Representative Image| Photo: Gettyimages
ദീര്‍ഘകാലമായി വിട്ടുമാറാത്ത വേദന അനുഭവിക്കുന്ന ധാരാളം സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. പല തരത്തിലുള്ള ചികിത്സകള്‍ തേടിയിട്ടും വേദനയ്ക്ക് മാത്രം ഒരു കുറവുമില്ലാത്തവര്‍. പല രക്തപരിശോധനകള്‍ നടത്തിക്കഴിഞ്ഞിട്ടും രോഗിക്ക് ഒരു കുഴപ്പവുമില്ല എന്ന് ഡോക്ടര്‍മാര്‍ പറയുന്നതിനെ തുടര്‍ന്ന് രോഗിയുടെ മാത്രം തോന്നലാണെന്ന് കരുതി മാനസിക രോഗത്തിനുള്ള മരുന്നും വേദനാസംഹാരിയും കഴിച്ച് ജീവിതം നശിപ്പിക്കുന്നവര്‍ പോലുമുണ്ട് ഈ കൂട്ടത്തില്‍. ഈ ലോകവനിതാ ദിനത്തില്‍ കഴിഞ്ഞ ദിവസത്തെ എന്റെ അനുഭവം പങ്കുവെക്കണമെന്ന് തോന്നുന്നു.
ഇരുപത്തി രണ്ട് വയസ്സാണ് പ്രായം. കൊയിലാണ്ടി സ്വദേശിനിയാണ്. റൂമിലേക്ക് കടന്ന് വരുമ്പോള്‍ തന്നെ രോഗത്തിന്റെ വേദന മുഖത്ത് പ്രകടമാണ്. കൂടെയുള്ളത് അച്ഛനാണ്. ആള്‍ക്ക് ആധുനിക വൈദ്യശാസ്ത്രത്തെ പരമപുച്ഛമാണ്. പെണ്‍കുട്ടിയുടെ നിര്‍ബന്ധം കൊണ്ട് മാത്രം ചികിത്സിക്കാന്‍ വന്നതാണത്രെ. കാര്യങ്ങള്‍ ചോദിച്ചു. ഒറ്റവാക്കില്‍ കുട്ടി ഉത്തരം പറഞ്ഞു
'വേദനയാണ് ഡോക്ടറെ, ഇരിക്കാന്‍ വയ്യ, കിടക്കാന്‍ വയ്യ, ഉറങ്ങാന്‍ വയ്യ, നടക്കാന്‍ വയ്യ, പല്ല് തേക്കാന്‍ വയ്യ, എഴുതാന്‍ വയ്യ, എന്തിന് ഡോക്ടറെ ഭക്ഷണം കഴിക്കുമ്പോള്‍ പോലും വേദനയാണ്'.
ഞാന്‍ കൂടുതല്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചു.
'പത്ത് പന്ത്രണ്ട് കൊല്ലമായി വേദന തുടങ്ങിയിട്ട്. എട്ടിലോ ഒന്‍പതിലോ മറ്റോ പഠിക്കുമ്പോഴാണ് ആദ്യം വന്നത്. പിന്നീട് അത് വിടാതെ പിന്‍തുടര്‍ന്നു. അച്ഛന്‍ നേരെ ഒരു വൈദ്യരുടെ അടുത്ത് കൊണ്ടുപോയി. വാതമാണെന്ന് പറഞ്ഞ് അദ്ദേഹം ചികിത്സിച്ചു. വേദനയ്ക്ക് മാത്രം ഒരു കുറവുമില്ല. പിന്നെ പിന്നെ എല്ലാം എന്റെ തോന്നലാണെന്ന് പറഞ്ഞ് തുടങ്ങി. അനുഭവിക്കുന്നവനല്ലേ വേദനയുടെ ബുദ്ധിമുട്ടറിയൂ, കയ്യിലെടുത്ത് കാണിച്ച് കൊടുക്കാന്‍ സാധിക്കുന്ന സാധനമല്ലല്ലോ. ഒടുക്കം എന്റെ തോന്നലിന് ചികിത്സിക്കാന്‍ സൈക്യാട്രിസ്റ്റിന്റെ അടുത്ത് പോയി'.
അത് പറഞ്ഞ് തീരും മുന്‍പ്തന്നെ ആ വാക്കുകള്‍ ഇടറിത്തുടങ്ങി, കണ്ണിന്റെ വശങ്ങളില്‍ കണ്ണുനീര്‍ തളം കെട്ടിക്കഴിഞ്ഞു. പെരുമഴയായി ആര്‍ത്തലച്ച് പെയ്യാനുള്ളത്രയും ദുഖം അവളുടെ ഉള്ളിലപ്പോഴേക്കും തളം കെട്ടിക്കഴിഞ്ഞിരുന്നു.
ഞാന്‍ പെട്ടെന്ന് വിഷയം മാറ്റി. രോഗം എന്തായിരിക്കുമെന്ന് ഏറെക്കുറെ തിരിച്ചറിയാന്‍ സാധിച്ചിരിക്കുന്നു. ഫൈബ്രോമയാള്‍ജിയ ആകാനാണ് സാധ്യത. ഈ രോഗത്തെ രക്തപരിശോധനകളിലൂടെ തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ് പ്രധാന വെല്ലുവിളി. എന്നാലും മറ്റ് വാതരോഗങ്ങളല്ല എന്ന് ഉറപ്പ് വരുത്തണമെങ്കില്‍ രക്തപരിശോധനകള്‍ അനിവാര്യമാണ് താനും. അതുകൊണ്ട് തന്നെ ആവശ്യമായ പരിശോധനകളെല്ലാം നിര്‍വ്വഹിച്ചു. രക്തവാതങ്ങളല്ലെന്ന് ഉറപ്പ് വരുത്തി. വല്ലാത്തൊരു രോഗമാണത്. ശരിയാം വണ്ണം ചികിത്സ തുടര്‍ന്നാല്‍ സാധാരണ രീതിയിലേക്ക് തിരിച്ച് വരാന്‍ സാധിക്കും. പക്ഷേ രോഗത്തെ തിരിച്ചറിയുക എന്നത് വലിയ ബുദ്ധിമുട്ടാണ്. ഈ പെണ്‍കുട്ടിയുടെ അവസ്ഥ ആലോചിച്ച് നോക്കൂ. ദുസ്സഹമായ വേദനയുമായി പത്ത് പന്ത്രണ്ട് വര്‍ഷം ജീവിച്ചു. അതിനിടയില്‍ തെറ്റായ ചികിത്സകള്‍ ധാരളമായി നടത്തി, എന്തിന് മാനസിക രോഗത്തിന് പോലും ചികിത്സിച്ചു. ആ പാവത്തിന്റെ മാനസിക നില തെറ്റാതിരുന്നത് ഭാഗ്യമെന്ന് കരുതാം. എന്തായാലും മരുന്നും ഫിസിയോതെറാപ്പിയുമൊക്കെയായുള്ള ചികിത്സ ഫലിച്ചു. നടക്കാന്‍ പറ്റാതിരുന്നവള്‍ രാവിലെ മൂന്നു കിലോമീറ്ററോളം ജോഗിംഗ് ചെയ്യുന്നു എന്ന് മിനിഞ്ഞാന്ന് വന്നപ്പോള്‍ പറഞ്ഞു. സന്തോഷം.
എന്താണ് ഫൈബ്രോമയാള്‍ജിയ?
കൃത്യമായി ഒരു രോഗലക്ഷണം ചൂണ്ടിക്കാണിച്ചിട്ട് ഇതാണ് രോഗം എന്ന് പറയാന്‍ സാധിക്കാത്ത രോഗമാണ് ഫൈബ്രോമയാള്‍ജിയ. അതുകൊണ്ട് തന്നെ മറ്റ് പല സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെയും സന്ദര്‍ശിച്ച് ചികിത്സ തേടി, പരാജയപ്പെട്ട് ഒടുക്കമാണ് റുമറ്റോളജിസ്റ്റിന്റെ അരികില്‍ കൂടുതല്‍ പേരും എത്തിച്ചേരുക. വേദനയാണ് ലക്ഷണം. എവിടെയും വേദന അനുഭവപ്പെടാം എന്നതാണ് പ്രത്യേകത ചിലരില്‍ ശരീരം മുഴുവനും വേദന അനുഭവപ്പെട്ടേക്കാം.
ദേഹം മുഴുവനുമുള്ള വേദയ്ക്ക് കാരണമായി കണക്കാക്കുന്നത് ന്യൂറോകെമിക്കല്‍ സംബന്ധമായ അസന്തുലിതാവസ്ഥയാണ്. ദീര്‍ഘകാലമായി വേദന സഹിക്കുന്നത് മൂലവും ഉറക്കം നഷ്ടപ്പെടുന്നത് മൂലവും പലരും വിഷാദ രോഗികളായി മാറുന്നതും ഇതിന്റെ ഭാഗമാണ്.
മറ്റ് ലക്ഷണങ്ങള്‍
ശരീരം ക്ഷീണിക്കുകയും ദുര്‍ബലമാകുകയും ചെയ്യുന്നത് ഫൈബ്രോമയാള്‍ജിയയുടെ ലക്ഷണമാണ്. ഉറക്കം നഷ്ടപ്പെടുക, സന്ധിബന്ധങ്ങളില്‍ മുറുക്കം അനുഭവപ്പെടുക, ഭക്ഷണവും മറ്റും വിഴുങ്ങാന്‍ ബുദ്ധിമുട്ടുക, മലവിസര്‍ജ്ജന സംബന്ധമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുക, തരിപ്പും മരവിപ്പും അനുഭവപ്പെടുക, ശ്രദ്ധക്കുറവ്, സന്ധികളില്‍ സംവേദനക്കുറവ് അനുഭവപ്പെടുക തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ ഫൈബ്രോമയാള്‍ജിയക്കുണ്ട്.
രോഗനിര്‍ണ്ണയം
ക്ലിനിക്കല്‍ പരിശോധനകളിലൂടെ രോഗനിര്‍ണ്ണയം അത്ര എളുപ്പമല്ല, രക്തപരിശോധനകളും എക്സ്‌റേ, സ്‌കാനിംഗ് മുതലായവയും പലപ്പോഴും മറ്റ് പ്രത്യേകതകള്‍ കാണിക്കാതിരിക്കുകയും ചെയ്യും. എന്നാല്‍ രക്തപരിശോധനകള്‍ നടത്തി രോഗം രക്തവാതങ്ങളല്ല എന്ന് ഉറപ്പിക്കുകയും വേണം. സ്‌കോറിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഫൈബ്രോമയാള്‍ജിയ നിര്‍ണ്ണയിക്കുന്നത്. വ്യാപകമായ വേദന സൂചികയെയും രോഗലക്ഷണങ്ങളുടെ തീവ്രതയെയും അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോറിംഗ് നിര്‍ണ്ണയിക്കുന്നത്. ഇനി പറയുന്നവ ഇതില്‍ പ്രധാനപ്പെട്ടതാണ്.
- മൂന്ന് മാസത്തിലധികം നീണ്ടുനില്‍ക്കുന്ന തുടര്‍ച്ചയായ വേദന
- 18 ടെണ്ടര്‍ പോയന്റുകളില്‍ കുറഞ്ഞത് 11 എണ്ണത്തിലും വേദന (കഴുത്ത്, തോള്‍, നെഞ്ച്, ഇടുപ്പ്, കൈകാല്‍മുട്ട് എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ)
മരുന്നും ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള വ്യായാമമുറകളും സമന്വയിപ്പിച്ച ചികിത്സയാണ് ഫൈബ്രോമയാള്‍ജിയക്ക് പ്രധാനമായും നിര്‍ദേശിക്കുന്നത്. മുന്‍കാലങ്ങളില്‍ ഫലപ്രദമായ ചികിത്സ ഇല്ലായിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ വിദഗ്ധനായ റുമറ്റോളജിസ്റ്റിന്റെ നേതൃത്വത്തില്‍ ദൈനംദിന ജീവിതം സുഖകരമാക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് രോഗിയെ മാറ്റിയെടുക്കാന്‍ സാധിക്കുന്നുണ്ട്. ഫിസിയോതെറാപ്പി കഴിഞ്ഞാല്‍ അടുത്തത് ജീവിതശൈലിയിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഉയര്‍ന്ന അളവിലുള്ള കാര്‍ബോ ഹൈഡ്രേറ്റ് ഡയറ്റ് (ഉദാ: രാവിലെയും ഉച്ചയ്്ക്കും രാത്രിയും ചോറ് കഴിക്കുക) ഒഴിവാക്കുക, ഉയര്‍ന്ന തോതില്‍ ചുവന്ന മാംസം കഴിക്കുന്നത് ഒഴിവാക്കുക, അമിതമായ രീതിയിലുള്ള ഉപ്പിന്റെ ഉപയോഗം ഒഴിവാക്കുക, കൃത്രിമ ശീതള പാനീയങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയെല്ലാം ജീവിതശൈലിയിലെ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
രോഗത്തെ തിരിച്ചറിയാന്‍ സാധിക്കാത്തത് മൂലം തെറ്റായ ചികിത്സകള്‍ തേടേണ്ടി വരുന്നു എന്നതാണ് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ സംഗതി. ഈ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഫൈബ്രോമയാള്‍ജിയയെക്കുറിച്ചുള്ള ബോധവത്കരണം വ്യാപകമാക്കുവാന്‍ നമുക്ക് ശ്രമിക്കാം.
(കോഴിക്കോട് ഡോ. അനൂഫ്സ് റുമ കെയര്‍ ചെയര്‍മാന്‍ & ചീഫ് കണ്‍സല്‍ട്ടന്റ് ആണ് ലേഖകന്‍)
Content Highlights: Fibromyalgia, Women's Health, Health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..