ന്തിനാണ് ചെറിയ പനിയും പൊടുപ്പും വരുന്ന ഒരു അസുഖത്തിന് കുത്തിവെപ്പും അതാചരിക്കാൻ ഒരു പ്രത്യേക ദിവസം എന്ന സംശയം നമുക്കുണ്ടാകാം.

അഞ്ചാം പനി അഥവാ മീസൽസ്

മിക്സോ വൈറസ് വിഭാഗത്തിൽ പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. നമ്മുടെ നാട്ടിൽ ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയിൽ നിന്നു പകർന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തിൽ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളിൽ അധികം കാണപ്പെടാത്തത്. എങ്കിലും കൗമാരപ്രായത്തിലും മുതിർന്നവരിലും അഞ്ചാം പനി ഉണ്ടാവാറുണ്ട്.

എന്തൊക്കെയാണ് ലക്ഷണങ്ങൾ?

പനിയാണ് ആദ്യത്തെ ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും.അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും.അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം. വയറിളക്കം കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ നിർജലീകരണം മൂലം മരണം വരെ സംഭവിക്കാം.

എങ്ങനെയാണ് രോഗം പകരുന്നത്?

അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം. മുഖാമുഖം സമ്പർക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും അഞ്ചാം പനി പിടിപെടാം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാവുന്നതിനു മുമ്പ് അഞ്ചാം പനി പിടിപെടുന്ന കുട്ടികളുടെ എണ്ണവും അതു കാരണം മരണം സംഭവിക്കുന്ന എണ്ണവും ഒരുപാട് കൂടുതലായിരുന്നു.

കുത്തിവെപ്പ് കണ്ടുപിടിച്ചതിന് ശേഷവും അത് സ്വീകരിക്കുന്നവരുടെ എണ്ണം കുറവായതിനാൽ 
ലോകത്ത് തന്നെ 1.4 ലക്ഷം കുട്ടികൾ അഞ്ചാം പനി മൂലം ഓരോ വർഷവും മരണപ്പെട്ടിരുന്നു.

പ്രതിരോധ കുത്തിവെപ്പുകളെടുക്കുന്ന കുട്ടികളുടെ ശതമാനം കുറവായതുകൊണ്ട് ലോകത്താകമാനമുള്ള അഞ്ചാം പനിമരണങ്ങളിൽ അമ്പത് ശതമാനവും നമ്മുടെ ഇന്ത്യയിലാണെന്ന വസ്തുത ഗൗരവമേറിയതാണ്.

അഞ്ചാം പനി  കാരണം ഉണ്ടായേക്കാവുന്ന സങ്കീർണതകൾ?

അഞ്ചാം പനി  കാരണം എറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്നം വയറിളക്കത്തിന്റെ ഭാഗമായുള്ള നിർജലീകരണവും ചെവിയിൽ പഴുപ്പും (otitis media) ആണ്‌. ഈ പഴുപ്പ് യഥാവിധം ചികിൽസിച്ചില്ലെങ്കിൽ മെനിഞ്ചിറ്റീസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം.വിറ്റാമിൻ എ യുടെ കുറവും വ്യത്യസ്ത തരത്തിലുള്ള ശ്വാസ കോശ രോഗങ്ങളും ഈയസുഖത്തിന്റെ ഭവിഷ്യത്തുകളാണ്.

എന്നിരുന്നാലും അഞ്ചാം പനി കാരണമുള്ള മരണങ്ങൾ സംഭവിക്കുന്നതിന്റെ പ്രധാന വില്ലൻ ന്യുമോണിയ തന്നെ. തത്കാലം വലിയ കുഴപ്പങ്ങളില്ലാതെ ഭേദമായാലും അഞ്ചാം പനി അസുഖം വന്നു 7-10 വർഷങ്ങൾ കഴിഞ്ഞാലും തലച്ചോറിനെ ബാധിക്കുന്ന സബ് അക്യൂട്ട് സ്ക്ലിറോസിങ് എൻസെഫലെെറ്റിസ്   (subacute sclerosing encephalitis) മരണകാരണമാകാം. ആളുടെ സ്വഭാവത്തിൽ ക്രമേണയുണ്ടാകുന്ന വ്യതിയാനങ്ങൾ,പഠനത്തിൽ പെട്ടെന്ന് പിറകോട്ടു പോകുക, ദേഷ്യവും വാശിയും കൂടുതലുണ്ടാവുക എന്നിവയിൽ തുടങ്ങി ശരീരം മുഴുവൻ ബലം പിടിക്കുന്ന അവസ്ഥയിലേക്ക് പോയി അബോധാവസ്ഥയും ശ്വാസമെടുക്കാൻ വെന്റിലേറ്റർ സഹായവും ഒക്കെയായി മിക്കവാറും മരണത്തിലേക്ക് വഴുതിവീഴാൻ സാധ്യതയേറെയാണ്.
അതായത്, നമ്മൾ പ്രതീക്ഷിക്കുന്ന പോലെ അത്ര നിരുപദ്രവകാരിയല്ല ഈ വൈറസും അഞ്ചാം പനി  എന്ന അസുഖവും.

ഇതൊക്കെ തടയാൻ എന്ത് ചെയ്യാൻ കഴിയും?

അതിനാണ് നമ്മുടെ രക്ഷാകവചമായ പ്രതിരോധ കുത്തിവെപ്പുകൾ. കുത്തിവെപ്പ് പട്ടിക പ്രകാരം കുട്ടിക്ക് 9 മാസം തികയുമ്പോൾ ആദ്യ ഡോസ് എം.ആറും കൂടെ വിറ്റാമിൻ എ തുള്ളികളും നൽകണം. രണ്ടാമത്തെ ഡോസ് ഒന്നരവയസ്സ് മുതൽ രണ്ടുവയസ്സാവുന്നത് വരെയുള്ള പ്രായത്തിൽ ചെയ്യാം.(MR /MMR കുത്തിവെപ്പ് ആയി )

വലതു കൈയിലാണ് ഈ കുത്തിവെപ്പ്. ഒരു ഉറുമ്പരിക്കുന്ന വേദന. അത്രേയുള്ളൂ. വളരെ അപൂർവമായി കുത്തിവെപ്പിന് ശേഷം ചെറിയ പനിയോ ദേഹത്തു പൊടുപ്പോ ഉണ്ടാകാം. തീർത്തും പേടിക്കേണ്ടാത്തവ.

90 ശതമാനം കുട്ടികളെങ്കിലും  അഞ്ചാം പനി പ്രതിരോധ കുത്തിവെപ്പുകൾ എടുത്തതാവുക, തന്മൂലം സാമൂഹിക പ്രതിരോധം നേടുകയും ഈയസുഖം കാരണമുള്ള മരണങ്ങൾ 95 ശതമാനം എങ്കിലും കുറയ്ക്കുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം.

എന്തായിരുന്നു എം.ആർ. വാക്‌സിനേഷൻ ക്യാമ്പയിൻ?

അഞ്ചാം പനി (measles ), റുബെല്ല (german measles) നിർമാർജ്ജനം ചെയ്യുക എന്ന ഉദ്ദേശത്തോടെ ലോക ആരോഗ്യ സംഘടന ഈ രോഗ സാന്ദ്രത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, ഒൻപതു മാസം മുതൽ 15 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്ക്  ഒരു ഡോസ് എം.ആർ. (measles, rubella ) വാക്‌സിനേഷൻ നൽകി സാമൂഹിക പ്രതിരോധം ആർജ്ജിക്കാൻ വേണ്ടി നടത്തിയ യജ്ഞമാണ് എം.ആർ. ക്യാമ്പയിൻ.

കേരളത്തിൽ അത് വഴി 95 ശതമാനതിലധികം കുട്ടികൾ അതിന്റെ ഭാഗമായി വാക്‌സിനേഷൻ എടുത്ത് ഈ അസുഖങ്ങൾക്ക് എതിരായി പ്രതിരോധ ശക്തി നേടി. വസൂരി, പോളിയോ വാക്‌സിനേഷൻ നടത്തിയതിനു ശേഷം ലോകത്ത് നടത്തിയ വാക്‌സിനേഷൻ  യജ്ഞമായിരുന്നു എം.ആർ. ക്യാമ്പയിൻ. കേരളത്തിൽ അത് ഒക്ടോബർ 2017 മുതൽ 2-3 മാസത്തോളം നീണ്ടു നിന്നു.

2000 ത്തിൽ ലോകത്ത് 72 ശതമാനം ആയിരുന്നു മീസിൽസ് വാക്‌സിനേഷൻ എടുത്ത കുട്ടികളുടെ കണക്ക്. 2018 ഓടെ വാക്‌സിനേഷൻ കുറവുള്ള മിക്ക രാജ്യങ്ങളിലും എം.ആർ. വാക്‌സിനേഷൻ ക്യാമ്പയിൻ
നടത്തിയതിനാൽ  86 ശതമാനം വാക്‌സിനേഷൻ എടുത്തു 23 ലക്ഷത്തോളം കുട്ടികളെ മരണത്തിൽ നിന്നും അതിന്റെ സങ്കീർണതകളിൽ നിന്നും രക്ഷിക്കാൻ സാധിച്ചു.

അപ്പോൾ സൂചി പേടിച്ച് വീട്ടിലിരിക്കുന്ന കുഞ്ഞാവകളുണ്ടോ? ഒട്ടും ഭയക്കാതെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽപോയി എം.ആർ. (measles, rubella ) കുത്തിവെപ്പ് എടുത്തോളൂ. സുരക്ഷിതരാവൂ.

ഡോ. സജ്‌ന സഈദ്  & ഡോ. രഞ്ജിത്ത് പി
ശിശുരോഗ വിദഗ്ധർ & 
അസിസ്റ്റന്റ് സർജൻസ് 
പ്രാഥമികാരോഗ്യ കേന്ദ്രം
ചെറുകുന്ന് പുന്നച്ചേരി & ഫാമിലി ഹെൽത്ത്‌ സെന്റർ
രാമനാട്ടുകര

കടപ്പാട്: കെ.ജി.എം.ഒ.എ- അമൃതകിരണം

Content Highlights: What is Measles symptoms and causes, Health