ഗ്ലോക്കോമ
60 വയസ്സിന് മുകളിലുള്ളവരില്‍ അന്ധതയ്ക്കുള്ള പ്രധാന കാരണമാണ് ഗ്ലോക്കോമ. എന്നിരുന്നാലും ഇത് ഏത് പ്രായക്കാരെയും ബാധിക്കാം. ആഗോളതലത്തില്‍ അന്ധതയ്ക്ക് കാരണമാകുന്ന രോഗങ്ങള്‍ രണ്ടാം സ്ഥാനത്താണ് ഗ്ലോക്കോമ. ഈ രോഗം മൂലം 4.5 ദശലക്ഷം ആളുകള്‍ അന്ധരാണെന്ന് ലോകാരോഗ്യസംഘടന കണക്കാക്കുന്നു. ഈ സാഹചര്യത്തില്‍ ഗ്ലോക്കോമയെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനായി മാര്‍ച്ച് ആറ് മുതല്‍ 12 വരെ ലോക ഗ്ലോക്കോമ വാരാചരണം നടക്കുകയാണ്.
കണ്ണിലെ അസാധാരണ ഉയര്‍ന്ന മര്‍ദം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ഗ്ലോക്കോമ മൂലമുണ്ടാകുന്ന കാഴ്ച നഷ്ടം വീണ്ടെടുക്കാന്‍ സാധ്യമല്ല. എന്നാല്‍ രോഗാരംഭത്തില്‍ തന്നെ കണ്ടുപിടിച്ച് ചികിത്സ സ്വീകരിച്ചാല്‍ കാഴ്ച നഷ്ടം മന്ദഗതിയില്‍ ആക്കുകയോ തടയുകയോ ചെയ്യാം. ഈ രോഗാവസ്ഥയുണ്ടെങ്കില്‍ ജീവിതകാലം മുഴുവന്‍ ചികിത്സ ആവശ്യമായി വരും.
ഗ്ലോക്കോമ എന്തുകൊണ്ട് ഉണ്ടാകുന്നു?
സാധാരണ കണ്ണിലെ മര്‍ദം 12-22 mm of Hg ആണ്. ഇത് 22 mm of Hg യില്‍ കൂടുതലാണെങ്കില്‍ അത് ഉയര്‍ന്നതായി കണക്കാക്കുന്നു.
കണ്ണിന്റെ ഉള്ളില്‍ ഉടനീളം ഒഴുകുന്ന ഒരു ദ്രാവകം(അക്വസ് ഹ്യൂമര്‍) അടിഞ്ഞുകൂടുന്നതാണ് ഉയര്‍ന്ന നേത്രമര്‍ദത്തിന് കാരണം. ഈ ആന്തരിക ദ്രാവകം സാധാരണയായി കണ്ണിനുള്ളില്‍ നിന്ന് പുറത്തേക്കൊഴുകുവാനുള്ള സംവിധാനമുണ്ട്. ഈ ദ്രാവകം കണ്ണിനുള്ളില്‍ അമിതമായി ഉത്പാദിപ്പിക്കുകയോ അല്ലെങ്കില്‍ ഈ ദ്രാവകത്തിന് പുറത്തേക്ക് ഒഴുകുവാന്‍ കഴിഞ്ഞില്ലെങ്കിലോ കണ്ണിലെ മര്‍ദം വര്‍ധിക്കുന്നു. ഈ ഉയര്‍ന്ന മര്‍ദം ദീര്‍ഘകാലം നീണ്ടുനിന്നാല്‍ കണ്ണിലെ നാഡിക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നു. ഈ കേടുപാടുകള്‍ മൂലമുണ്ടാകുന്ന കാഴ്ചനഷ്ടം ചികിത്സിച്ചു മാറ്റാനും സാധിക്കുകയില്ല. വളരെ അപൂര്‍വമായി കണ്ണിലെ മര്‍ദം സാധാരണ രീതിയില്‍ ആണെങ്കിലും ഗ്ലോക്കോമ ഉണ്ടാകാം.
രോഗലക്ഷണങ്ങള്‍
ഗ്ലോക്കോമ പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയും ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമയും. രണ്ടിന്റെയും ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയില്‍ രോഗത്തിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ഈ അവസ്ഥയുള്ളവരില്‍ മിക്കവര്‍ക്കും രോഗം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നതുവരെ കാഴ്ചശക്തിയില്‍ വന്നിരിക്കുന്ന കുറവ് തിരിച്ചറിയാന്‍ പറ്റാറില്ല. ഒരു വ്യക്തിയുടെ ശ്രദ്ധയില്‍പ്പെടാതെ തന്നെ ഗ്ലോക്കോമയ്ക്ക് കാഴ്ചയുടെ 40 ശതമാനം വരെ കവര്‍ന്നെടുക്കാം. അതിനാല്‍ ഗ്ലോക്കോമയെ കാഴ്ചശക്തി അപഹരിക്കുന്ന ഒരു 'നിശ്ശബ്ദനായ കള്ളന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. രോഗം പുരോഗമിക്കുമ്പോള്‍ വശങ്ങളില്‍ നിന്നുള്ള കാഴ്ചശക്തിയെ ബാധിച്ചുതുടങ്ങുന്നു.
പെട്ടെന്നുണ്ടാകുന്ന തലവേദന, കണ്ണുവേദന, കണ്ണില്‍ ചുവപ്പ്, കാഴ്ച മങ്ങല്‍, ഓക്കാനം, ഛര്‍ദി, ലൈറ്റുകള്‍ക്ക് ചുറ്റും മഴവില്ലിന്റെ നിറത്തില്‍ വളയങ്ങള്‍ കാണുക എന്നിവയൊക്കെയാണ് ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമയുടെ ലക്ഷണങ്ങള്‍.
ഗ്ലോക്കോമ എങ്ങനെ ആരംഭത്തില്‍ തന്നെ കണ്ടുപിടിക്കാം?
പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകണമെന്നില്ല. വാസ്തവത്തില്‍ ഗ്ലോക്കോമ ബാധിച്ച പകുതിപേര്‍ക്കും തങ്ങള്‍ക്കിത് ഉണ്ടെന്ന് അറിയില്ല. അതിനാല്‍ പതിവായി നേത്രപരിശോധന നടത്തി കണ്ണിന്റെ മര്‍ദം അളക്കുന്നത് കാഴ്ച നഷ്ടപ്പെടുന്നതിന് മുന്‍പ് ഈ രോഗം കണ്ടെത്താന്‍ സഹായിക്കും.
.jpg?$p=1f9a16c&&q=0.8)
40 വയസ്സിന് മുകളിലുള്ളവര്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഗ്ലോക്കോമയുടെ നേത്രപരിശോധനയ്ക്ക് വിധേയരാകണം. എന്നാല്‍ 65 വയസ്സിന് മുകളിലുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധന നടത്തേണ്ടതാണ്. ഏതെങ്കിലും കുടുംബാംഗങ്ങള്‍ക്ക് ഗ്ലോക്കോമ ഉണ്ടെങ്കിലോ, ദീര്‍ഘദൃഷ്ടിയുള്ളവരും, ഹ്രസ്വദൃഷ്ടിയുള്ളവരും, കണ്ണിന് പരിക്കേറ്റിട്ടുള്ളവരും, ദീര്‍ഘകാലമായി സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവരും, പ്രമേഹം ഉയര്‍ന്ന രക്തസമ്മര്‍ദം, മൈഗ്രേന്‍ എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും പ്രത്യേകിച്ച് നേത്രപരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
ചികിത്സ
ഗ്ലോക്കോമ മൂലം കണ്ണിലുണ്ടാകുന്ന കേടുപാടുകള്‍ ശാശ്വതമാണ്. അത് ചികിത്സിച്ച് മാറ്റാന്‍ സാധിക്കുകയില്ല. എന്നാല്‍ ആരംഭത്തിലേ ചികിത്സിക്കുകയാണെങ്കില്‍ അത് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. രോഗം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ ആജീവനാന്തം ചികിത്സ ആവശ്യമാണ്.
മരുന്ന്
തുള്ളിമരുന്നുകള്‍ കണ്ണിലെ മര്‍ദം കുറയ്ക്കാനായിട്ട് സഹായിക്കുന്നു. കണ്ണില്‍ ഉത്പാദിപ്പിക്കുന്ന ദ്രാവകത്തിന്റെ അളവ് കുറച്ചുകൊണ്ടോ അല്ലെങ്കില്‍ ആ ദ്രാവകം പുറത്തേക്കൊഴുകുവാന്‍ സഹായിക്കുന്നതിലൂടെയോ ആണ് ഈ മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നത്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഈ മരുന്നുകള്‍ മാറുകയോ നിര്‍ത്തുകയോ ചെയ്യരുത്.
ശസ്ത്രക്രിയ
ഇത് ലേസര്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള ശസ്ത്രക്രിയകള്‍ ലഭ്യമാണ്. ശസ്ത്രക്രിയയിലൂടെ കണ്ണിനുള്ളില്‍ നിന്ന് ദ്രാവകം സുഗമമായി പുറത്തേക്കൊഴുകുവാന്‍ സഹായിക്കുന്നു. അതുമൂലം കണ്ണിലെ മര്‍ദം കുറയുന്നു.
മരുന്നുകള്‍ ഉപയോഗിക്കുന്നവരോ ശസ്ത്രക്രിയക്ക് വിധേയരായവരോ ഓരോ മൂന്നുമാസത്തിലും നേത്ര വിദഗ്ധനെ കണ്ട് പരിശോധന നടത്തേണ്ടതാണ്.
(തൃശ്ശൂര്‍ ആര്യ ഐ കെയറിലെ നേത്രരോഗവിദഗ്ധയാണ് ലേഖിക)
Content Highlights: Glaucoma, Eye Care, Health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..