Representative Image| Photo: Gettyimages
തൈറോയ്ഡ് ഗ്രന്ഥിയിലെ കോശങ്ങള്‍ക്ക് ഉണ്ടാകുന്ന നീര്‍ക്കെട്ടാണ് തൈറോയ്‌ഡൈറ്റിസ്. ഇത് കാരണം തൈറോയ്ഡ് ഗ്രന്ഥിയുടെ വലുപ്പം കൂടും. തൈറോയ്‌ഡൈറ്റിസ് കാരണം തൈറോയാഡ് ഹോര്‍മോണിന്റെ ഉത്പാദനം കൂടുകയും പിന്നെ കുറയുകയും ചെയ്യും. ഇങ്ങനെ ഹോര്‍മോണ്‍ ഉത്പാദനം കൂടുന്ന ഘട്ടത്തെ തൈറോടോക്‌സിക് ഘട്ടം എന്നു പറയും. ഒന്നോ രണ്ടോ മാസം ഈ അവസ്ഥ തുടരാം. പിന്നീട് തൈറോയ്ഡ് ഗ്രന്ഥിയ്ക്ക് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുകയും ഹൈപ്പോ തൈറോയ്ഡ് ഘട്ടത്തിലേക്ക് നീങ്ങുകയും ചെയ്യുന്നു.
ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ തൈറോയ്ഡ് കോശങ്ങളെ ആക്രമിക്കുന്ന അവസ്ഥ തൈറോയ്‌ഡൈറ്റിസിന്റെ പ്രധാന കാരണമാണ്. കൂടാതെ അണുബാധകളും തൈറോയ്‌ഡൈറ്റിസിന് ഇടയാക്കാം. ഹാഷിമോട്ടോസ് തൈറോയ്‌ഡൈറ്റിസ്, പ്രസവശേഷം ഉണ്ടാകുന്ന പോസ്റ്റ് പാര്‍ട്ടം തൈറോയ്‌ഡൈറ്റിസ്, അണുബാധ മൂലമുണ്ടാകുന്ന സബ് അക്യൂട്ട് തൈറോയ്‌ഡൈറ്റിസ്, അക്യൂട്ട് തൈറോയ്‌ഡൈറ്റിസ് തുടങ്ങി ഈ രോഗാവസ്ഥ വിവിധ തരത്തിലുണ്ട്. ഏത് തരത്തിലുള്ള തൈറോയ്‌ഡൈറ്റിസാണ് എന്നതിന് അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക.
തൈറോയ്ഡ് മുഴകള്‍
തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന മറ്റൊരു രോഗാവസ്ഥയാണ് തൈറോയ്ഡ് നോഡ്യൂള്‍സ് അഥവാ തൈറോയ്ഡിലെ മുഴകള്‍. തൈറോയ്ഡിലെ മുഴകളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ കാന്‍സര്‍ ആകാറുള്ളൂ. എന്നാല്‍ എല്ലാ മുഴകളും അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിന് വിധേയമാക്കേണ്ടതാണ്. സ്‌കാനിലെ കണ്ടെത്തലുകളനുസരിച്ച് ഈ മുഴകളില്‍ നിന്ന് കുത്തിയെടുത്ത് പരിശോധിക്കേണ്ടി വന്നേക്കാം. ഫൈന്‍ നീഡില്‍ ആസ്പിരേഷന്‍ സൈറ്റോളജിയില്‍(എഫ്.എന്‍.എ.സി.) കാന്‍സറോ കാന്‍സര്‍ എന്ന സംശയമോ ഉണ്ടെങ്കില്‍ തൈറോയ്ഡ് ഗ്രന്ഥിയെ ശസ്ത്രക്രിയ ചെയ്ത് നീക്കുന്നതാണ് ഉത്തമം. എഫ്.എന്‍.എസിയില്‍ കാന്‍സറിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കില്‍ ഭക്ഷണം ഇറക്കാനോ ശ്വസമെടുക്കാനോ ഉള്ള തടസ്സം അല്ലെങ്കില്‍ ശബ്ദത്തില്‍ വ്യത്യാസം എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രമേ സര്‍ജറിക്ക് പ്രസക്തിയുള്ളൂ. തൈറോയ്ഡിലെ മുഴ പെട്ടെന്ന് വളരുകയോ ശബ്ദത്തില്‍ വ്യത്യാസം വരുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍തന്നെ ഒരു എന്‍ഡോക്രൈനോളജിസ്റ്റിന്റെയോ സര്‍ജന്റെയോ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
തൈറോയ്ഡ് കാന്‍സറാണെന്ന് കണ്ടെത്തിയാല്‍ തന്നെ പേടിക്കേണ്ടതില്ല. മിക്ക തൈറോയ്ഡ് കാന്‍സറുകള്‍ക്കും മികച്ചതും ഫലപ്രദവുമായ ചികിത്സ ഇപ്പോള്‍ ലഭ്യമാണ്.
റേഡിയോ ആക്ടീവ് അയഡിന്‍ ചികിത്സ
ഹൈപ്പര്‍ തൈറോയ്ഡിസത്തിലും ചിലതരം തൈറോയ്ഡ് കാന്‍സറുകളിലും റേഡിയോ ആക്ടീവ് അയഡിന്‍ ചികിത്സ പ്രയോജനപ്പെടുത്താറുണ്ട്. റേഡിയോ അയഡിന്‍ മരുന്നായി ഉപയോഗിക്കുമ്പോള്‍ അത് ആഗിരണം ചെയ്യുന്നത് തൈറോയ്ഡ് കോശങ്ങള്‍ മാത്രമാണ്. തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തിന് അയഡിന്‍ ആവശ്യമുള്ളതുകൊണ്ടാണ് അതിനെ ആഗിരണം ചെയ്യുന്നത്. രോഗബാധിതമായ തൈറോയ്ഡ് കോശങ്ങളെ റേഡിയോ അയഡിന്‍ നശിപ്പിക്കുന്നു. തൈറോയ്ഡിന്റെ അമിത പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുന്നു.
(തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ എന്‍ഡ്രോക്രൈനോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
Content Highlights: What is Thyroiditis and Thyroid Nodules
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..