ക്കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ വൈറസ് രോഗബാധയെത്തുടര്‍ന്ന് ഒരാള്‍ മരിച്ചത്. കോവിഡ് ബാധ മൂലമായിരിക്കുമെന്ന് കരുതി സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗകാരണം കോവിഡല്ല മാര്‍ബര്‍ഗ് വൈറസ് ആണെന്ന് ആരോഗ്യവിദഗ്ധര്‍ തിരിച്ചറിഞ്ഞത്. ഉടനെ തന്നെ മരിച്ചയാളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെയെല്ലാം നിരീക്ഷണത്തിലാക്കി. ലോകാരോഗ്യ സംഘടന സാഹചര്യം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. എബോളയുടെ രണ്ടാം തരംഗം ഗിനിയയില്‍ അവസാനിച്ചതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ട് മാസങ്ങള്‍ക്കുള്ളിലാണ് അതീവ അപകടകാരിയായ മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത്, ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റൊരു മഹാമാരിയാകാന്‍ സാധ്യതയുള്ളതാണ് ഈ വൈറസ് എന്ന് ആരോഗ്യവിദഗ്ധര്‍ ആശങ്കപ്പെടുന്നു. 

വരുന്നത് എബോളയുടെ കുടുംബത്തില്‍ നിന്ന്

കോവിഡ് കാലത്ത് മറ്റൊരു മഹാമാരി കൂടി നേരിടേണ്ടി വരുമോ എന്ന് ആശങ്കപ്പെടേണ്ടി വന്നതിന് ചില കാരണങ്ങളുണ്ട്. അതിമാരകമായ എബോള വൈറസിന്റെ കുടുംബത്തില്‍പ്പെട്ടതാണ് മാര്‍ബര്‍ഗ് വൈറസ് എന്നതാണ് ഇതിന് പ്രധാന കാര്യം. എബോളയെപ്പോലെ ഫിലോവിറിഡെ(Filoviridae) അഥവ ഫിലോ വൈറസ്(filovirus) എന്ന കുടുംബത്തിലെ അംഗമാണ് മാര്‍ബര്‍ഗ് വൈറസും. രണ്ടും രണ്ട് വൈറസുകള്‍ ആണെങ്കിലും രണ്ട് രോഗങ്ങള്‍ക്കും സാമ്യതകള്‍ ഉണ്ട്. ഈ രണ്ട് രോഗങ്ങളും വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതും ഉയര്‍ന്ന മരണനിരക്ക് ഉള്ളതുമാണ്. 

എന്താണ് മാര്‍ബര്‍ഗ് വൈറസ്?

ഫിലോവിറിഡെ(Filoviridae) അഥവ ഫിലോ വൈറസ്(filovirus) എന്ന കുടുംബത്തിലെ അംഗമാണ് മാര്‍ബര്‍ഗ് വൈറസ് മൂലം ഉണ്ടാകുന്ന രോഗമാണ് മാര്‍ബര്‍ഗ് വൈറസ് ഡിസീസ്. മുന്‍പ് ഇത് മാര്‍ബര്‍ഗ് ഹെമറാജിക് ഫീവര്‍ എന്നും അറിയപ്പെട്ടിരുന്നു. മനുഷ്യരില്‍ ഗുരുതരമായ മസ്തിഷ്‌ക ജ്വരം(ഹെമറാജിക് ഫീവര്‍) ഉണ്ടാകാന്‍ ഇടയാക്കുമെന്നതാണ് ഇതിന്റെ കാരണം. 88 ശതമാനത്തോളമാണ് ഈ വൈറസ് രോഗം മൂലമുണ്ടാകുന്ന മരണനിരക്ക്. 

1967 ല്‍ ജര്‍മനിയിലെ മാര്‍ബര്‍ഗ് നഗരത്തിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. അങ്ങനെയാണ് രോഗത്തിന് ആ പേര് വന്നത്. ജര്‍മ്മനിയിലെ തന്നെ ഫ്രാങ്കഫുര്‍ട്ട് നഗരം, ബെല്‍ഗ്രേഡ്, സെര്‍ബിയ എന്നിവിടങ്ങളിലും ഈ രോഗം പിന്നീട് വ്യാപിച്ചു. വാക്‌സിന്‍ നിര്‍മ്മിക്കുന്ന ലാബില്‍ ജോലി ചെയ്തിരുന്നവരെയാണ് അന്ന് രോഗം ബാധിച്ചത്. അതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലാബിലെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി എത്തിച്ച ഗ്രീന്‍ മങ്കി എന്നറിയപ്പെടുന്ന കുരങ്ങുകളില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്ന് കണ്ടെത്തി. ഉഗാണ്ടയില്‍ നിന്നാണ് ഇവയെ എത്തിച്ചത്. രോഗാണുവാഹകരായ ഈ കുരങ്ങുകളുമായുള്ള ലാബിലെ ഗവേഷകരുടെ അടുത്ത സമ്പര്‍ക്കമാണ് രോഗവ്യാപനത്തിന് ഇടയാക്കിയത്. ഈ കുരങ്ങുകളില്‍ രോഗത്തിന് കാരണം പഴംതീനി വവ്വാലുകള്‍ വഴിയാണെന്നും പിന്നീട് ഗവേഷകര്‍ കണ്ടെത്തി. 

1967 ല്‍ ജര്‍മ്മനിയില്‍ 29 പേരെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഏഴ് പേര്‍ മരിച്ചു. ആ വര്‍ഷം തന്നെ യുഗോസ്ലാവിയയില്‍ രണ്ട് പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1975 ല്‍ ദക്ഷിണാഫ്രിക്കയില്‍ മൂന്ന് പേര്‍ക്ക് രോഗം ബാധിച്ച് ഒരു മരണവും 1980 ല്‍ കെനിയയില്‍ രണ്ട് പേര്‍ക്ക് രോഗം ബാധിച്ച് ഒരാളും മരിച്ചു. 1987 ല്‍ കെനിയയില്‍ വീണ്ടും ഒരാള്‍ക്ക് രോഗം ബാധിച്ചു. രോഗി മരണത്തിന് കീഴടങ്ങി.  പിന്നീട് 1998 ലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 154 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 128 പേരും മരിച്ചു(മരണനിരക്ക് 83 ശതമാനം). പിന്നീട് 2005 ല്‍ അംഗോളയിലാണ് രോഗം വ്യാപിച്ചത്. അന്ന് രോഗം ബാധിച്ച 374 പേരില്‍ 329 പേരും മരിച്ചു(മരണനിരക്ക് 88 ശതമാനം). 2007 ല്‍ ഉഗാണ്ടയില്‍ നാല് പേര്‍ രോഗബാധിതരായി രണ്ട് പേര്‍ മരിച്ചു. 2008 ല്‍ ഉഗാണ്ടയില്‍ നിന്നും അമേരിക്കയില്‍ എത്തിയ ഒരാള്‍ രോഗം ബാധിച്ച് മരിച്ചു. അതേവര്‍ഷം തന്നെ സമാനരീതിയില്‍ നെതര്‍ലാന്‍ഡിലും ഒരാള്‍ രോഗംബാധിച്ച് മരിച്ചു. പിന്നീട് 2012,2014,2017 എന്നീ വര്‍ഷങ്ങളിലും യഥാക്രമം 15(4 മരണം),1(1 മരണം),3(3 പേരും മരിച്ചു) എന്നിങ്ങനെ കേസുകള്‍ ഉണ്ടായി. 

പടരുന്നത് പഴംതീനി വവ്വാലുകളില്‍ നിന്ന്

2018 ല്‍ കേരളത്തെ പിടിച്ചുകുലുക്കിയ നിപയുടെയും ഇപ്പോള്‍ ലോകത്തെ സ്തംഭിപ്പിച്ചിരിക്കുന്ന കോവിഡിന്റെയും ഉറവിടും പഴംതീനി വവ്വാലുകളാണെന്ന് കണ്ടെത്തിയിരുന്നു. മാര്‍ബര്‍ഗ് വൈറസിന്റെയും ആവാസ കേന്ദ്രം ഗുഹയിലും ഖനികളിലും കഴിയുന്ന പഴംതീനി വവ്വാലുകളാണ്. ഇവയെ രോഗം ബാധിക്കില്ല. ഇവ രോഗാണുക്കളുടെ കാരിയറുകള്‍ ആയിരിക്കും. അതിനാല്‍ തന്നെ രോഗവ്യാപനം വ്യാപകമാകാന്‍ ഇടയുണ്ട്. ശരീരസ്രവങ്ങള്‍, ചര്‍മത്തിലെ മുറിപ്പാട്, മ്യൂക്കസ് സ്തരം, രക്തം, അണുബാധയുള്ള അവയവങ്ങള്‍, രോഗാണുക്കളുടെ സാന്നിധ്യമുള്ള പ്രതലങ്ങള്‍, തുണികള്‍ തുടങ്ങിയവ വഴിയാണ് ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നത്. രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവര്‍ക്കും രോഗം ബാധിക്കാന്‍ ഇടയാക്കി. 

രോഗലക്ഷണങ്ങള്‍

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ 21 ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ഇന്‍ക്യുബേഷന്‍ പിരിയഡ്. ശക്തമായ പനി, കടുത്ത തലവേദന, കടുത്ത അസ്വസ്ഥത എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍, പേശിവേദന, ശരീരവേദന, കടുത്ത വയറിളക്കം, അടിവയറില്‍ വേദനയും അസ്വസ്ഥതയും ഓക്കാനം, ഛര്‍ദി എന്നിവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉണ്ടാകാം. മസ്തിഷ്‌കജ്വരവും പക്ഷാഘാതവും ഉണ്ടാകാം. രോഗം മൂര്‍ച്ഛിച്ചാല്‍ രക്തസ്രാവവും ഉണ്ടാകാം. 

രോഗം തിരിച്ചറിയാം

കോവിഡ്, മലേറിയ, ടൈഫോയിഡ് ഫീവര്‍, ഷിഗെല്ലോസിസ്, മെനിഞ്ചൈറ്റിസ് തുടങ്ങിയവയില്‍ നിന്നും മാര്‍ബര്‍ഗ് വൈറസ് രോഗത്തെ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാന്‍ അല്പം ബുദ്ധിമുട്ടാണ്. അതിനാല്‍ ചില പരിശോധനകള്‍ വഴി രോഗം സ്ഥിരീകരിക്കാം. എലിസ ടെസ്റ്റ്, ആന്റിജന്‍ കാപ്ചര്‍ ഡിറ്റെക്ഷന്‍ ടെസ്റ്റുകള്‍, സെറം ന്യൂട്രിലൈസേഷന്‍ ടെസ്റ്റുകള്‍, ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ്, ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി പരിശോധന, സെല്‍ കള്‍ച്ചര്‍ വഴി വൈറസിനെ വേര്‍തിരിക്കുന്ന പരിശോധന എന്നിവ വഴി മാര്‍ബര്‍ഗ് വൈറസിനെ തിരിച്ചറിയാം. 

മരുന്നും വാക്‌സിനും ഇല്ല

നിലവില്‍ മാര്‍ബര്‍ഗ് വൈറസ് രോഗം ചികിത്സിക്കാന്‍ മരുന്നുകളോ വാക്‌സിനുകളോ ഇല്ല. എന്നാല്‍ ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള സപ്പോര്‍ട്ടീവ് ചികിത്സകള്‍ നല്‍കി രോഗതീവ്രത കുറച്ച് രക്ഷപ്പെടുത്താന്‍ സാധിച്ചേക്കും. 

വവ്വാലുകളും മനുഷ്യരും തമ്മിലുള്ള ഇടപഴകലുകള്‍ കുറയ്ക്കണം. ഖനികള്‍, ഗുഹകള്‍ എന്നിവിടങ്ങളാണ് പഴംതീനി വവ്വാലുകളുടെ വാസസ്ഥലങ്ങള്‍. ഗവേഷണ ആവശ്യങ്ങള്‍ക്കായി അത്തരം സ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌കും ഗ്ലൗസും ഉള്‍പ്പടെയുള്ള സുരക്ഷാവസ്ത്രം ധരിക്കണം. മൃഗങ്ങളുടെ മാംസം നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. 

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് രോഗംപടരുക. ഇതൊഴിവാക്കാന്‍ വന്യജീവികള്‍, വവ്വാലുകള്‍ തുടങ്ങിയവയുമായും മറ്റ്  രോഗബാധയുള്ളവരുടെയും ശരീരസ്രവങ്ങളുമായും നേരിട്ട് സമ്പര്‍ക്കം വരാതെ നോക്കണം. രോഗികളെ ശുശ്രൂഷിക്കുന്ന സമയങ്ങളില്‍ ഗ്ലൗസും മാസ്‌കും ഉള്‍പ്പടെയുള്ള സുരക്ഷാവസ്ത്രങ്ങള്‍ ധരിക്കണം. കൃത്യയമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. 

കോവിഡ് കാലത്തെ അതിജീവിച്ച് വരുകയാണ് ലോകം. ഈ സമയത്ത് മറ്റൊരു മഹാമാരി കൂടി ഭീഷണിയാകാതിരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

അവലംബം: ലോകാരോഗ്യ സംഘടന

Content Highlights: