'നിലത്തിരുന്നിട്ട് വര്‍ഷങ്ങളായി. സ്റ്റെപ്പ് കയറാനും വളരെയധികം പ്രയാസമുണ്ട്. ഈയിടെയായി കസേരയില്‍ ഇരിക്കുന്നത് തന്നെ ബുദ്ധിമുട്ടായിത്തുടങ്ങി.' വയസ്സായവരോട് കുശലം ചോദിക്കുമ്പോള്‍ അവര്‍ പറയുന്ന സ്ഥിരം മറുപടിയാണിത്. തേയ്മാനം പതുക്കെപ്പതുക്കെ ഒരു മനുഷ്യന്റെ ചലന ശേഷിയെ കീഴ്‌പ്പെടുത്തുന്നതിന്റെ വേദന ആ വാക്കുകളില്‍ മറഞ്ഞിരിക്കുന്നത് കാണാം. ചലന ശേഷി ഇല്ലാതാകുമ്പോള്‍ വേദനക്കു പുറമെ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദയ സബന്ധമായ അസുഖങ്ങള്‍ എന്നിവ കൂടി പിടിപെടുന്നു. എന്നാല്‍ ഒരു രണ്ടുമണിക്കൂര്‍ നേരത്തെ സര്‍ജറി കൊണ്ട് ഈ അവസ്ഥ പരിഹരിക്കാവുന്നതേയുള്ളു.
   
ശരീരത്തിലെ ഏറ്റവും വലിയ സന്ധിയാണ് കാല്‍മുട്ട്. തുടയെല്ലും കാലിന്റെ എല്ലും കൂടിചേരുന്ന സന്ധിയാണിത്. ഈ എല്ലുകളുടെ അറ്റത്ത് തരുണാസ്ഥി അഥവാ 'കാര്‍ട്ടിലേജ്' എന്ന കണ്ണാടിപോലെ മിനുസ്സമായ പ്രതലമുണ്ട്. എല്ലുകള്‍ തമ്മിലുള്ള സുഗമമായ ഉരസാതെയുള്ള ചലനത്തിന് ഈ തരുണാസ്ഥി സഹായിക്കുന്നു. തരുണാസ്ഥികള്‍ക്കിടയ്ക്ക് അര്‍ദ്ധവൃത്താകൃതിയിലുള്ള മെനിസ്‌ക്കസ് എന്ന ഷോക്ക് അബ്‌സോര്‍ബര്‍ ഉണ്ട്. എല്ലുകള്‍ തെന്നി പ്പോകാതെ സഹായിക്കുന്നത് ചുറ്റുമുള്ള ലിഗമെന്റുകളും പേശികളുമാണ്. ഇവയുടെയെല്ലാം ആരോഗ്യപരമായ പ്രവര്‍ത്തനമാണ് കാല്‍മുട്ടിനെ വേദനയില്ലാതെ ചലിപ്പിക്കുന്നത്. ഈ തരുണാസ്ഥിക്കുണ്ടാകുന്ന തേയ്മാനമോ, മറ്റുവാതരോഗങ്ങളോ ആണ് മുട്ടുവേദനയ്ക്ക് കാരണം.

പടി കയറുമ്പോഴോ, നിലത്തിരിക്കാന്‍ ശ്രമിക്കുമ്പോഴോ ഉണ്ടാകുന്ന ചെറിയ വേദനയില്‍ തുടങ്ങി, മുട്ടുകള്‍ വളഞ്ഞ് നീരുവന്ന് വീര്‍ത്ത് ഒട്ടും നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിച്ചേരുന്നു. ഈ അവസ്ഥയില്‍ വെറുതെയിരിക്കുമ്പോള്‍ പോലും അമിതമായ വേദനയുണ്ടാകുന്നു. ജീവിതശൈലീമാറ്റങ്ങള്‍, മരുന്നുകള്‍, ഫിസിയോതെറാപ്പി എന്നിവകൊണ്ട് വേദന മാറിവരണമെന്നില്ല. മുട്ടുമാറ്റി വെയ്ക്കലാണ് ഈ അമിതമായ തേയ്മാനത്തിന്റെ പ്രതിവിധി.

1968 ലാണ് ആദ്യമായി മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. ആധുനിക വൈദ്യശാസ്ത്രത്തില്‍ തന്നെ ഏറ്റവും ഫലപ്രദമായതും വിജയകരവുമായ ശാസ്ത്രക്രിയയിലൊന്നാണ് മുട്ടുമാറ്റിവെയ്ക്കല്‍.

തേയ്മാനത്തിന്റെ പ്രധാന കാരണങ്ങള്‍

1. ഒസ്റ്റിയോ ആര്‍ത്രൈറ്റിസ്: പ്രായാധിക്യം കൊണ്ട് മുട്ടില്‍ സംഭവിക്കുന്ന തേയ്മാനമാണിത്. എല്ലുകളെ പൊതിയുന്ന കാര്‍ട്ടിലേജ് നശിക്കുകയോ, നഷ്ടപ്പെടുകയോ ചെയ്യുന്നു. അപ്പോള്‍ എല്ലുകള്‍ തമ്മില്‍ ഉരയുന്നു, കാല്‍മുട്ടില്‍ വേദനയും ഉണ്ടാകും. ഭാരക്കൂടുതല്‍ ഉള്ളവര്‍ക്ക് തേയ്മാനം വേഗം സംഭവിക്കുന്നു.

2. സന്ധിവാതം: കാല്‍മുട്ടിനു ചുറ്റും കാണുന്ന സൈനോവിയല്‍ മെംബ്രേന്‍ എന്ന ആവരണത്തില്‍ നീര്‍ക്കെട്ട് വരുന്നു. ഈ നീര്‍ക്കെട്ട് കാര്‍ട്ടിലേജിലേക്ക് പടരുകയും പതുക്കെ കാര്‍ട്ടിലേജ് നഷ്ടപ്പെടുകയും ചെയ്യുന്നു. അപ്പോഴാണ് മുട്ടിനു വേദനയും ചലിപ്പിക്കാന്‍ വിഷമവും ഉണ്ടാകുന്നത്.

3. മുട്ടിലെ പരുക്കുകള്‍: മുട്ടിലെ എല്ലുകള്‍ക്കുണ്ടാകുന്ന പരുക്കുകള്‍, ലിഗ്മെന്റുകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ എന്നിവ മൂലവും കാര്‍ട്ടിലേജ് നഷ്ടപ്പെടാം. വേദനയും ചലനക്ഷമത കുറയുകയുമാണ് ഇവിടെയും സംഭവിക്കുന്നത്.

മുട്ട് മാറ്റിവയ്ക്കല്‍ വേണ്ടി വരുന്നതെപ്പോള്‍

  • മുട്ടിന് ഉണ്ടാകുന്ന കഠിനമായ വേദന.
  • നടക്കാന്‍ പറ്റാത്ത വേദന.
  • വെറുതേ ഇരിക്കുമ്പോഴും മുട്ടില്‍ വേദന (rest pain)
  • മരുന്ന്, ജീവിതശൈലി മാറ്റം, ഫിസിയോതെറാപ്പി എന്നിവ കൊണ്ട് വേദന പരിഹരിക്കപ്പെടാതെ വരിക.
  • കാല്‍മുട്ടുകള്‍ക്ക് വളവ് ഉണ്ടാവുക.

സര്‍ജറിക്ക് മുന്‍പ് അല്പം തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ഫിസിഷ്യന്‍, കാര്‍ഡിയോളജി എന്നീ ഡോക്ടര്‍മാരെ കൊണ്ട് ഓപ്പറേഷന് ഫിറ്റാണോ എന്ന് നോക്കേണ്ടതുണ്ട്. ആവശ്യമായ ഇ.സി.ജി., എക്‌സ്-റേ, രക്തപരിശോധനകള്‍ എന്നിവയും നടത്തേണ്ടതുണ്ട്. പല്ലുകളില്‍ കേടോ പോടോ ഉണ്ടെങ്കില്‍ അവ ചികിത്സിക്കണം. മൂത്രത്തില്‍ അണുബാധയുണ്ടെങ്കില്‍ അത് മാറ്റിയെടുക്കണം. ജനറല്‍ അനസ്‌തേഷ്യയോ സ്‌പൈനല്‍ അനസ്‌തേഷ്യയോ നല്‍കിയാണ് ശസ്ത്രക്രിയ ചെയ്യുന്നത്.

ഒരു മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെ മാത്രം നീളുന്നതാണ് ശസ്ത്രക്രിയ. അനസ്‌തേഷ്യ നല്‍കിയ ശേഷം വളരെയധികം അണുവിമുക്തമായ സാഹചര്യത്തിലാണ് മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നത്. കേടായ തരുണാസ്ഥി മാറ്റി പകരം ഓക്‌സിനിയം പോലുള്ള വളരെ വിലപിടിപ്പുള്ള ലോഹം വെച്ചുപിടിപ്പിക്കുകയാണ് ആദ്യത്തെ സ്റ്റേജ്. മുട്ടിന്റെ വളവുകള്‍ മാറ്റിയ ശേഷമായിരിക്കും ഇതു ചെയ്യുന്നത്. പിറ്റേദിവസംതന്നെ രോഗിയ്ക്ക് ഫിസിയോതെറാപ്പി ആരംഭിക്കുകയും നടത്താന്‍ തുടങ്ങുകയും ചെയ്യുന്നു.

ഫിസിയോതെറാപ്പി തുടരുന്നത് മുട്ടിനു ചുറ്റുമുള്ള മാംസപേശികളെ ശക്തിപ്പെടുത്താന്‍ സഹായിക്കും. അടുത്ത ദിവസം തന്നെ രോഗിയെ നടത്താന്‍ തുടങ്ങും. രോഗിക്ക് തനിയെ നടക്കാന്‍ കഴിയുന്ന അവസ്ഥയില്‍ എത്തിയാല്‍ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്യും. ഏകദേശം മൂന്നു മുതല്‍ അഞ്ചുദിവസം വരെ രോഗി ഹോസ്പിറ്റലില്‍ തുടരേണ്ടതുണ്ട്. അതുകഴിഞ്ഞ് ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന രോഗിയെ ഏകദേശം 14 ദിവസം കഴിയുമ്പോഴേക്കും സ്റ്റിച്ച് എടുക്കുന്നതായിരിക്കും.

വീട്ടിനുള്ളില്‍ തന്നെ നടക്കുക, പടി കയറുക, ഫിസിയോതെറാപ്പിസ്റ്റ് പഠിപ്പിച്ച വ്യായാമമുറകള്‍ ചെയ്യുക എന്നിവ വീട്ടില്‍ എത്തിയ ശേഷവും രോഗി തുടരേണ്ടതുണ്ട്. ഇത് ഏകദേശം ആറാഴ്ച വരെ നീളുന്നതാണ്. ആറാഴ്ചയ്ക്കുശേഷം രോഗിക്ക് സ്വതസിദ്ധമായി പരാശ്രയം കൂടാതെ നടക്കുന്നതിനും വാഹനം ഓടിക്കുന്നതിനും സാധിക്കുന്നു.

സങ്കീര്‍ണതകള്‍

98 ശതമാനവും വിജയകരമായ ഒരു സര്‍ജറി ആണിത്. ഒന്നോ രണ്ടോ ശതമാനം പേര്‍ക്ക് ചെറുതായി നീര്, വേദന, കാലിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കല്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ശരിയായ രീതിയിലുള്ള മരുന്നുകളും ഫിസിയോതെറാപ്പിയും കൊണ്ട് ഈ രോഗങ്ങള്‍ ചികിത്സിക്കുന്നതേ ഉള്ളൂ. 50 വയസ്സിന് മുകളിലുള്ള ആളുകള്‍ക്കാണ് ഈ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. ഇന്ന് പുതിയ രീതിയിലുള്ള ലോഹങ്ങളുടെയും(പ്രോസ്‌തെസിസ്) പുതിയ രീതിയിലുള്ള സര്‍ജിക്കല്‍ ടെക്‌നിക്കുകളുടെയും സഹായത്തോടു കൂടി നമുക്ക് വളരെയധികം വിജയകരമായി നടത്താന്‍ പറ്റുന്ന ഒരു സര്‍ജറിയായി മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ  വളര്‍ന്നിരിക്കുന്നു. അത്യാധുനികവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ പ്രോസ്‌തെസിസ് ആണ് നമ്മള്‍ ഉപയോഗിക്കുന്നത്. ഇത് 20 മുതല്‍ 25 വര്‍ഷം വരെ ഈട് നില്‍ക്കുന്നതാണ്.

കോവിഡും മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും

കോവിഡ് എന്ന മഹാമാരിയുടെ ഫലമായി നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്ന ഏകദേശം പതിനയ്യായിരത്തോളം സന്ധി മാറ്റി വെക്കല്‍ ശസ്ത്രക്രിയകളാണ് ഓരോ ആഴ്ചയും അമേരിക്കയില്‍ മാറ്റി വെക്കേണ്ടി വന്നത്. കോവിഡിന്റെ നിയന്ത്രണം മൂലം ഇങ്ങനെയുള്ള രോഗികള്‍ക്ക് ചലനശേഷി കുറയുകയും അതേത്തുടര്‍ന്നുള്ള നീര്‍ക്കെട്ടും മസില്‍ തേയ്മാനവും മൂലം ദൈനംദിന ജീവിതത്തില്‍ വളരെയധികം യാതനകളാണ് അനുഭവിക്കേണ്ടി വന്നത്. നമ്മുടെ രാജ്യത്തും ഇതേ അവസ്ഥാവിശേഷമാണ് ഉണ്ടായത്. അങ്ങനെ സന്ധി മാറ്റിവയ്ക്കാന്‍ ഉള്ള രോഗികള്‍ക്ക് ഏകദേശം ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ കോവിഡ് നിരക്ക് കുറഞ്ഞതോടുകൂടി വളരെ ചിട്ടയോട് കൂടിയുള്ള കോവിഡ് പരിശോധനകള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ചെയ്തുകൊണ്ട് ഇത്തരം ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചിട്ടുണ്ട്.  

(കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ആര്‍ത്രോസ്‌കോപ്പി & റീപ്ലേസ്‌മെന്റ് ഓര്‍ത്തോപീഡിക് സര്‍ജനാണ് ലേഖകന്‍)

Content Highlights: What is knee replacement surgery, Health, Knee Health