കോവിഡിന്റെ രണ്ടാം തരം​ഗം ഇന്ത്യയിൽ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. 3.30 ലക്ഷമാണ് ഇന്നത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം. രണ്ടാമത് ജനിതകവ്യതിയാനം വന്ന വെെറസിന്റെ സാന്നിധ്യം രാജ്യത്ത് കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ ഏതാനും ദിവസങ്ങൾ മുമ്പുണ്ടായിരുന്നു. ഇപ്പോൾ ഇതാ മൂന്നാം കോവിഡ് വകഭേദത്തെ പശ്ചിമബം​ഗാളിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വരുന്നു. 
ബം​ഗാൾ വകഭേദം എന്നാണ് ഈ  ട്രിപ്പിൽ മ്യൂട്ടന്റ് വാരിയന്റ് അറിയപ്പെടുന്നത്. മറ്റ് വകഭേദങ്ങളെക്കാൾ തീവ്രമാണ് ഇതെന്നാണ് വിവരങ്ങൾ. 

പശ്ചിമബം​ഗാളിൽ പടരുന്ന ഈ വകഭേദത്തിന്റെ സാംപിളുകൾ ഡൽഹിയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയിട്ടുണ്ട്. 

നിലവിൽ ഈ വകഭേദം വന്ന വെെറസ് വാക്സിന് മേൽ എന്തെങ്കിലും തരത്തിലുള്ള പ്രഭാവം ഉണ്ടാക്കുമോയെന്നതിന് തെളിവുകളില്ല. എന്നാൽ ഈ വെെറസിലെ E484K ജനിതകവ്യതിയാനമാണ്  ശാസ്ത്രജ്ഞരെ ആശങ്കയിലാക്കുന്നത്. 

ഒരു പ്രധാനപ്പെട്ട ഇമ്മ്യൂൺ എസ്കേപ്പ് വേരിയന്റ് ആണ് E484K. ലോകത്തിന്റെ പലഭാ​ഗങ്ങളിലും ഇത് ഇപ്പോൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ജനിതകവ്യതിയാനം വന്ന വെെറസുകളെ ശരീരത്തിന്റെ പ്രതിരോധശേഷി മറികടക്കാൻ സഹായിച്ച് വാക്സിന്റെ പ്രവർത്തനക്ഷമത കുറയ്ക്കാനും പ്രതിരോധശേഷി തകർക്കാനും വഴിയൊരുക്കുന്നവയാണ് ഇമ്മ്യൂൺ എസ്കേപ്പ് വേരിയന്റുകൾ. അതിനാൽ ഇവയ്ക്കെതിരെ വാക്സിനുകൾ ഫലപ്രദമാവുമോ എന്ന ആശങ്ക ശാസ്ത്രലോകത്തിനുണ്ട്. 

എന്താണ് ട്രിപ്പിൾ മ്യൂട്ടന്റ് വേരിയന്റ്

പേര് പോലെ തന്നെ ഒരു വെെറസിൽ മൂന്ന് ജനിതകവ്യതിയാനങ്ങൾ ചേർന്നുണ്ടാകുന്നതാണ്  മൂന്നാം കോവിഡ് വകഭേദം എന്ന് അറിയപ്പെടുന്നത്. ഇതിൽ ഉണ്ടാകുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്. 
1. സ്പെെക്ക് പ്രോട്ടീനിൽ ഉണ്ടാകുന്ന ഒരു ഡെലീഷനും രണ്ട് മാറ്റങ്ങളും.
2. H146, Y145 എന്നിവയുടെ ഡെലീഷൻ
3. സ്പെെക്ക് പ്രോട്ടീനിലെ E484K, D614G എന്നിവയുടെ ജനിതകവ്യതിയാനം

പശ്ചിമബം​ഗാളിലാണ് ഈ മൂന്നാം കോവിഡ് വകഭേദം വ്യാപിക്കുന്നത്. B.1.618  എന്നും ഇത് അറിയപ്പെടുന്നു. നേരത്തെ ഇരട്ട ജനിതകവ്യതിയാനം സംഭവിച്ച കോവിഡ് വെെറസ് ഇന്ത്യയിൽ കണ്ടെത്തിയിരുന്നു. B.1.617 എന്നാണ് ഇതിന് ഔദ്യോ​ഗികമായി പേര് നൽകിയിരുന്നത്. 

വേ​ഗത്തിൽ വ്യാപിക്കുമോ?

ഈ മൂന്നാം വകഭേദം ബം​ഗാളിൽ ഏതാനും മാസങ്ങളായി ക്രമാനു​ഗതമായി വളർന്നുകൊണ്ടിരിക്കുകയാണെന്നും ഇതേക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഡൽഹിയിലെ സി.എസ്.ഐ.ആറിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ഗവേഷകൻ വിനോദ് സ്കറിയ പറഞ്ഞു.

എത്രത്തോളം മാരകമാണ് ഈ വകഭേദം?

പഠനങ്ങൾ ആവശ്യത്തിന് ഇല്ലെന്നതിനാൽ നിലവിൽ ഇതേക്കുറിച്ച് കൃത്യമായി പറയാനാവില്ല. എങ്കിലും കോവിഡ് 19 ന്റെ ഈ വകഭേ​ദം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ മാരകമാകാനാണ് സാധ്യതയെന്നാണ് ​ഗവേഷകരുടെ നി​ഗമനം. 

നിലവിൽ ഈ വെെറസ്  വീണ്ടും അണുബാധയുണ്ടാക്കാനും വാക്സിൻ ബ്രേക്ക്ത്രൂ ഇൻഫെക്ഷനും ഇടയാക്കുമോ എന്ന് തിരിച്ചറിയാനായിട്ടില്ല. രോ​ഗത്തിനെതിരെ വാക്സിനെടുത്ത ശേഷവും ആ വ്യക്തി കോവിഡ് പോസിറ്റീവ് ആകുന്ന അവസ്ഥയെയാണ് വാക്സിൻ ബ്രേക്ക്ത്രൂ ഇൻഫെക്ഷൻ എന്ന് പറയുന്നത്. 

വാക്സിനെ മറികടക്കുമോ പുതിയ വകഭേദം?

മൂന്നാം കോവിഡ് വകഭേദം വാക്സിന്റെ കാര്യക്ഷമതയ്ക്ക് മേൽ സ്വാധീനം ചെലുത്തിയേക്കാം എന്നാണ് വിദ​ഗ്ധരുടെ ആശങ്ക. കാരണം, ഈ പുതിയ വകഭേദത്തിൽ E484K എന്ന പ്രധാന ജനിതകവ്യതിയാനമാണ് സംഭവിച്ചിരിക്കുന്നത്. ഇത് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ സഹായിക്കുന്നതാണ് എന്നതാണ്. അതിനാൽ തന്നെ ഇത് വാക്സിന്റെ ഫലപ്രാപ്തിയെ ബാധിക്കാൻ ഇടയുണ്ട്. വെെറസിന്റെ ബ്രസീലിയൻ, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. 

ഈ വകഭേദം ബം​ഗാളിൽ കോവിഡ് വ്യാപനം ശക്തമാക്കുമോ?

ബം​ഗാളിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയുള്ളതാണ്. എന്നാൽ ബം​ഗാളിൽ ഈ വെെറസാണ് കൂടുതൽ അണുബാധയ്ക്ക് കാരണമെന്ന് ഈ സമയത്ത് പറയാനാകില്ലെന്നും കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ബം​ഗാളിൽ രോ​ഗവ്യാപനം കൃത്യമായി കൂടിവരുകയാണെന്നും വിനോദ് സ്കറിയ പറയുന്നു. 

Content Highlights:  What is the new 'triple mutant variant' of Covid19 virus found in West Bengal, Health, Covid19, Corona Virus