Representative Image| Photo: Canva.com
വളരെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ (Fibromyalgia) അഥവാ പേശീവാതം. കേരളത്തില്‍ 3-4% ആളുകളില്‍ ഇത് കണ്ടുവരുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. കോവിഡാനന്തരം ഈ അസുഖത്താല്‍ വരുന്നവരുടെ എണ്ണത്തില്‍ എടുത്തു പറയേണ്ട വര്‍ധനവുണ്ടായിട്ടുണ്ട്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം. മിക്ക രക്തപരിശോധനാ, സ്‌കാനിംഗ് റിപ്പോര്‍ട്ടുകളിലും ഫൈബ്രോമയാള്‍ജിയ സാധാരണ നിലയില്‍ ആയിരിക്കും എന്നതാണ് മറ്റു വാതരോഗങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. പല വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും കണ്ട് ചുറ്റിത്തിരിഞ്ഞ് ശരിയായ രോഗനിര്‍ണയം നടത്താന്‍ വളരെയധികം കാലതാമസം കണ്ടു വരാറുണ്ട്. ആയതുകൊണ്ടു തന്നെ ഈ രോഗികള്‍ വളരെയധികം കാലം വേദന സഹിക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്.
ഫൈബ്രോമയാള്‍ജിയയുടെ രോഗലക്ഷണങ്ങള്‍ എന്തൊക്കെ?
- ശരീരത്തിന്റെ ഒരു വശത്തോ ഒരു ഭാഗത്തോ തുടങ്ങി പിന്നീട് ദേഹമാസകലമുള്ള വേദനയായി കാലങ്ങളോളം നില്‍ക്കുന്നു (Wide spread body pain).
- ചില പേശികളില്‍ തൊട്ടാല്‍ അതികഠിനമായ വേദനയായി രോഗികള്‍ക്ക് അനുഭവപ്പെടാം (Trigger point).
- അകാരണമായ ക്ഷീണമാണ് ഇതിന്റെ മറ്റൊരു പ്രധാന ലക്ഷണം.
- ചിലര്‍ക്ക് ശരീരത്തില്‍ കഴപ്പായോ, പുകച്ചിലായോ തരിപ്പായോ അനുഭവപ്പെടാം.
- അകാരണമായ വ്യാകുലത (Anxiety), വിഷാദം (Depression) എന്നിവയും ഭൂരിഭാഗം രോഗികളിലും കാണാറുണ്ട്.
- ഉറക്കക്കുറവ്, നന്നായി ഉറങ്ങിയാലും രാവിലെ ഉന്മേഷമില്ലായ്മ.
- ഓര്‍മ്മക്കുറവ്, ഏകാഗ്രതക്കുറവ്, പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ബുദ്ധിമുട്ട് (Cognitive Dysfunction).
- ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കണ്ടുവരുന്ന മറ്റു അനുബന്ധ രോഗങ്ങള്‍
- ചെന്നിക്കുത്ത് (Migraine headache).
- 3ഉം 4ഉം തവണ വയറൊഴിയുക, മലബന്ധം (Irritable Bowel Syndrome - IBS).
- വേദനയോടു കൂടിയ ആര്‍ത്തവം.
- ദീര്‍ഘകാലം നിലനില്‍ക്കുന്ന അകാരണമായ ക്ഷീണം (Chronic Fatigue Syndrome).
- ഇവയില്‍ എല്ലാ ലക്ഷണങ്ങളും ഒരു രോഗിയില്‍ ഉണ്ടാകണമെന്നില്ല.
ഇതിന് വ്യക്തമായ ഒരുകാരണം നിര്‍വ്വചിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും തലച്ചോറില്‍ നിന്നും വേദന നിയന്ത്രിക്കുന്ന ചില രാസപദാര്‍ത്ഥങ്ങളുടെ (Neuro chemicals) വ്യതിയാനങ്ങള്‍ ഈ രോഗികളില്‍ കണ്ടുവരാറുണ്ട്. അതുപോലെ തന്നെ കേന്ദ്രനാഡീ വ്യവസ്ഥയുടെ വ്യതിയാനങ്ങളും പഠനങ്ങളില്‍ വ്യക്തമാണ്.
ചിലര്‍ക്ക് മാനസികമോ ശാരീരികമോ ആയ ഒരു ആഘാതത്തിനു ശേഷം ഇത് കണ്ടു വരാറുണ്ട് (Post traumatic stress disorder). Osteo arthritis, Rheumatoid arthritis (ആമവാതം), SLE, Seronegative spindylo arthritis, Sjogren's syndrome തുടങ്ങിയ റുമാറ്റിക് അസുഖങ്ങളുടെ അനുബന്ധമായി വളരെ സാധാരണമായി ഫൈബ്രോമയാള്‍ജിയ കണ്ടു വരാറുണ്ട് (Secondary Fybromyalgia).
രോഗനിര്‍ണ്ണയം എങ്ങനെ?
പ്രമേഹമോ അമിത രക്തസമ്മര്‍ദ്ദമോ പോലെ ഒന്നോ രണ്ടോ ടെസ്റ്റില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്ന രോഗമല്ല. ഈ അനവധ്യങ്ങളായ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ പല ഡോക്ടര്‍മാരെയും കണ്ട് ഒട്ടുമിക്ക ബ്ലഡ് ടെസ്റ്റുകളും സ്‌കാനിംഗ് റിപ്പോര്‍ട്ടുകളുമായി ആയിരിക്കും ഫൈബ്രോമയാള്‍ജിയ വരാറുള്ളത്. എല്ലാ ടെസ്റ്റുകളും ഇവരില്‍ നോര്‍മല്‍ ആയിരിക്കും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. അതില്‍ പ്രധാനമായും ESR, CRP മുതലായ നീര്‍ക്കെട്ടിനെ കാണിക്കുന്ന ടെസ്റ്റുകള്‍ മിക്ക ഫൈബ്രോമയാള്‍ജിയ രോഗികളിലും നോര്‍മല്‍ ആയിരിക്കും.
ഫൈബ്രോമയാള്‍ജിയ പോലെ തോന്നിപ്പിക്കുന്ന മറ്റു അസുഖങ്ങളായ വിറ്റമിന്‍ ഡി ഡെഫിഷ്യന്‍സി, ഓസ്റ്റിയോപോറോസിസ്, ഹൈപ്പോതൈറോയ്ഡിസം, Sjogren's syndrome മുതലായവ വേര്‍തിരിച്ചറിയാന്‍ കാല്‍സ്യം, വിറ്റാമിന്‍ ഡി, ANA test, Thyroid test, Bone scan മുതലായവ ആവശ്യമായി വരാം. സ്‌കോറിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഫൈബ്രോമയാള്‍ജിയ നിര്‍ണ്ണയിക്കുന്നത്. വ്യാപകമായ വേദന സൂചികയും രോഗ ലക്ഷണങ്ങളുടെ തീവ്രതയും അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോറിംഗ് നിര്‍ണ്ണയിക്കുന്നത്. ഈ ലക്ഷണങ്ങള്‍ മൂന്നു മാസത്തിലധികം നീണ്ടു നില്‍ക്കുകയും വേണം.
ചികിത്സാ രീതികള്‍
മരുന്നുകളും ഫിസിയോതെറാപ്പിയും സൈക്കോളജിക്കല്‍ തെറാപ്പിയും സമന്വയിപ്പിച്ച ചികിത്സാ രീതിയാണ് ഫൈബ്രോമയാള്‍ജിയക്ക് പ്രധാനമായും നിര്‍ദ്ദേശിക്കുന്നത്. ഒരു റുമറ്റോളജിസ്റ്റിന്റെ നേതൃത്വത്തില്‍ ദൈനംദിന ജീവിതം സുഖകരമാക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് രോഗിയെ മാറ്റിയെടുക്കാന്‍ ഇന്ന് സാദ്ധ്യമാണ്. അടുത്തതായി ജീവിതശൈലിയിലെ മാറ്റങ്ങളാണ് പ്രധാനം. കൃത്യസമയത്തെ ഉറക്കം, ദിവസേനയുള്ള വ്യായാമം എന്നിവ ശീലമാക്കുക. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക, അധിക അളവിലുള്ള കാര്‍ബോഹൈഡ്രേറ്റ്, ചുവന്ന മാംസം, കൃത്രിമ മധുരങ്ങള്‍ (Artificial sweetners), അമിതമായ ഉപ്പിന്റെ ഉപയോഗം മുതലായവ എന്നിവ പരമാവധി കുറയ്ക്കാം. ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയുള്ള കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയും ചികിത്സയില്‍ ആവശ്യമായി വരാം.
ഫൈബ്രോമയാള്‍ജിയ എന്ന രോഗാവസ്ഥയെക്കുറിച്ചുള്ള പൊതുഅവബോധം ഇപ്പോഴും വളരെ കുറവാണ്. അതുകൊണ്ടു തന്നെ വീട്ടുകാരില്‍ നിന്നു രോഗികള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നത് കുറവായാണ് കണ്ടുവരുന്നത്. ഇത് ഈ രോഗികളില്‍ മാനസിക സമ്മര്‍ദ്ദം, വിഷാദം, മുന്‍കോപം മുതലായ ലക്ഷണങ്ങള്‍ കൂട്ടാനും വിട്ടുമാറാത്തതും നീണ്ടകാലം നിലനില്‍ക്കുന്നതുമായ രോഗാവസ്ഥയായി ഫൈബ്രോമയാള്‍ജിയ മാറാനും കാരണമാകാം.
ഈ രോഗാവസ്ഥ നേരത്തെ തിരിച്ചറിഞ്ഞ്, ഒരു റുമറ്റോളജിസ്റ്റിന്റെ സഹായത്തോടെ ഉചിതമായ ചികിത്സകള്‍ അവലംബിച്ചാൽ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്ന ഒരു രോഗമാണ് ഫൈബ്രോമയാള്‍ജിയ.
പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ കൺസൽട്ടന്റ് റുമാറ്റോളജിസ്റ്റ് ആണ് ലേഖകൻ
Content Highlights: what is fibromyalgia ymptoms iagnosis and treatment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..