പുരുഷന്മാരില്‍ അമ്പതുകളുടെ തുടക്കത്തില്‍, അതായത് മധ്യവയസ്സിലേക്ക് കടക്കുന്നതോടെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം  കണ്ട് വരുന്നുണ്ട്. അതില്‍ കൂടുതലും ബി.പി.എച്ച് (Benign Prtosatic Hyperplasia) ആണ്. കാന്‍സര്‍ അല്ലാത്ത ഗ്രന്ഥിവീക്കമാണിത്. സാധാരണ പ്രോസ്റ്റേറ്റ് വീക്കം ക്രമേണയുള്ള മാറ്റം ആയതിനാല്‍, ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പലപ്പോഴും വൈകാറുണ്ട്. പ്രോസ്റ്റേറ്റ് വീക്കം കണ്ടെത്തിക്കഴിഞ്ഞാലും ശസ്ത്രക്രിയയുടെ കാര്യം ഓര്‍ത്ത് പലരും കൃത്യമായ ചികിത്സ തേടാന്‍ മടിക്കാറുണ്ട്. ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും അത് സഹിച്ച് ജീവിതം മുന്നോട്ടു നയിക്കുകയും ചെയ്യുന്നു.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ചികിത്സാരംഗത്ത് വലിയ മുന്നേറ്റം ഉണ്ടായിക്കഴിഞ്ഞു. പ്രത്യേകിച്ച് ശസ്ത്രക്രിയയുടെ കാര്യത്തില്‍. പ്രായാധിക്യവും ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളും മറ്റ് അനുബന്ധ രോഗങ്ങളും അലട്ടുന്നവര്‍ പലപ്പോഴും പ്രോസ്റ്റേറ്റ് വീക്കത്തിന് മരുന്നുകളെ ആശ്രയിക്കാറാണ് പതിവ്. മരുന്നുകളിലൂടെ തുടക്കത്തില്‍ ലക്ഷണങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. മരുന്നുകള്‍ നിര്‍ത്തുമ്പോഴോ മറ്റേതെങ്കിലും അസുഖങ്ങളുടെ ചികിത്സാ സമയത്തോ ആണ് രോഗി കൂടുതല്‍ വിഷമഘട്ടത്തിലേക്ക് എത്തുക. അപ്പോഴേക്കും ഗ്രന്ഥിയുടെ വലുപ്പം കൂടിയിട്ടുണ്ടാകും.

ലക്ഷണങ്ങള്‍

കൂടെക്കൂടെ മൂത്രം ഒഴിക്കാന്‍ തോന്നുക, മൂത്രം മുഴുവനായും പോവാതിരിക്കുക, മൂത്രത്തില്‍ അണുബാധ, കല്ലുകള്‍ രൂപപ്പെടുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം മൂര്‍ധന്യാവസ്ഥയിലെത്തുമ്പോള്‍ മൂത്രതടസ്സം ഉണ്ടാകുന്നതിലാല്‍ ട്യൂബ് ഇടേണ്ടിയും വന്നേക്കാം.

എങ്ങനെ സ്ഥിരീകരിക്കാം

മൂത്ര പരിശോധന, രക്ത പരിശോധന (പി.എസ്.എ.സ്‌ക്രീനിങ്), യൂറോഫ്‌ളോ ടെസ്റ്റ്, അള്‍ട്രാ സൗണ്ട് സ്‌കാന്‍ എന്നിവയാണ് പരിശോധനാ മാര്‍ഗങ്ങള്‍.

ചികിത്സാ രീതികള്‍

മരുന്നുകളും ഓപ്പണ്‍ സര്‍ജറിയുമായിരുന്നു പ്രധാന ചികിത്സകള്‍. ഇപ്പോള്‍ ലേസര്‍ സര്‍ജറിയും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. എന്റോസ്‌കോപിക് സര്‍ജറി- മോണോപോളാര്‍ ടി.യു.ആര്‍.പി, ബൈപ്പോളാര്‍ ടി.യു.ആര്‍.പി., ടി.യു.ഐ.പി. എന്റോസ്‌കോപിക് ലേസര്‍ ചികിത്സകള്‍- ഹോള്‍മിയം ലേസര്‍, തൂലിയം ലേസര്‍, കെ.ടി.പി. ലേസര്‍ എന്നിവയാണ് പ്രധാന ചികിത്സാ രീതികള്‍.

ലേസര്‍ ശസ്ത്രക്രിയ ചെയ്യുന്നത് എങ്ങനെ?

പ്രോസ്റ്റേറ്റ് വീക്കം കാരണം മൂത്രനാളി ഞെരുങ്ങാന്‍ ഇടയാകും. ഇങ്ങനെ ഞെരുക്കുന്ന പ്രോസ്റ്റേറ്റ് ഭാഗം ലേസര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്ന ശസത്രക്രിയയാണ് ഹോള്‍മിയം ലേസര്‍ എനുക്ലിയേഷന്‍. മൂത്രക്കുഴലിലൂടെ കടന്ന്, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തടസ്സമുണ്ടാക്കുന്ന ഭാഗം നീക്കം ചെയ്ത് മൂത്രസഞ്ചിയില്‍ നിക്ഷേപിക്കും. അവിടെവച്ച് അതിനെ മോര്‍സിലേറ്റര്‍ എന്ന മെക്കാനിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ചെറിയ കഷ്ണങ്ങളാക്കി മാറ്റി  മൂത്രക്കുഴലിലൂടെ പുറത്തേക്ക് വലിച്ചെടുക്കും. ഇത് ബയോപ്‌സി പരിശോധനയ്ക്ക് നല്‍കും.

ഹോള്‍മിയം ലേസര്‍ എനൂക്ലിയേഷന്‍ ശസ്ത്രക്രിയയുടെ പ്രത്യേകതകളും ഗുണങ്ങളും

പക്ഷാഘാതം, ഹൃദയ രോഗങ്ങള്‍, ബൈപ്പാസ് സര്‍ജറി, ആന്‍ജിയോപ്ലാസ്റ്റി എന്നീ അസുഖങ്ങള്‍ ഉള്ളവരിലും വളരെ ഫലപ്രദമായി ഇത് ചെയ്യാന്‍ കഴിയും. 10 ഗ്രാം മുതല്‍ 300 ഗ്രാം വരെയുള്ള മുഴകള്‍ ഒറ്റപ്രാവശ്യംകൊണ്ട് നീക്കം ചെയ്യാം. രക്തം സ്വീകരിക്കേണ്ട ആവശ്യം തീരെയില്ല. വളരെ കുറഞ്ഞ ആശുപത്രിവാസം മതി. മൂത്രം പോകാന്‍ ട്യൂബ് ഇടേണ്ടിവരുന്നുമില്ല. ഗുരുതരമായ അസുഖങ്ങള്‍ ഉള്ളവര്‍ക്കും വളരെ കൃത്യമായി ശസ്ത്രക്രിയ ചെയ്യാന്‍ കഴിയും എന്നത് മറ്റൊരു സവിശേഷതയാണ്.

തുറന്ന ശസ്ത്രക്രിയയിലും ടി.യു.ആര്‍.പി പോലുള്ള ശസ്ത്രക്രിയകളിലും രക്തനഷ്ടം കൂടുതല്‍ ആണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്നതിന് ആ ഭാഗത്തുള്ള രക്തക്കുഴലുകള്‍ മുറിച്ചു മാറ്റേണ്ടതായി വരും. ഇത് രോഗികളില്‍ കടുത്ത ക്ഷീണവും രക്തനഷ്ടവും ഉണ്ടാക്കും. രക്തസ്രാവം വളരെ അപകടകരമാംവിധം ആണെങ്കില്‍ വീണ്ടും ആ ഭാഗം കരിച്ചു കളയേണ്ടതായും വരുന്നു. ഇത്തരം ചികിത്സാ രീതികളില്‍ വൈദ്യുതി തരംഗങ്ങള്‍ മാധ്യമമായി ഉപയോഗിക്കുന്ന ലായനികള്‍ മൂലം രോഗിയുടെ ശരീരത്തിലെ സോഡിയം കുറയാനും സാധ്യതയുണ്ട്. ഈ വ്യതിയാനം രോഗിയുടെ മനോനിലയില്‍മാറ്റമുണ്ടാക്കാം. ടി.യു.ആര്‍.പി ചികിത്സക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ആണ് ഇത്തരത്തില്‍ സോഡിയം കുറയുന്നതിനും ബ്രെയിന്‍ എഡിമ പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. എന്നാല്‍ ഹോള്‍മിയം ലേസര്‍ എനുക്ലിയേഷന്‍ പോലുള്ള പു
തിയ രീതികളില്‍ ഇത്തരം പാര്‍ശ്വഫലങ്ങള്‍ ഇല്ല. പരസഹായം കൂടാതെ രോഗിക്ക് തന്റെ ദൈനം ദിന ജീവിതത്തിലേക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ട് മടങ്ങിവരാനും സാധിക്കുന്നു.

(സീനിയര്‍ കണ്‍സള്‍ട്ടന്റ് റീനല്‍ ട്രാന്‍സ്പ്ലാന്റേഷന്‍, ലാപ് & റോബോട്ടൈസ്ഡ് ലാപ്പ് സര്‍ജന്‍, മൈയാര്‍ട്ട് കോഴിക്കോട്, ഡോ.എച്ച്&കെ യൂറോളജി സെന്റര്‍ കോഴിക്കോട്)

Content Highlights: Holmium Laser Prostate Surgery, Health,Laser Treatment

ആരോഗ്യമാസിക വാങ്ങാം