എന്താണ് ഹോഡ്ജകിന്‍ ലിംഫോമയുടെ പ്രത്യേകത? ചികിത്സിച്ചാല്‍ മാറുന്ന കാന്‍സറാണോ ഇത്?


ഡോ. സഞ്ജു സിറിയക്

ഹോഡ്ജ്കിന്‍ ലിംഫോമ പൊതുവെ ചെറുപ്പക്കാരില്‍ കൂടുതലായി കാണപ്പെടുന്നു

Representative Image| Photo: Reuters

യൂണിവേഴ്സിറ്റി ഓഫ് വിസ്‌കോണ്‍സിന്‍ മെഡിക്കല്‍ കോളേജില്‍ ഓങ്കോളജി/ഹെമറ്റോളജി ചീഫ് ആണ് ഡോ.ഹരി പരമേശ്വരന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്. ബിരുദം കരസ്ഥമാക്കിയ ഡോ. ഹരി ബ്രിട്ടനിലെയും യുഎസിലെയും ഉന്നത പഠനത്തിന് ശേഷം രക്തസംബന്ധപ്പെട്ട കാന്‍സര്‍ രോഗങ്ങളായ മൈലോമ, ലിംഫോമ, ലുക്കീമിയ രോഗങ്ങളുടെ ചികിത്സയില്‍ പ്രത്യേക പ്രാവീണ്യം നേടി. എടുത്തു പറയേണ്ടത്, സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ചികിത്സയില്‍ അദ്ദേഹത്തിന്റെ സംഭാവനകളാണ്. അമേരിക്കന്‍ സൊസൈറ്റി ഓഫ് ട്രാന്‍സ്പ്ലാന്റേഷന്‍ ആന്‍ഡ് സെല്ലുലാര്‍ തെറാപ്പിസ് സൊസൈറ്റിയുടെ സെക്രട്ടറി കൂടി ആണ് അദ്ദേഹം.

ഹോഡ്ജ്കിന്‍ ലിംഫോമ എന്ന രോഗത്തെ കുറിച്ചും അതിന്റെ ചികിത്സയെ കുറിച്ചും അദ്ദേഹം പറയുന്നത് കേള്‍ക്കാം. അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. സഞ്ജു സിറിയക്.

***

ഡോ. സഞ്ജു: ഒരു പുതിയ ഹോഡ്ജ്കിന്‍ ലിംഫോമ രോഗിയെ ക്ലിനിക്കില്‍ കാണുമ്പോള്‍ താങ്കളുടെ മനസ്സില്‍ വരുന്ന ചിന്ത എന്തെല്ലാമാണ്?

ഡോ. ഹരി: വളരെ ചുരുക്കം ചിലരില്‍ ഒഴികെ പൂര്‍ണ്ണമായും ഭേദപ്പെടുത്താന്‍ കഴിയുന്ന ഒരു രോഗമാണ് ഹോഡ്ജ്കിന്‍ ലിംഫോമ. അതുകൊണ്ട് തന്നെ എന്റെ രോഗിയ്ക്ക് മികച്ച ചികിത്സ കൊടുക്കാമെന്നും രോഗം ഭേദപ്പെടുത്താമെന്നും ഉള്ള ആത്മവിശ്വാസം എനിക്ക് ഉണ്ടാവും.

Dr. Hari
ഡോ.ഹരി പരമേശ്വരന്‍

ഡോ.സഞ്ജു: ലിംഫോമ എന്ന് കേള്‍ക്കുമ്പോള്‍ പൊതുവെ നല്ല കാന്‍സര്‍ എന്നാണ് എല്ലാവര്‍ക്കും തോന്നുക. എന്നാല്‍ ലിംഫോമ പല തരം ഉണ്ട്. എന്താണ് ഹോഡ്ജ്കിന്‍ ലിംഫോമയും നോണ്‍ ഹോഡ്ജ്കിന്‍ ലിംഫോമയും തമ്മില്‍ ഉള്ള വ്യത്യാസം ?

ഡോ. ഹരി: അടിസ്ഥാനപരമായ വ്യത്യാസം എന്താണെന്നാല്‍ ഹോഡ്ജ്കിന്‍ ലിംഫോമ പൊതുവെ കീമോതെറാപ്പിയും ചിലപ്പോള്‍ റേഡിയേഷന്‍ ചികിത്സയും കൊണ്ട് പൂര്‍ണ്ണമായും ഭേദപ്പെടാന്‍ സാധ്യത ഏറെ ഉള്ള ഒരു രോഗം ആണ്. നോണ്‍ ഹോഡ്ജ്കിന്‍ ലിംഫോമ ആകട്ടെ, പല തരത്തില്‍ ഉണ്ട്. ഓരോന്നിനും ഭേദപ്പെടാന്‍ ഉള്ള സാധ്യത വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഏറ്റവും ആക്രമണോത്സുകത ഉള്ള ലിംഫോബ്ളാസ്റ്റിക് ലിംഫോമ മുതല്‍ താരതമ്യേന എളുപ്പത്തില്‍ നിയന്ത്രിക്കാവുന്ന ഫോളിക്കുലാര്‍ ലിംഫോമ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ചില ടൈപ്പ് നോണ്‍ ഹോഡ്ജ്കിന്‍ ലിംഫോമയ്ക്ക് ചികിത്സ പോലും ആവശ്യമില്ല.

ഹോഡ്ജ്കിന്‍ ലിംഫോമയിലും കൂടുതലായി കാണപ്പെടുന്നത് നോണ്‍ ഹോഡ്ജ്കിന്‍ ലിംഫോമയാണ്. ഹോഡ്ജ്കിന്‍ ലിംഫോമ പൊതുവെ ചെറുപ്പക്കാരില്‍ കൂടുതലായി കാണപ്പെടുന്നു. എന്നാല്‍ നോണ്‍ ഹോഡ്ജ്കിന്‍ ലിംഫോമ വരുന്ന രോഗികളുടെ ആവറേജ് പ്രായം 55 ആണ്. ഹോഡ്ജ്കിന്‍ ലിംഫോമ രോഗികളില്‍ രോഗം പൊതുവെ ആരംഭിക്കുന്നത് കഴുത്തിലെയും കക്ഷത്തിലെയും കഴലകളിലെ വീക്കം ആയിട്ടാണ്. നോണ്‍ ഹോഡ്ജ്കിന്‍ ലിംഫോമ ശരീരത്തില്‍ എവിടെ വേണമെങ്കിലും തുടങ്ങാം. ആത്യന്തികമായ വ്യത്യാസം പാതോളജി പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ.

ഡോ. സഞ്ജു: ഏതു പ്രായക്കാരെയാണ് കൂടുതല്‍ ആയി ഈ രോഗം ബാധിക്കുക?

ഡോ. ഹരി: ഹോഡ്ജ്കിന്‍ ലിംഫോമ ഏതു പ്രായത്തിലും വരാമെങ്കിലും ഏറ്റവും കൂടുതലായി ബാധിക്കുന്നത് ചെറുപ്പക്കാരെയാണ്. ഈ രോഗം വരുന്നവരുടെ ആവറേജ് പ്രായം 38 ആണ്. ചെറുപ്പക്കാരെ ബാധിക്കുമ്പോള്‍ ചികിത്സയും അതനുസരിച്ച് ക്രമപ്പെടുത്തേണ്ടി വരുന്നു. പൊതുവെ ഇക്കൂട്ടരെ ഭേദപ്പെടുത്താന്‍ കഴിയുമെന്നതിനാല്‍ അതിജീവന കാലത്ത് ചികിത്സ മൂലം ഒരു പാട് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ പ്രത്യേക കരുതല്‍ വേണം.

ഡോ. സഞ്ജു: ഹോഡ്ജ്കിന്‍ ലിംഫോമ ചികിത്സയില്‍ പെറ്റ് സ്‌കാനിനുള്ള പ്രാധാന്യം വിവരിക്കാമോ?

ഡോ.ഹരി: പുതുതായി രോഗനിര്‍ണ്ണയം നടത്തപ്പെട്ട ഒരു രോഗിയുടെ രോഗവ്യാപ്തി അറിയുന്നതിനും ചികിത്സയോടുള്ള പ്രതികരണം കൃത്യമായി നിര്‍വചിക്കുന്നതിനും പെറ്റ് സ്‌കാന്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. കാന്‍സര്‍ കോശങ്ങള്‍ ഗ്ലൂക്കോസ് ഉപയോഗിക്കുന്നതിലെ വ്യതിയാനത്തെ ആസ്പദമാക്കിയാണ് പെറ്റ് സ്‌കാന്‍ നടത്തപ്പെടുന്നത്. സാധാരണ കോശങ്ങളെ അപേക്ഷിച്ച് ഹോഡ്ജ്കിന്‍ ലിംഫോമയുടെ കാന്‍സര്‍ കോശങ്ങള്‍ ഗ്ലൂക്കോസ് കൂടുതല്‍ ആയി ഉപയോഗിക്കുന്നു. പെറ്റ് സ്‌കാന്‍ സമയത്ത് ഈ കോശങ്ങള്‍ പുറപ്പെടുവിക്കുന്ന റേഡിയേഷന്‍ കണികകള്‍ പിടിച്ചെടുത്ത് കൃത്യമായ രോഗവിവരം ലഭ്യമാകുന്നു.

ചികിത്സയ്ക്കിടയില്‍ ഈ സ്‌കാന്‍ നടത്തുന്നതിലൂടെ ചികിത്സാ പുരോഗതി കൃത്യമായി നിര്‍വചിക്കാനും ആവശ്യമെങ്കില്‍ ചികിത്സയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി രോഗം ഭേദപ്പെടുത്താനുള്ള സാധ്യത വര്‍ധിപ്പിക്കാനും സാധിക്കുന്നു.

ഡോ.സഞ്ജു: ഹോഡ്ജ്കിന്‍ ലിംഫോമ എന്ന രോഗത്തിന്റെ ചികിത്സയെ കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കാമോ?

ഡോ.ഹരി: ഹോഡ്ജ്കിന്‍ ലിംഫോമയുടെ ചികിത്സയില്‍ പ്രാവീണ്യമുള്ള ഒരു ടീം വേണം അതിന്റെ ചികിത്സ നടത്താന്‍. മരുന്നുകള്‍ കൊണ്ടും ചിലപ്പോള്‍ ഒക്കെ റേഡിയേഷനും ഉള്‍പ്പെടുത്തിയുള്ള ചികിത്സാരീതിയാണ് ഇതിനായി ഉള്ളത്. മൂന്ന് രീതിയില്‍ ഉള്ള മരുന്നുകള്‍ ആണ് ഈ രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. സാധാരണ കീമോതെറാപ്പി മരുന്നുകളും ടാര്‍ജെറ്റ്ഡ് മരുന്നുകളും ഇമ്മ്യൂണോതെറാപ്പി ചികിത്സയും ഇതിനായി ലഭ്യമാണ്.

രോഗം ആദ്യഘട്ടത്തിലെ ചികിത്സയ്ക്ക് ശേഷം വീണ്ടും വരുന്ന രോഗികള്‍ക്ക് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്റ് ചികിത്സയും ആവശ്യമായി വരുന്നു. ചികിത്സയ്ക്ക് ശേഷം വരാവുന്ന പാര്‍ശ്വഫലങ്ങള്‍- ഉദാ: രണ്ടാമത് കാന്‍സര്‍ വരാനുള്ള സാധ്യത, ഹൃദയത്തിനും ശ്വാസകോശത്തിനും ഉണ്ടാകാവുന്ന തകരാര്‍ തുടങ്ങിയവ കൂടി കണക്കിലെടുത്ത് വേണം ചികിത്സ പ്ലാന്‍ ചെയ്യാന്‍.

ഡോ. സഞ്ജു: ഹോഡ്ജ്കിന്‍ ലിംഫോമ ഭേദപ്പെടാനുള്ള സാധ്യത എങ്ങനെ ആണെന്ന് പറയാമോ?

ഡോ. ഹരി: ഉയര്‍ന്ന വിജയസാധ്യത എല്ലാ സ്റ്റേജിലും ഉള്ള രോഗങ്ങളില്‍ ഒന്നാണ് ഹോഡ്ജ്കിന്‍ ലിംഫോമ. ആദ്യ സ്റ്റേജുകളില്‍ ആണെങ്കില്‍ പ്രായോഗികമായി പറഞ്ഞാല്‍ നൂറു ശതമാനം പേരിലും ഭേദപ്പെടുന്ന ഒരു രോഗം ആണ് ഹോഡ്ജകിന്‍ ലിംഫോമ. എല്ലാ സ്റ്റേജുകളിലുമായി വിലയിരുത്തിയാല്‍ അഞ്ചു വര്‍ഷത്തെ അതിജീവന സാധ്യത എണ്‍പത് മുതല്‍ തൊണ്ണൂറ് ശതമാനത്തോളം വരുന്നു.

ഡോ. സഞ്ജു: ചുരുക്കം ചിലരില്‍ എങ്കിലും ഈ രോഗം ആദ്യ ചികിത്സയ്ക്ക് ശേഷം വീണ്ടും വരുന്നതായി കാണാം. എന്തു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? എങ്ങനെ ആണ് അവരെ ചികില്‍സിക്കുന്നത്?

ഡോ. ഹരി: ശരിയാണ്, ചിലരില്‍ രോഗം വീണ്ടും വരുന്നതായി കാണുന്നു. രോഗം കണ്ടെത്തുന്ന സമയത്ത് മൂന്നാമത്തെയോ നാലാമത്തെയോ സ്റ്റേജില്‍ കണ്ടെത്തുന്നവരിലും വലിയ ട്യൂമര്‍ ഉള്ളവരിലും പ്രായമായ രോഗികളിലും ആണ് ഇങ്ങനെ കണ്ടു വരുന്നത്. ഈ സാധ്യത മുന്‍കൂട്ടി അറിയുന്നതിന് ചില സ്‌കോറിങ് രീതികള്‍ നിലവിലുണ്ട്.

ആദ്യഘട്ടത്തിലെ ചികിത്സയോട് പ്രതികരിക്കാത്തവര്‍ക്കും അല്ലെങ്കില്‍ ആദ്യ ഘട്ടത്തിലെ ചികിത്സയ്ക്ക് ശേഷം രോഗം വീണ്ടും വരുന്ന രോഗികള്‍ക്കും പുതിയ ചികിത്സാ രീതികളായ ഇമ്മ്യൂണോതെറാപ്പിയും ടാര്‍ജെറ്റ്ഡ് മരുന്നുകളും ഫലപ്രദമാണ്. ഇത്തരം രോഗികളില്‍ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്റ് നടത്തുന്നത് രോഗം ഭേദപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. രോഗിയുടെ തന്നെ മൂലകോശങ്ങള്‍ ഉപയോഗിക്കുന്ന ഓട്ടോലോഗസ് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ആണ് പൊതുവെ നടത്തുന്നത്. ചിലരില്‍ അല്ലോജിനിക് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്റും നടത്തപ്പെടുന്നു.

ഡോ. സഞ്ജു: ഹോഡ്ജ്കിന്‍ ലിംഫോമ ഉള്ള ഒരു പാട് രോഗികളെ ചികില്‍സിച്ച ഒരാള്‍ എന്ന നിലയില്‍ ചോദിച്ചു കൊള്ളട്ടെ. മറക്കാന്‍ കഴിയാത്ത ഒരു രോഗിയെ കുറിച്ച് പറയാമോ?

ഡോ. ഹരി: ഹോഡ്ജ്കിന്‍ ലിംഫോമയുമായി പതിനാല് വര്‍ഷമായി ജീവിക്കുന്ന ഒരാള്‍ ഇപ്പോഴും എന്റെ ചികിത്സയില്‍ ഉണ്ട്. 25 വയസ്സുള്ളപ്പോള്‍ ആണ് ഇദ്ദേഹത്തിന് രോഗം പിടിപെടുന്നത്. ആദ്യ ഘട്ടത്തിലെ ചികിത്സയോട് പ്രതികരിക്കാതിരുന്ന ഈ വ്യക്തിയ്ക്ക് പിന്നീട് ഹൈ ഡോസ് കീമോയും സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷനും നടത്തേണ്ടി വന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം രോഗം വീണ്ടും തല പൊക്കി. ആ ഘട്ടത്തില്‍ അല്ലോജിനിക് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്റേഷന്‍ നടത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടു. ആ സമയത്ത് ഭാഗ്യവശാല്‍ ടാര്‍ജറ്റഡ് മരുന്നായ ബ്രെന്‍ടുക്‌സിമാബ് ക്ലിനിക്കല്‍ ഉപയോഗത്തിന് ലഭ്യമായിരുന്നു. പക്ഷേ ഒരു വര്‍ഷത്തിന് ശേഷം രോഗം വീണ്ടും വന്നു. കുറച്ചു നാള്‍ ഇബ്രുറ്റിനിബ് മരുന്നില്‍ ആള്‍ മുന്നോട്ട് പോയി. ഇമ്മ്യൂണോതെറാപ്പി മരുന്ന് ആയ നിവോലുമാബ് ആ സമയത്താണ് അംഗീകൃത ചികിത്സയായത്. അങ്ങനെ ഇമ്മ്യൂണോതെറാപ്പി ആരംഭിക്കുകയും അദ്ദേഹം ഇന്നും ആ ചികിത്സയുമായി മുന്നോട്ട് പോകുകയും ചെയ്യുന്നു.

Content Highlights: What is Hodgkin's lymphoma, Interview with Dr. Hari Parameswaran, Health, Cancer Awareness

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented