അപസ്മാരം ചികിത്സയില്ലാത്ത രോഗമല്ല, മുജ്ജന്‍മ പാപം മൂലവുമല്ല  


ഡോ.ശ്യാം സുന്ദര്‍ എസ്.

ഫെബ്രുവരി എട്ട് തിങ്കളാഴ്ച ലോക അപസ്മാര ദിനമായി ആചരിക്കുകയാണ്

Representative Image | Photo: Gettyimages.in

ലോകമെങ്ങും വ്യാപകമായി കാണപ്പെടുന്ന രോഗങ്ങളിലൊന്നാണ് അപസ്മാരം. കൃത്യമായ രോഗനിർണയവും അനുയോജ്യമായ ചികിത്സയും ലഭിച്ചാൽ പൂർണ്ണമായും ഭേദമാക്കുവാനോ നിയന്ത്രിച്ച് നിർത്തുവാനോ സാധിക്കുന്ന രോഗം കൂടിയാണിത്. വ്ളാഡിമിർ ലെനിൻ, സോക്രട്ടീസ്, ജൂലിയസ് സീസർ, നെപ്പോളിയൻ, ആൽഫ്രഡ് നൊബേൽ, വിൻസന്റ് വാൻഗോഗ്, ജോണ്ടി റോഡ്സ് തുടങ്ങി അനേകം പ്രതിഭകൾ അപസ്മാര രോഗബാധിതരായിരുന്നിട്ടും സമാനതകളില്ലാത്ത രീതിയിൽ അവനവന്റെ മേഖലകളിൽ ലോകം കീഴടക്കിയവരാണ്. അതുകൊണ്ട് തന്നെ അപസ്മാരം ഒന്നിനും വിലങ്ങുതടിയല്ല എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗത്തെ മനസ്സിലാക്കി അതിനനുസരിച്ച് ജീവിതത്തെ ക്രമീകരിക്കുകയും ശരിയായ ചികിത്സകളിലൂടെ കീഴടക്കുകയും ചെയ്യുക എന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യവുമല്ല.

തെറ്റിദ്ധരിക്കപ്പെട്ട രോഗം

അപസ്മാരത്തോളം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു രോഗവും ഒരു പക്ഷേ ഭൂമുഖത്തുണ്ടാവില്ല. അതുകൊണ്ട് തന്നെ തെറ്റായ ചികിത്സയും അപസ്മാരത്തെ സംബന്ധിച്ച് വ്യാപകമാണ്. തലച്ചോറിലെ നാഡീവ്യൂഹത്തിനകത്ത് സംഭവിക്കുന്ന സ്വാഭാവികമായ തകരാറുകളാണ് അപസ്മാരത്തിലേക്ക് നയിക്കുന്നത്. ഈ അസ്വാഭാവികമായ തകരാറുകൾ മൂലം സൃഷ്ടിക്കപ്പെടുന്ന അസാധാരണമായ പെരുമാറ്റം, ചില സംവേദനങ്ങൾ, ബോധം നഷ്ടപ്പെടൽ, വിറയൽ മുതലായവയിലേക്ക് നയിക്കപ്പെടുന്നതാണ് പ്രത്യക്ഷ ലക്ഷണമായി കണക്കാക്കുന്നത്. സ്ത്രീപുരുഷ ഭേദമേതുമില്ലാതെ, ഏത് പ്രായപരിധിയിലുള്ളവരേയും ഏത് വംശീയപരമായ പശ്ചാത്തലത്തിലുള്ളവരെയും (ഭൂഖണ്ഡം, നിറം, മതം മുതലായവയെല്ലാം ഉൾപ്പെടെ) അപസ്മാരം ബാധിക്കാം. ലോകമെമ്പാടും അൻപത് ദശലക്ഷം പേർ അപസ്മാര ബാധിതരാണെന്നാണ് കണക്കുകൾ.

രോഗലക്ഷണങ്ങൾ

വിവിധങ്ങളായ ലക്ഷണങ്ങളാണ് അപസ്മാരത്തിന്റേതായി കാണപ്പെടുന്നത്. താത്‌ക്കാലികമായ ആശയക്കുഴപ്പം, പെട്ടെന്നുള്ള തുറിച്ചുനോട്ടം, കൈകാലുകളുടെ അനിയന്ത്രിതമായ ചലനം, ബോധം നഷ്ടപ്പെടൽ, ഭയം, ഉത്‌കണ്ഠ പോലുള്ള മാനസിക രോഗലക്ഷണങ്ങൾ മുതലായവയെല്ലാം അപസ്മാരത്തിന്റെ ലക്ഷണങ്ങളായി പ്രകടമാക്കപ്പെടുന്നു. എപ്പോഴെങ്കിലും ഒരിക്കൽ ഈ ലക്ഷണങ്ങൾ കാണപ്പെട്ടു എന്നതുകൊണ്ട് ആ വ്യക്തി അപസ്മാര ബാധിതനാകണമെന്നില്ല. കാരണമില്ലാതെ രണ്ട് തവണയെങ്കിലും മേൽപ്പറഞ്ഞ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിലാണ് പ്രധാനമായും അപസ്മാര നിർണയത്തിലേക്ക് കടക്കാറുള്ളത്. തലച്ചോറിനുള്ളിൽ പ്രത്യക്ഷപ്പെടുന്ന അസാധാരണമായ ചില ഇലക്ട്രിക്കൽ തരംഗങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത്. ഈ വൈദ്യുത തരംഗങ്ങൾ ഉത്‌പാദിപ്പിക്കപ്പെടുന്ന തലച്ചോറിന്റെ മേഖല നിയന്ത്രിക്കുന്ന ഏത് പ്രവർത്തനത്തെയും അപസ്മാരം സ്വാധീനിക്കും. പ്രഭവ കേന്ദ്രം ഒന്നായതിനാൽ രോഗലക്ഷണങ്ങൾ ഓരോ ഘട്ടത്തിലും ഒരേ പോലെയുള്ളവയായിരിക്കുന്നതും സ്വാഭാവികമാണ്.

ഒരു തവണ മാത്രം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടവരാണെങ്കിൽ പൊതുവെ ഡോക്ടറെ കാണേണ്ട ആവശ്യകതയില്ല. എന്നാൽ അപസ്മാരത്തിന്റെ ലക്ഷങ്ങൾ പ്രത്യേകിച്ച് കൈകാലുകളുടെ അനിയന്ത്രിത ചലനവും മറ്റും അഞ്ച് മിനിറ്റിൽ കൂടുതലായി നീണ്ടുനിന്നാലോ, ലക്ഷണങ്ങൾ അവസാനിച്ചിട്ടും ശ്വാസമോ ബോധമോ തിരിച്ച് വരാതെ നിന്നാലും, ഒരു തവണ വന്നശേഷം ഉടനടി തന്നെ വീണ്ടും ഇത് ആവർത്തിച്ചാലും, അപസ്മാരത്തിന്റെ ഭാഗമായി പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാലും എത്രയും പെട്ടെന്ന് അപസ്മാര ചികിത്സയിൽ വൈദഗ്ധ്യം നേടിയ ന്യൂറോളജിസ്റ്റിനെ കാണണം.

തെറ്റിദ്ധാരണകൾ

അപസ്മാരത്തെക്കുറിച്ചുള്ള തെറ്റായ അറിവുകളും, അജ്ഞതയും, കെട്ടുകഥകളുമൊക്കെയാണ് ചികിത്സയെ പ്രതികൂലമായി ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ആധുനിക വൈദ്യശാസ്ത്രത്തിൽ അപസ്മാരം എന്ന രോഗാവസ്ഥയെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുന്ന നിരവധി ചികിത്സാ രീതികൾ ലഭ്യമാണ്. എന്നാൽ ഇതിനെക്കുറിച്ചു പോലും പലർക്കും ധാരണയില്ല. സാധാരണക്കാർ മാത്രമല്ല വിദ്യാസമ്പന്നരായവർ പോലും അശാസ്ത്രീയമായ ചികിത്സാ രീതികൾക്ക് പിന്നാലെയും അന്ധവിശ്വാസങ്ങൾക്ക് പിന്നാലെയും പോകുന്ന കാഴ്ച വേദനാജനകമാണ്.

ചികിത്സ

ഭൂരിഭാഗം അപസ്മാര രോഗികളെയും മരുന്നിലൂടെതന്നെ ചികിത്സിച്ച് ഭേദമാക്കുവാൻ സാധിക്കും. രോഗിയെ വിശദമായി പരിശോധിക്കുകയും രോഗിയുടെയും രോഗത്തിന്റെയും അവസ്ഥ കൃത്യമായി വിലയിരുത്തുകയും ചെയ്ത ശേഷം, അസുഖത്തിന്റെ വകഭേദം, രോഗിയുടെ ഭാരം, രോഗിക്കുള്ള മറ്റ് അസുഖങ്ങൾ എന്നിവയെല്ലാം വിലയിരുത്തിയാണ് മരുന്നുകൾ തീരുമാനിക്കുന്നത്. ചില അപസ്മാര രോഗികൾക്ക് ജീവിത കാലം മുഴുവൻ മരുന്ന് ഉപയോഗിക്കേണ്ടതായി വരും, മറ്റ് ചിലരിലാകട്ടെ കുറച്ച് കാലത്തെ ഉപയോഗത്തിന് ശേഷം മരുന്നുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാവുന്നതുണ്. കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന ചില രോഗാവസ്ഥകൾ കാലാന്തരത്തിൽ ക്രമേണ മറികടക്കാൻ സാധിക്കുന്നവയാണ്. മറ്റ് ചിലരിലാകട്ടെ ഒന്നിലധികം മരുന്നുകൾ ഉപയോഗിച്ചാലും മരുന്നിന്റെ ഡോസ് വർധിപ്പിച്ചാലും അപസ്മാരത്തെ നിയന്ത്രിക്കാൻ സാധിച്ചില്ലെന്ന് വരും. ഇത്തരക്കാരിൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ഇതര മാർഗങ്ങൾ ഫലപ്രദമാണ്.

മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാകാത്തവർക്കാണ് ഇതര ചികിത്സാ രീതികൾ പ്രധാനമായും ആവശ്യമായി വരുന്നത്. ആ അവസ്ഥയിലുള്ളവരും അവരുടെ ബന്ധുക്കളുമൊക്കെ രോഗിയുടെ ഭാവി ജീവിതത്തെക്കുറിച്ചും അനുബന്ധമായ കാര്യങ്ങളെക്കുറിച്ചും സ്വാഭാവികമായും ഉത്‌കണ്ഠാകുലരായിരിക്കും. സാമൂഹിക ജീവിതത്തിൽ നിന്ന് ഉൾവലിഞ്ഞ് നിൽക്കുവാനുള്ള പ്രവണത ഇവരിൽ പൊതുവെ കാണപ്പെടുന്നതാണ് അതുകൊണ്ട് തന്നെ മികച്ച നിലവാരമുള്ള ജീവിത രീതിയും ഇവർക്ക് അന്യമായി തീരുന്നു.

ശസ്ത്രക്രിയ പോലുള്ള ചികിത്സാ രീതികളിലൂടെ ഇത്തരത്തിലുള്ള അപസ്മാര രോഗബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കുവാൻ സാധിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയുടെ ഭാഗമായി അസ്വാഭാവികമായ വൈദ്യുത വികിരണങ്ങൾ പ്രത്യക്ഷപ്പെടുന്ന പ്രഭവ കേന്ദ്രത്തെ കൃത്യമായി തിരിച്ചറിയുവാൻ സാധിക്കും. ഈ പ്രഭവ കേന്ദ്രത്തെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയോ നിർജ്ജീവമാക്കുകയോ ചെയ്താൽ അനായാസേന അപസ്മാര രോഗത്തിന്റെ ഭീഷണിയെ ഫലപ്രദമായി അതിജീവിക്കാൻ സാധിക്കും. വീഡിയോ ഇ.ഇ.ജി. റെക്കോർഡിങ്ങുകൾ, എപ്പിലെപ്സി പ്രോട്ടോക്കോൾ എം.ആർ.ഐ., പെറ്റ് സ്കാൻ, സ്റ്റീരിയോ ഇ.ഇ.ജി. മുതലായവ ഉപയോഗിച്ചാണ് പ്രഭവ കേന്ദ്രത്തെ കൃത്യമായി തിരിച്ചറിയുന്നത്.

ചില സന്ദർഭങ്ങളിൽ പ്രഭവ കേന്ദ്രം തലച്ചോറിനകത്തെ ചില മുഴകളോ മറ്റോ ആയിരിക്കും. ഇവയെ കൃത്യമായി തിരിച്ചറിയുകയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്യുന്നത് വഴി ഇരട്ട നേട്ടങ്ങളാണ് ലഭ്യമാകുന്നത്. ട്യൂമർ ഫലപ്രദമായി നീക്കം ചെയ്യാമെന്നതും, ഏത് വിഭാഗത്തിൽ പെട്ട മുഴകളാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ആവശ്യമാണെങ്കിൽ നേരത്തെ തന്നെ ആരംഭിക്കാമെന്നതുമാണ് ഇവ.

ചില സന്ദർഭങ്ങളിൽ അപസ്മാരത്തിന്റെ പ്രഭവ കേന്ദ്രം തിരിച്ചറിയാൻ സാധിക്കും; എന്നാൽ കൃത്യമായ ഒരു കേന്ദ്രത്തെ ചൂണ്ടിക്കാണിക്കാൻ സാധിക്കാതെ വരികയും ചെയ്യും. ഇത്തരം സന്ദർഭങ്ങളിൽ തലച്ചോറിന്റെ ഇതരഭാഗങ്ങളുമായി ഈ മേഖലയ്ക്കുള്ള ബന്ധം വിച്ഛേദിക്കുന്നതിലൂടെ അസുഖത്തെ അതിജീവിക്കുവാൻ സാധിക്കുന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അപസ്മാര രോഗികളിൽ വലിയ ഒരു വിഭാഗത്തിനും ഇതിലൂടെ പൂർണമായുള്ള ശമനം ലഭ്യമാകുന്നു. ഇതിലൂടെ നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ഉപയോഗം ഇല്ലാതാക്കുവാനും സാധിക്കുന്നു. കുറച്ച് പേരിൽ അസുഖത്തിന്റെ തീവ്രതയും തുടർച്ചയായ ആവർത്തനങ്ങളും ഇല്ലാതാക്കാനും കഴിക്കുന്ന മരുന്നിന്റെ അളവ് ഗണ്യമായി കുറയ്ക്കുവാനും ശസ്ത്രക്രിയ സഹായകരമാകുന്നു. ഇതിലൂടെ മേൽ പറഞ്ഞ രണ്ട് വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കും ജീവിത നിലവാരം കൂടുതൽ ഉയർത്തുവാൻ സാധിക്കുന്നു. ശസ്ത്രക്രിയ ഫലപ്രദമാകാത്ത ചിലരിൽ വേഗൽ നെർവ് സ്റ്റിമുലേഷൻ എന്ന ഉപാധിയും വിജയകരമായി മാറാറുണ്ട്.

അപസ്മാരം ചികിത്സയില്ലാത്ത രോഗമാണെന്നും, പൂർവ്വ ജന്മത്തിലെ പാപമാണെന്നുമൊക്കെയുള്ള തെറ്റിദ്ധാരണകളെ അകറ്റി ഫലപ്രദമായ ചികിത്സയുള്ള ഏതൊരു അസുഖവും പോലുള്ള ഒന്ന് മാത്രമാണ് അപസ്മാരം എന്ന യാഥാർഥ്യത്തെ അംഗീകരിക്കുന്നതാണ് അപസ്മാര ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരിയായ രോഗനിർണയം കൃത്യമായ സമയത്ത് നടത്തി, ഉചിതമായ ചികിത്സാ രീതി സ്വീകരിച്ചാൽ അപസ്മാരത്തെ ഏർക്കും മറികടക്കാവുന്നതേ ഉള്ളൂ.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ സെന്റർ ഫോർ ന്യൂറോ സയൻസസിലെ ന്യൂറോ സർജറി വിഭാഗം ഹെഡ് & സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ)

Content Highlights:What is Epilepsy causes symptoms treatments all you needs to know,Health,Epilepsy,Neurology

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented