ജീവിതശെെലി രോ​ഗങ്ങളുടെ ഭാ​ഗമായി വരുന്ന ഫാറ്റിലിവർ അഥവ കൊഴുപ്പടിഞ്ഞുള്ള കരൾവീക്കം ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ആരോ​ഗ്യപ്രശ്നമാണ്. ഫാറ്റിലിവർ എന്നത് മദ്യജന്യ കരൾരോ​ഗമായാണ് നേരത്തെ കരുതിയിരുന്നത്. ആധുനിക ജീവിതരീതിയുമായി ബന്ധപ്പെട്ടുള്ള വ്യായാമക്കുറവ്, അമിതാഹാരം, അതുമൂലമുള്ള അമിതവണ്ണം, അതിൽ നിന്നുണ്ടാകുന്ന ഇൻസുലിൻ പ്രതിരോധം എന്നിവയാണ് മെറ്റബോളിക് സിൻഡ്രോം എന്ന ജീവിതശെെലി രോ​ഗത്തിന്റെ അടിസ്ഥാന ഘടകങ്ങൾ. 

ചില കണക്കുകൾ

ലോകത്താകമാനം 25-50 ശതമാനം ആളുകളും കേരളത്തിൽ 30-35 ശതമാനം ആളുകളും ഫാറ്റി ലിവർ രോ​ഗം ഉള്ളവരാണെന്ന് കാണാം. ഇവരിൽ ഏകദേശം 7-15 ശതമാനം വരെ ആളുകൾക്ക് രോ​ഗം, നോൺ ആൽക്കഹോളിക് സ്റ്റിയറ്റോ ഹെപ്പറ്റെെറ്റിസ് (നാഷ്) എന്ന അടുത്ത ഘട്ടത്തിലേക്കും പിന്നീട് 3-7 ശതമാനം ആളുകൾക്ക് ​ഗുരുതരമായ സിറോസിസ് എന്ന അവസ്ഥയിലേക്കും മാറുന്നു. കരൾ കാൻസർ പോലും ഫാറ്റി ലിവറിന്റെ സങ്കീർണതയായി കാണുന്നുണ്ട്. 

രണ്ടുപതിറ്റാണ്ട് മുൻപുവരെ വളരെ പതുക്കെ പുരോ​ഗമിച്ചിരുന്ന രോ​ഗമായിരുന്നു ഫാറ്റിലിവർ. ഫാറ്റി ലിവറിൽ നിന്ന് സിറോസിസ് എന്ന അവസ്ഥയിൽ എത്തിച്ചേരാൻ ഏകദേശം 35-40 വർഷം എടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ കുറച്ചുകൂടി വേ​ഗത്തിലാണ് രോ​ഗവർധന. 20 വർഷം കൊണ്ടുതന്നെ ലിവർ സിറോസിസിലേക്ക് എത്തിച്ചേരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 

ആരിലാണ് രോ​ഗം വർധിക്കുക

ഫാറ്റി ലിവർ ഉള്ളവരിൽ പ്രമേഹം, അമിത ബി.പി. ഇവയുണ്ടെങ്കിൽ അടുത്ത സ്റ്റേജിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ ഇവർ മദ്യപിക്കുകയാണെങ്കിൽ ഹെപ്പറ്റെെറ്റിസ് ബി, സി എന്നീ അണുബാധിതരാകുകയാണെങ്കിലോ രോ​ഗം പെട്ടെന്ന് ബാധിക്കും. 

എങ്ങനെ കണ്ടുപിടിക്കാം

ഫാറ്റിലിവർ എന്ന കരൾവീക്കത്തിന് കാര്യമായ ലക്ഷണങ്ങളൊന്നും തന്നെയില്ല. ഇത് അടുത്ത സ്റ്റേജിലേക്ക്(നാഷ്, ലിവർ സിറോസിസ്) കടന്നാലും രോ​ഗലക്ഷണങ്ങൾ ഇല്ലാതന്നെ. അസുഖം വർധിച്ച് കരൾപരാജയം ഉണ്ടാകുമ്പോൾ മാത്രമാണ് കാലിൽ നീര്, മഹോദരം, മഞ്ഞപ്പിത്തം എന്നീ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. അപ്പോഴേക്കും രോ​ഗം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കും. ചികിത്സയും വളരെ ദുഷ്കരമായിരിക്കും. അപ്പോൾ പ്രായോ​ഗികമായി ചെയ്യേണ്ടത്, രോ​ഗം വരാൻ കൂടുതൽ സാധ്യതയുള്ള ആളുകളെ സ്ക്രീനിങ്ങിന് വിധേയരാക്കുക എന്നതാണ്. മെറ്റബോളിക് സിൻഡ്രോം ഉള്ള എല്ലാ രോ​ഗികളെയും സ്ക്രീനിങ്ങിൽ ഉൾപ്പെടുത്തണം. 

സ്ക്രീനിങ് എങ്ങനെ

വയറിന്റെ അൾട്രാസൗണ്ട് സ്കാൻ ആണ് പ്രധാനമായും സ്ക്രീനിങ് ടെസ്റ്റ്. ഇത് ലളിതവും ചെലവുകുറഞ്ഞതുമായ ടെസ്റ്റാണ്. ഫലപ്രദവുമാണ്.

ഫാറ്റിലിവർ ഡിസീസ് ഉള്ളവർ അടുത്ത സ്റ്റേജിലേക്ക് കടന്നിട്ടുണ്ടോ എന്നറിയാൻ മറ്റ് ടെസ്റ്റുകൾ ആവശ്യമാണ്. 

ടെസ്റ്റുകൾ

രക്തപരിശോധന: എൽ.എഫ്.ടി.(കരളിന്റെ പ്രവർത്തനം നോക്കാൻ), ലിവർ ഫെെബ്രോസിസ് കണ്ടുപിടിക്കാനുള്ള രക്തപരിശോധന(എ.പി.ആർ.1, ഫെെബ്രോ ടെസ്റ്റ്, എൻ.എഫ്.എസ്. സ്കോർ എന്നിവ)

കരൾ ഫാറ്റ് കണ്ടുപിടിക്കാനുള്ള ടെസ്റ്റ്: എം.ആർ.സ്പെക്ട്രോമെട്രി

ലിവർ ഫെെബ്രോസിസ് കണ്ടുപിടിക്കാനുള്ള സ്കാൻ: ഫെെബ്രോ സ്കാൻ, എം.ആർ. ഇലസ്റ്റോ​ഗ്രാഫി.

ലിവർ ബയോപ്സി: കരളിന്റെ ചെറിയ കഷ്ണം മുറിച്ചെടുത്ത് വിവിധ പരിശോധനകൾക്ക് വിധേയമാക്കുന്നതാണ് ബയോപ്സി ടെസ്റ്റ്. 

ചികിത്സാരീതികൾ

മരുന്നുകളേക്കാൾ ശരിയായ ജീവിതക്രമം തന്നെയാണ് ഈ രോ​ഗങ്ങളുടെ ചികിത്സയും പ്രതിരോധവും. ശരിയായ ഭക്ഷണം, വ്യായാമം, അമിതവണ്ണം കുറയ്ക്കുക എന്നിവയാണ് ജീവിതക്രമീകരണത്തിലെ മൂന്ന് പ്രധാനഘടകങ്ങൾ. 

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, കോള പോലെയുളള പാനീയങ്ങൾ, എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം, ഫുഡ്അഡിക്ടീവുകൾ, ബേക്കറി പലഹാരങ്ങൾ, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ തുടങ്ങിയവ.

കഴിക്കാവുന്ന ഭക്ഷണങ്ങൾ

വേവിച്ച ഭക്ഷ്യവിഭവങ്ങൾ, മത്സ്യം, പച്ചിലകൾ, പച്ചക്കറികൾ, പഴവർ​ഗങ്ങൾ, പാൽ, തെെര് എന്നിവ.

മിതമായി കഴിക്കാവുന്ന ഭക്ഷണങ്ങൾ

മുട്ട, പരിപ്പുവർ​ഗങ്ങൾ. കാപ്പി മിതമായി കുടിക്കുന്നതിലും തെറ്റില്ല. 

ആവശ്യത്തിനുള്ള അളവിൽ മാത്രം മൂന്നുനേരമായി ചിട്ടയായി വേണം പ്രധാന ഭക്ഷണം കഴിക്കാൻ. വെെകീട്ട് കാപ്പിയും ലഘുഭക്ഷണവുമാകാം. ഇടതടവില്ലാതെ കഴിക്കുന്ന ശീലം, ടി.വി. കണ്ടുകൊണ്ട് സ്നാക്ക്സ് കഴിച്ചുകൊണ്ടിരിക്കുന്ന ശീലം എന്നിവ ഒഴിവാക്കണം. 

വ്യായാമം

വ്യായാമം നിത്യജീവിതത്തിന്റെ ഭാ​ഗമാക്കി മാറ്റണം. നടന്നുപോകാൻ കഴിയുന്നിടത്തെല്ലാം നടന്നുതന്നെ പോകുക. ലിഫ്റ്റിന് പകരം പടികൾ കയറുക തുടങ്ങിയവ ശീലമാക്കാം. 

ദിവസവും 45 മിനിറ്റുവെച്ച് ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും വ്യായാമം ചെയ്യുക. കെെവീശി ദ്രുത​ഗതിയിലുള്ള നടത്തം, സെെക്ലിങ്, നീന്തൽ, സ്കിപ്പിങ് എന്നിവ ശീലമാക്കാം. 

ശരിയായ ശരീരഭാരം നിലനിർത്താൻ ശ്രദ്ധിക്കുക. 

യോ​ഗ ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്കൂൾതലം തൊട്ടുതന്നെ കുട്ടികളിൽ കായികാഭിരുചി വളർത്തിയെടുക്കാനുള്ള ശ്രമമുണ്ടാകണം. 

Content Highlights: What is Fatty Liver, How to control Fatty Liver, Health, Liver Health

ആരോ​ഗ്യമാസിക വാങ്ങാം