എന്താണ് കുഞ്ഞുങ്ങള്‍ക്കുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍(പി.സി.വി.)? അറിയേണ്ടതെല്ലാം


അനു സോളമന്‍

പി.സി.വി.10 ആണ് കേരളത്തില്‍ സൗജന്യമായി നല്‍കുന്നത്

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടന്ന പി.സി.വി. പദ്ധതി ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജ്| ഫോട്ടോ: പി.ടി.ഐ.

ന്യൂമോകോക്കല്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിന്‌ കുഞ്ഞുങ്ങള്‍ക്കായി പുതിയ ഒരു വാക്സിന്‍ കൂടി സംസ്ഥാനത്ത് ആരംഭിച്ചിരിക്കുകയാണ്.

സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായി 2021 ഒക്ടോബര്‍ ഒന്ന് മുതലാണ് കുഞ്ഞുങ്ങള്‍ക്ക് ന്യൂമോ കോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍(PCV10) നല്‍കാന്‍ തുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഒക്ടോബര്‍ ഒന്നിനാണ് ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ സാന്നിധ്യത്തില്‍ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി മറ്റ് ജില്ലകളില്‍ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

ആദ്യ മാസം 40,000 കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം കൊണ്ട് 4.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് പദ്ധതി. വാക്സിനേഷന്റെ ആദ്യമാസത്തേക്ക് ആവശ്യമായ 55,000 ഡോസ് വാക്‌സിന്‍ എല്ലാ ജില്ലകളിലും വിതരണം ചെയ്തു കഴിഞ്ഞതായി ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

എന്തിനാണ് വാക്സിന്‍ നല്‍കുന്നത്?

അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ ലോകത്താകമാനം പത്ത് ലക്ഷത്തോളം കുട്ടികള്‍ ഗുരുതരമായ ന്യൂമോണിയ ബാധിച്ച് ഒരു വര്‍ഷം മരണമടയുന്നു എന്ന് വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നു. കുട്ടികളില്‍ ബാക്ടീരിയ ബാധമൂലമുള്ള ന്യൂമോണിയയുടെ ഒരു പ്രധാന കാരണം സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയയാണ്.

ഇന്ത്യയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 12 ലക്ഷം കുട്ടികള്‍ ഒരു വര്‍ഷം മരണമടയുന്നത്. ഇവരില്‍ 16 ശതമാനത്തോളം മരണങ്ങളും ന്യൂമോണിയ മൂലമാണ് സംഭവിക്കുന്നത്. 2015 ല്‍ അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള 68700 കുട്ടികള്‍ ന്യുമോകോക്കല്‍ രോഗങ്ങള്‍ മൂലം മരിച്ചുവെന്നും കണക്കുകളില്‍ പറയുന്നു.

എന്താണ് ന്യൂമോകോക്കല്‍ അസുഖങ്ങള്‍?

സ്ട്രെപ്പറ്റോകോക്കസ് ന്യൂമോണിയേ അഥവാ ന്യൂമോകോക്കസ് എന്ന ഒരു തരം ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു കൂട്ടം അസുഖങ്ങളെയാണ് പൊതുവേ ന്യൂമോകോക്കല്‍ അസുഖങ്ങള്‍ എന്ന് പറയുന്നത്.

ഈ ബാക്ടീരിയകള്‍ ശരീരത്തിന്റെ പലഭാഗങ്ങളിലായി വ്യാപിച്ച് പലതരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കും. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യുമോണിയ. ശ്വാസകോശത്തെ ബാധിക്കുന്ന ന്യൂമോണിയ, മസ്തിഷ്‌കത്തെ ആവരണം ചെയ്യുന്ന സ്തരങ്ങളെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, രക്തത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന അണുബാധയായ സെപ്റ്റിസീമിയ, ചെവി പഴുപ്പ് അഥവാ ഓട്ടൈറ്റിസ് മീഡിയ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉണ്ടാകാന്‍ ഈ ബാക്ടീരിയ കാരണമാകും.

vaccine
Representative Image| Photo: GettyImages

ഈ ബാക്ടീരിയയ്ക്ക് നിരവധി വകഭേദങ്ങളുണ്ട്. എന്നാല്‍ അവയെല്ലാം ഗുരുതരമായ രോഗാവസ്ഥകള്‍ക്ക് ഇടയാക്കാറില്ല. ഇവയില്‍ പലതും നമ്മുടെ തൊണ്ടയിലും മൂക്കിലുമൊക്കെ ഉണ്ടാകാറുമുണ്ട്. ചില അസുഖങ്ങളെത്തുടര്‍ന്ന് പലപ്പോഴും കുട്ടികളില്‍ രോഗപ്രതിരോധ ശേഷി കുറയാനിടയുണ്ട്. നിശബ്ദരായിരിക്കുന്ന ഈ ബാക്ടീരിയകള്‍ ആ സമയത്ത് പ്രശ്നമുണ്ടാക്കാം. ന്യുമോണിയ, മെനിഞ്ചൈറ്റിസ്, ചെവിയില്‍ പഴുപ്പ്, രക്തത്തിലെ അണുബാധ എന്നിവ ഉണ്ടായാല്‍ ചികിത്സ തേടേണ്ടി വരും. അവ ഭേദമായാലും ചിലപ്പോള്‍ കേള്‍വിക്കുറവ്, അപസ്മാരം, ബുദ്ധിക്കുറവ് എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് ന്യൂമോകോക്കല്‍ വാക്സിന്‍ കൂടി കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

രോഗത്തിന്റെ ലക്ഷണങ്ങള്‍

ചുമ, കഫക്കെട്ട്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, പനി, നെഞ്ചുവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗം തീവ്രമാണെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ഒക്കെ ബുദ്ധിമുട്ട് ഉണ്ടാകാം. ഹൃദയാഘാതം ഉണ്ടാകാനോ അബോധാവസ്ഥയിലാകാനോ സാധ്യതയുണ്ട്.

ന്യൂമോകോക്കല്‍ വാക്സിന്‍ പുതിയത് അല്ല

ഇതൊരു പുതിയ വാക്സിനല്ല. 2017 മുതല്‍ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഈ വാക്സിന്‍ നല്‍കാന്‍ തുടങ്ങിയിരുന്നു. അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ മരണനിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഹിമാചല്‍ പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെയാണ് ഈ വാക്സിന്‍ ലഭ്യമാക്കിയത്. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ 2000 മുതല്‍ തന്നെ ഈ വാക്സിന്‍ ലഭ്യമായിരുന്നു. കേരളത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ സാര്‍വത്രിക പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലൂടെ സൗജന്യമായാണ് ഈ വാക്സിന്‍ നല്‍കുന്നത്.

പി.സി.വി 13, പി.സി.വി.10, പി.സി.വി. 7, പി.പി.എസ്.വി. എന്നിങ്ങനെയാണ് ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിനുകള്‍. ന്യുമോകോക്കല്‍ ബാക്ടീരിയയുടെ 90 വകഭേദങ്ങളില്‍ 13 രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതാണ് പി.സി.വി.13.

സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയെ മൂലമുണ്ടാകുന്ന 10 തരം ന്യൂമോകോക്കല്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതാണ് പി.സി.വി.10.

സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയെ ബാക്ടീരിയയുടെ ഏഴ് തരം രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന വാക്സിനാണ് പി.സി.വി.7.

പി.സി.വി. 10, പി.സി.വി. 13 എന്നിവയിലെ 10,13 എന്നിവ സൂചിപ്പിക്കുന്നത് ആ വാക്‌സിനുകളില്‍ അടങ്ങിയിരിക്കുന്ന സീറോ ടൈപ്പുകളുടെ എണ്ണത്തെയാണ്. ന്യുമോസില്‍ (Pneuemosil) എന്നറിയപ്പെടുന്ന പി.സി.വി.10 ആണ് കേരളത്തില്‍ സൗജന്യമായി നല്‍കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇത് നിര്‍മ്മിക്കുന്നത്.

സ്വകാര്യ ആശുപത്രികളില്‍ പി.സി.വി. 10 ന് 1900 രൂപയാണ് ഈടാക്കുന്നത്. പി.സി.വി. 13 വാക്സിന് 2500 -3800 രൂപ വരെയാണ് സ്വകാര്യ മേഖലയില്‍ വില.

വാക്സിന്‍ നല്‍കേണ്ടത് എപ്പോള്‍?

ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രീഷ്യന്‍(ഐ.എ.പി.) മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കുഞ്ഞ് ജനിച്ച് ആറാഴ്ച, പത്താഴ്ച, പതിനാല് ആഴ്ച എന്നീ പ്രായത്തില്‍ പി.സി.വിയുടെ ആദ്യ മൂന്ന് ഡോസുകള്‍ നല്‍കണം. 12-15 മാസത്തില്‍ ബൂസ്റ്റര്‍ ഡോസും നല്‍കാം എന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

കേരളത്തില്‍ നിലവില്‍ ആരംഭിച്ചിരിക്കുന്ന വാക്‌സിനേഷന്‍ പദ്ധതി പ്രകാരം കുഞ്ഞ് ജനിച്ച് ആറാഴ്ച(ഒന്നര മാസം) പ്രായമാകുമ്പോഴാണ് പി.സി.വിയുടെ ആദ്യ ഡോസ് നല്‍കുന്നത്. പതിനാല് ആഴ്ച(മൂന്നര മാസം) സമയത്താണ് പി.സി.വി. രണ്ടാം ഡോസ് നല്‍കുന്നത്. ആദ്യത്തെ ഈ രണ്ട് ഡോസുകളാണ് പ്രൈമറി ഡോസ്. പെന്റാവാലന്റ്, ഓറല്‍ പോളിയോ, ഇഞ്ചക്ടബിള്‍ പോളിയോ, റോട്ട വൈറല്‍ വാക്സിനുകള്‍ എന്നിവയ്ക്കൊപ്പമാണ് പി.സി.വിയുടെ ആദ്യ രണ്ട് ഡോസുകള്‍ നല്‍കുന്നത്.
തുടര്‍ന്ന് ഒമ്പത് മാസം പ്രായമാകുമ്പോള്‍ ബൂസ്റ്റര്‍ ഡോസും നല്‍കും. എം.ആര്‍.വാക്സിന്റെ ആദ്യ ഡോസ്, വിറ്റാമിന്‍ എ എന്നിവയ്ക്കൊപ്പമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. അങ്ങനെ ന്യൂമോകോക്കല്‍ വാക്സിന്റെ മൂന്ന് ഡോസാണ് നല്‍കുന്നത്.

0.5 മില്ലി വാക്സിനാണ് നല്‍കുക. വലത് തുടയിലെ പേശികളിലാണ് (Intramuscular Injection on Right Anterolateral Thigh) ഈ കുത്തിവയ്പ്പ് നല്‍കുന്നത്. വാക്സിന്‍ എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധിയായി ഒരു വയസ്സാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

അറിയേണ്ട മറ്റ് കാര്യങ്ങള്‍

  • ന്യൂമോകോക്കല്‍ വാക്സിന്‍ പൊതുവേ സുരക്ഷിതമാണ്. പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുത്തിവയ്പ്പെടുത്താല്‍ കുത്തിവയ്പ്പെടുത്ത സ്ഥലത്ത് വേദനയും ചെറിയ പനിയുമൊക്കെ ഉണ്ടാകാം.
  • മുന്‍പ് പി.സി.വി. എടുത്ത് അലര്‍ജി ഉണ്ടായിട്ടുണ്ടെങ്കില്‍ വാക്‌സിന്‍ എടുക്കരുത്.
  • കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ ഉള്ള സമയത്ത് ഈ വാക്സിന്‍ എടുക്കരുത്. രോഗം ഭേദമായ ശേഷം ഡോക്ടറുടെ ഉപദേശം തേടി വാക്സിനെടുക്കാം.
  • സാധാരണ പനിയോ ജലദോഷമോ ഒക്കെ ഉണ്ടെങ്കിലും വാക്സിനെടുക്കാം.
കടപ്പാട്:
ഡോ. റോഷ്‌നി ഗംഗന്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍
ആസ്റ്റര്‍ മിംസ് കോഴിക്കോട്

Content Highlights: What is Pneumococcal Conjugate Vaccine, Health, Kids Health, Vaccination


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented