ധുനിക വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം ഇന്ന് കടന്നുപോകുന്നത്. 2019 ഡിസംബര്‍ മാസം ചൈനയിലെ വുഹാനില്‍ ആരംഭിക്കുകയും പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും ഭൂഖണ്ഡങ്ങളിലേക്കും അതിവേഗം വ്യാപിക്കുകയും ചെയ്ത കൊറോണ വൈറസ് രോഗത്തിന്റെ പിടിയിലാണ് ഇന്ന് നാം. 165 മില്യണ്‍ ജനങ്ങളെ ഈ മഹാമാരി ബാധിക്കുകയും ഏകദേശം 34 ലക്ഷം ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ( 2021 മെയ് മാസം 20 വരെയുള്ള കണക്കുകള്‍ പ്രകാരം)

ഒട്ടുമിക്കവരിലും ഈ രോഗം പ്രാഥമികമായി ശ്വാസകോശത്തെ ബാധിക്കുന്നതിനാല്‍ നെഞ്ചിന്റെ സി.ടി സ്‌കാന്‍ (Computed tomography) പരിശോധന രോഗനിര്‍ണയത്തിനും ചികിത്സാവിധി നിശ്ചയിക്കുന്നതിനും ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നു.

100 ശതമാനം കൃത്യത ഇല്ലെങ്കില്‍ കൂടി കോവിഡ് -19 അണുബാധ നിര്‍ണയിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗം ആര്‍ ടി പി സി ആര്‍ ( RT-PCR) പരിശോധന ആണ്. ചില രാജ്യങ്ങളില്‍ ഈ പാന്‍ഡെമിക്കിന്റെ പ്രാരംഭകാലത്ത്, ഈ പരിശോധന ലഭ്യമല്ലാതിരുന്ന സാഹചര്യങ്ങളിലും RT-PCR പരിശോധനാഫലം ലഭിക്കാന്‍ സമയതാമസം നേരിട്ടിരുന്ന അവസരങ്ങളിലും രോഗം സ്ഥിരീകരിക്കുന്നതിനു വേണ്ടി സി.ടി സ്‌കാന്‍ പരിശോധന ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇന്ന്  ലോകാരോഗ്യ സംഘടന (WHO), അമേരിക്കന്‍ കോളേജ് ഓഫ് റേഡിയോളജി (ACR) തുടങ്ങിയ പല സംഘടനകളും പ്രാഥമിക കൊവിഡ് രോഗനിര്‍ണയത്തിനോ സ്‌ക്രീനിംഗിനോ വേണ്ടി സി.ടി സ്‌കാന്‍ ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നില്ല. പകരം സി.ടി സ്‌കാന്‍ പരിശോധന ഉചിതമായും വിവേചനപരമായും ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

1. രോഗത്തിന്റെ ആദ്യ 5 മുതല്‍ 6 ദിവസങ്ങളില്‍ 15 -50 ശതമാനം വരെ രോഗികളിലും സി.ടി സ്‌കാന്‍ പരിശോധനയിലെ രോഗമൊന്നും കണ്ടെത്താന്‍ കഴിയില്ല. അതിനാല്‍ രോഗലക്ഷണങ്ങള്‍ തുടങ്ങി ആറ് മുതല്‍ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ഈ പരിശോധന നടത്തുന്നതാണ് ഏറ്റവും അഭികാമ്യം.

2. ശ്വാസകോശത്തിലെ അണുബാധയുടെ തീവ്രത, ശ്വാസകോശത്തിന്റെ എത്ര ശതമാനം ന്യൂമോണിയ ബാധ ഉണ്ടായി എന്നീ വിവരങ്ങള്‍ സി.ടി സ്‌കാനില്‍ നിന്നും ഒരു റേഡിയോളജിസ്റ്റിന് മനസ്സിലാക്കാനും ന്യുമോണിയയുടെ കാഠിന്യം രേഖപ്പെടുത്തുന്ന CT severity സ്‌കോറിന്റെ അടിസ്ഥാനത്തില്‍ രോഗത്തെ മിതമായ (Mild) , ഇടത്തരം (Moderate) , തീവ്രം (Severe) എന്നിങ്ങനെ തരംതിരിക്കാനും സാധിക്കുന്നു.

3. രോഗിയുടെ രോഗലക്ഷണങ്ങളുടെ കാഠിന്യം, രക്തത്തിലെ ഓക്സിജന്റെ അളവ്, ശ്വസനനിരക്ക്, Ferritin, LDH, Procalcitonin, Interleukin തുടങ്ങിയ ചില അണുബാധയുടെ ഘടകങ്ങള്‍, എന്നിവയ്ക്ക് ഒപ്പം സി.ടി സ്‌കാനില്‍ ലഭിച്ച ന്യൂമോണിയയുടെ സ്‌കോര്‍ കൂടി കണക്കിലെടുത്ത്  ആ രോഗിക്ക് ഏറ്റവും അനുയോജ്യമായ ചികിത്സ നല്‍കാനാവും

4. ആശുപത്രിയില്‍ അഡ്മിറ്റ് ആയ രോഗികളുടെ ആരോഗ്യനില പെട്ടെന്ന് മോശം ആവുകയോ രക്തത്തിലെ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറയുകയോ ചെയ്യുമ്പോഴും പലപ്പോഴും സി.ടി സ്‌കാന്‍ ആവശ്യമായി വന്നേക്കാം. അതിലെ കണ്ടെത്തലുകള്‍ അനുസരിച്ച് ഈ രോഗിക്ക് തീവ്രപരിചരണ വിഭാഗത്തിലെ പരിചരണമോ വെന്റിലേറ്ററിന്റെ സഹായമോ വേണ്ടിവന്നേക്കാം എന്ന് നേരത്തെ തന്നെ നമുക്ക് മനസ്സിലാക്കുവാനും അതിനുവേണ്ടിയുള്ള തയ്യാറെടുപ്പ് മുന്‍കൂട്ടി എടുക്കുവാനും ഇതിലൂടെ സാധിക്കുന്നു. കൂടാതെ ചികിത്സയുടെ ഫലപ്രാപ്തി നിശ്ചയിക്കുവാനും രോഗത്തിന്റെ സങ്കീര്‍ണതകള്‍ (Complications) കണ്ടുപിടിക്കുന്നതിനും സി.ടി സ്‌കാന്‍ ഉപയോഗിക്കാം.

5. കോവിഡ് -19 രോഗത്തിന്റെ ഭാഗമായി രക്തക്കുഴലുകള്‍ക്ക് കേട് സംഭവിക്കുകയും അവയില്‍ രക്തം കട്ടപിടിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യാറുണ്ട്. ഈ അവസ്ഥയില്‍ രോഗിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറയുകയും ശ്വാസതടസ്സം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ സങ്കീര്‍ണത കണ്ടുപിടിക്കുന്നതിന് D-dimer എന്ന രക്തപരിശോധനയോടൊപ്പം ഡൈ കുത്തി വച്ചുള്ള CT Pulmonary Angiography എന്ന പരിശോധനയും ഉപയോഗിച്ചുവരുന്നു.

6. മിതമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന, എന്നാല്‍ രക്തത്തിലെ ഓക്സിജന്റെ അളവ് 94ശതമാനത്തില്‍ കുറവ് ഉള്ള രോഗികളിലും, പ്രമേഹം, രക്തസമ്മര്‍ദം, അമിതവണ്ണം,ഹൃദ്രോഗം, മറ്റു ശ്വാസകോശ രോഗങ്ങള്‍, രോഗപ്രതിരോധശേഷി കുറഞ്ഞ അവസ്ഥ എന്നീ അനുബന്ധ അസുഖങ്ങള്‍ ഉള്ളവരിലും ശ്വാസകോശത്തിലെ ന്യുമോണിയ കണക്കാക്കാന്‍ സി.ടി സ്‌കാന്‍ പരിശോധന ശുപാര്‍ശ ചെയ്തുവരുന്നു. കോവിഡിനോടൊപ്പം മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൂടി ഉള്ള രോഗികളില്‍ ഇവ തമ്മില്‍ തിരിച്ചറിയുവാനും സി.ടി സ്‌കാന്‍ പലപ്പോഴും ഫലപ്രദമാകാറുണ്ട്. 

7. കോവിഡ്-19 സംശയിക്കുന്ന, അതിന്റെ എല്ലാവിധ ലക്ഷണങ്ങളും ഉള്ള ചില രോഗികളില്‍ എന്നാല്‍ RT-PCR പരിശോധനാഫലം നെഗറ്റീവ് ആകാറുണ്ട്. ഈ വിഭാഗം രോഗികളില്‍  രോഗം തീര്‍ച്ചപ്പെടുത്തുന്നതിന് വേണ്ടിയും സി.ടി സ്‌കാന്‍ പരിശോധന ഉപയോഗപ്പെടുത്താവുന്നതാണ്.

8. കഠിനമായ ശ്വാസകോശ രോഗബാധയില്‍ നിന്നും മുക്തരായ പലര്‍ക്കും പിന്നീട് ശ്വാസകോശം ചുരുങ്ങുന്ന അവസ്ഥ (Lung fibrosis) ഉണ്ടാകുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് തിരിച്ചറിയാനും സി.ടി സ്‌കാന്‍ ആവശ്യമായി വരാം.

ഇവ ശ്രദ്ധിക്കാം

സി.ടി സ്‌കാനിന്റെ ഒരു ന്യൂനത രോഗബാധിതരായവരെ സ്‌കാനിങ്ങിന് വിധേയമാക്കുമ്പോള്‍ പിന്നീട് ആ മുറിയില്‍ പ്രവേശിക്കുന്ന സ്‌കാനിങ്ങിന് വരുന്ന മറ്റ് രോഗികളിലേക്കും റേഡിയോഗ്രാഫര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യപ്രവര്‍ത്തകരിലേക്കും രോഗം പെട്ടെന്ന് വ്യാപിക്കാനുള്ള സാധ്യത ഉണ്ട് എന്നതാണ്. അതിനാല്‍ സി.ടി ഉപകരണവും രോഗിയുമായി സമ്പര്‍ക്കം ഉണ്ടായ മറ്റു പ്രതലങ്ങളും അണുവിമുക്തമാക്കുകയും ഒരു മണിക്കൂര്‍ വരെ വായു സഞ്ചാരത്തിനായി (Air exchange) അനുവദിക്കുകയോ അല്ലെങ്കില്‍ Air filter, Negative pressure തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുകയോ ചെയ്യേണ്ടതാണ്. ഇതിനോടൊപ്പം തന്നെ രോഗിയും ആരോഗ്യപ്രവര്‍ത്തകരും കൃത്യമായ രീതിയില്‍ വ്യക്തിഗത സുരക്ഷിത ഉപകരണങ്ങള്‍ (PPE - മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ്, ഗൗണ്‍ തുടങ്ങിയവ) ഉപയോഗിക്കുകയും നിര്‍ദ്ദേശിക്കപ്പെട്ട പരസ്പര അകലം പാലിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.

ന്യൂമോണിയയുടെ സ്ഥാനവും സ്വഭാവവും കണക്കിലെടുത്ത് അത് കോവിഡ് അണുബാധയുടെ ഭാഗമാണ് എന്ന് നിശ്ചയിക്കുവാന്‍  റേഡിയോളജിസ്റ്റിന് സാധിക്കുമെങ്കിലും, എച്ച് വണ്‍ എന്‍ വണ്‍ പോലുള്ള മറ്റ് വൈറസ് അണുബാധകളില്‍ കണ്ട് വരുന്ന ന്യുമോണിയയെ കോവിഡിന് സമാനമായ ന്യുമോണിയയില്‍ നിന്നും സി.ടി സ്‌കാന്‍ പരിശോധനയിലൂടെ തിരിച്ചറിയുക അത്ര എളുപ്പമല്ല. മാത്രമല്ല ഗര്‍ഭിണികളിലും കുട്ടികളിലും സി.ടി സ്‌കാന്‍ പരിശോധന കഴിവതും ഒഴിവാക്കുന്നതാണ് അഭികാമ്യം.

(പട്ടം എസ്.യു.ടി ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം തലവനാണ് ലേഖകന്‍)

Content Highlights: What is the role of CT scanning in the diagnosis of coronavirus