ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതിനെ കേരളത്തിലെ 52 ശതമാനം സ്ത്രീകള്‍ ന്യായീകരിക്കുന്നുവെന്ന് അടുത്തിടെ പുറത്തിറങ്ങിയ ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പടെ 18 ഇടങ്ങളില്‍ നടത്തിയ സര്‍വേയില്‍ 14 ഇടത്തെ 30 ശതമാനത്തില്‍ അധികം സ്ത്രീകളും ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നത് നീതീകരിക്കാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരമൊരു അഭിപ്രായത്തിലേക്ക് സ്ത്രീകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്? ഇതേക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ ബി. നായര്‍. 

ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനത്തിലധികം സ്ത്രീകളും കേരളത്തില്‍ നിന്നുള്ള 52 ശതമാനം സ്ത്രീകളും ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന്  പറയുന്നുവെന്നാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുരുഷ മേധാവിത്വത്തില്‍ അധിഷ്ഠിതമായ നമ്മുടെ സമൂഹത്തില്‍ സ്ത്രീകളുടെ മനസ്സില്‍ വളരെ ചെറുപ്പത്തില്‍ തന്നെ കടത്തിവിടുന്ന ചില ധാരണകളാണ് ബഹുഭൂരിപക്ഷം സ്ത്രീകളെയും ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. 

പരമ്പരാഗതമായി നമ്മുടെ സമൂഹത്തില്‍ പുരുഷന്‍മാര്‍ക്ക് മേധാവിത്തം കല്‍പിക്കപ്പെടുകയും സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് വിധേയരായി പ്രവര്‍ത്തിക്കേണ്ടതാണ് എന്ന രീതിയില്‍ സമൂഹത്തിന്റെ കാഴ്ചപ്പാട് മുന്നോട്ട് പോവുകയും ചെയ്തിരുന്നു. നമ്മുടെ നാട്ടില്‍ മാത്രമല്ല, ലോകമെമ്പാടും ഇത്തരമൊരു ധാരണ ഒരു കാലം വരെ നിലനിന്നിരുന്നു എന്നതാണ് സത്യം. 

കായികബലം കൂടുതലുള്ള വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ട് തന്നെ പുരുഷന്‍ വീടിന് പുറത്തുപോയി ഭക്ഷണത്തിനുള്ള വക കണ്ടെത്തുകയും സ്ത്രീ വീട്ടിലിരുന്ന് വീട്ടിലെ ജോലികളും പ്രസവിച്ച് കുട്ടികളെ വളര്‍ത്തലും ചെയ്യണമെന്നതുമായിരുന്നു പരമ്പരാഗതമായി കുടുംബങ്ങളെക്കുറിച്ച് കരുതിയിരുന്ന സങ്കല്പം. അതിനാല്‍ തന്നെ വീടിന് പുറത്തുപോയി അധ്വാനിച്ച് ഭക്ഷണത്തിന് വക കണ്ടെത്തുന്നയാള്‍ എന്ന നിലയ്ക്ക് പുരുഷന് കൂടുതല്‍ പ്രാധാന്യം വരികയും പുരുഷന്റെ ആരോഗ്യവും പുരുഷന്റെ ആഗ്രഹങ്ങളും കൂടുതല്‍ സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണ് എന്ന രീതിയില്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കുകയും ചെയ്യുകയുണ്ടായി. അതിന്റെ പരിണിത ഫലമായാണ് സ്ത്രീധനം ഉള്‍പ്പടെയുള്ള അനാചാരങ്ങള്‍ സമൂഹത്തിലേക്ക് കടന്നുവരികയും ചെയ്തിട്ടുള്ളത്.

വഴിയൊരുക്കുന്നത് മാതാപിതാക്കള്‍

പലപ്പോഴും കുട്ടികളെ വളര്‍ത്തുമ്പോള്‍ തന്നെ ഈ ലിംഗഭേദം വളരെ പ്രകടമായി തന്നെ മാതാപിതാക്കള്‍ വ്യക്തമാക്കാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് അമിതമായ സംരക്ഷണം എന്ന പേരില്‍ അമിതമായ നിയന്ത്രണം ഏല്‍പ്പിക്കുകയും ആണ്‍കുട്ടികള്‍ക്ക് അമിതമായ സ്വാതന്ത്യം നല്‍കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം എല്ലാ സമൂഹങ്ങളിലും നിലനിന്നിരുന്നു,  ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് പെണ്‍കുട്ടികള്‍ കൂടുതല്‍ ചൂഷണത്തിന് ഇരയാകാന്‍ സാധ്യതയുണ്ട് എന്ന കാര്യമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മുടെ സമൂഹത്തില്‍ കുട്ടികള്‍ക്ക് നേരെയുള്ള ചൂഷണത്തിന്റെ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത് പെണ്‍കുട്ടികളെപ്പോലെ തന്നെ അല്ലെങ്കില്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതലായി ആണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ്. 

arun
ഡോ. അരുണ്‍ ബി. നായര്‍

2014 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ. അരുണ്‍ ബി. നായര്‍, ഡോ. ദേവിക ജെ എന്നിവര്‍ നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നത് ആണ്‍കുട്ടികളില്‍ 38.6 ശതമാനം പെണ്‍കുട്ടികളില്‍ 37.7 ശതമാനവും ജീവിതത്തില്‍ ഒരിക്കലെങ്കിലും ലൈംഗിക ചൂഷണം നടന്നതായി ഓര്‍ത്തിരിക്കുന്നുവെന്നാണ്. ഇതിനുശേഷം തുടര്‍ന്ന് നടന്ന പല പഠനങ്ങളും പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ ഇത്തരത്തില്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അഖിലേന്ത്യാ തലത്തില്‍ 19,000 കുട്ടികളില്‍ നടത്തിയ പഠനത്തിലും കണ്ടെത്തിയത് ആണ്‍കുട്ടികള്‍ കൂടുതല്‍ ചൂഷണത്തിന് ഇരയാവുന്നുണ്ടെന്നാണ്.  അതിനാല്‍ തന്നെ ലിംഗഭേദമന്യേ എല്ലാ കുട്ടികള്‍ക്കും തുല്യ സംരക്ഷണവും സ്വാതന്ത്ര്യവും അവകാശങ്ങളും നല്‍കണമെന്ന കാഴ്ചപ്പാടിലേക്ക് ലോകം എത്തിച്ചേര്‍ന്നിരിക്കുന്ന ഒരു സാഹചര്യത്തിലാണ്  ഇന്ന് നാം ഈ വിഷയത്തില്‍ വിലയിരുത്തല്‍ നടത്തുന്നത്. 

തുല്യരായി വളര്‍ത്തണം ആണിനെയും പെണ്ണിനെയും

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വളര്‍ത്തുന്ന ഒരു കാലഘട്ടത്തില്‍ തന്നെ രണ്ടുപേര്‍ക്കും തുല്യമായിട്ടുള്ള അവകാശങ്ങളും തുല്യമായിട്ടുള്ള സ്വാതന്ത്യവും നല്‍കി, തുല്യമായ സംരക്ഷണവും നല്‍കി  ഏതു ജോലിയും ചെയ്യാന്‍ ഏതു ലിംഗത്തില്‍പ്പെട്ടയാളും പ്രാപ്തരാണ് എന്ന മട്ടില്‍ മുന്നോട്ടു കൊണ്ടുപോകുന്നതായിരിക്കും ആരോഗ്യകരമായ രക്ഷാകര്‍തൃത്വത്തിന് നല്ലത്. പുരുഷന്‍മാര്‍ പരമ്പരാഗതമായി ചെയ്തിരുന്ന എല്ലാ ജോലികളും ഇന്ന് സ്ത്രീകളും ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഇന്നത്തെ കാലത്ത് ഇത്തരം വേര്‍തിരിവിന്റെ കാര്യമില്ല എന്നുള്ളതാണ് സത്യം. വീടിന് പുറത്തുപോയി അധ്വാനിക്കുന്ന ഒരു വ്യക്തിയായതിനാല്‍ പുരുഷന്റെ താത്പര്യങ്ങള്‍ കൂടുതല്‍ സംരക്ഷിക്കപ്പെടണം, കൂടുതല്‍ പ്രാധാന്യം നല്‍കണം എന്നുള്ള കാഴ്ചപ്പാടുകള്‍ക്ക് ആധുനിക ലോകത്ത് പ്രസക്തിയില്ല. കാരണം പുരുഷനൊപ്പം സ്ത്രീയും വീടിനുപുറത്ത് പോയി ജോലി ചെയ്യുകയും കുടുംബത്തിന്റെ ഭദ്രത ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഇതിനാല്‍ തന്നെ ആധുനിക സമൂഹം ഏതു ലിംഗത്തില്‍പ്പെട്ടയാളാണെങ്കിലും തുല്യതയാണ് ആവശ്യപ്പെടുന്നത് എന്നതാണ് സത്യം. 

സ്ത്രീയ മര്‍ദിക്കുന്നതിന്റെ കാരണം മാനസികാരോഗ്യ പ്രശ്‌നങ്ങളും

കുടുംബാരോഗ്യ സര്‍വേയില്‍ പുരുഷന്‍ സ്ത്രീയെ മര്‍ദിക്കുന്നതിന്റെ ന്യായീകരണങ്ങളായി പറഞ്ഞിട്ടുള്ള പ്രധാന കാരണങ്ങള്‍  ഇതൊക്കെയാണ്. ഭാര്യയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള സംശയം, ഭര്‍ത്താവിന്റെ മാതാപിതാക്കളുമായി ഭാര്യ ഒത്തുചേര്‍ന്ന് പോകാതിരിക്കുക, ലൈംഗികബന്ധം നിഷേധിക്കുക, പറഞ്ഞാല്‍ കേള്‍ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഇവിടെ കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ളത്. പലപ്പോഴും ഇതില്‍ ചില സംഗതികളെങ്കിലും പുരുഷന്റെ ഭാഗത്തുനിന്നുള്ള മാനസികാരോഗ്യ അനാരോഗ്യത്തിന്റെ സൂചനകളാകാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന്, അകാരണമായി ഭാര്യയുടെ ചാരിത്ര്യ ശുദ്ധി സംശയിക്കുക എന്നത് സംശയ രോഗം അഥവാ ഡെല്യൂഷണല്‍ ഡിസോര്‍ഡര്‍ എന്ന ഒരു മാനസിക രോഗത്തിന്റെ ലക്ഷണങ്ങളാകാം. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ഉറച്ചുവിശ്വസിക്കുകയും അങ്ങനെ ഇല്ല എന്ന എങ്ങനെയൊക്കെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും അത് വിശ്വസിക്കാതിരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഭാര്യയെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും  പലപ്പോഴും കൊല്ലാന്‍ വരെ ശ്രമിക്കുകയും ചെയ്യുന്ന മാനസികനിലയിലേക്ക് സംശയ രോഗികളായ പുരുഷന്‍മാര്‍ എത്തിച്ചേരുന്നതായും കണ്ടുവരുന്നുണ്ട്. മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍ സ്ഥിരം ഉപയോഗിക്കുന്നവരുമായ പുരുഷന്‍മാരില്‍ ഈ സംശയരോഗങ്ങളുടെ തീവ്രമാകുന്നതായും കണ്ടുവരുന്നു. കാരണം, തലച്ചോറിലെ ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവ് അമിതമാകുമ്പോഴാണ് മനസ്സില്‍ സംശയങ്ങള്‍ മുളപൊട്ടുന്നത്. മദ്യവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിക്കുന്ന പുരുഷന്‍മാരില്‍ ഡോപ്പമിന്റെ അളവ് കൂടാന്‍ സാധ്യത കൂടുതലാണ്. ഇതോടൊപ്പം തന്നെ ഇവര്‍ക്ക് ലഹരിവസ്തുക്കളുടെ പാര്‍ശ്വഫലമായി ലൈംഗികശേഷിക്കുറവ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇത്തരത്തില്‍ ലൈംഗികശേഷിക്കുറവ് ഉണ്ടാകുമ്പോള്‍ അവരുടെ ലൈംഗികബന്ധത്തില്‍ താളപ്പിഴകള്‍ ഉണ്ടാവുകയും അത് ഭാര്യയുടെ നിസ്സഹകരണം മൂലമാണ് എന്ന് വിലയിരുത്തിക്കൊണ്ട് ഭാര്യയെ കൂടുതല്‍ മര്‍ദിക്കുന്ന ഒരു അവസ്ഥയിലേക്കെത്തുകയും ചെയ്യുന്നു.  ഇത് തീര്‍ച്ചയായും ഒരു മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സ ആവശ്യമുള്ള അവസ്ഥയാണ്. തലച്ചോറിലെ ഡോപ്പമിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ മാത്രമേ ഇതിന് പരിഹാരമായിട്ടുള്ളൂ എന്നത് സത്യമാണ്.  

പലപ്പോഴും പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവം അല്ലെങ്കില്‍ നിസ്സാര പ്രകോപനത്തിന് മറ്റൊരു വ്യക്തിയെ മര്‍ദിക്കുന്ന ഒരു അവസ്ഥ വൈകാരിക രോഗങ്ങള്‍ അഥവ മൂഡ് ഡിസോര്‍ഡര്‍ എന്നു പറയുന്ന ഒരു മാനസിക അവസ്ഥയുടെ ലക്ഷണങ്ങളാകാനുള്ള സാധ്യതയുമുണ്ട്. ഉന്‍മാദ വിഷാദ രോഗം അഥവ ബൈപോളാര്‍ ഡിസീസ് എന്ന അവസ്ഥയിലുള്ള വ്യക്തികള്‍ ചെറിയ കാര്യത്തിന് പ്രകോപിതരാവുകയും പെട്ടെന്ന് പൊട്ടിത്തെറിക്കുകയും മര്‍ദിക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്യാറുണ്ട്. ഇത് അവരുടെ തലച്ചോറിലുള്ള രാസഘടനയിലെ വ്യതിയാനങ്ങള്‍ മൂലം സംഭവിക്കുന്ന രോഗാവസ്ഥയാണ്. തലച്ചോറിലെ രാസഘടനയെ ക്രമീകരിച്ച് മനസ്സിന്റെ വൈകാരിക അവസ്ഥ വീണ്ടെടുക്കാന്‍ സഹായിക്കുന്ന മൂഡ് സ്റ്റെബിലൈസേഴ്‌സ് വിഭാഗത്തില്‍പ്പെട്ട മരുന്നുകളും ചിന്തകളിലെ വൈകല്യങ്ങള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്ന മനശ്ശാസ്ത്ര ചികിത്സകളും ഇവര്‍ക്ക് ആവശ്യമാണ്. 

വൈകാരിക അസ്ഥിരതയുള്ള വ്യക്തിത്വ വൈകല്യങ്ങള്‍ അഥവാ ഇമോഷണലി അണ്‍സ്റ്റേബിള്‍ഡ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്ന പ്രശ്‌നമുള്ള ആളുകളിലും നിസ്സാര പ്രശ്‌നത്തിന് പ്രകോപിതരാകുന്ന ഒരു സ്വഭാവം കാണാം. ഇത് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളില്‍ കണ്ടുവരുന്നുണ്ട് എന്നതും ഒരു യാഥാര്‍ഥ്യമാണ്. പലപ്പോഴും ഇത്തരം പ്രകൃതമുള്ളവര്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും മര്‍ദിക്കുകയും പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്ക് വല്ലാത്ത രീതിയില്‍ വഴക്കിടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. കൃത്യമായ മാനസികാരോഗ്യ പരിചരണം ആവശ്യമുള്ള വിഷയമാണിത് എന്നതാണ് യാഥാര്‍ഥ്യം. 

ചിന്താഗതികള്‍ കാലാനുസൃതമാകണം

ഇതോടൊപ്പം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചിന്താഗതികളില്‍ കാലാനുസൃതമായ വ്യത്യാസങ്ങള്‍ വരേണ്ടതും ഈയൊരു അവസ്ഥ മാറുന്നതിന് വളരെ പ്രധാനമാണ്. ഇതിനായി കുട്ടിക്കാലം മുതല്‍ തന്നെ ലിംഗഭേദമില്ലാതെ കുട്ടികളെ വളര്‍ത്തുക എന്നത് പ്രധാനമാണ്. ഏതുജോലിയും ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതും പ്രധാനമാണ്. പാചകവും വീട് വൃത്തിയാക്കലും ഉള്‍പ്പടെയുള്ള എല്ലാ ജോലികളും പെണ്‍കുട്ടികള്‍ ചെയ്യുന്നതു പോലെ ചെയ്യാന്‍ ആണ്‍കുട്ടികളെയും പഠിപ്പിക്കണം. എല്ലാവരും അത് ചെയ്തുകഴിഞ്ഞാല്‍ അത് തുല്യതയിലേക്കുള്ള പ്രധാന ചുവടുവെപ്പായി മാറാന്‍ സാധ്യതയുണ്ട്. 

സ്ത്രീകള്‍ക്ക് അനുകൂലമായ ഒട്ടേറെ നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. സ്ത്രീധന നിരോധന നിയമം, സ്ത്രീധന പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരായുള്ള നിയമം എന്നിവ ഇവിടെ നിലവിലുണ്ട്. ഇതുകൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഗാര്‍ഹിക പീഡനത്തിന് വ്യക്തമായ വകുപ്പുകളുണ്ട്. എന്നാല്‍ ഇത്തരം നിയമങ്ങളുടെ ആനുകൂല്യം പലപ്പോഴും നമ്മുടെ സമൂഹത്തില്‍ ഉപയോഗിക്കപ്പെടുന്നത് കുറവാണ് എന്നതും ഒരു യാഥാര്‍ഥ്യമാണ്. 

ശാരീരികമായി ഉപദ്രവം നേരിടുന്ന സ്ത്രീകള്‍ അതില്‍ നിന്ന് മോചനം നേടാനുള്ള അവകാശങ്ങള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. അതില്‍ നിന്നും സ്ത്രീകളെ വിലക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാരണം കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദമാണ്. ഇത്തരത്തില്‍ ഒരു പരാതി കൊടുത്തുകഴിഞ്ഞാല്‍ അത് വിവാഹ ബന്ധം വേര്‍പ്പെടുന്നതില്‍ കലാശിക്കും. അത് ഭാവി നശിക്കാനിടയാകും എന്ന് കുടുംബാംഗങ്ങള്‍ തന്നെ പലപ്പോഴും വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ തന്നെ പറഞ്ഞു വിലക്കുന്ന സാഹചര്യം നിലവിലുണ്ട്. 

woman
Representative Image| Photo: Gettyimages

ചില സാഹചര്യങ്ങളില്‍ ഇത്തരം നിയമങ്ങള്‍ വ്യാജ പരാതികള്‍ക്കായി ദുരുപയോഗം ചെയ്യുന്നതായും കാരണമാകാറുണ്ട്. ഉദാഹരണമായി, ഒരു വിവാഹ മോചന കേസ് വന്നുകഴിഞ്ഞാല്‍, നടന്നിട്ടില്ലാത്ത ശാരീരിക പീഢനങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യാജമായി ആരോപിക്കാന്‍ ഇത്തരം കേസുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്ഇത്തരം നിയമങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കുന്നതിന് വിലങ്ങുതടിയാകുന്നുവെന്നതും ഒരു യാഥാര്‍ഥ്യമാണ്. 

വേണം മുതിര്‍ന്ന തലമുറയിലെ സ്ത്രീകള്‍ക്കും ഒരു ബോധവത്ക്കരണം

മുതര്‍ന്ന തലമുറയിലെ സ്ത്രീകള്‍ക്ക് യുവ തലമുറയിലെ സ്ത്രീകളോടുള്ള മനോഭാവവും വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നതാണിത്. കഴിഞ്ഞ തലമുറയിലെ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് വിധേയരായി അവരുടെ പലതരത്തിലുള്ള പീഢനങ്ങള്‍ക്ക് വിധേയരായി ജീവിച്ചവരായിരിക്കും. അത്തരത്തിലുള്ള ഒരു ജീവിതരീതിയാണ് ആരോഗ്യകരം എന്നൊരു ചിന്താഗതിയിലേക്ക് അവര്‍ എത്തിച്ചേരുന്നുണ്ട്. പുരുഷന്റെ ധാരണകളും പുരുഷന്റെ രീതികളും അനുസരിച്ച് ജീവിക്കുന്നതാണ് ആരോഗ്യകരം എന്നൊരു ചിന്താഗതിയിലേക്ക് എത്തിച്ചേര്‍ന്നവരാണിവര്‍. പുരുഷന്റെ ധാരണകളും രീതികളും അനുസരിച്ച് ജീവിക്കുന്നതാണ് ഭദ്രതയുള്ള കുടുംബ ജീവിതത്തിന് വേണ്ടത് എന്ന ധാരണ അവരുടെ അനുഭവങ്ങളില്‍ നിന്ന് അവരുടെ മനസ്സില്‍ ഉറച്ചുപോയിട്ടുണ്ട്. സ്വാഭാവികമായും യുവതലമുറയിലെ സ്ത്രീകള്‍ എന്തെങ്കിലും തരത്തിലുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍  അതിന് മുതിര്‍ന്ന തലമുറയില്‍പ്പെട്ട സ്ത്രീകള്‍ തടയിടുന്നത് വളരെ വ്യാപകമായി കണ്ടുവരുന്നു. സ്ത്രീയുടെ ശത്രു സ്ത്രീയാണ് എന്ന മട്ടിലുള്ള പരാമര്‍ശങ്ങള്‍ പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ മുതിര്‍ന്ന തലമുറയില്‍പ്പെട്ട സ്ത്രീകള്‍ക്കും ഒരു ബോധവത്ക്കരണം ആവശ്യമാണ്. എങ്ങനെയായിരിക്കണം യുവതലമുറയില്‍പ്പെട്ട സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത്, എങ്ങനെയാണ് അവരെ ശാക്തീകരിക്കേണ്ടത് എന്നുള്ള കാര്യങ്ങളെക്കുറിച്ച് അവബോധം നല്‍കണം. 

ആണും പെണ്ണും തുല്യരാണ്, യോജിച്ച് മുന്നോട്ട് പോകണം

പലപ്പോഴും സ്വാതന്ത്യം, ശാക്തീകരണം എന്നതെല്ലാം വളരെ മനോഹരമായ സങ്കല്‍പങ്ങള്‍ തന്നെയാണ്. പക്ഷേ, നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം അരാജകത്വത്തിലേക്ക് എത്തിച്ചേരും എന്നതും ഒരു യാഥാര്‍ഥ്യമാണ്.  സ്ത്രീയും പുരുഷനും പരസ്പരം മത്സരിക്കാനുള്ള ആളുകളല്ല എന്നത് മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. ഒരു കുടുംബത്തില്‍ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നുവെങ്കില്‍ പരസ്പര ബഹുമാനത്തോടെയും പരസ്പര ധാരണയോടെയും അങ്ങോട്ടും ഇങ്ങോട്ടും വിലകല്‍പിച്ച് മുന്നോട്ടുപോകുന്ന ഒരു സാഹചര്യമാണ് ആരോഗ്യകരം. അവിടെ ഉഭയകക്ഷി സമ്മതത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നുള്ളത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുക, തര്‍ക്കത്തിന്റെ അന്തരീക്ഷത്തിന് പകരം ഒരു സംവാദത്തിന്റെ അന്തരീക്ഷം കുടുംബങ്ങളില്‍ നിലനിര്‍ത്തുക എന്നിവ പ്രധാനമാണ്. സംവാദവും തര്‍ക്കവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സംവാദത്തില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് യുക്തിസഹമായ വാദഗതികള്‍ നിരത്തി സ്വന്തം ഭാഗം ശരിയാണെന്ന് സമര്‍ഥിക്കാനുള്ള ശ്രമമാണ്. അവിടെ മോശം വാക്കുകള്‍ ഉപയോഗിക്കുകയോ മറുവശത്തുള്ള ആളിനെ അവഹേളിക്കുകയോ മര്‍ദിക്കുകയോ ഒന്നും വരുന്നില്ല. എന്നാല്‍ തര്‍ക്കത്തില്‍ എന്തുവില കൊടുത്തും സ്വന്തം ഭാഗം വിജയിപ്പിക്കാന്‍ വേണ്ടി മറുഭാഗത്തുള്ള ആളിനെ എങ്ങനെയും മാനസികമായും ശാരീരികമായും തളര്‍ത്താനുള്ള പരിശ്രമങ്ങളാണ്. തര്‍ക്കങ്ങള്‍ പലപ്പോഴും ശാരീരിക ഉപദ്രവത്തില്‍ കലാശിക്കും. കുട്ടികളെ വളര്‍ത്തുമ്പോള്‍ തന്നെ വീട്ടില്‍ സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ പരസ്പര ബഹുമാനത്തോടു കൂടിയുള്ള സംവാദങ്ങള്‍ നടത്തുന്ന മാതൃക കാണിച്ചുകൊടുത്താല്‍ അതേ രീതിയില്‍ അവര്‍ ഭാവിയില്‍  മറ്റൊരു ലിംഗത്തില്‍പ്പെട്ടൊരു വ്യക്തിയെ ബഹുമാനിച്ചുകൊണ്ടുള്ള  മാനസികാരോഗ്യം കുട്ടികളില്‍ വരാനുള്ള സാഹചര്യമുണ്ടാകും.

Content Highlights: What is the reason women in kerala justifies man beating his wife -NFHS Survey