മേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ചൊവ്വാഴ്ച നിശ്ചയിച്ച വിയറ്റ്‌നാം സന്ദര്‍ശനം ഒരു നിഗൂഢമായ രോഗത്തെക്കുറിച്ചുള്ള ആശങ്ക മൂലം മൂന്നു മണിക്കൂറോളം വൈകിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹവാനാ സിന്‍ഡ്രോം ആണ് ഈ പ്രശ്‌നത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിയറ്റ്‌നാമിലെ ഹാനോയില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിക്ക് ഹവാന സിന്‍ഡ്രോം ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കമല ഹാരിസിന്റെ യാത്ര വൈകിയത്. തുടര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയശേഷമാണ് യു.എസ്. വൈസ് പ്രസിഡന്റ് വിയറ്റ്‌നാമിലേക്ക് യാത്രതിരിച്ചത്. 

എന്താണ് ഹവാനാ സിന്‍ഡ്രോം

2016 കാലത്ത് യു.എസ്. നയതന്ത്രജ്ഞര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ വെച്ച് രോഗം ബാധിച്ചിരുന്നു. ഈ ജീവനക്കാര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിലും വീടുകളിലും അപരിചിതമായതും ശാരീരിക അസ്വസ്ഥതയുണ്ടാക്കുന്നതുമായ പ്രത്യേകതരം ശബ്ദം കേട്ടിരുന്നുവെന്ന് രോഗികളായവര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഓക്കാനം, കടുത്ത തലവേദന, ക്ഷീണം, തലകറക്കം, ഉറക്കപ്രശ്‌നങ്ങള്‍, കേള്‍വിശക്തി നഷ്ടമാകല്‍, ചെവിക്കുള്ളില്‍ മുഴക്കം, തലയ്ക്കുള്ളില്‍ അമിത സമ്മര്‍ദം, ഓര്‍മക്കുറവ്, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാവല്‍ എന്നിവയുണ്ടായി. ഈ അവസ്ഥയെയാണ് ഹവാന സിന്‍ഡ്രോം എന്ന് വിശേഷിപ്പിച്ചത്. 

അന്ന് മുതല്‍ ഇന്നോളം ഇരുന്നൂറിലേറെ യു.എസ്. ഉദ്യോഗസ്ഥര്‍ക്ക് ഹവാനാ സിന്‍ഡ്രോം ബാധിച്ചതായി യു.എസിന്റെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സ്(സി.ഐ.എ.) ഡയറക്ടര്‍ വില്യം ബേണ്‍സ് പറഞ്ഞു. 

യു.എസിന് പുറമേ ഹവാനയിലേത്തിയ ചില കനേഡിയന്‍ പൗരന്‍മാരിലും ഈ പ്രശ്‌നം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 

ഈ രോഗം ബാധിച്ചവര്‍ക്ക് ഓര്‍മക്കുറവ്, ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവയുണ്ടാവുകയും ഇത് അവരുടെ ദൈനംദിന ജീവിതത്തെ തകിടം മറിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഹവാനാ സിന്‍ഡ്രോം മനപ്പൂര്‍വം ഉണ്ടാക്കിയതാകാനുള്ള ശക്തമായ സാധ്യതകളുണ്ടെന്ന് യു.എസ്. വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ക്യൂബ നിഷേധിച്ചിരുന്നു. 

അമേരിക്കന്‍ സൈന്യം, ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, സി.ഐ.എ., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ എന്നിവയെല്ലാം അന്വേഷിച്ചിട്ടും കൃത്യമായ ഒരു നിഗമനത്തിലെത്തിച്ചേരാനായിട്ടില്ല. വിദേശ ദൗത്യങ്ങളില്‍ കടുത്ത സമ്മര്‍ദത്തിനടിമപ്പെടുന്നതു മൂലമുണ്ടാകുന്ന ചില 'സൈക്കോളജിക്കല്‍ ഇല്‍നെസ്സ്' ആകാം ഇതെന്ന് ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്. 

നേരിട്ടുള്ള ചില തരം ഊര്‍ജതരംഗങ്ങളാകാം ഈ പ്രശ്‌നത്തിന് കാരണമെന്ന് 2020 ഡിസംബറില്‍ നാഷണല്‍ അക്കാദമീസ് ഓഫ് സയന്‍സസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരു പ്രത്യേക സ്രോതസ്സില്‍ നിന്ന് വരുന്ന റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ രോഗം ബാധിക്കുന്നവര്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

Content Highlights: What is Havana Syndrome, Kamala Harris, Health