പ്രിൽ മാസം ഹെഡ് & നെക്ക് കാൻസർ ബോധവത്ക്കരണ മാസമായിട്ടാണ് ആചരിക്കുന്നത്. ഇന്ത്യയിലെ മൊത്തം കാൻസർ രോഗികളിൽ 30 ശതമാനം കേസുകളും ഹെഡ്  & നെക്ക് കാൻസർ വിഭാഗത്തിൽ പെടുന്നവയാണ്.
 
1. എന്താണ് ഹെഡ് & നെക്ക് കാൻസർ?

തൊണ്ട, മൂക്ക്, ചെവി,വായ, നാക്ക്, ചുണ്ടുകൾ, കവിൾ, ഉമിനീർ ഗ്രന്ധികൾ എന്നീ അവയവങ്ങളിൽ ഉണ്ടാകുന്ന കാൻസറുകളാണ് ഈ വിഭാഗത്തിൽ പെടുന്നത്.
 
2. എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ?

ഏതു ഭാഗത്താണ് കാൻസർ എന്നതിനനുസരിച്ച് രോഗലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും.
നാക്ക്, കവിൾ എന്നീ ഭാഗങ്ങളിൽ ഉണ്ടാകുന്ന നിറവ്യത്യാസം, ഉണങ്ങാത്ത മുറിവുകൾ, മാറാത്ത പുണ്ണ്, മാറാത്ത തൊണ്ടവേദന, ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ ഉണ്ടാകുന്ന തടസ്സം, ശബ്ദത്തിലുള്ള വ്യത്യാസം, ശ്വാസമെടുക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഭക്ഷണം തരിപ്പിൽ പോകുക, കഴുത്തിൽ ഉണ്ടാകുന്ന മുഴകൾ ഇവയെല്ലാം രോഗലക്ഷണങ്ങൾ ആകാം.
 
3. രോഗത്തിന് കാരണമാകുന്നവ എന്തൊക്കെ? 
 
പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ് പ്രധാന വില്ലൻ. പുകയില ഉത്പന്നങ്ങൾ; ഉദാ: സിഗരറ്റ്, ബീഡി, വെറ്റിലമുറുക്ക് ഇവയുടെ എല്ലാം ഉപയോഗം ഹെഡ് & നെക്ക് കാൻസറിന്റെ കാരണങ്ങളിൽ ഒന്നാമതാണ്. രണ്ടാമത്തെ പ്രധാന കാരണം മദ്യപാനമാണ്.  പിന്നെ സാധാരണയായി കാണുന്ന ഒരു കാരണം മൂർച്ച കൂടിയ പല്ലുകളും  അതിന്റെ ഫലമായി വായിൽ ഉണ്ടാകുന്ന ഉണങ്ങാത്ത മുറിവുകളും ആണ്. (ദീർഘ കാലം നിലനിൽക്കുന്ന മുറിവുകൾ കാൻസർ ആയി മാറാൻ സാധ്യത കൂടുതലാണ് ). ഹ്യൂമൻ പാപ്പിലോമ വെെറസ് എന്ന വൈറസ് ഹെഡ് & നെക്ക് കാൻസറിന്റെ ഒരു കാരണമായി പറയാറുണ്ട്. ഓറൽ സെക്സ് വഴി ഈ വൈറസ് ബാധ വരാനുള്ള സാധ്യത കൂടുതലാണ്.
 
4. ഹെഡ് & നെക്ക് കാൻസർ തുടക്കത്തിലേ കണ്ടുപിടിക്കാനാകുമോ ?

ഹെഡ് & നെക്ക് കാൻസർ തുടക്കത്തിലേ കണ്ടെത്താൻ മുകളിൽ പറഞ്ഞ റിസ്ക് ഫാക്ടറുകൾ (പുകവലി, മദ്യപാനം) ഉള്ളവരിൽ വർഷത്തിൽ ഒരു തവണ എങ്കിലും ഓറൽ കാവിറ്റി പരിശോധന നടത്താറുണ്ട്. ഇങ്ങനെ ടെസ്റ്റുകൾ ചെയ്താൽ പലപ്പോഴും ഈ കാൻസർ അതിന്റെ പ്രാരംഭഘട്ടത്തിൽ കണ്ടുപിടിക്കാനും പരിപൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാനും സാധിക്കും. (eg: erythroplakia, leucoplakia, submucous fibrosis - precancerous conditions)
 
5. എങ്ങനെ രോഗനിർണ്ണയം നടത്താം?
 
പലപ്പോഴും പുറമേ കാണാൻ കഴിയുന്ന നീണ്ട കാലം നീണ്ടുനിൽക്കുന്ന പുണ്ണ് ബയോപ്സി പരിശോധന വഴി നടത്തിയാൽ രോഗനിർണ്ണയം നടത്താൻ സാധിക്കും. തൊണ്ട, സ്വനപേടകം എന്നിവിടങ്ങളിൽ ഉള്ള കാൻസർ ലാറിങ്കോസ്കോപ്പി/ എൻഡോസ്കോപ്പി ടെസ്റ്റുകൾ മുഖാന്തരം ബയോപ്സി  ചെയ്യാറാണ് പതിവ്. കഴുത്തിലെ മുഴകളും ബയോപ്സിക്ക് വിധേയമാക്കാറുണ്ട്. 
 
6. രോഗത്തിന്റെ സ്റ്റേജ് എങ്ങനെ മനസിലാക്കാം?
 
സ്റ്റേജ് നിർണ്ണയത്തിന് പലപ്പോഴും ക്ലിനിക്കൽ പരിശോധനകൾ, സി.ടി.സ്കാൻ, എം.ആർഐ. സ്കാൻ, പെറ്റ് സി.ടി. എന്നീ പരിശോധനകൾ നടത്താറുണ്ട്.
 
7. എങ്ങനെ ചികിത്സിക്കാം?
 
സ്റ്റേജ് 1, 2 (പ്രാരംഭഘട്ടത്തിൽ) ഉള്ള അസുഖങ്ങൾക്കു ഓപ്പറേഷൻ പറ്റുമെങ്കിൽ ആദ്യം രോഗിയെ ഓപ്പറേഷന് വിധേയമാക്കും. തുടർചികിത്സയായി റേഡിയേഷൻ, കീമോ തെറാപ്പി എന്നിവ വേണോ എന്നത് സർജറി നടത്തിയ ഭാഗത്തിന്റെ വിശദമായ പാത്തോളജി റിപ്പോർട്ട് (post op histopathological examination report) അടിസ്ഥാനമാക്കിയാണ്.

അതേസമയം 3 & 4 ഘട്ട ( advanced stage ) അസുഖമാണെങ്കിൽ റേഡിയേഷനും കീമോ തെറാപ്പിയും കൂടിയുള്ള ചികിത്സ( combined modality treatment)  ആണ് നടത്താറുള്ളത്. ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച അസുഖത്തിന് പാലിയേറ്റീവ് കീമോ തെറാപ്പി, ടാർഗറ്റ് തെറാപ്പി, ഇമ്യൂണോ തെറാപ്പി എന്നീ ചികിത്സ രീതികളും ലഭ്യമാണ്.

ഇത്തരം ചികിത്സാരീതികൾ നിശ്ചയിക്കുന്നത് ഒരു സംഘം ഡോക്ടർമാർ  ചേർന്നാണ് ( multi disciplinary tumor board). ഈ ടീമിൽ ഹെഡ് & നെക്ക് സർജിക്കൽ ഓങ്കോളജിസ്റ്റ്, മെഡിക്കൽ ഓങ്കോളജിസ്റ്റ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ന്യൂക്ലിയർ മെഡിസിൻ സ്പെഷ്യലിസ്റ്റ് എന്നീ ഡോക്ടർമാർ ചേർന്നാണ് ചികിത്സാവിധി നിശ്ചയിക്കുന്നത്‌.
 
8. രോഗം എങ്ങനെ വരാതെ നോക്കാം?
 
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്.
മദ്യപാനം, പുകയില ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗം പരിപൂർണമായി ഉപേക്ഷിക്കുക എന്നുള്ളത് രോഗം വരാതെ നോക്കാനുള്ള പ്രധാനപ്പെട്ട ഒരു മാർഗമാണ്. അതുപോലെ മൂർച്ചയുള്ള പല്ലുകൾ ഒരു ഡെന്റിസ്റ്റിനെ കണ്ടു ശരിയാക്കണം.

ഹ്യുമൻ പാപ്പിലോമ വെെറസിന് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് രോഗം തടയാൻ സഹായിക്കും. അതുപോലെ തന്നെ ഹെെ റിസ്ക്  ഗ്രൂപ്പ്‌ ആളുകളിൽ കാൻസർ സ്ക്രീനിങ്ങും ഒരു പരിധി വരെ രോഗം നേരത്തേ കണ്ടുപിടിക്കാനും അതുവഴി കൃത്യമായി രോഗം ചികിത്സിച്ചു ഭേദമാക്കാനും സഹായിക്കും.

രോഗം വന്നാൽ തെറ്റായ ചികിത്സകൾക്ക് പോകാതെ ശരിയായ ചികിത്സ ഒരു വിദ​ഗ്ധനായ ഓങ്കോളജിസ്റ്റിനെ കണ്ട് ഉപ​ദേശം തേടുന്നത് ചികിത്സയുടെ വിജയസാധ്യത വർധിപ്പിക്കുന്നു.
 
 (മെഡിക്കൽ ഓങ്കോളജി കൺസൾട്ടന്റ് ആണ് ലേഖകൻ)

Content Highlights: What is Head and Neck Cancers, Health, Cancer Awareness