഷന്‍ ക്രീമുമാണ്.
കെമോഫ്‌ളാഷ് ക്രീമുകള്‍
ചികിത്സാകാലഘട്ടത്തില്‍ ചര്‍മത്തിലെ വെള്ളപ്പാണ്ടുകള്‍ മറയ്ക്കാനായി ക്രീമുകള്‍ ഉപയോഗിക്കുന്ന രീതിയാണിത്. ഇത് രോഗിയില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുന്നു. വെള്ളപ്പാണ്ട് തിരിച്ചറിയാതിരിക്കാന്‍ ഇതിലൂടെ കഴിയും.
ശ്രദ്ധിക്കേണ്ടത്
ചികിത്സാരീതികളോട് ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് മുന്‍കൂട്ടി പറയാനാകില്ല. ഒരേ ചികിത്സ എല്ലാവര്‍ക്കും ഫലപ്രദമാവുകയുമില്ല. ഓരോരുത്തരുടെയും രോഗാവസ്ഥയ്ക്കനുസരിച്ച് രണ്ടോ അതിലധികമോ ചികിത്സാരീതികള്‍ സംയോജിപ്പിച്ചുകൊണ്ടാണ് ചികിത്സ നടത്തുന്നത്.
ഹൈപ്പര്‍ പിഗ്‌മെന്റേഷന്‍
മെലാനിന്‍ കൂടിയ അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഇതിന് കാരണം. ഈ അവസ്ഥയില്‍ ചര്‍മത്തിന് സാധാരണ കാണുന്നതിനേക്കാള്‍ കറുത്ത നിറമുണ്ടാകാം. സ്ഥിരമായി ദീര്‍ഘനേരം വെയില്‍ കൊള്ളുന്നത്, പ്രായം കൂടുന്നത്, ചിലതരം ചര്‍മരോഗങ്ങള്‍ (ഉദാ: കരിമാംഗല്യം, ലൂപ്പസ് തുടങ്ങിയവ), ചര്‍മത്തിലുണ്ടാകുന്ന കുരുക്കള്‍ പോലുള്ളവ ഉണങ്ങുന്നത് മൂലം, ബെര്‍ത്ത് മാര്‍ക്കുകള്‍, ടാറ്റൂ പതിക്കുന്നത്, ചിലതരം മരുന്നുകളുടെ ഉപയോഗം എന്നിവയൊക്കെ ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാരണമാകാറുണ്ട്. ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു രോഗാവസ്ഥയാണ് കരിമാംഗല്യം (മെലാസ്മ).
കരിമാംഗല്യം
ഇന്ത്യയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും കരിമാംഗല്യം സാധാരണമായി കാണാറുണ്ട്. ഗര്‍ഭകാലത്ത് ഇതിന് സാധ്യത കൂടുതലാണ്. ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നവരിലും ഇത് കൂടുതല്‍ കാണാറുണ്ട്. എന്നാല്‍ ഈ രോഗം ആരില്‍ വേണമെങ്കിലും ഉണ്ടാകാം. 90 ശതമാനത്തോളം കേസുകളും സ്ത്രീകളിലാണ് കാണുന്നത്. സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നത് കരിമാംഗല്യത്തിന് സാധ്യത കൂട്ടുന്നു. ചര്‍മത്തില്‍, പ്രത്യേകിച്ചും ഇരു കവിളുകളിലും കറുത്ത നിറം പലപ്പോഴും പ്രത്യക്ഷപ്പെടുന്നതായി കാണാം. മുഖത്ത് എവിടെയും പ്രത്യക്ഷപ്പെടാം.
ചികിത്സ
ഹൈപ്പര്‍ പിഗ്മെന്റേഷന്‍ മൂലമുള്ള രോഗങ്ങള്‍ക്കുള്ള വിവിധ ചികിത്സകളുണ്ട്.
സണ്‍ പ്രൊട്ടക്ഷന്‍
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനുള്ള ഫോട്ടോപ്രൊട്ടക്ഷന്‍ ചികിത്സയാണിത്. സൂര്യപ്രകാശം ഏല്‍ക്കാതിരിക്കല്‍, വെയില്‍ കൊള്ളാത്ത രീതിയിലുള്ള വസ്ത്രധാരണം, സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ 30 ന് മുകളിലുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗം തുടങ്ങിയവയാണ് ഇവിടെ ഉപയോഗിക്കുന്നത്.
പുറമെയുള്ള ചികിത്സയുടെ ഭാഗമായി അസിലെയ്ക് ആസിഡ്, ഹൈഡ്രോക്വിനോണ്‍, കോജിക് ആസിഡ്, റെട്ടിനോയിഡ്സ്, വിറ്റാമിന്‍- സി തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. ക്രീമുകള്‍ ഉപയോഗിച്ച് ചര്‍മോപരിതലത്തിലുള്ള വര്‍ണവ്യതിയാനങ്ങള്‍ മാത്രമേ ചികിത്സിക്കാനാവൂ.
ചര്‍മത്തിന്റെ അടിയിലുള്ള പാളിയായ ഡെര്‍മിസിലെ നിറവ്യത്യാസങ്ങള്‍ ചികിത്സിക്കാനാണെങ്കില്‍ വിവിധ രീതികള്‍ സംയോജിപ്പിച്ച് ഉപയോഗിക്കേണ്ടി വരും. വിദഗ്ധനായ ഡെര്‍മറ്റോളജിസ്റ്റിന്റെ മേല്‍നോട്ട പ്രകാരം മാത്രമേ ചര്‍മത്തില്‍ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കാവൂ. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ അത് ഒഴിവാക്കണം.
കെമിക്കല്‍ പീല്‍
ചര്‍മത്തിന്റെ ഏറ്റവും ഉപരിതലത്തിലെ പാളി നീക്കം ചെയ്യുന്ന രീതിയാണിത്. ഇതോടെ പുതിയ ചര്‍മകോശങ്ങള്‍ രൂപപ്പെടുകയും സ്‌കിന്‍ ടോണ്‍ മെച്ചപ്പെടുത്താന്‍ സാധിക്കുകയും ചെയ്യും. ഫ്രൂട്ട് ആസിഡുകളായ ഗ്ലൈക്കോലിക് ആസിഡ്, ലാക്ടിക് ആസിഡ്, സിട്രിക് ആസിഡ്, മാലിക് ആസിഡ്, ടാര്‍ടാറിക് ആസിഡ് തുടങ്ങി വിവിധ തരത്തിലുള്ളവയാണ് ഇതിനായി ഉപയോഗിക്കുന്നത്.
രോഗിയുടെ ചര്‍മത്തിന്റെ സ്വഭാവത്തിന് അനുസരിച്ചാണ് ഡെര്‍മറ്റോളജിസ്റ്റ് ഏത് പീല്‍ ആണ് തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കുന്നത്.
ലേസറുകള്‍
പലതരം ലേസറുകള്‍ ഉപയോഗിച്ചും ചര്‍മത്തിലെ കറുപ്പു നിറം നീക്കാം. അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്.
ക്യൂ സ്വിച്ച്ഡ് എന്‍ഡി യാഗ് ലേസര്‍
ഇത് ചര്‍മത്തിനുള്ളിലെ വര്‍ണവ്യതിയാനം സംഭവിച്ച കോശങ്ങളെ മാത്രമായി കേന്ദ്രീകരിച്ച് നശിപ്പിക്കും. അതിനാല്‍ അതിന് സമീപത്തുള്ള കോശങ്ങള്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ല. ബെര്‍ത്ത് മാര്‍ക്ക്, ടാറ്റൂ എന്നിവ പോലെ ആഴത്തിലുള്ള വര്‍ണവ്യതിയാനങ്ങള്‍ നീക്കാന്‍ ഇതാണ് ഏറ്റവും ഫലപ്രദം. മാത്രമല്ല, ഇതുമൂലം ചര്‍മത്തിന് കേടും സംഭവിക്കില്ല.
ഫ്രാക്ഷണല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ലേസര്‍
ഏറ്റവും മികച്ച ഫലം നല്‍കുന്ന ലേസറാണിത്. ഇത് ചര്‍മത്തിലെ കറുത്ത നിറമുള്ള പാളികളെ കൃത്യമായി നീക്കം ചെയ്യും.
നോണ്‍ അബ്ലേറ്റീവ് ലേസര്‍
ഇതിന് ചര്‍മത്തിലെ ആഴത്തിലുള്ള പാളിയെ കേന്ദ്രീകരിക്കാനാവും. ചര്‍മത്തിന് യുവത്വം നല്‍കുന്ന കൊളാജന്‍ രൂപീകരണത്തെ ത്വരിതപ്പെടുത്തുകയും ഒപ്പം ചര്‍മത്തിന്റെ കോശങ്ങള്‍ക്ക് മുറുക്കം നല്‍കുകയും ചെയ്യും.
(കോഴിക്കോട് ക്യൂട്ടീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെര്‍മറ്റോളജി& ഈസ്‌തെറ്റിക് സയന്‍സസിലെ ക്ലിനിക്കല്‍ ഹെഡും സീനിയര്‍ കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍)
തയ്യാറാക്കിയത്
അനു സോളമന്‍
(ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: What is Vitiligo Vellappande New Treatments for Vitiligo World Vitiligo Day, Health, Skin Care