പ്രതീകാത്മക ചിത്രം | Photo: PTI
കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിങ് കിറ്റായ ഒമിഷുവറിന് (OmiSure) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍.) അനുമതി നല്‍കി. ഇന്ത്യയുടെ ആദ്യ ഒമിക്രോണ്‍ പരിശോധനക്കിറ്റാണ് ഒമിഷുവര്‍ എന്നറിയപ്പെടുന്ന ഈ കിറ്റ്. ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സും ഐ.സി.എം.ആറും ചേര്‍ന്നാണ് കിറ്റ് വികസിപ്പിച്ചിരിക്കുന്നത്. ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സ് ആണ് കിറ്റ് വ്യാവസായിക അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നത്. നാലുമണിക്കൂറിനകം ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
നിര്‍മ്മാതാക്കളുടെ മാര്‍ഗനിര്‍ദേശപ്രകാരം കിറ്റ് ഉപയോഗിക്കാമെന്ന് ഐ.സി.എം.ആര്‍. വ്യക്തമാക്കിയിട്ടുണ്ട്.
ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിനായി രോഗിയുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള സ്രവം പരിശോധിച്ച് അതില്‍ ഒമിക്രോണ്‍ വകഭേദമുണ്ടോയെന്ന് കണ്ടെത്താനാണ് ഇത് ഉപയോഗിക്കുക. എല്ലാ സ്റ്റാന്‍ഡേര്‍ഡ് റിയല്‍ടൈം പി.സി.ആര്‍. മെഷീനുകളിലും ഇത് ഉപയോഗിക്കാനാകും. എസ്. ജീന്‍ ഡ്രോപ്ഔട്ട്/ എസ്.ജീന്‍ ടാര്‍ഗറ്റ് ഫെയ്‌ലിയര്‍(എസ്.ജി.ടി.എഫ്.), എസ്.ജീന്‍ മ്യൂട്ടേഷന്‍ ആംപ്ലിഫിക്കേഷന്‍ (എസ്.ജി.എം.എ.) എന്നീ രീതികളിലൂടെയാണ് ഒമിഷുവര്‍ ടെസ്റ്റ് കിറ്റ് വഴി പരിശോധിക്കുന്നത്. നിലവില്‍ ലോകത്തെല്ലാം ഒന്നുകില്‍ എസ്.ജി.ടി.എഫ്. അല്ലെങ്കില്‍ എസ്.ജി.എം.എ. ആണ് നടത്തുന്നത്. എന്നാല്‍ ഈ രണ്ട് ടെസ്റ്റുകളും ഒന്നിച്ച് ചേര്‍ത്ത് നടത്തുന്ന ടെസ്റ്റാണ് ഒമിഷുവര്‍. അതിനാല്‍ തന്നെ, കൊറോണ വൈറസിന്റെ മറ്റ് വകഭേദങ്ങളെ കണ്ടെത്താനുള്ള സാധ്യത കുറയ്ക്കാതെ തന്നെ ഒമിക്രോണിനെ കണ്ടെത്താനുള്ള കഴിവു കൂടിയാണ് ഈ ദ്വിഘട്ട പരിശോധന വഴി സാധിക്കുന്നതെന്ന് ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് തലവന്‍ രവി വസന്തപുരം പ്രതികരിച്ചിട്ടുണ്ട്.
ഒമിക്രോണ്‍ വകഭേദത്തെയും മറ്റ് വകഭേദങ്ങളെയും തിരിച്ചറിയാന്‍ ഈ കിറ്റ് വഴി സാധിക്കും. നിലവില്‍ ജനിതകശ്രേണീകരണം (ജീനോം സീക്വന്‍സിങ്)നടത്തി മാത്രമാണ് ഒമിക്രോണ്‍ രോഗികളെ തിരിച്ചറിയാനാവുന്നത്. എന്നാല്‍ ഈ ടെസ്റ്റ് നിലവില്‍ വരുന്നതോടെ ജനിതകശ്രേണീകരണം എന്ന ആ ഒരു ഘട്ടം ഒഴിവാക്കാനും ഫലം വേഗത്തില്‍ ലഭിക്കാനുമാകും. നിലവില്‍ ഒമിക്രോണ്‍ പരിശോധിക്കുന്നതിന് ഒരു സാംപിളിന് അയ്യായിരത്തോളം രൂപ ചെലവുണ്ട്. സമയദൈര്‍ഘ്യവും കൂടുതലാണ്. എന്നാല്‍ നാലുമണിക്കൂറിനകം ഈ കിറ്റുപയോഗിച്ച് ഫലമറിയാം.
ഈ കിറ്റ് ഉപയോഗിക്കുന്നതിനുള്ള സമയം 85 മിനിറ്റ് ആണ്. രോഗിയില്‍ നിന്നുള്ള സാംപിള്‍ ശേഖരണം, ആര്‍.എന്‍.എ. വേര്‍തിരിക്കല്‍ തുടങ്ങി മൊത്തത്തില്‍ ഫലം വരാന്‍ ആകെ 130 മിനിറ്റാണ് വേണ്ടിവരുക.
ജനുവരി 12 മുതല്‍ വിപണിയില്‍ കിറ്റ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 250 രൂപയായിരിക്കും കിറ്റിനെന്നാണ് ഊഹാപോഹങ്ങള്‍. എന്നാല്‍ ഇതുസംബന്ധിച്ച് ടാറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മരുന്ന് വില്‍പനയ്ക്കുള്ള ലൈസന്‍സിനായി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ(സി.ഡി.എസ്.സി.ഒ.) സമീപിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരിലുള്ള ടാറ്റ മെഡിക്കല്‍സ് ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സിന്റെ യൂണിറ്റില്‍ കിറ്റ് നിര്‍മ്മിക്കാന്‍ തുടങ്ങും. നിലവില്‍ ദിനംപ്രതി രണ്ട് ലക്ഷം കിറ്റ് നിര്‍മ്മിക്കാനുള്ള ശേഷിയാണ് ഇവിടെയുള്ളത്. ജനുവരി മൂന്നാം വാരത്തോടെ ഇത് അഞ്ചു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാക്കി ഉയര്‍ത്താനാകും. ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്ന കിറ്റ് ആഭ്യന്തര-അന്താരാഷ്ട്ര മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 23 ന് തന്നെ ഒമിഷുവര്‍ കിറ്റിന്റെ പേറ്റന്റിനായി കമ്പനി അപേക്ഷിച്ചിട്ടുണ്ട്.
നിലവില്‍ 'ആശങ്കപ്പെടേണ്ടത്' (Variant of Concern)എന്ന വിഭാഗത്തിലാണ് ഒമിക്രോണിനെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2135 ഒമിക്രോണ്‍ കേസുകളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മഹാരാഷ്ടയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികളെ തിരിച്ചറിഞ്ഞിരിക്കുന്നത്. 653 രോഗികളാണ് ഇവിടെയുള്ളത്. ഡല്‍ഹിയില്‍ 464, കേരളം 185, രാജസ്ഥാന്‍ 174, ഗുജറാത്ത് 154, തമിഴ്‌നാട് 121 എന്നിങ്ങനെയാണ് ഇന്ത്യയിലെ ഒമിക്രോണ്‍ കണക്കുകള്‍.
Content Highlights: What is OmiSure- RT-PCR Covid Test Kit to detect Omicron approved In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..