ബാല്യകാലം മുതല്‍ക്കേ കഥകളും കഥാപാത്രങ്ങളും നമ്മള്‍ ഇഷ്ടപ്പെട്ടു പോരുന്നു. പാഠ്യപുസ്തകങ്ങളിലൂടെയും കഥാപുസ്തകങ്ങളിലൂടെയും നമ്മള്‍ കഥകളോട് എന്നും ആകൃഷ്ടരായിട്ടുണ്ട്. ഈ കഥകളിലെ വിവരണങ്ങള്‍ സിനിമകളിലൂടെ കാണുമ്പോള്‍ നമ്മള്‍ ആ കഥാപാത്രങ്ങളുടെ അനുഭവങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. സിനിമകള്‍ ഇഷ്ടപ്പെടാനുള്ള ഒരു പ്രധാന കാരണം ഈ കഥകളിലെ ഒരു കാഴ്ചക്കാരനായി പരിണമിക്കാനും അവരുടെ വികാരങ്ങള്‍ അനുഭവിക്കാനും പ്രേക്ഷകന് സാധിക്കുന്നു എന്നതുകൊണ്ടാണ്.

'ത്രില്ലര്‍' ഗണത്തില്‍പ്പെടുന്ന ചലച്ചിത്രങ്ങള്‍ പണ്ടുമുതല്‍ക്കേ ജനപ്രിയമാണ്. പഴയകാല മലയാള ചലച്ചിത്രങ്ങളായ 'ഭാര്‍ഗ്ഗവീനിലയം', 'ലങ്കാദഹനം', 'കൊച്ചിന്‍ എക്സ്പ്രസ്'- തൊട്ട് അടുത്തകാലത്തിറങ്ങിയ 'കുരുതി', 'ഓപ്പറേഷന്‍ ജാവ', 'മിന്നല്‍ മുരളി' തുടങ്ങിയ പടങ്ങളുടെ സ്വീകാര്യത ഇതിനുദാഹരണമാണ്. ഇത്തരം പടങ്ങള്‍ ഇഷ്ടപ്പെടാനുള്ള വസ്തുതകളില്‍ ഒന്ന്, അതില്‍ പ്രതിപാദിക്കുന്ന നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ്. രാമായണം, മഹാഭാരതം, ബൈബിള്‍, ഖുറാന്‍ തുടങ്ങിയ ആത്മീയഗ്രന്ഥങ്ങളില്‍ പോലും നന്മയും തിന്മയും തമ്മിലുള്ള സംഘര്‍ഷങ്ങളെപ്പറ്റിയുള്ള ധാരാളം കഥകളുണ്ട്. സമാനമായ ഒരനുഭവമാണ് 'ത്രില്ലര്‍' പടങ്ങളില്‍ നിന്നും പ്രേക്ഷകന്‍ സ്വീകരിക്കുന്നത്.
   
യഥാര്‍ഥ ജീവിതത്തില്‍ നാം സമൂഹത്തിലെ അനീതികള്‍ക്കും വേര്‍തിരിവുകള്‍ക്കുമെതിരേ പ്രതികരിക്കാനാവാതെ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വരാറുണ്ട്. ത്രില്ലര്‍ സിനിമകളുടെ സങ്കല്പലോകത്ത് ഇതേ സാമൂഹിക ദുഷ്‌കൃത്യങ്ങള്‍ പ്രവര്‍ത്തിക്കുന്ന 'വില്ലനെതിരേ നായകന്‍ പോരാടി ജയിക്കുമ്പോള്‍ പ്രേക്ഷകരായ നമ്മളുടെ അവരവരുടെ ഉപബോധമനസ്സില്‍ ആഗ്രഹിച്ചിരുന്ന വിജയമാണ് കൈവരിച്ചിരിക്കുന്നതായി സങ്കല്പിക്കുന്നത്. 'കമ്മീഷണര്‍', 'ദി കിംഗ്', 'പത്രം', 'ലൂസിഫര്‍' തുടങ്ങിയ സിനിമകളിലൂടെ 'മാസ് ഡയലോഗ്സ്' കേള്‍ക്കുന്ന പ്രേക്ഷകന് താനും അനീതികള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നതുപോലുള്ളൊരു അനുഭവമാണ് ഉളവാകുന്നത്.

അതുപോലെ തന്നെ പ്രതിനായകന്റെ ഗൂഢമായ ആന്തരോദ്ദേശ്യങ്ങളറിയാനുളള ഒരു കൗതുകവും പ്രേക്ഷകനില്‍ ജനിക്കുന്നുണ്ട്. 'സീരിയല്‍ കില്ലര്‍' ഗണത്തില്‍പ്പെടുന്ന ത്രില്ലര്‍ പടങ്ങളായ 'ഈ തണുത്ത വെളുപ്പാന്‍കാലത്ത്', 'അഞ്ചാം പാതിര', 'മെമ്മറീസ്' പോലുള്ള ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരെ ആവേശം കൊള്ളിക്കാറുണ്ട്. ത്രില്ലര്‍ സിനിമകളിലെ പ്രതിനായകന്‍മാര്‍ക്ക് അവരുടെ ചെയ്തികള്‍ക്ക് പിന്നില്‍ പല ന്യായീകരണങ്ങളും പ്രേരണകളും പറയുവാനുണ്ടാവും. പലപ്പോഴും അതുമായി താദാത്മ്യം പ്രാപിക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കാറുമുണ്ട്. 'അഞ്ചാം പാതിര'യിലെ ഡോ. ബെഞ്ചമിന്‍ ലൂയിസ്, 'മിന്നല്‍ മുരളി'യിലെ 'ഷിബു' എന്ന കഥാപാത്രങ്ങള്‍ തങ്ങളുടെ  ജീവിതത്തില്‍ നേരിടേണ്ടി വന്ന അനീതിയ്ക്കും അപമാനത്തിനും എതിരേയാണ് ദുഷ്പ്രവര്‍ത്തികള്‍ ചെയ്തുകൂട്ടിയത്. 'വില്ലന്‍' കഥാപാത്രങ്ങള്‍ ചെയ്യുന്ന പ്രതികാര നടപടികള്‍ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടവയല്ലെങ്കില്‍ കൂടിയും. പ്രതിനായകന്റെ ഭാഗം ചേര്‍ന്നുനിന്ന്  ചിന്തിക്കാനും അവരുടെ ഭാഗം ചേര്‍ന്നു നില്‍ക്കാനും പലപ്പോഴും നാം മടികാണിക്കാറുമില്ല.

'ഉയരങ്ങളിലെ' ജയരാജനും, 'ഇരകളി'ലെ ബേബിയും സാമൂഹിക വിരുദ്ധരായ കഥാപാത്രങ്ങളാണ്. ഇത്തരം കഥാപാത്രങ്ങള്‍ മനുഷ്യമനസ്സിലെ ഇരുണ്ട വശത്തെ പ്രതിനിധാനം ചെയ്തുവരുന്നു. 'ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്', 'അടിക്കുറിപ്പ്', 'ഓപ്പറേഷന്‍ ജാവ', 'ഇവിടം സ്വര്‍ഗമാണ്' പോലുള്ള 'പോലീസ് / ലീഗല്‍' ത്രില്ലര്‍ പടങ്ങള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥിതികളിലേക്കുള്ള ഒരു എത്തിനോട്ടം കൂടിയാണ്. ഈ പടങ്ങളില്‍ നിന്ന് 'Habeas Corpus', 'Amicus curiae', 'Cyber Crime', ആധാര തിരിമറികള്‍ പോലുള്ള നിയമപരമായ വസ്തുതകളും കുറ്റകൃത്യങ്ങളും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്.

ഇതിലെല്ലാം ഉപരിയായി നമുക്ക് ത്രില്ലര്‍ പടങ്ങളോടുള്ള പ്രിയം തോന്നാനുള്ള മറ്റൊരു പ്രധാന കാരണം ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ആവേശവും ജിജ്ഞാസയും കൊണ്ടാണ്. 'ക്ലൈമാക്സ്' എന്താവുമെന്നറിയാന്‍ സിനിമ തുടങ്ങുമ്പോള്‍ തന്നെ നമ്മള്‍ ആകാംക്ഷാഭരിതരാകും. ഇതേ കൗതുകം തന്നെയാണ് സിനിമ മുഴുവനും ക്ഷമയോടെ ഇരുന്നാസ്വദിക്കാന്‍ നമുക്ക് പ്രചോദനമാകുന്നതും.

ത്രില്ലര്‍ സിനിമകള്‍ കാണുമ്പോള്‍, ആവേശകരമായ ഉദ്വേഗജനകമായ നിമിഷങ്ങളില്‍ നമ്മുടെ ശരീരത്തില്‍ 'Adrenaline' ഹോര്‍മോണ്‍ ഉത്പാദനം വര്‍ധിക്കുന്നു. തന്മൂലം നമ്മുടെ ഹൃദയമിടിപ്പ് കൂടുകയും വൈകാരിക സ്ഫുരണങ്ങള്‍ ഉണ്ടാവുകയും ചെയ്യപ്പെടാറുണ്ട്. പടത്തിന്റെ പ്രതിഫലദായകമായ 'ക്ലൈമാക്സ്'  സീന്‍ എത്തുമ്പോള്‍ നമ്മുടെ തലച്ചോറില്‍ 'Dopamine' ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നതുകൊണ്ട് സംതൃപ്തി അനുഭവപ്പെടുകയും ചെയ്യുന്നു.

'Mystery' ചലച്ചിത്രങ്ങളുടെ നിഗൂഢതയുടെ ചുരുളഴിയുമ്പോള്‍ നമുക്ക് സംശയനിവൃത്തിയണയുകയും തന്മൂലം സമാനമായ ഒരനുഭൂതി ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം സിനിമകള്‍ നമ്മളിലെ ഉള്‍ഭയങ്ങളെ അഭിമുഖീകരിക്കുവാനുള്ള ഒരവസരം കൂടി ഉണ്ടാക്കിതരുന്നു. 'മാളൂട്ടി', 'വൈറസ്' പോലുള്ള പടങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. '9', 'ചുരുളി', 'മണിച്ചിത്രത്താഴ്', 'എസ്ര' തുടങ്ങിയ 'ഹൊറര്‍-ഫാന്റസി' ചിത്രങ്ങള്‍ നമ്മളെ സങ്കല്പത്തിന് അതീതമായ ഒരു മാസ്മരിക ലോകത്തേയ്ക്ക് കൊണ്ടുപോകുന്നു. അന്നും ഇന്നും ത്രില്ലര്‍ പടങ്ങളുടെ ജനസ്വീകാര്യത വളരെ വലുതാണ്.


(യു.എസ്.എയിലെ വിര്‍ജീനിയ ടെക് കരിലിയന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ സൈക്യാട്രിസ്റ്റ് ആണ് ലേഖകന്‍)

Content Highlights: What is the psychology behind loving horror thriller movies