Representative Image | Photo: Gettyimages.in
നട്ടെല്ല് ഇടതുവശത്തേക്കോ വലതുവശത്തേക്കോ വളയുന്ന രോഗമാണ് സ്കോളിയോസിസ്. എല്ലാ പ്രായക്കാർക്കും വരാവുന്ന രോഗമാണിതെങ്കിലും കുട്ടികളിലും കൗമാരക്കാരിലുമാണ് ഈ രോഗം അധികമായി കണ്ടു വരുന്നത്. സ്കോളിയോസിസ് എന്താണെന്ന് തിരിച്ചറിയാൻ ആദ്യം നട്ടെല്ലിന്റെ ശരിയായ രൂപം എന്താണെന്ന് നോക്കാം. നമ്മുടെ നട്ടെല്ലിന് പ്രധാനമായും നാലു ഭാഗങ്ങളുണ്ട്.
തലയോട്ടിക്കു തൊട്ടു താഴെ തുടങ്ങുന്ന കഴുത്തിന്റെ ഭാഗത്ത് 7 കശേരുക്കൾ (വെർട്ടിബ്രേറ്റ്സ്) അടങ്ങുന്ന സെർവിക്കൽ സ്പൈൻ, വാരിയെല്ലുകളുമായി ബന്ധപ്പെടുത്തിയ അടുക്കുകളായി കാണപ്പെടുന്ന 12 കശേരുക്കളടങ്ങുന്ന തൊറാസിക് സ്പൈൻ, തുടർന്ന് ഏറ്റവും വലുതും ബലമേറിയതുമായ 5 കശേരുക്കൾ ഉൾക്കൊള്ളുന്ന ലംബാർ സ്പൈൻ, ബാല്യത്തിൽ അഞ്ച് കശേരുക്കളായി കാണപ്പെടുകയും കൗമാരത്തിലേക്ക് കടക്കുന്നതോടെ ഒരെണ്ണം മാത്രമായി രൂപപ്പെടുകയും ചെയ്യുന്ന സാക്രം കോക്സിക്സ് എന്നിങ്ങനെയാണ് നട്ടെല്ലിന്റെ ഘടന.
മനുഷ്യനെ ഒരു വശത്തു നിന്ന് നോക്കിയാൽ നെഞ്ചിനുപിറകു വശം മുതുക് അൽപം പുറത്തേക്ക് പൊങ്ങിനിൽക്കുന്ന വിധത്തിലും (കൈഫോസിസ്) വയറിനു പിറകുവശം ഉള്ളിലേക്ക് വളഞ്ഞു നിൽക്കും വിധമുള്ള വളവുകൾ (ലോർഡോസിസ്) കാണാം. ഇതാണ് മനുഷ്യനെ നിവർന്നു നിൽക്കാനും ഭാരം ചുമക്കാനും ആവശ്യത്തിന് ചലിക്കാനുമെല്ലാം സഹായിക്കുന്നത്. പിൻവശത്തു നിന്ന് നട്ടെല്ലിനെ നോക്കുമ്പോൾ ഇടതു വലതു വശങ്ങളിലേക്കു വളവുകൾ വരുന്നതാണ് സ്കോളിയോസിസ്. സ്കോളിയോസിസ് ഏതു പ്രായക്കാരെയും ബാധിക്കാം. എന്നാൽ കൂടുതൽ 10 മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളിലാണ് ഈ രോഗം കണ്ടു വരുന്നത്.
പ്രധാന ലക്ഷണങ്ങൾ
- ഇടുപ്പ്, ചുമൽ ഉയരവ്യത്യാസം
- ഇടുപ്പിന്റെ ഒരു വശം ആനുപാതികമല്ലാതെ ഉയർന്നിരിക്കുക
- ചുമലിന്റെ ഒരു വശം തോൾപലകകൾ ഉയർന്നിരിക്കുക
- വാരിയെല്ലുകളുടെ ഉയരത്തിൽ ഇരു വശവും തമ്മിൽ വ്യത്യാസം വരുന്നത്
- ഇടുപ്പ് ഭാഗത്തു ഉയരവ്യത്യാസം
- നട്ടെല്ലിന്റെ ഇരു വശങ്ങളിലുമുള്ള ത്വക്കിൽ കാണുന്ന നിറവ്യത്യാസങ്ങൾ
- ശരീരം മുഴുവനായും ഒരു വശത്തേക്ക് വളയുക
- പുറം വേദന
- നിവർന്നു നിൽക്കാൻ കഴിയാത്ത അവസ്ഥ
- നട്ടെല്ലിന്റെ ലംബാർ ഭാഗത്തുള്ള വേദനമുലം കാലിൽ വേദനയും തരിപ്പും
- പ്രായപൂർത്തിയായവരിൽ ഉയരം കുറയൽ
- കൂടുതൽ ഗൗരവമായ രോഗികളിൽ മല-മൂത്ര തടസ്സം
മറ്റെല്ലാ അസുഖങ്ങളെപ്പോലെയും സ്കോളിയോസിസും നിങ്ങൾ എത്ര പെട്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നുണ്ടോ അത്രയും തന്നെ അതുകൊണ്ടുണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കാനും കഴിയും. ആദ്യമേ കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞാൽ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയുന്ന അസുഖമാണിത്. ചെറിയ വളവുകൾക്ക് ഒബ്സർവ്വേഷൻ, ബെൽറ്റ് ചികിത്സയും പ്രായപൂർത്തിയാവുന്നതു വരെ മുടങ്ങാതെയുള്ള പരിശോധനകളും വേണ്ടി വരും.
വളരെ വലിയ വളവുള്ളവർക്ക് സ്കോളിയോസിസ് ശസ്ത്രക്രിയ ചെയ്യാം. -സ്പൈനൽ ഫ്യൂഷൻ- ഈ രോഗത്തിനുള്ള അത്യാധുനിക ചികിത്സകളിലൊന്നാണ്.
സ്കോളിയോസിസ് രോഗം ബാധിച്ചവർ നേരിടുന്ന മാനസികവും സാമൂഹ്യവുമായ പ്രശ്നങ്ങൾ നേരിടാൻ അവരെ പര്യാപ്തരാക്കാൻ നാം ഓരോരുത്തർക്കും നമ്മുടേതായ ദൗത്യങ്ങൾ നിർവഹിക്കാനുണ്ട്. സ്കോളിയോസിസ് ജീവിതം അടിയറ വയ്ക്കാനുള്ള രോഗമല്ലെന്ന തിരിച്ചറിവു തന്നെയാണ് രോഗികൾക്കും രക്ഷിതാക്കൾക്കും വേണ്ടത്. വേഗത്തിന്റെ രാജകുമാരനായ ഉസൈൻ ബോൾട്ടിനെ അറിയില്ലേ? തുടർച്ചയായ മൂന്ന് ഒളിമ്പിക്സുകളിലും 100 മീ., 200 മീ. ഓട്ടത്തിൽ സ്വർണമെഡൽ നേടിയ ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച കായികതാരമായ ഉസൈൻ ബോൾട്ട് സ്കോളിയോസിസ് രോഗം നേരിട്ടയാളായിരുന്നു. ശസ്ത്രക്രിയ ആവശ്യമില്ലാത്ത വളവേ ഉസൈൻ ബോൾട്ടിനുണ്ടായിരുന്നുള്ളൂ.
(ലേഖകൻ: സീനിയർ കൺസൽട്ടന്റ്- ബോൺ ആന്റ് ജോയിന്റ് കെയർ ആന്റ് ഹെഡ് - സ്പൈനൽ സർജറി, സെന്റർ ഓഫ് എക്സലൻസ് ഫോർ ബോൺ ആന്റ് ജോയിന്റ് കെയർമേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട് )
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..