ജീവിതത്തില്‍ ഒരിക്കലെങ്കിലും തലകറക്കം അനുഭവപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. കറങ്ങിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് കറങ്ങാതിരിക്കാന്‍ നമുക്ക് ബാലന്‍സ് അഥവാ തുലനം അത്യാവശ്യമാണ്.

പല കാരണങ്ങള്‍ കൊണ്ടും തലകറക്കം വരാം. അതില്‍ ചിലത് ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമായേക്കാം. പൊതുവെ രോഗികള്‍ പറയാറുള്ള രോഗലക്ഷണങ്ങള്‍ കണ്ണില്‍ ഇരുട്ട് കയറുക, വീണു പോകുന്നത് പോലെ തോന്നുക തുടങ്ങിയവ യഥാര്‍ത്ഥ വെര്‍ട്ടിഗോ അല്ല.

ചുറ്റുപാടുകള്‍ കറങ്ങുന്നതു പോലെയോ അല്ലെങ്കില്‍ സ്വയം കറങ്ങുന്നതു പോലെയോ തോന്നുന്നതാണ് യഥാര്‍ഥ വെര്‍ട്ടിഗോ അഥവാ തലകറക്കം. ചെവിയും തലകറക്കവുമായുള്ള ബന്ധം മനസ്സിലാക്കുന്നതിന് കുറച്ച് അനാട്ടമി അറിയുന്നത് നല്ലതാണ്.

ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്നത് മൂന്ന് അവയവങ്ങളാണ്.
1) ചെവിയുടെ വെസ്റ്റിബ്യുലാര്‍ അപ്പാരറ്റസ്
2) കണ്ണിന്റെ കാഴ്ച
3) നാഡീ ഞരമ്പുകള്‍

ഇതില്‍ രണ്ടില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ നമുക്ക് ബാലന്‍സ് പോകും. ചെവിയുടെ ആന്തരിക കര്‍ണ്ണത്തോടു ബന്ധപ്പെട്ടുകിടക്കുന്ന മൂന്ന് ജോഡി സെമിസര്‍ക്കുലര്‍ കനാലും അതിന്റെ അനുബന്ധ ഞരമ്പുകളുമാണ് മുഖ്യമായും ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്നത്.

ഏകദേശം 80 ശതമാനം ട്രൂ വെര്‍ട്ടിഗോയും ചെവിയുടെ തകരാറുകൊണ്ട് ഉണ്ടാവുന്നതാണ്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ കണ്ടു വരുന്നത് ബി.പി.പി.വി -ബിനൈന്‍ പാരോക്സിസ്മല്‍ പൊസിഷനല്‍ വെര്‍ട്ടിഗോ (Bening Paroxysmal Positional Vertigo-BPPV) ആണ്. ചെവിയുടെ സെമിസര്‍ക്കുലര്‍ കനാലില്‍ വരുന്ന ഒരു അസുഖമാണിത്. സെമിസര്‍ക്കുലര്‍ കനാലിന്റെ ഉള്ളിലെ ദ്രാവകത്തിലെ കാല്‍സ്യം കാര്‍ബണേറ്റ് ക്രിസ്റ്റലിനു വരുന്ന സ്ഥാനചലനവുമായി ബന്ധപ്പെട്ടു കിടക്കുന്ന അസുഖമാണിത്.

തല അനക്കുമ്പോഴോ, കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴോ, കിടക്കുന്ന സമയത്തോ കറക്കം അനുഭവപ്പെടാം. ബി.പി.പി.വി. ഏതു സെമിസര്‍ക്കുലര്‍ കനാലിനാണ് ഉള്ളത് എന്ന് ചില പരിശോധനയിലൂടെ മനസ്സിലാക്കി ചെയ്യുന്ന വ്യായാമപ്രക്രിയകള്‍ കൊണ്ടു ചികിത്സിച്ചു സുഖപ്പെടുത്താം.

നേരത്തെ പറഞ്ഞ കാല്‍സ്യം ക്രിസ്റ്റലുകള്‍ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കുന്ന എപ്ലിസ്-Epley, സെമൊണ്ട്സ്-Semonts മുതലായ ചികിത്സാപ്രക്രിയകളിലൂടെ ഒരു ഡോക്ടറുടെ സഹായത്തോടെ ചെയ്യാവുന്നതാണ്. അപൂര്‍വ്വം ചിലര്‍ക്ക്, ഒറ്റ തവണ കൊണ്ട് അസുഖം മാറിയില്ലെങ്കില്‍ തുടര്‍വ്യായാമങ്ങള്‍ വേണ്ടി വന്നേക്കാം. ബി.പി.പി.വി.ക്ക് വളരെ അപൂര്‍വ്വമായേ മരുന്ന് ആവശ്യമായി വരികയുള്ളൂ.
 
സെന്‍ട്രല്‍ വെര്‍ട്ടിഗോ സ്ട്രോക്ക് മുതല്‍ ബ്രെയ്ന്‍ ട്യൂമര്‍ വരെയുള്ള കാരണങ്ങള്‍ കൊണ്ട് വരാവുന്ന അസുഖമാണ്. നേരത്തെ ബി.പി.പി.വി.യില്‍ പറഞ്ഞ രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും പരസഹായം ഇല്ലാതെ നില്‍ക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു ന്യൂറോളജിസ്റ്റിനെ കണ്ടു പരിശോധിക്കുന്നത് നല്ലതാണ്.

മറ്റൊരു രോഗാവസ്ഥയാണ് മിനീര്‍സ് ഡിസീസ് (Meniere's Disease) അഥവാ ആന്തരിക കര്‍ണ്ണത്തിലുണ്ടാകുന്ന നീര്‍ക്കെട്ട്

ആന്തരിക കര്‍ണ്ണത്തില്‍ രണ്ടു വിധത്തിലുള്ള ഫ്ളൂയിഡുകള്‍ ഉണ്ട്. എന്‍ഡോലിംഫ്, പെരിലിംഫ്. ഇതില്‍ എന്‍ഡോലിംഫില്‍ അമിത മര്‍ദ്ദമുണ്ടാകുമ്പോഴുണ്ടാകുന്ന അവസ്ഥാ വിശേഷമാണ് മിനീര്‍സ് ഡിസീസ്. രോഗലക്ഷണം തലകറക്കമാണ്. ഈ തലകറക്കം 15 മിനിറ്റ് മുതല്‍ 12 മണിക്കൂര്‍ വരെ നീണ്ടുനിന്നേക്കാം. അതോടൊപ്പം ഛര്‍ദ്ദിക്കാനുള്ള തോന്നല്‍, കേള്‍വി കുറയല്‍, ചെവി മൂളല്‍, കൊട്ടിയടക്കല്‍ എന്നിവയും ഉണ്ടാകാം.

രോഗിക്ക് തലകറക്കം ഉള്ള അവസ്ഥയില്‍ അതിനുള്ള മരുന്നുകള്‍ കൊടുക്കാം. കേള്‍വിയുടെ അവസ്ഥയനുസരിച്ച് പ്രധാനമായും മരുന്ന് ഉപയോഗിച്ചുകൊണ്ടു തന്നെയുള്ള ചികിത്സയാണ് ഇതിനു ചെയ്യാറുള്ളത്. ആധുനിക കാലത്ത് ചെവിയില്‍ എടുക്കാവുന്ന ഇന്‍ജക്ഷനും ഇപ്പോള്‍ ലഭ്യമാണ്.

കഫീന്‍ ഫ്രീ, ലോ സാള്‍ട്ട് ഡയറ്റ് പോലുള്ള ഭക്ഷണക്രമത്തില്‍ വരുത്തുന്നത് ഈ രോഗത്തിന് നല്ലതാണ്.

വെസ്റ്റിബ്യുലാര്‍ നൂറോണൈറ്റിസ്

വെസ്റ്റിബ്യുലാര്‍ നെര്‍വ് എന്ന നാഡിയിലുണ്ടാകുന്ന വീക്കമാണിത്. ഇതുകൊണ്ടുണ്ടാകുന്ന ശക്തമായ തലകറക്കം 24 മണിക്കൂറില്‍ കൂടുതല്‍ നീണ്ടു നിന്നേക്കാം. അതോടൊപ്പം ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാവാം.
ഈ രോഗികളില്‍ കേള്‍വിക്ക് കാര്യമായ പ്രശ്നമുണ്ടാകില്ലെങ്കിലും ചെവിയില്‍ ശക്തമായ മൂളല്‍ ഉണ്ടാകും. രോഗനിര്‍ണ്ണയത്തിനു ശേഷം മരുന്നുകള്‍, ഇന്‍ജക്ഷന്‍, സ്റ്റിറോയ്ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ചികിത്സകളാണ് ഈ രോഗത്തിന് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ലാബിറിന്തൈറ്റിസ്

ആന്തരികകര്‍ണ്ണത്തിനുണ്ടാകുന്ന വീക്കം അഥവാ അണുബാധയാണിത്. ആന്തരിക കര്‍ണ്ണത്തിലെ അണുബാധ മൂലം ഉണ്ടാകുന്ന തലകറക്കം, കേള്‍വിക്കുറവ്, ചെവിയിലുണ്ടാകുന്ന മൂളല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഇവിടെ തലകറക്കത്തിനു ചികിത്സിക്കുന്നതോടൊപ്പം അണുബാധയ്ക്കുള്ള ചികിത്സയും നല്‍കണം. കൃത്യമായ രോഗവിവരണം ഡോക്ടര്‍ക്ക് നല്‍കുക എന്നത് വെര്‍ട്ടിഗോ ചികിത്സയില്‍ പ്രധാനമാണ്.

(തലശ്ശേരി മിഷന്‍ ഹോസ്പിറ്റലിലെ ഇ.എന്‍.ടി വിഭാഗം സീനിയര്‍ സര്‍ജനാണ് ലേഖകന്‍)

Content Highlights: what is vertigo- Bening Paroxysmal Positional Vertigo-BPPV