കുട്ടികളില്‍ വരുന്ന പനിയോട് കൂടിയുള്ള അപസ്മാരത്തെ പേടിക്കേണ്ടതുണ്ടോ? ചികിത്സയെന്താണ്?


ഡോ. ജോബിന്‍ മാത്യു

ഈ അവസ്ഥ സാധാരണയായി ആറുമാസത്തിനും അഞ്ച് വയസ്സിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളിലാണ് കണ്ടുവരുന്നത്.

Representative Image| Photo: GettyImages

ചെറിയ കുട്ടികളില്‍ പനി വരുന്ന സന്ദര്‍ഭങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ ഏറ്റവും ഭയക്കുന്ന ഒരു സ്ഥിതിയാണ് അതോടൊപ്പം ഉണ്ടാകുന്ന ജന്നി അഥവാ അപസ്മാരം. എത്രത്തോളം ആശങ്ക വേണ്ട ഒരു അവസ്ഥയാണ് ഇത്? എപ്പോള്‍ വൈദ്യസഹായം തേടണം? ഈ വിഷയമാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്.

ഈ അവസ്ഥ സാധാരണയായി ആറുമാസത്തിനും അഞ്ച് വയസ്സിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളിലാണ് കണ്ടുവരുന്നത്. കുട്ടികളില്‍ 38°C ഓ അതിലധികമോ പനി ഉണ്ടായാല്‍ പെട്ടെന്ന് രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചില സന്ദര്‍ഭങ്ങളില്‍ അപസ്മാരം വന്നതിനു ശേഷമാകാം കുട്ടിക്ക് പനി കാണുന്നത്. ഈ രോഗം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഒരു വയസ്സിനും ഒന്നര വയസ്സിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളില്‍ ആണ്.

ഫെബ്രൈല്‍ സീഷറിനെ രണ്ടായി തരം തിരിക്കാം. 'സിമ്പിള്‍ ഫെബ്രൈല്‍ സീഷര്‍' എന്നും 'കോംപ്ലക്‌സ് ഫെബ്രൈല്‍ സീഷര്‍' എന്നും.
സിമ്പിള്‍ ഫെബ്രൈല്‍ സീഷര്‍ എന്നാല്‍ എന്നാല്‍ 15 മിനിറ്റില്‍ താഴെ മാത്രമേ നീണ്ടു നില്‍ക്കുകയുള്ളൂ. ശരീരത്തെ മൊത്തമായി ബാധിക്കുന്നു. സാധാരണയായി ഒരു തവണ മാത്രമേ അപസ്മാരം ഉണ്ടാകാറുള്ളൂ.

എന്നാല്‍ കോംപ്ലക്‌സ് ഫെബ്രൈല്‍ സീഷര്‍, പേര് സൂചിപ്പിക്കുന്നതുപോലെ, അല്പം സങ്കീര്‍ണ്ണമാണ്. അപസ്മാരം 15 മിനിറ്റില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നു. ശരീരത്തിന്റെ ഒരുവശത്തെ മാത്രമേ സാധാരണ ബാധിക്കാറുള്ളു. 24 മണിക്കൂറില്‍ ഒന്നിലധികം തവണ ഉണ്ടാകാം.

ഫെബ്രൈല്‍ സീഷര്‍ 30 മിനിറ്റിലധികം നീണ്ടുനില്‍ക്കുകയാണെങ്കില്‍ അതിനെ 'ഫെബ്രൈല്‍ സ്റ്റാറ്റസ് എപ്പിലെപ്പ്റ്റിക്കസ്' എന്ന് പറയുന്നു.

ഫെബ്രൈല്‍ സീഷര്‍ എല്ലാ കുട്ടികളിലും ഉണ്ടാകാനുള്ള സാധ്യതയുണ്ടോ?

പഠനങ്ങള്‍ തെളിയിക്കുന്നത് ആരോഗ്യമുള്ള കുട്ടികളില്‍ രണ്ടു മുതല്‍ അഞ്ചു ശതമാനം പേരില്‍ മാത്രമേ ഇത് കാണാനുള്ള സാധ്യതയുള്ളൂ എന്നാണ്. ഫെബ്രൈല്‍ സീഷര്‍ ഉണ്ടാവുന്ന കുട്ടികളില്‍ ശ്രദ്ധക്കുറവ്, സ്വഭാവവൈകല്യം, പഠനവൈകല്യം മുതലായ നീണ്ടുനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ യാതൊന്നും കാണപ്പെടുന്നില്ല.

ഒരു തവണ ഫെബ്രൈല്‍ സീഷര്‍ വന്ന കുട്ടികള്‍ക്ക് വീണ്ടും വരുവാനുള്ള സാധ്യത ഉണ്ടോ?

ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ഫെബ്രൈല്‍ സീഷര്‍ വരികയാണെങ്കില്‍, വീണ്ടും വരാനുള്ള സാധ്യത 50 ശതമാനമാണ്. രണ്ടോ അതിലധികമോ തവണ ഫെബ്രൈല്‍ സീഷര്‍ വന്നവരില്‍ 50 ശതമാനം പേര്‍ക്ക് വീണ്ടും വരാനുള്ള സാധ്യതയുണ്ട്. ഒരുതവണ വന്നവരില്‍ 33 ശതമാനം കുട്ടികള്‍ക്ക് വീണ്ടും വരാം.

ഫെബ്രൈല്‍ സീഷര്‍ വന്ന കുട്ടിക്ക് പിന്നീട് പനിയോടുകൂടി അല്ലാത്ത അപസ്മാരം ഉണ്ടാകാമോ?

ഏതാണ്ട് അഞ്ച് ശതമാനം കുട്ടികളില്‍ 6 വയസ്സിനു ശേഷം പനിയോടുകൂടിയല്ലാത്ത അപസ്മാരം വരാനുള്ള സാധ്യതയുണ്ട്. തലച്ചോര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തെ ഉള്ള കുട്ടികളില്‍ 33 ശതമാനം കുട്ടികള്‍ക്ക് പിന്നീട് അപസ്മാര ഉണ്ടാകാം. കോംപ്‌ളെക്‌സ് ഫെബ്രൈല്‍ സീഷര്‍, മാതാപിതാക്കള്‍ക്ക് അപസ്മാരം, തലച്ചോറിന്റെ വളര്‍ച്ചയില്‍ ജന്മനാ ഉള്ള അപാകതകള്‍ എന്നിവ പനിയോടുകൂടിയല്ലാത്ത അല്ലാത്ത അപസ്മാരത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഈ അസുഖം പാരമ്പര്യമായി കാണുന്നതാണോ?

മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ചെറുപ്പത്തില്‍ ഫെബ്രൈല്‍ സീഷര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരുടെ കുട്ടികള്‍ക്ക് ഫെബ്രൈല്‍ സീഷര്‍ കാണാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ ചില ജീനുകള്‍, ഉദാ- SCN1 A, SCN1 B, SCN9 A ഉള്ള കുട്ടികളില്‍ കൂടുതലായി കണ്ടു വരുന്നു. GEFS+, Dravet syndrome തുടങ്ങിയ അസുഖങ്ങള്‍ തുടക്കത്തില്‍ ഫെബ്രൈല്‍ സീഷര്‍ പോലെ തോന്നിയേക്കാം.

അപസ്മാരം പെട്ടെന്ന് ഉണ്ടായാല്‍ എന്താണ് പ്രഥമശുശ്രൂഷയായി ചെയ്യേണ്ടത്?

ശക്തിയായ പനി ഉണ്ടാകുമ്പോള്‍ രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ പനിയുടെ കാഠിന്യം കുറയ്ക്കാന്‍ ഉള്ള മരുന്നുകള്‍ (antipyretics) കൊടുക്കേണ്ടതാണ്. Tepid sponging, അഥവാ നനഞ്ഞ തുണി ഉപയോഗിച്ചു തുടയ്ക്കാവുന്നതാണ്. വായില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യേണ്ടതാണ്. വീട്ടില്‍ വെച്ചു കൊടുക്കാന്‍ പറ്റിയ മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്. Rectal diazepam- മലദ്വാരത്തില്‍ വെക്കുന്ന മരുന്നാണ്. Midazolam nasal spray വീട്ടില്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്. പെട്ടെന്ന് അപസ്മാരം ഉണ്ടായാല്‍ നിയന്ത്രണവിധേയമാക്കാന്‍ ഇത് ഉപയോഗിക്കാം. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക എന്നുള്ളത് ഇതോടൊപ്പം തന്നെ പ്രധാനമാണ്. പ്രത്യേകിച്ച് അസുഖം 5 മിനിറ്റില്‍ അധികം നീണ്ടുനില്‍ക്കുകയാണെങ്കില്‍. തുടര്‍ച്ചയായി ഫെബ്രൈല്‍ സീഷര്‍ വന്നുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് പനിയോട് അനുബന്ധിച്ച് സീഷര്‍ വരാതിരിക്കാനുള്ള മരുന്നുകള്‍ കൊടുക്കേണ്ടതാണ്. തലച്ചോറുള്ള പഴുപ്പി നോടനുബന്ധിച്ച് (meningitis) ഇതേ രോഗലക്ഷണങ്ങള്‍ കാണാന്‍ സാധ്യത ഉള്ളതിനാല്‍ ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പനിയോട് കൂടി അപസ്മാരം ഉണ്ടാകുമ്പോള്‍ CSF (cerebro spinal fluid) പരിശോധന നടത്തേണ്ടതാണ്. ഈ പരിശോധന നടത്തണോ വേണ്ടയോ എന്നുള്ളത് രോഗിയെ പരിശോധിച്ച ശേഷം മാത്രമേ ഡോക്ടര്‍ക്കു തീരുമാനിക്കാന്‍ സാധിക്കുകയുള്ളു.

ഇ.ഇ.ജി.(Electro-encephalogram)യുടെ ആവശ്യകത

തലച്ചോര്‍ സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ (Neuro regression,multiple semiology of seizures), ഫെബ്രൈല്‍ സ്റ്റാറ്റസ് എപ്പിലെപ്റ്റിക്കസ് ഇവ ഉള്ള കുട്ടികളില്‍ ഇ.ഇ.ജി. എടുക്കേണ്ട ആവശ്യകത ഉണ്ട്. ആദ്യമായി രോഗം വന്ന കുട്ടികളില്‍ ഇ.ഇ.ജി. എടുക്കേണ്ട ആവശ്യമില്ല. അസുഖം വന്ന് രണ്ടാഴ്ച ശേഷമാണ് ഇ.ഇ.ജി. എടുക്കാന്‍ നിര്‍ദ്ദേശിക്കാറ്. അതിനെ 'Interval EEG' എന്നാണ് പറയുക. ഒന്നിലധികം തവണ രോഗം വന്ന കുട്ടികളില്‍ കുട്ടികളില്‍ രക്തപരിശോധന, തലയുടെ ഇമേജിംഗ്- സിടി സ്‌കാന്‍/ എം.ആര്‍.ഐ. സ്‌കാന്‍ ചെയ്യേണ്ട ആവശ്യമുണ്ട്.

തുടര്‍ച്ചയായി മരുന്ന് കഴിക്കേണ്ട ആവശ്യകത ഉണ്ടോ?

കുട്ടികളും മാതാപിതാക്കളും നിരന്തരം ഉന്നയിക്കുന്ന സംശയമാണ് തുടര്‍ച്ചയായി മരുന്നു കഴിക്കേണ്ടി വരുമോ എന്നുള്ളത്. ഒരു തവണ മാത്രം രോഗം വന്ന കുട്ടികള്‍ തുടര്‍ച്ചയായി മരുന്നു കഴിക്കേണ്ട ആവശ്യം ഇല്ല. എന്നാല്‍ ജന്മനാതന്നെ തലച്ചോറിലുള്ള വൈകല്യങ്ങള്‍, തുടര്‍ച്ചയായി അസുഖം കുട്ടികളില്‍ വന്നുകൊണ്ടിരിക്കുന്നു എന്നീ അവസരങ്ങളില്‍ അങ്ങനെ ഉള്ളവര്‍ക്ക് പനിയുടെ തുടക്കത്തില്‍ രണ്ട് ദിവസത്തേയ്ക്ക് (intermittent prophylaxis) കൊടുക്കേണ്ട ആവശ്യകതയുണ്ട്. Clobazam, clonazepam, diazepam തുടങ്ങിയ മരുന്നുകള്‍ ഇതിനായി ഉപയോഗിക്കുന്നു.

(തൊടുപുഴ ജില്ലാ ആശുപത്രിയിലെ ന്യൂറോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: What is febrile seizure, symptoms diagnosis and treatments, Health, Kids Health

കടപ്പാട്: കെ.ജി.എം.ഒ.എ. അമൃതകിരണം


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented