ടുത്ത ഇടയായി രാജ്യമാകെ എല്ലാവരും ചർച്ചചെയ്യുന്ന ഒരു വിഷയം ആണല്ലോ മെഡിക്കൽ ഓക്സിജനും അതിന്റെ ലഭ്യതയും. എന്താണ് മെഡിക്കൽ ഓക്സിജൻ? കേരളത്തിൽ ഓക്സിജന്റെ  ഉത്പാദനം എത്ര? ഓക്സിജന്റെ സംഭരണം, വിതരണം എന്നിവയിൽ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, കേന്ദ്ര സംസ്ഥാന ഏജൻസികളുടെ പങ്ക് എന്നീ വിഷയങ്ങളിൽ സാധാരണ ജനങ്ങൾ അറിയേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. 

എന്താണ് മെഡിക്കൽ ഓക്സിജൻ?

നമ്മുടെ അന്തരീക്ഷത്തിൽ ഏകദേശം 21 ശതമാനം ഓക്സിജനും 78 ശതമാനം നൈട്രജനും ബാക്കി 1 ശതമാനം മറ്റു വാതകങ്ങളും ആണ് അടങ്ങിയിരിക്കുന്നത്. സാധാരണ രീതിയിൽ ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ശ്വസിക്കുന്നതിന് മേൽപറഞ്ഞ അനുപാതത്തിലുള്ള ഓക്സിജൻ ആണ് ആവശ്യമായിവരുക. എന്നാൽ കോവിഡ് പോലുള്ള രോഗങ്ങൾ നമ്മുടെ ശ്വാസകോശങ്ങളുടെ പ്രവർത്തനക്ഷമതയെ സാരമായി ബാധിക്കുന്നതിനാൽ 93-94 ശതമാനം അടങ്ങിയ ഓക്സിജൻ വേണ്ടിവരും അടിയന്തിരഘട്ടങ്ങളിൽ ജീവൻ നിലനിർത്തുന്നതിന്. ഇതിനു വേണ്ടി ഗവൺമെൻറ് നിഷ്കർഷിക്കുന്ന ഗുണനിലവാരത്തിൽ, പ്രത്യേകം തയ്യാറാക്കിയ സിലിണ്ടറുകളിൽ ആശുപത്രികളിൽ ഉപയോഗിക്കുന്ന ഓക്സിജനെ ആണ് പൊതുവായി മെഡിക്കൽ ഓക്സിജൻ എന്നറിയപ്പെടുന്നത്.

എന്താണ് വ്യാവസായിക ഓക്സിജൻ?

ഓക്സിജൻ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് വ്യവസായികരംഗത്ത് ആണ്. ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത് സ്റ്റീൽ ഉത്പാദന മേഖല ആണ്. കൂടാതെ വെൽഡിങ്ങ്, കട്ടിങ്ങ്, ഓക്സിഡേഷൻ, രാസ പ്രവർത്തനങ്ങൾ എന്നീ പ്രക്രിയകൾക്കും ഓക്സിജൻ ആവശ്യമാണ്. വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഓക്സിജൻ കൂടുതൽ ശുദ്ധീകരണ പ്രക്രിയകൾക്ക് വിധേയമാക്കി മാത്രമെ മെഡിക്കൽ ഓക്സിജന്റെ  ഗുണനിലവാരത്തിലേക്ക് എത്തിക്കുവാൻ സാധ്യമാകൂ.

ഓക്സിജൻ- ഉത്പാദന രീതി

ഓക്സിജന്റെ  ഉത്പാദനത്തിന് പല രീതികൾ അവലംബിച്ചു വരുന്നു. ഓക്സിജൻ വാണിജ്യാവശ്യത്തിന് ഉൽപാദിപ്പിക്കുന്നത് പ്രധാനമായും എയർ സെപ്പറേഷൻ യൂണിറ്റ് (ASU) രീതി അനുസരിച്ചാണ്. അന്തരീക്ഷത്തിലെ വായുവിൽ നിന്നും ഓക്സിജൻ വേർതിരിച്ച് ദ്രാവകരൂപത്തിൽ ആക്കുക എന്നതാണ് ഇത്തരം പ്ലാന്റുകൾ ചെയ്യുന്നത്. വായുവിനെ  പ്രത്യേകതരം വാൽവിന്റെ സഹായത്തോടുകൂടി ഉന്നത മർദത്തിൽ നിന്നും കുറഞ്ഞ മർദത്തിലേക്ക് കടത്തിവിടുകയും, അതുമൂലം വായുവിന്റെ ഊഷ്മാവ് താഴുകയും ചെയ്യുന്നു. ഈ പ്രക്രിയ പല പ്രാവശ്യം ആവർത്തിക്കുക വഴി ഊഷ്മാവ് - 183°C ൽ താഴുകയും വായുവിലെ ഓക്സിജൻ ദ്രാവകരൂപത്തിൽ വേർതിരിയുകയും ചെയ്യുന്നു. ജൂൾ- തോംസൺ ഇഫക്ട്ട് എന്നാണ് ഈ പ്രതിഭാസത്തെ അറിയപ്പെടുന്നത്.  ദ്രാവക രൂപത്തിൽ - 183°C വേർതിരിയുന്ന ഓക്സിജനെ പ്രത്യേകം രൂപകൽപന ചെയ്ത സംഭരണികളിലേക്ക് സുരക്ഷിതമായി പമ്പ്ചെയ്ത് മാറ്റുന്നു.  ഫില്ലിംഗ് യൂണിറ്റുകളിൽ ദ്രാവകരൂപത്തിലുള്ള ഓക്സിജനെ വാതകരൂപത്തിലാക്കി സിലിണ്ടറുകളിൽ നിറച്ച് ആശുപത്രികളിൽ എത്തിക്കുന്നു.

മേൽ പറഞ്ഞ ഉൽപാദന രീതി കൂടാതെ പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ,  പ്രഷർ വാക്വം വാക്വം അഡ്സോർപ്ഷൻ മുതലായ സംവിധാനങ്ങൾ വഴിയും, ഓക്സിജൻ കോൺസൻട്രേട്ടർ മുഖേനയും ചെറിയ അളവിൽ മെഡിക്കൽ ഓക്സിജൻ നിർമ്മിക്കാവുന്നതാണ്. 

മെഡിക്കൽ ഓക്സിജൻ- വിതരണം

മെഡിക്കൽ ഓക്സിജന്റെ  ആവശ്യകത കോവിഡ് മഹാമാരി മൂലം പലമടങ്ങായി വർധിച്ചിരിക്കയാണ്. ഏതൊരു സംസ്ഥാനത്തും രോഗികൾക്ക് ആവശ്യാനുസരണം ഓക്സിജൻ ലഭ്യമാക്കുവാൻ ദീർഘവീക്ഷണത്തോടുകൂടിയ പ്ലാനിങ്ങ് ആവശ്യമാണ്. ഉദാഹരണത്തിന്,

  • ആവശ്യമായ  ഓക്സിജന്റെ  അളവ് മുൻകൂട്ടി നിർണ്ണയിക്കുക
  • സംസ്ഥാനത്ത് ആവശ്യമായ ഓക്സിജൻ ഉൽപാദനം ഉറപ്പാക്കുക
  • കാര്യക്ഷമമായ വിതരണ സംവിധാനം നടപ്പാക്കുക
  • ആശുപത്രികളിൽ ആവശ്യമായ അടിസ്ഥാന സൌകര്യങ്ങൾ (സംഭരണികൾ, സിലിണ്ടറുകൾ,  പൈപ്പ്ലൈനുകൾ) ഉറപ്പാക്കുക
  • കാര്യക്ഷമമായ കമ്യൂണിക്കേഷൻ പ്രോട്ടോക്കോൾ നിലവിൽ വരുത്തുക

ഓക്സിജന്റെ  ക്ഷാമം ഒഴിവാക്കാൻ മേൽപറഞ്ഞ എല്ലാ മാനദണ്ഡങ്ങളും പാലിക്കേണ്ടതാണ്. ആവശ്യത്തിന് ഉൽപാദനം ഉറപ്പാക്കിയാലും വിതരണത്തിലെ അപാകതമൂലം മെഡിക്കൽ ഓക്സിജന്റെ  ക്ഷാമം അനുഭവപ്പെടാം. ദ്രാവക ഓക്സിജൻ- 183°C ൽ സംഭരിക്കാനുള്ള സംഭരണികൾ കൂടുതൽ സങ്കീർണ്ണമാകയാൽ എല്ലാ ആശുപത്രികളിലും ഇത്  പ്രാവർത്തികം ആകണം എന്നില്ല. കൂടാതെ ദ്രാവക ഓക്സിജൻ വിതരണത്തിനായി പ്രത്യേകം രൂപകൽപന ചെയ്ത ക്രയോജനിക്ക് ടാങ്കറുകൾ ആവശ്യമാണ്. ഈ പറഞ്ഞ ഘടകങ്ങൾ എല്ലാംതന്നെ ഓക്സിജന്റെ ലഭ്യതയെ ബാധിക്കുന്നതാണ്.

ആശുപത്രികളിൽ ഓക്സിജൻ കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ, ലീക്ക് ഇല്ലാത്ത ഓക്സിജൻ പൈപ്പ് ലൈനുകൾ, കാലി ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത എന്നിവ എല്ലാം ഉറപ്പാക്കിയാൽ തന്നെ ഓക്സിജൻ  ക്ഷാമം ഒരു പരിധി വരെ നിയന്ത്രിക്കാം.

മെഡിക്കൽ ഓക്സിജൻ ലഭ്യതയും പെസോയും

കേന്ദ്ര സർക്കാറിന്റെ  കീഴിൽ പ്രവർത്തിക്കുന്ന പെസോ (പെട്രോളിയം ആൻറ് എക്സ് പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) ആണ് കേരളത്തിൽ എക്സ്പ്ലോസീവ് ആക്റ്റ്,  കംപ്രസ്സ്ഡ് ഗ്യാസ് റൂൾ എന്നിവ അനുസരിച്ച്‌ ഓക്സിജന്റെ  ഉൽപാദനവും അതിന്റെ സുരക്ഷിതമായ വിതരണവും ഉറപ്പാക്കുന്നത്. പെസോയുടെ ഡെപ്യൂട്ടി കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് ഡോ. ആർ. വേണുഗോപാലിന്റെ  നേതൃത്തത്തിൽ പെസോയും ആരോ​ഗ്യവകുപ്പും  ചേർന്ന് കോവിഡിന്റെ ആരംഭത്തിൽത്തന്നെ വേണ്ടത്ര മുന്നൊരുക്കങ്ങൾ കേരളത്തിൽ നടത്തിയിരുന്നു. ഇതു മൂലം കേരളത്തിൽ മെഡിക്കൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുവാനും കൂടാതെ മറ്റു സംസ്ഥാനങ്ങളിലേക്ക് വിതരണംചെയ്യുവാനും കേരളത്തിന് സാധിച്ചു. 

സംസ്ഥാനത്തെ മെഡിക്കൽ ഓക്സിജന്റെ  സുഗമമായ ഉത്പാദനത്തിനും അതിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി പെസോ എല്ലാ ജില്ലകളിലും ഓരോ നോഡൽ ഓഫീസർമാരെ നിയമിക്കുകയും കൂടാതെ ഫരീദാബാദ്, നാഗ്പൂർ എന്നിവിടങ്ങളിൽ സെൻട്രൽ കൺട്രോൾ റൂമും എല്ലാ സംസ്ഥാനങ്ങളിലും സ്റ്റേറ്റ് കൺട്രോൾറൂമുകളും തുറന്നിട്ടുണ്ട്.

പെസോയുടെ കണക്ക് അനുസരിച്ച് കേരളത്തിൽ മെഡിക്കൽ ഓക്സിജന്റെ  ഉൽപാദനം പ്രതിദിനം 204 മെട്രിക് ടണ്ണും  ഓക്സിജന്റെ ആവശ്യകത കോവിഡ് അനുബന്ധ രോഗികൾക്ക് 35 മെട്രിക് ടണ്ണും കോവിഡ് ഇതര രോഗികൾക്ക് 45 മെട്രിക് ടണ്ണും ആയിട്ടാണ്  കണക്കാക്കിയിരിക്കുന്നത്. ഈ കണക്കിൽ ദിനംപ്രതി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും.

കേരളത്തിലെ ഓക്സിജൻ ഉത്പാദനത്തിന്റെ ഏറിയപങ്കും നിർവഹിക്കുന്നത് പാലക്കാട്ടെ ഐനോക്സ് എയർ പ്രോഡക്റ്റ്സ് എന്ന സ്വകാര്യ കമ്പനിയാണ്. പ്രതി ദിനം 149 ടൺ ഓക്സിജൻ ആണ് ഇവിടുത്തെ പ്രൊഡക്ഷൻ കപ്പാസിറ്റി. എന്നാൽ 2019 ൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപ് കേരളത്തിന് ആവശ്യമായ ഓക്സിജന് വേണ്ടി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നത്. 

ഇത് കൂടാതെ താഴെ കാണുന്ന കമ്പനികളും ദ്രാവക ഓക്സിജൻ ഉൽപാദിപ്പിക്കുന്നുണ്ട്.

• ചവറ കെ.എം.എം.എൽ. -6 ടൺ
• ബിപിസിഎൽ കൊച്ചി റിഫൈനറി- 0.322 ടൺ
• കൊച്ചി ഷിപ് യാർഡ്- 5.45 ടൺ
•11 എയർ സെപ്പറേഷൻ യൂണിറ്റുകൾ- 44 ടൺ

കൂടുതൽ ഓക്സിജൻ ആവശ്യമായി വരുന്ന ഘട്ടത്തിൽ 100 ശതമാനം കപ്പാസിറ്റിയിൽ  പ്ലാന്റുകൾ പ്രവർത്തിപ്പിക്കുവാൻ ഉള്ള പദ്ധതികൾ പെസോയുടെ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. കേരളത്തിലെ 23 ഓക്സിജൻ ഫില്ലിംഗ് സ്റ്റേഷനുകളിൽ 11 ഇടത്ത് എയർ സെപ്പറേഷൻ യൂണിറ്റുകൾ വഴി ഓക്സിജൻ ഉത്പാദിപ്പിക്കുന്നുണ്ട്.  ബാക്കി യൂണിറ്റുകളിൽ ദ്രാവകരൂപത്തിലുള്ള ഓക്സിജൻ കൊണ്ടുവന്ന് നിറക്കുകയുമാണ് ചെയ്യുന്നത്. പെസോയുടെ നിർദേശപ്രകാരം ഈ ഫില്ലിംഗ് സ്റ്റേഷൻ വഴിയുള്ള ഓക്സിജൻ വിതരണം ആണ് കേരളം കൂടുതൽ പ്രയോജനപ്പെടുത്തേണ്ടത്.

കോവിഡിന്റെ  ആരംഭകാലത്ത് ഇറ്റലി നേരിട്ട രൂക്ഷമായ ഓക്സിജൻ പ്രതിസന്ധിയിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട്  മാർച്ച് 2020 ൽ തന്നെ, പെസോ കേരളത്തിലെ ഓക്സിജൻ നിർമാണ കമ്പനികളുമായി കൂടിയാലോചന നടത്തുകയും ഉൽപാദനം 100 ശതമാനമായി  ഉയർത്തുവാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ മെഡിക്കൽ ഓക്സിജന്റെ ലഭ്യത സുഗമമാക്കാൻ ഏറ്റവും സഹായകമായത് ഈ തീരുമാനം ആയിരുന്നു എന്നാണ് ഇപ്പോൾ മനസ്സിലാക്കുവാൻ സാധിക്കുന്നത്..

സുരക്ഷാ മുൻകരുതലുകൾ

ഓക്സിജൻ സിലിണ്ടർ കൈകാര്യം ചെയ്യുമ്പോൾ വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ആവശ്യമാണ്
1. സിലിണ്ടർ എല്ലായ്പ്പോഴും ലംബമായി നിർത്തുക
2. ചെയ്ൻ അഥവാ സേഫ്റ്റി സ്ട്രാപ്പ് ഉറപ്പാക്കുക
3. കത്തുവാൻ സഹായിക്കുന്ന വസ്തുക്കളിൽ നിന്നും അകലം പാലിക്കുക
4. സിലിണ്ടർ വാൽവുകൾ സുരക്ഷിതമായി സൂക്ഷിക്കുക
5. സിലിണ്ടറിന് ആഘാതമോ കൂടുതൽ ചൂടോ ഏൽക്കാതെ സൂക്ഷിക്കുക
6. ഓക്സിജൻ ലീക്ക് ഇല്ലാതെ സൂക്ഷിക്കുക കാരണം ഇത് തീ അപായ സാധ്യത കൂട്ടുന്നു

(പരിസ്ഥിതി രം​ഗത്ത് മുപ്പത് വർഷത്തെ പ്രവൃത്തിപരിചയം ഉള്ള എൻജിനീയർ ആണ് ലേഖകൻ. ഇപ്പോൾ സൗദി അറേബ്യയിൽ ഫെർട്ടിലെെസർ & മെെനിങ് മേഖലയിൽ പരിസ്ഥിതി വിഭാ​ഗം തലവനായി ജോലി ചെയ്യുന്നു)

Content Highlights: What is medical oxygen and how it produced, Health, Medical Oxygen, Covid19