പൊതുവായ വാതരോഗങ്ങളുടെ ഗണത്തില്‍ വളരെ സാവധാനത്തില്‍ വ്യാപിക്കുന്നതും ഗൗരവതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നതുമായ രോഗാവസ്ഥയാണ് സോറിയാസിസ് ആര്‍ത്രൈറ്റിസ്. കോശജ്വലന സന്ധിവാതങ്ങളില്‍ പെട്ടതാണ് ഈ രോഗാവസ്ഥ. നേരത്തെ സോറിയാസിസ് ബാധിതരായവരില്‍ 30 ശതമാനത്തോളം പേരെ സോറിയാസിസ് ആര്‍ത്രൈറ്റിസ് ബാധിക്കുന്നു എന്നാണ് പൊതുവായ കണക്ക്. ശരീരത്തിലെ 78 ഓളം പ്രധാന സന്ധികളില്‍ ഏതിനെ വേണമെങ്കിലും സോറിയാസിസ് ആര്‍ത്രൈറ്റിസ് ബാധിക്കാമെന്നതും ശ്രദ്ധേയമാണ്. 

ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ സംവിധാനം തന്നെ ആരോഗ്യമുള്ള കോശങ്ങളെ അക്രമിക്കുന്ന ഓട്ടോ ഇന്‍ഫ്ളമേറ്ററി എന്ന് വിളിക്കുന്ന അവസ്ഥയുടെ പരിണിതഫലമാണ് സോറിയാസിസ് ആര്‍ത്രൈറ്റിസ്. തൊലി, സന്ധി എന്നീ ഭാഗങ്ങളെയാണ് ഈ രോഗാവസ്ഥ അക്രമിക്കുന്നത്. കൃത്യസമയത്ത് റുമറ്റോളജിസ്റ്റിനെയോ പരിചയ സമ്പന്നനായ ഡോക്ടറെയോ സന്ദര്‍ശിച്ച് ഉചിതമായ ചികിത്സ സ്വീകരിച്ചില്ലെങ്കില്‍ രോഗം സന്ധികളിലും കോശങ്ങളിലുമെല്ലാം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ലക്ഷണങ്ങള്‍

  • കൈവിരലുകളിലെയും കാല്‍വിരലുകളിലെയും നീര്‍ക്കെട്ട്
  • പാദവേദന
  • നടുവേദന
  • ക്ഷീണം
  • സ്നായുവിന് (ടെണ്ടന്‍-ചലന ഞരമ്പ്) ചുറ്റും നീര്‍ക്കെട്ടും വേദനയും.
  • സന്ധികളില്‍ രാവിലെ അനുഭവപ്പെടുന്ന വഴക്കമില്ലായ്മ
  • ശോധന കുറവ്
  • നഖത്തിലെ മാറ്റങ്ങള്‍
  • കണ്ണിന് ചുവപ്പും വേദനയും
  • കാല്‍മുട്ട്, കൈമുട്ട്, തലയോട് എന്നിവിടങ്ങളിലെ തൊലിയില്‍ ശല്‍ക്കങ്ങള്‍ കാണപ്പെടുക

റുമറ്റോയിഡ് ആര്‍ത്രൈറ്റിസുമായി പൊതുവായ ചില സമാനതകള്‍ സോറിയാസിസ് ആര്‍ത്രൈറ്റിസിനുമുണ്ട്. എന്നാല്‍ നഖങ്ങളിലും മറ്റും കാണപ്പെടുന്ന ലക്ഷണങ്ങള്‍ സോറിയാസിസ് ആര്‍ത്രൈറ്റിസിന്റെ തനതായ സവിശേഷതകളാണ്. 

സങ്കീര്‍ണ്ണതകള്‍ക്കുള്ള സാധ്യതകള്‍

നേരത്തെ തന്നെ തിരിച്ചറിഞ്ഞ് നിര്‍ബന്ധമായ ഉചിതമായ ചികിത്സ സ്വീകരിക്കേണ്ട രോഗാവസ്ഥയാണ് സോറിയാസിസ് ആര്‍ത്രൈറ്റിസ്. കൃത്യസമയത്ത് ചികിത്സ സ്വീകരിച്ചില്ലെങ്കില്‍ നിരവധി പ്രത്യാഘാതങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. പ്രധാന സങ്കീര്‍ണ്ണതകള്‍ ഇനി പറയുന്നു.

സ്ഥായിയായ വൈകല്യങ്ങള്‍: കൃത്യസമയത്ത് രോഗം തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്തില്ലെങ്കില്‍ ശരീര വൈകല്യങ്ങള്‍ സംഭവിക്കും. സംഭവിച്ചതിന് ശേഷം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത തരത്തിലുള്ള സ്ഥായിയായ വൈകല്യങ്ങളായിരിക്കും ഇവ.

ഹൃദയാഘാതം: ഹൃദയാഘാതം, സ്ട്രോക്ക് മുതലായ രോഗാവസ്ഥകളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ പ്രചോദിപ്പിക്കാനും, അതുവഴി ഈ രോഗാവസ്ഥകള്‍ക്ക് വഴിയൊരുക്കാനും സോറിയാസിസ് ആര്‍ത്രൈറ്റിസിന് സാധിക്കും.

ക്രോണ്‍സ് ഡിസീസ്: സോറിയാസിസ് രോഗികളിലും അപൂര്‍വ്വരോഗമായ ക്രോണ്‍സ് ഡിസീസിലും ഏറെക്കുറെ സമാനമായ ജനിതക വ്യതിയാനമാണുള്ളത് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ രണ്ടും തമ്മില്‍ സ്വാഭാവികമായുള്ള ബന്ധം നിലനില്‍ക്കുന്നു.

നിരാശ: മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കാനും, നിരാശയിലേക്ക് നയിക്കാനും ഈ രോഗാവസ്ഥ കാരണമാകും. സോറിയാസിസും സോറിയാസിസ് ആര്‍ത്രൈറ്റിസും ഒരുമിച്ചുള്ളവരില്‍ ഇതിനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. 

പ്രമേഹം: ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കാനുള്ള സാധ്യത സോറിയാസിസ് ആര്‍ത്രൈറ്റിസ് ബാധിതരില്‍ കൂടുതലാണ്. അമിത ദാഹം, വിശപ്പ്, കാഴ്ച തകരാര്‍, ക്ഷീണം മുതലായവയുണ്ടെങ്കില്‍ നിര്‍ബന്ധമായും പ്രമേഹം കൂടി പരിശോധിക്കണം.

കാഴ്ചത്തകരാര്‍: കണ്ണില്‍ ജ്വലനമോ, കാഴ്ചസംബന്ധമായ തകരാറുകളോ സൃഷ്ടിക്കുവാന്‍ ഈ രോഗാവസ്ഥ കാരണമാകുന്നു. കൃഷ്ണമണിയില്‍ വേദനയുണ്ടാവുകയും, വെളിച്ചത്തില്‍ ഈ വേദന അധികരിക്കുകയും ചെയ്യും. 

ഗൗട്ട്: സന്ധികളില്‍ യൂറിക് ആസിഡ് പരലുകള്‍ അടിഞ്ഞ് കൂടുന്നത് മൂലം ഗൗട്ടിനുള്ള സാധ്യത വര്‍ധിക്കും.

സന്ധികള്‍ക്ക് നാശം: കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ ഈ രോഗാവസ്ഥ സന്ധികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയാക്കും.

പ്രതിരോധം

വ്യായാമം, മരുന്ന്, ഭക്ഷണ ശൈലിയിലെ മാറ്റങ്ങള്‍ മുതലായവയിലൂടെ സോറിയാസിസ് ആര്‍ത്രൈറ്റിസിനെ ഒരു പരിധിവരെ നിയന്ത്രിക്കുവാനോ, കുറയ്ക്കുവാനോ, ചികിത്സിച്ച് ഭേദമാക്കുവാനോ സാധിക്കും.

വ്യായാമം ആരംഭിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശ-നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണം. സന്ധികള്‍ക്ക് അമിതഭാരം നല്‍കാത്ത, ചലനാത്മകത വര്‍ദ്ധധിപ്പിക്കാന്‍ സഹായിക്കുന്ന, ശരീരഭാരം ക്രമമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. 

ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുക, സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുക, സന്ധികളില്‍ പരുക്ക് ഏല്‍ക്കാതെ സൂക്ഷിക്കുക, മാനസിക സമ്മര്‍ദ്ദങ്ങളില്ലാതെ നോക്കുക, ചര്‍മ്മത്തിന് പരിക്കേല്‍ക്കാതെ നോക്കുക, മദ്യപാനവും പുകവലിയും പൂര്‍ണ്ണമായി ഉപേക്ഷിക്കുക, അനുയോജ്യമല്ലാത്ത കാലാവസ്ഥകള്‍ ഒഴിവാക്കുക, അലര്‍ജിക്കുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക, ഭക്ഷണക്രമീകരണം നിര്‍ബന്ധമായും പാലിക്കുക എന്നീ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണം.

(കോഴിക്കോട് അനൂഫ്സ് റുമാകെയര്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ് & എം.ഡിയാണ് ലേഖകന്‍)

Content Highlights: What is psoriatic arthritis, How to prevent psoriatic arthritis