Representative Image| Photo: GettyImages
അതിസങ്കീര്‍ണമാണ് ലിംഗമാറ്റ ശസ്ത്രക്രിയ. സങ്കീര്‍ണമായ ഒരു കൂട്ടം ശസ്ത്രക്രിയകള്‍, തീവ്ര വേദന, ദീര്‍ഘകാല പരിചരണം, ആജീവനാന്ത കരുതല്‍, വലിയ ചെലവ്... ഇതെല്ലാം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നവരെ കാത്തിരിക്കുന്നതാണ്. ഇതിനെല്ലാം തയ്യാറായി ഒരാള്‍ ശസ്ത്രക്രിയക്ക് എത്തുന്നത് പെട്ടെന്നുള്ള ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അല്ല. അവരുടെ മനസ്സും ശരീരവും അത് ആവശ്യപ്പെടുന്നതുകൊണ്ടാണ്.
സെക്സും ജെന്‍ഡറും
സെക്സ്, ജെന്‍ഡര്‍ എന്നീ വാക്കുകള്‍ക്ക് വ്യത്യസ്തമായ അര്‍ഥങ്ങളാണുള്ളത്. ഒരു കുട്ടി ജനിക്കുമ്പോള്‍ തന്നെ സെക്സും ജെന്‍ഡറും തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കും.
ശരീരത്തിലെ അവയവങ്ങളുടെ അടിസ്ഥാനത്തിലാണ് സെക്സ് തീരുമാനിക്കുന്നത്. എന്നാല്‍ ജെന്‍ഡര്‍ എന്നത് ആ വ്യക്തിയുടെ മനസ്സില്‍ തോന്നുന്നതാണ്. ഒരു വ്യക്തിയുടെ മനസ്സില്‍ ശക്തമായി നിലകൊള്ളുന്നതാണ് ആ വ്യക്തിയുടെ ജെന്‍ഡര്‍ ആയി കണക്കാക്കപ്പെടുന്നത്. ഒരാളുടെ സെക്സും ജെന്‍ഡറും തമ്മില്‍ ഒരു മിസ്മാച്ച് ഉണ്ടാകുന്നതാണ് ട്രാന്‍സ്ജെന്‍ഡര്‍ എന്ന അവസ്ഥയ്ക്ക് കാരണം. അതൊരു മാനസിക പ്രശ്നമല്ല. അവര്‍ മാനസിക രോഗികളുമല്ല. ഇഷ്ടമില്ലാത്ത ശരീരത്തില്‍ നിന്ന് പുറത്തുകടക്കാന്‍ വെമ്പുന്ന മനസ്സാണ് അവരുടേത്.
ഇങ്ങനെ സ്വന്തം രൂപത്തെ വെറുക്കുന്നവരാണ് ഇഷ്ടപ്പെട്ട രൂപം സ്വന്തമാക്കാനായി അതിസങ്കീര്‍ണമായ ശസ്ത്രക്രിയ ചെയ്യുന്നത്. ഇവര്‍ക്ക് നാം നല്‍കേണ്ടത് കരുതലാണ്.
എന്താണ് ലിംഗമാറ്റ ശസ്ത്രക്രിയ അഥവ ജെന്‍ഡര്‍ അഫിര്‍മേഷന്‍ സര്‍ജറി
സെക്സ് റീഅസൈന്‍മെന്റ് സര്‍ജറി(Sex Reassignment Surgery) എന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയ പൊതുവേ അറിയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ അത് ജെന്‍ഡര്‍ അഫിര്‍മേഷന്‍ സര്‍ജറിയാണ്(Gender Affirmation Surgery). 12 മണിക്കൂര്‍ വരെ നീളുന്നതും അതിസങ്കീര്‍ണവുമായ നിരവധി ശസ്ത്രക്രിയകള്‍ അടങ്ങിയതാണ് ഇത്. സാധാരണ ഒരു ശസ്ത്രക്രിയ പോലെ ചെയ്യുന്ന ഒന്നല്ല. മാസങ്ങളോളം നീളുന്നതാണ് ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഒരുക്കങ്ങള്‍. ഒന്നിലധികം പ്ലാസ്റ്റിക് സര്‍ജന്‍മാര്‍, യൂറോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, അനസ്തറ്റിസ്റ്റ്, നഴ്സുമാര്‍ എന്നിവരടങ്ങിയ വലിയൊരു സംഘമാണ് ഈ ശസ്ത്രക്രിയാ ടീമില്‍ ഉണ്ടാവുക. ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിരവധി കടമ്പകള്‍ വിജയകരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ശസ്ത്രക്രിയക്ക് ഒരുങ്ങുമ്പോള്‍ അറിയേണ്ടത്
ശസ്ത്രക്രിയക്ക് ഒരുങ്ങുന്നവരും ഡോക്ടറും തമ്മില്‍ കൃത്യമായി സംസാരിച്ച് തീരുമാനങ്ങള്‍ എടുത്ത ശേഷം മാത്രമേ മുന്നോട്ട് പോകാവൂ.
വലിയൊരു തുക വേണ്ടിവരും എന്നത് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നവര്‍ക്കുള്ള ഒരു വെല്ലുവിളിയാണ്. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഇംപ്ലാന്റുകള്‍, പുനര്‍നിര്‍മ്മിക്കാനുള്ള മറ്റ് വസ്തുക്കള്‍ എന്നിവയ്ക്ക് അവയുടെ ഗുണമേന്‍മയ്ക്ക് അനുസരിച്ച് പലതരത്തിലുള്ള വിലയുണ്ട്. ഇത് തിരഞ്ഞെടുക്കുന്നതിന് അനുസരിച്ചാണ് വില ഉയരുന്നത്.
ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നതിന് അനുസരിച്ചാണ് ഏതൊക്കെ സര്‍ജറികളാണ് വേണ്ടത് എന്ന് നിശ്ചയിക്കുന്നത്. ടോപ്പ് സര്‍ജറി, ബോട്ടം സര്‍ജറി എന്നിവയാണ് ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഉള്ളത്. സ്തനങ്ങള്‍ നീക്കം ചെയ്യല്‍ പോലുള്ള കാര്യങ്ങളാണ് ടോപ്പ് സര്‍ജറിയില്‍. ബോട്ടം സര്‍ജറിയിലാണ് ജനനേന്ദ്രിയങ്ങള്‍ മാറ്റുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വരുന്നത്.
നിരവധി സങ്കീര്‍ണതകളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതാണ് ഈ ശസ്ത്രക്രിയകള്‍. അതിനാല്‍ ശസ്ത്രക്രിയയെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും സങ്കീര്‍ണതകളെക്കുറിച്ചുമൊക്കെ കൃത്യമായി മനസ്സിലാക്കണം.
ആദ്യം സൈക്യാട്രിക് ഇവാല്യുവേഷന്‍
18 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ മാത്രമേ ലിംഗമാറ്റ ശസ്ത്രക്രിയക്കായി പരിഗണിക്കുകയുള്ളൂ. ഇവരില്‍ നടത്തുന്ന ആദ്യഘട്ടം സൈക്യാട്രിക് ഇവാല്യുവേഷന്‍ എന്ന് അറിയപ്പെടുന്നു. ഇവര്‍ക്ക് യഥാര്‍ഥത്തില്‍ സെക്സ്-ജെന്‍ഡര്‍ മിസ്മാച്ച് ഉണ്ടോയെന്നാണ് ആദ്യം കണ്ടെത്തുന്നത്. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ നീളുന്നതാണ് ഈ ഇവാല്യുവേഷന്‍ കാലഘട്ടം. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെയാണ് പിന്നീടുള്ള ഘട്ടങ്ങളിലേക്ക് കടക്കുന്നത്.
പുരുഷന്‍ സ്ത്രീയാവുമ്പോള്‍
പുരുഷന്‍ സ്ത്രീയാവുന്ന (ട്രാന്‍സ് വുമണ്‍) ലിംഗമാറ്റ
ശസ്ത്രക്രിയക്ക് നിരവധി ഘട്ടങ്ങളുണ്ട്. ആദ്യം ചെയ്യുന്നത് ഹോര്‍മോണ്‍ ചികിത്സയാണ്
സ്തനവളര്‍ച്ചയ്ക്ക് ഹോര്‍മോണ്‍ ചികിത്സ
ആദ്യം സ്തനവളര്‍ച്ചയ്ക്ക് വേണ്ട ഹോര്‍മോണ്‍ ചികിത്സയാണ് നടത്തേണ്ടത്. പുരുഷ ഹോര്‍മോണിന്റെ സ്വാധീനം കുറച്ച് സ്ത്രീ ഹോര്‍മോണുകള്‍ നല്‍കുന്നതോടെ സ്തനങ്ങള്‍ പതുക്കെ വികസിച്ചുതുടങ്ങും. ചര്‍മം, മുടി എന്നിവയുടെ സ്വഭാവത്തിലും മാറ്റം വരും. സ്തനവികസനത്തിന് ഫാറ്റ് ഇന്‍ജക്ഷനുകളും നല്‍കാം. ഈയൊരു ഘട്ടത്തിന് മാസങ്ങള്‍ വേണ്ടി വരും. സ്തനവലിപ്പത്തിനും ആകൃതിയ്ക്കും സിലിക്കോണ്‍ ഇംപ്ലാന്റുകള്‍ നിക്ഷേപിക്കാം. ഇംപ്ലാന്റുകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് മികച്ച ഗുണമേന്‍മ ഉള്ളവയാണ്. അതിനാല്‍ അണുബാധ വളരെ കുറവായിരിക്കും. ഇംപ്ലാന്റുകള്‍ ഉപയോഗിച്ചാല്‍ അവ കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ചും കൃത്യമായ അവബോധം നല്‍കും.

പുരുഷ അവയവങ്ങള്‍ നീക്കം ചെയ്യല്‍
പുരുഷ അവയവങ്ങളെല്ലാം നീക്കം ചെയ്യലാണ് അടുത്ത ഘട്ടം. ഇതിന് നിരവധി ശസ്ത്രക്രിയകളുണ്ട്. വൃഷണങ്ങളും അനുബന്ധ ഭാഗങ്ങളും നീക്കം ചെയ്യുന്ന ഓര്‍ക്കിഡെക്ടമി(Orchidectomy), പുരുഷലിംഗാവയവം മുറിച്ചുമാറ്റുന്ന പെനെക്ടമി(Penectomy) എന്നിവയാണ് ഇതില്‍ ആദ്യം ചെയ്യുന്നത്.
യോനി നിര്‍മ്മാണം
പുരുഷ അവയവങ്ങള്‍ നീക്കം ചെയ്തതിന് ശേഷം യോനി നിര്‍മ്മിക്കുന്നതിനുള്ള വജൈനോപ്ലാസ്റ്റി(Vaginoplasty) ശസ്ത്രക്രിയ നടത്തും.
യോനിനിര്‍മ്മാണം രണ്ട് തരത്തില്‍ ചെയ്യാം. ലിംഗത്തിന്റെ തൊലിയും വൃഷണത്തിന്റെ തൊലിയും ഉപയോഗിച്ച് യോനിയുണ്ടാക്കാം എന്നതാണ് ആദ്യത്തെ രീതി. പക്ഷേ ഇതിന് ലൂബ്രിക്കേഷന്‍ ഉണ്ടാവില്ല. അല്പം ചുരുങ്ങാനുള്ള സാധ്യതയും ഉണ്ട്. കുടല്‍ ഉപയോഗിച്ച് ചെയ്യുന്നതാണ് രണ്ടാമത്തെ രീതി. ഇതിന് വന്‍കുടലോ ചെറുകുടലോ ഉപയോഗിക്കാം. നീളം കുറവായതിനാല്‍ വന്‍കുടല്‍ ഉപയോഗിച്ച് ചെയ്യുമ്പോള്‍ സ്രവം വരുന്നത് കുറവായിരിക്കും. എന്നാല്‍ ഗന്ധം കുറച്ച് കൂടുതലായിരിക്കും. ലീക്ക് ഉണ്ടായാല്‍ സങ്കീര്‍ണതയാണ്. അത് മരണം വരെ സംഭവിക്കാന്‍ ഇടയാക്കും. നീളം കൂടുതലായതിനാല്‍ ചെറുകുടല്‍ ഉപയോഗിച്ച് ചെയ്യുകയാണെങ്കില്‍ സ്രവം കൂടുതല്‍ വരാം. പക്ഷേ ഗന്ധം കുറവായിരിക്കും. ജീവന്‍ അപകടത്തിലാവുന്ന സങ്കീര്‍ണത ഇതില്‍ ഉണ്ടാകാറില്ല. ഇന്റസ്‌റ്റൈനല്‍ ഒബ്‌സ്ട്രക്ഷന്‍ എന്ന അവസ്ഥയാണ് ഇതിന്റെ സങ്കീര്‍ണതയായി ഉണ്ടാവുക. വയറുതുറന്നുള്ള ഏത് ശസ്ത്രക്രിയ ചെയ്താലും ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്. യോനി നിര്‍മ്മാണത്തിന് ഏത് രീതി തിരഞ്ഞെടുക്കണം എന്നത് വ്യക്തികള്‍ക്ക് തീരുമാനിക്കാം.
യോനിയുടെ ലേബിയ(Labia) പുനര്‍നിര്‍മ്മിക്കാന്‍ പുരുഷ ലിംഗത്തിലെ തൊലി എടുക്കും. ഇത് ലേബിയോ പ്ലാസ്റ്റി(Labiaplasty) ശസ്ത്രക്രിയ എന്നാണ് അറിയപ്പെടുന്നത്.
പുരുഷലിംഗം നീക്കം ചെയ്യുമ്പോള്‍ ലഭിക്കുന്ന ലിംഗത്തിന്റെ മകുടം ഉപയോഗിച്ചാണ് ക്ലിറ്റോറിസ് (Clitoris) നിര്‍മ്മിക്കുന്നത്. ഇതിനായി ക്ലിറ്ററോപ്ലാസ്റ്റി(Clitoroplasty) ശസ്ത്രക്രിയയാണ് ചെയ്യുന്നത്.
മൂത്രനാളിയുടെ നീളം കുറച്ച് സ്ത്രീകളുടേത് പോലെയാക്കി മാറ്റും. ലൈംഗികബന്ധത്തിനായി ലിംഗപ്രവേശനം സാധ്യമാവുന്ന തരത്തില്‍ യോനീദ്വാരവും ഈ ശസ്ത്രക്രിയയിലൂടെ പുനര്‍നിര്‍മ്മിക്കപ്പെടുന്നു. പുരുഷ അവയവമായ പ്രോസ്റ്റേറ്റ് ഈ ശസ്ത്രക്രിയയില്‍ നീക്കം ചെയ്യാറില്ല.
ഗര്‍ഭപാത്രമില്ലാത്തതിനാല്‍ ഇവര്‍ക്ക് പ്രസവിക്കാന്‍ സാധിക്കില്ല. പ്രോസ്റ്റേറ്റ് നീക്കം ചെയ്യാത്തതിനാല്‍ പ്രോസ്റ്റേറ്റ് സംബന്ധമായ രോഗങ്ങള്‍ ഭാവിയില്‍ ഉണ്ടായേക്കാം. അക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സ്ത്രീ പുരുഷനാകുമ്പോള്‍
സ്ത്രീ പുരുഷനാകാന്‍ (ട്രാന്‍സ് മാന്‍) നടത്തുന്ന ശസ്ത്രക്രിയ കുറച്ചുകൂടി സങ്കീര്‍ണമാണ്.
സ്തനങ്ങള്‍ നീക്കാന്‍ മാസ്റ്റെക്ടമി
സ്ത്രീ പുരുഷനാകാന്‍ ആദ്യം നടത്തുന്ന ശസ്ത്രക്രിയയാണ് ബ്രെസ്റ്റ് റിമൂവല്‍ സര്‍ജറി അഥവാ മാസ്റ്റെക്ടമി(Mastectomy).
മുലക്കണ്ണുകളും അവശ്യകോശങ്ങളും നിലനിര്‍ത്തിക്കൊണ്ട് ബാക്കിയുള്ള സ്തനഭാഗങ്ങളാണ് ഇവിടെ നീക്കം ചെയ്യുന്നത്. പുരുഷന്റേയും സ്ത്രീയുടെയും മാറിടങ്ങള്‍ക്ക് ഘടനാപരമായി തന്നെ പല വ്യത്യാസങ്ങളുണ്ട്. 'റ' ആകൃതിയിലായിരിക്കും സ്ത്രീകളുടെ മാറിന്റെ അലൈന്‍മെന്റ്. എന്നാല്‍ പുരുഷന് ഇത് നേരെ തിരിച്ചാണ്. അതിനാല്‍ തന്നെ ഇവിടെ വളരെ സൂക്ഷമമായി മാറ്റങ്ങള്‍ വരുത്തണം. ഇങ്ങനെ മാറിടം പുരുഷന്റേതിന് സമാനമായ രീതിയില്‍ പുനര്‍ക്രമീകരിക്കും. ഈ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി നിശ്ചിത കാലയളവിന് ശേഷമാണ് (6-8 മാസങ്ങള്‍) ബാക്കി ശസ്ത്രക്രിയകള്‍ ചെയ്യുന്നത്.
ഹോര്‍മോണ്‍ ചികിത്സ
മാസ്റ്റെക്ടമി ശസ്ത്രക്രിയക്ക് ശേഷം പുരുഷന്‍മാരെപ്പോലെ രോമവളര്‍ച്ചയുണ്ടാകാനായി ഹോര്‍മോണ്‍ ചികിത്സ ചെയ്യണം. ഇതുവഴി മാറിലും മുഖത്തുമൊക്കെ രോമവളര്‍ച്ച ഉണ്ടാകും.
അവയവങ്ങള്‍ നീക്കല്‍
സ്ത്രീയുടെ അവയവങ്ങള്‍ നീക്കം ചെയ്യലാണ് അടുത്ത ഘട്ടത്തില്‍ ചെയ്യുന്നത്. ഗര്‍ഭപാത്രവും ഗര്‍ഭാശയമുഖവും നീക്കം ചെയ്യുന്ന ഹിസ്റ്ററെക്ടമി(Hysterectomy), അണ്ഡാശയങ്ങളും ഫലോപ്പിയന്‍ ട്യൂബും നീക്കം ചെയ്യുന്ന സാല്‍പിന്‍ഗോ ഊഫറെക്ടമി(salpingo-oophorectomy) എന്നിവ ചെയ്യും. വയറു തുറന്നും യോനിവഴിയും ലാപ്രോസ്‌കോപ്പിയായും ചെയ്യാം. ലാപ്രോസ്‌കോപ്പി ചെയ്യുമ്പോള്‍ ചെലവ് കൂടുതല്‍ വരും.
ഇതിന് ശേഷം യോനീഭാഗം നീക്കുന്ന വജൈനെക്ടമി(Vaginectomy) ശസ്ത്രക്രിയ ചെയ്യും. ഇതോടെ റിമൂവല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാകും. ഇനി ചെയ്യേണ്ടത് പുരുഷലിംഗവും അനുബന്ധ അവയവങ്ങളും നിര്‍മ്മിക്കാനുള്ള ശസ്ത്രക്രിയകളാണ്.
മെറ്റോയ്‌ഡോപ്ലാസ്റ്റി(Metoidioplasty), സ്‌ക്രോട്ടോപ്ലാസ്റ്റി(Scrotoplasty), യുറീത്രോപ്ലാസ്റ്റി(Urethroplasty), ഫാലോപ്ലാസ്റ്റി(Phalloplasty) എന്നിങ്ങനെ വിവിധ ശസ്ത്രക്രിയകള്‍ ഇതിനായുണ്ട്.
പുരുഷലിംഗ നിര്‍മ്മാണം
വളരെ ബുദ്ധിമുട്ടേറിയതാണ് പുരുഷലിംഗ നിര്‍മ്മാണം. വജൈനെക്ടമിയുടെ ഭാഗമായി നീക്കം ചെയ്തതും തുടയില്‍ നിന്നും എടുക്കുന്ന പേശികളും ഞരമ്പുകളും മറ്റും ഉപയോഗിച്ചാണ് പുരുഷ ലിംഗം നിര്‍മ്മിക്കുന്നത്. ഫാലോപ്ലാസ്റ്റി ശസ്ത്രക്രിയ വഴിയാണ് പുരുഷലിംഗം നിര്‍മ്മിച്ച് യഥാസ്ഥാനത്ത് സ്ഥാപിക്കുന്നത്.
മൂത്രനാളിക്ക് നീളംകൂട്ടുകയാണ് മറ്റൊരു ദൗത്യം. ഇതിനായി കൈകളില്‍ നിന്നും പേശികള്‍ എടുക്കാം. ഹിസ്റ്ററെക്ടമിയും ഊഫോറെക്ടമിയും നടത്തുമ്പോള്‍ നീക്കം ചെയ്യുന്ന ലേബിയയുടെ ഉള്‍വശത്തെയും പേശികളും മൂത്രനാളിയുടെ നീളം കൂട്ടാന്‍ ഉപയോഗിക്കാം. നേരത്തെ നീക്കം ചെയ്ത ലേബിയയുടെ ഭാഗങ്ങളും നേര്‍ത്ത പേശീഭാഗങ്ങളോ ടെസ്റ്റിക്യുലര്‍ ഇംപ്ലാന്റുകളോ പ്രത്യേകതരം ബോളുകളോ ഒക്കെ ഉപയോഗിച്ച് കൃത്രിമ വൃഷണങ്ങളും നിര്‍മ്മിക്കാം.
സ്ത്രീകളില്‍ രതിമൂര്‍ച്ഛാ അനുഭവം സാധ്യമാക്കുന്ന ക്ലിറ്റോറിസ് നീക്കം ചെയ്യാറില്ല.
ലിംഗോദ്ധാരണമുണ്ടാകാന്‍ പുതുതായി നിര്‍മ്മിച്ച ലിംഗത്തിനകത്ത് എറക്ടെയില്‍ പ്രോസ്‌തെസിസ് വെക്കാം. ഇതുവഴി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പെനിട്രേഷനുള്ള കഴിവ് ലഭിക്കും.
ബീജോത്പാദനം ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് പ്രത്യുത്പാദന ശേഷി ഉണ്ടാകില്ല.
മറ്റ് ശസ്ത്രക്രിയകള്‍
ലിംഗമാറ്റ ശസ്ത്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മുഖം, മുടി, താടി തുടങ്ങിയ ഭാഗങ്ങളില്‍ കൂടി മാറ്റംവരുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി വിവിധ സൗന്ദര്യവര്‍ധക ശസ്ത്രക്രിയകളും ചെയ്യാറുണ്ട്. ഇവ ഓരോരുത്തരുടെയും താത്പര്യത്തിന് അനുസരിച്ചാണ്. സ്ത്രീകളുടെ ഹെയര്‍ലൈന്‍, പുരികം, മുഖം, താടി, ശരീരത്തിലെ കൊഴുപ്പടിയല്‍ എന്നിവ പുരുഷന്‍മാരില്‍ നിന്നും വ്യത്യസ്തമാണ്. അതിനാല്‍ തന്നെ ഹെയര്‍ ഇംപ്ലാന്റ്, താടിയെല്ലിന് മാറ്റം വരുത്തി മുഖത്തിന് മാറ്റമുണ്ടാക്കുന്ന ശസ്ത്രക്രിയകള്‍, ശരീരത്തിലെ അമിത കൊഴുപ്പിനെ നീക്കുന്ന ലിപ്പോസക്ഷന്‍ എന്നിവ ചിലര്‍ ചെയ്യാറുണ്ട്.

ശസ്ത്രക്രിയ കഴിഞ്ഞവര്‍ ശ്രദ്ധിക്കേണ്ടത്
- വളരെ സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയയാണ് ഇത്. അതിനാല്‍ തന്നെ കൃത്യമായ ഫോളോ അപ്പുകള്‍ ആവശ്യമാണ്. ശസ്ത്രക്രിയക്ക് ശേഷമുള്ള ജീവിതം കരുതലോടെ വേണം.
- വജൈനോപ്ലാസ്റ്റി ശസ്ത്രക്രിയ കഴിഞ്ഞവര്‍ കൃത്യമായി വജൈനല്‍ ഡയലറ്റേഷന്‍ ദിവസം മൂന്നുപ്രാവശ്യം ചെയ്യണം. ഡയലേറ്റര്‍ 15 മിനിറ്റ് അകത്തുവയ്ക്കണം. ഇത് കുറഞ്ഞത് ഒരു വര്‍ഷത്തോളം തുടരണം.
- കൃത്യമായ ശുചിത്വം പാലിക്കണം.
- മലദ്വാരം സമീപത്ത് തന്നെ ആയതിനാല്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ജനനേന്ദ്രിയ ഭാഗങ്ങളില്‍ അണുബാധയുണ്ടാകാതെ എപ്പോഴും ശ്രദ്ധ വേണം.
- ജനനേന്ദ്രിയങ്ങള്‍ നിര്‍മ്മിക്കാനെടുത്ത പേശികള്‍ക്കും കോശങ്ങള്‍ക്കും ഭാവിയില്‍ കേടുപാടുകള്‍ വന്നേക്കാം. അപ്പോള്‍ ഉടനടി ചികിത്സ തേടേണ്ടി വരും.
- യോനി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വന്‍കുടലിന്റെയോ ചെറുകുടലിന്റെയോ ഭാഗങ്ങള്‍ക്ക് ലീക്ക് സംഭവിച്ചാല്‍ വലിയ പ്രശ്നങ്ങളുണ്ടാകും. ജീവന്‍ തന്നെ അപകടത്തിലായേക്കാം. അതിനാല്‍ അക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
- മലദ്വാരത്തിന്റെ പേശികള്‍ക്ക് ബലക്കുറവ് സംഭവിക്കാം. അപ്പോള്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അതിനാല്‍ ഒരു വര്‍ഷത്തേക്കെങ്കിലും അതീവ ശ്രദ്ധ പുലര്‍ത്തണം.
- ആറുമാസത്തോളം ഗന്ധവും സ്രവവും (ഡിസ്ച്ചാര്‍ജ്) ലീക്ക് ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കുമ്പോല്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.
- ജനനേന്ദ്രിയ നിര്‍മ്മാണത്തിന് ഉപയോഗിച്ച പേശികള്‍ക്കും കോശങ്ങള്‍ക്കും ചുരുക്കം വരാന്‍ സാധ്യതയുണ്ട്. കൃത്യമായി ഫോളോഅപ്പ് ചെയ്ത് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്തണം.
''ഒരാളുടെ സെക്സും ജെന്‍ഡറും തമ്മില്‍ ഒരു മിസ്മാച്ച് ഉണ്ടാകുന്നതാണ് ട്രാന്‍സ്ജെന്‍ഡര്‍ എന്ന അവസ്ഥയ്ക്ക് കാരണം. അതൊരു മാനസിക പ്രശ്നമല്ല. അവര്‍ മാനസിക രോഗികളുമല്ല. അവര്‍ക്ക് വേണ്ട ചികിത്സ നല്‍കാനുള്ള സംവിധാനങ്ങള്‍ തയ്യാറാക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്.

സര്‍ക്കാര്‍ ധനസഹായം ശസ്ത്രക്രിയക്ക് ശേഷം ബില്‍ നല്‍കിക്കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞാണ് അവര്‍ക്ക് ലഭിക്കുന്നത്. അതിനുപകരം ശസ്ത്രക്രിയക്ക് മുന്‍പായി തന്നെ ആ തുക നല്‍കിയാല്‍ അവരുടെ സാമ്പത്തിക പ്രയാസം ഒരുപരിധി വരെ കുറയ്ക്കാനാകും.''
- ഡോ. സന്ദീപ് വിജയരാഘവന്‍
പ്രൊഫസര്‍
സെന്റര്‍ ഫോര്‍ പ്ലാസ്റ്റിക് ആന്‍ഡ് റികണ്‍സ്ട്രക്റ്റീവ് സര്‍ജറി
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി
Content Highlights: What is Sex Reassignment Surgery, Gender affirming Surgery, Transgender, Transgender Ananya
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..