Representative Image | Photo: Gettyimages.in
പ്രത്യുൽപാദന കാലഘട്ടത്തിൽ ആർത്തവകാലത്തിന് മുന്നോടിയായി സ്ത്രീകളിൽ കാണപ്പെടുന്ന ചില ലക്ഷണങ്ങളെ ചേർത്ത് പറയുന്നതാണ് പ്രീമെൻസ്ട്രൽ സിൻഡ്രോം അഥവാ പി.എം.എസ്. അത്തരം പ്രശ്നങ്ങൾ ആർത്തവസ്രാവത്തോടു കൂടി ശമിക്കുന്നതായും കാണാം. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അതിൽ ഉൾപ്പെടുന്നു. ഇത് പലപ്പോഴും ജീവിതനിലവാരത്തേയും വ്യക്തിബന്ധങ്ങളേയും ഒക്കെ സാരമായി ബാധിക്കാം.
ലക്ഷണങ്ങൾ
തലവേദന, വയറുവീർപ്പ്, സ്തനങ്ങളിൽ അനുഭവപ്പെടുന്ന വേദന, ഓക്കാനം, നടുവേദന, തലകറക്കം, ശരീരത്തിൽ ചൂടനുഭവപ്പെടുക തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകളോ പെട്ടെന്ന് ദേഷ്യം വരിക, ചിലപ്പോൾ പൊട്ടിത്തെറിക്കുക, പെട്ടെന്ന് കരച്ചിൽ വരിക, ഉത്‌കണ്ഠ, വിഷാദം, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരിക, ഉറക്കക്കുറവ് തുടങ്ങിയ മാനസികമായ ബുദ്ധിമുട്ടുകളോ കണ്ടുവെന്ന് വരാം. പൊതുവിൽ സഹിഷ്ണുത കുറയുന്നതായി കാണാം. സാധാരണയിൽ കവിഞ്ഞ് ശക്തമായ രീതിയിൽ ഈ ദിവസങ്ങളിൽ പ്രതികരിച്ചുവെന്നുവരാം. ഈ ലക്ഷണങ്ങൾ തീവ്രമാകുന്ന സാഹചര്യങ്ങളിൽ സ്ത്രീയ്ക്ക് ജോലിസംബന്ധമായും സാമൂഹികപ്രവർത്തനപരമായും മറ്റുമൊക്കെ വൈഷമ്യം അനുഭവപ്പെടാം. ആർത്തവസ്രാവത്തിന് മുൻപുള്ള ആഴ്ചയിലാണ് ഇവ കണ്ടു വരുന്നത്. രക്തസ്രാവത്തിന്റെ ആദ്യദിവസങ്ങളിൽ തന്നെ ഇവ മാറുന്നതായും കാണാം. ചിലരിൽ ആർത്തവപ്രശ്നങ്ങളും ഒപ്പം കാണുന്നുണ്ട്. രക്തസ്രാവത്തിനുശേഷമുള്ള ആഴ്ചയിൽ ഇത്തരം ബുദ്ധിമുട്ടുകളൊന്നും തന്നെ കാണില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പൊതുവിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമിക്കുക.
- ഭക്ഷണപദാർത്ഥങ്ങളിലെ എരിവ്, പുളി, ഉപ്പ് ആവശ്യത്തിലധികമാകാതിരിക്കാൻ നന്നേ ശ്രദ്ധിക്കുക.
- കട്ടൻകാപ്പി, കട്ടൻചായ എന്നിവ പരമാവധി കുറയ്ക്കുക.
- ശരീരത്തിനാവശ്യമായ വിശ്രമം ഉറപ്പുവരുത്തുക.
- ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും പൂർണ്ണപിന്തുണയും കരുതലും ആവശ്യമാണ്.
- ശ്വസനവ്യായാമങ്ങൾ, പ്രാണായാമം, ധ്യാനം എന്നിവ പരിശീലിക്കുന്നത് വളരെ പ്രയോജനകരമാണ്.
- ശരീരബലത്തിനനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള വ്യായാമം ശീലമാക്കുക. അമിതവണ്ണമുണ്ടെങ്കിൽ അത് കുറയ്ക്കുവാൻ ശ്രമിക്കുക.
- വ്യക്തിയ്ക്കനുസരിച്ച് ഔഷധസേവയോ വിരേചനം, ശിരോധാര പോലുള്ള ചികിത്സകളോ ചെയ്യാവുന്നതാണ്.
Content Highlights:what is Premenstrual syndrome how this affects womens health and life, Health, Ayurveda
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..