ലോകത്തെമ്പാടും കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിന്റെ സൂചനകള്‍ കണ്ടുവരുകയായിരുന്നു. ഈ സമയത്താണ് ദക്ഷിണാഫ്രിക്കയില്‍ പുതിയൊരു കോവിഡ് വകഭേദം കണ്ടെത്തിയതായി വ്യാഴാഴ്ച ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്. നിരവധി വകഭേദങ്ങള്‍ വന്ന തരത്തിലുള്ള കൊറോണ വൈറസാണ് ഇത്. ബി.1.1.529 എന്നാണ് ഈ വകഭേദത്തിന്റെ പേര്. കോവിഡ് കേസുകളുടെ എണ്ണം കൂട്ടാന്‍ ഇവ ഇടയാക്കിയേക്കുമോയെന്ന ആശങ്കയിലാണ് ലോകം. 

ഈ മാസമാദ്യം മുതല്‍ തന്നെ ആഫ്രിക്കയില്‍ ദിനംപ്രതിയുള്ള കോവിഡ് കണക്കുകളില്‍ വര്‍ധന കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് അവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യാത്രാവിലക്ക് ബ്രിട്ടണ്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ വകഭേദം ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകമാണെന്നും നിലവിലെ കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്ക് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

പുതിയ കൊറോണ വൈറസ് വകഭേദത്തിനെതിരെ അടിയന്തര നടപടിയെടുക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചിട്ടുണ്ട്. പുതിയ വകഭേദങ്ങളുണ്ടാകുന്നത് കോവിഡ് വാക്‌സിന്റെ പ്രതിരോധത്തെ മറികടക്കാന്‍ ഇടയാക്കിയേക്കും എന്നാണ് ആരോഗ്യവിദഗ്ധരുടെ ഭയം. 

പുതിയ ബി.1.1.529 വകഭേദത്തിന് ആകെ അമ്പത് ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചുകഴിഞ്ഞു. ഇതില്‍ 30 എണ്ണം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലാണ് സംഭവിച്ചിരിക്കുന്നത്. നിലവിലെ കോവിഡ് വാക്‌സിനുകളുടെയെല്ലാം ടാര്‍ഗറ്റ് എന്ന് പറയുന്നത് തന്നെ സ്‌പൈക്ക് പ്രോട്ടീനുകളാണ്. മനുഷ്യശരീരത്തിലേക്ക് തുളച്ചുകയറാന്‍ വൈറസിനെ സഹായിക്കുന്ന ഭാഗമാണ് സ്‌പൈക്ക് പ്രോട്ടീനുകള്‍. അതിനാല്‍ തന്നെ സ്‌പൈക്ക് പ്രോട്ടീനില്‍ വരുന്ന ഈ മാറ്റങ്ങള്‍ ഈ പുതിയ വകഭേദത്തിന് നേരത്തെയുള്ള വകഭേദങ്ങളേക്കാള്‍ വ്യാപനശേഷിയുള്ളതാക്കാന്‍ ഇടയാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ഗവേഷകര്‍. 

മുന്‍പുള്ള ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ വകഭേദത്തിന്റെ റിസപ്റ്റര്‍ ബൈന്‍ഡിങ് ഡൊമെയ്‌നില്‍ പത്ത് ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഡെല്‍റ്റ വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകത അതിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ സംഭവിച്ച കെ.417എന്‍ എന്ന ജനിതകവ്യതിയാനമാണ്. ഇമ്മ്യൂണ്‍ എസ്‌കേപ്പുമായി ബന്ധപ്പെട്ടതാണിത്. ഇപ്പോള്‍ ഏറ്റവും പുതുതായി രൂപപ്പെട്ട ബി.1.1.529 വകഭേദം അക്കൂട്ടത്തില്‍പ്പെട്ടതാണോയെന്ന് വ്യക്തമല്ല. 

ഈ പുതിയ വകഭേദത്തിന്റെ ഉത്ഭവം സംഭവിച്ചും വ്യക്തതയില്ല. ഒരു രോഗിയില്‍ നിന്നും വികസിച്ചുവന്നതാവാനാണ് സാധ്യത. എച്ച്.ഐ.വി. എയ്ഡ്‌സ് പോലെ പ്രതിരോധശേഷിയില്‍ കുറവുള്ള ഒരു രോഗിയില്‍ ഉണ്ടായ കടുത്ത അണുബാധയില്‍ നിന്നായിരിക്കാം ഈ പുതിയ വകഭേദം രൂപപ്പെട്ടതെന്ന് ലണ്ടനിലെ യു.സി.എല്‍. ജനറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫ്രാങ്കോയിസ് ബലോക്‌സ് പറയുന്നു. 

ആദ്യം തിരിച്ചറിഞ്ഞത് ദക്ഷിണാഫ്രിക്കയിലാണ്. തുടര്‍ന്ന് ബോട്‌സ്വാന ഉള്‍പ്പടെയുള്ള സമീപ രാജ്യങ്ങളിലേക്കും പടരുകയായിരുന്നു. മുഴുവന്‍ വാക്‌സിന്‍ ഡോസുകളും സ്വീകരിച്ചവരും രോഗബാധിതരാണ്. ദക്ഷിണാഫ്രിക്കയില്‍ നൂറിലേറെ പേര്‍ക്കും ബോട്‌സ്വാനയില്‍ നാലില്‍ കൂടുതല്‍ പേര്‍ക്കും പുതിയ കോവിഡ് വകഭേദം ബാധിച്ചിട്ടുണ്ട്. 

ഹോങ്കോങ്ങിലും രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവരിലാണ് ഇത് കണ്ടെത്തിയത്. ഇവര്‍ ഒന്നിച്ച് വന്നവരല്ല. ഇവരുടെ സാംപിളുകളില്‍ ഉയര്‍ന്ന തോതിലാണ് വൈറല്‍ ലോഡ് (സാംപിളിലെ വൈറസിന്റെ തോത്)കണ്ടെത്തിയത്. ഹോട്ടലുകളില്‍ വ്യത്യസ്ത മുറികളില്‍ താമസിച്ചിരുന്നവരാണ് ഇവര്‍. അതിനാല്‍ തന്നെ രോഗാണുവ്യാപനം വായുവിലൂടെയാകാനാണ് സാധ്യതയെന്നും എപ്പിഡെമിയോളജിസ്റ്റ് ഡോ. എറിക് ഫെയ്ജില്‍ ഡിങ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ നിന്ന് തിരിച്ചെത്തിയ ഒരാളില്‍ ഈ പുതിയ വകഭേദം കണ്ടെത്തിയതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. സാധ്യതയുണ്ടെന്ന് കരുതുന്ന രണ്ട് സാംപിളുകളും ശേഖരിച്ചിട്ടുണ്ട്. 

പുതിയ കൊറോണ വൈറസ് വകഭേദം വ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യയും പ്രത്യേക കരുതലെടുത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ കര്‍ശന സ്‌ക്രീനിങ് പരിശോധനകള്‍ക്ക് വിധേയരാക്കുന്നുണ്ട്. അടുത്തിടെയാണ് വിസാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും അന്താരാഷ്ട്ര യാത്രമാര്‍ഗങ്ങള്‍ തുറന്നതും. അതിനാല്‍ അതീവശ്രദ്ധയാണ് പുലര്‍ത്തുന്നതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. യു.കെ. സിംഗപ്പൂര്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന ഉള്‍പ്പടെയുള്ള നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിയിട്ടുണ്ട്. രാജ്യത്തേക്ക് വരുന്ന യാത്രക്കാക്കുള്ള നിയമങ്ങള്‍ ഓസ്‌ട്രേലിയയും ശക്തമാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ കൊറോണ വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി ലോകാരോഗ്യ സംഘടന യോഗം ചേരുന്നുണ്ട്. ബി.1.1.529 വകഭേദത്തിന്റെ പ്രത്യേകതകള്‍, സ്വഭാവം എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എല്ലാവരും സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 ടെക്‌നിക്കല്‍ ലീഡ് ഡോ. മരിയ വാന്‍ കെര്‍ക്കോവ് ആവശ്യപ്പെട്ടിട്ടുണ്ട്. 

കൊറോണ വൈറസിന്റെ വകഭേദങ്ങളെയെല്ലാം ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിരീക്ഷിക്കേണ്ട വകഭേദങ്ങള്‍(Variants Being Monitored), ആശങ്കപ്പെടേണ്ട വകഭേദങ്ങള്‍(Varients of Concern), വലിയ പ്രാധാന്യമുള്ള വകഭേദങ്ങള്‍(Variants of High Consequence) എന്നിങ്ങനെ അവയെ ശാസ്ത്രജ്ഞര്‍ തരംതിരിച്ചിട്ടുമുണ്ട്. ചില വകഭേദങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ എളുപ്പത്തിലും പെട്ടെന്നും വ്യാപിക്കാന്‍ സാധ്യതയുള്ളതാണ്. ഇത് കോവിഡ് കേസുകള്‍ പെട്ടെന്ന് വര്‍ധിക്കാന്‍ കാരണമാകും. രോഗബാധിതരുടെ എണ്ണം പെട്ടെന്ന് വര്‍ധിക്കുന്നത് മുന്‍ കോവിഡ് തരംഗത്തിലെന്ന പോലെ ആരോഗ്യമേഖലയ്ക്ക് വലിയ സമ്മര്‍ദത്തിന് ഇടയാക്കും. അത് കൂടുതല്‍ ആളുകളുടെ ആശുപത്രിവാസത്തിനും കൂടുതല്‍ മരണങ്ങള്‍ക്കും ഇടയാക്കിയേക്കും. 

കൊറോണ വൈറസിന്റെ നിലവിലുള്ള വിവിധ വകഭേദങ്ങള്‍ 

ഡെല്‍റ്റ

ഇന്ത്യയില്‍ ആദ്യമായി തിരിച്ചറിഞ്ഞ കൊറോണ വൈറസ് വകഭേദമാണ് ഡെല്‍റ്റ വകഭേദം(B.1.617.2). വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന വകഭേദമാണിത്. കോവിഡ് വാക്‌സിനുകള്‍ ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ വാക്‌സിന്‍ ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍ ഇതില്‍ വര്‍ധിക്കാനിടയുണ്ട്. മുഴുവന്‍ വാക്‌സിനെടുത്ത ഒരു ചെറിയ ഗ്രൂപ്പ് ആളുകളില്‍ ഇത്തരത്തില്‍ ഇന്‍ഫെക്ഷന് സാധ്യതയുണ്ട്. മുഴുവന്‍ വാക്‌സിനെടുത്തവരില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചാല്‍ അവര്‍ വഴി മറ്റുള്ളവര്‍ക്ക് രോഗബാധയുണ്ടാകാം. നിലവിലെ വാക്‌സിനുകളെല്ലാം തന്നെ രോഗബാധയെയും ആശുപത്രിവാസത്തെയും മരണത്തെയും പ്രതിരോധിച്ചേക്കാം. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഏറ്റവും മരണം റിപ്പോര്‍ട്ട് ചെയ്ത 2021 ല്‍ മരിച്ചവര്‍ കൂടുതലും വാക്‌സിനെടുക്കാത്തവരായിരുന്നു. വാക്‌സിന്‍ എടുത്തവരില്‍ മരണസാധ്യത കുറച്ചു. കൈകള്‍ കഴുകുക, സാമൂഹിക അകലം പാലിക്കുക, ആളുകള്‍ തിങ്ങിക്കൂടിയ ഇടങ്ങളില്‍ പോകാതിരിക്കുക എന്നിവയൊക്കെ തന്നെയായിരുന്നു രോഗം പകരാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍.

ഡെല്‍റ്റ പ്ലസ്

AY.4.2 ആണ് ഡെല്‍റ്റ പ്ലസ് വകഭേദമായി അറിയപ്പെടുന്നത്. ഡെല്‍റ്റ വകഭേദത്തിന് വീണ്ടും വകഭേദം സംഭവിക്കുന്നതു വഴിയാണ് ഇത്. ഡെല്‍റ്റ പ്ലസ് വകഭേദവും ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണ്. പിന്നീട് ഇത് പത്തിലേറെ രാജ്യങ്ങളില്‍ തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യു.കെയിലാണ് കൂടുതല്‍ കേസുകളും ഉണ്ടായത്. ഇത് ആകെ കേസുകളുടെ ആറുശതമാനം മാത്രമാണ്. യു.എസില്‍ ആകെ കേസുകളുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഈ വകഭേദം കണ്ടെത്തിയത്. 

ആല്‍ഫ

B.1.1.7 എന്ന വകഭേദമാണ് ആല്‍ഫ വകഭേദം എന്ന് അറിയപ്പെടുന്നത്. 2020 ന്റെ അവസാന കാലത്താണ് തെക്കുകിഴക്ക് ഇംഗ്ലണ്ടില്‍ ഇത് കണ്ടെത്തിയത്. യു.എസ്. ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മറ്റുള്ള വൈറസിനേക്കാള്‍ 70 ശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് ഇത്. മരണത്തിന് സാധ്യത കൂടുതലുള്ള ഒരു വകഭേദമായാണ് ഇത് കണക്കാക്കുന്നത്. സ്‌പൈക്ക് പ്രോട്ടീനിലാണ് ആല്‍ഫ വകഭേദത്തിന്റെ ജനിതകവ്യതിയാനം കാണുന്നത്. ഈ സ്‌പൈക്ക് പ്രോട്ടീനിലാണ് കോവിഡ് വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നത്. ആല്‍ഫ വകഭേദത്തിലെ ഒരു ചെറിയ ജനിതകവ്യതിയാനം പോലും വാക്‌സിന്റെ ഫലപ്രാപ്തിയെ ബാധിച്ചേക്കാം. 

ബീറ്റ

B.1.351 വകഭേദമാണ് ബീറ്റ എന്ന് അറിയപ്പെടുന്നത്. ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയത്. ബീറ്റ വൈറസ് വളരെ എളുപ്പത്തില്‍ വ്യാപിക്കും. പക്ഷേ, ഗുരുതരമായ രോഗാവസ്ഥയ്ക്ക് ഇടയാക്കില്ല. 

ഗാമ

P.1 എന്ന് അറിയപ്പെടുന്ന കൊറോണ വൈറസ് വകഭേദമാണ് ഗാമ. ഇത് 2021 ജനുവരിയിലാണ് ആദ്യമായി കണ്ടെത്തിയത്. ജപ്പാനിലേക്ക് യാത്ര ചെയ്തവരില്‍ ബ്രസീലില്‍ വെച്ചാണ് ഇത് തിരിച്ചറിഞ്ഞത്. ആ മാസമവസാനം ഈ വകഭേദം യു.എസിലും കണ്ടുതുടങ്ങി.നേരത്തെയുള്ള വൈറസിനേക്കാള്‍ വളരെ വ്യാപനശേഷിയുള്ളതാണ് ഇത്. നേരത്തെ കോവിഡ് വന്നവര്‍ക്കും ഇത് വരാറുണ്ട്. 

ലാംഡ

C.37 എന്നറിയപ്പെടുന്ന വകഭേദമാണ് ലാംഡ. തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ പെറു, ഇക്വഡോര്‍, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് വേഗത്തില്‍ വ്യാപിച്ചത്. 

B.1.1.529

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദമാണിത്. ലോകാരോഗ്യസംഘടനയാണ് ഈ പേര് നല്‍കിയത്. വൈറോളജിസ്റ്റായ ടുലിയോ ഡി ഒലിവെയ്‌റ ഈ വകഭേദത്തെ ആശങ്കപ്പെടേണ്ട വകഭേദം എന്നാണ് വിശേഷിപ്പിച്ചത്. ഈ വകഭേദത്തിന് നിരവധി ജനിതകവ്യതിയാനം സംഭവിച്ചിട്ടുണ്ട്. ബോട്‌സ്വാന, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്ത ദക്ഷിണാഫ്രിക്കക്കാരിലാണ് ഈ വകഭേദം കണ്ടെത്തിയത്. 

Content Highlights: New heavily mutated Covid19 variant B.1.1.529 in South Africa