ഈ വര്‍ഷവും മഴ കനക്കും, റോഡും അഴുക്കുചാലും ഒന്നാകും; ഒപ്പം ഈ രോഗവും വരും


By അനു സോളമന്‍

3 min read
Read later
Print
Share

പ്രളയം പോലുള്ള സമയങ്ങളില്‍ ശുദ്ധജലം ലഭ്യമാവാത്ത സാഹചര്യത്തിലും മണ്ണും പരിസരവും മലിനമാവുകയും ചെയ്യുമ്പോഴാണ് ഈ രോഗം വ്യാപകമാകുന്നത്

-

ലെപ്‌റ്റോസ്‌പൈറോസിസ് എന്ന രോഗത്തെ നാം അറിയുന്നത് എലിപ്പനി എന്ന പേരിലാണ്. കഴിഞ്ഞ പ്രളയകാലത്തും പ്രളയത്തിന് ശേഷമുള്ള ശുചീകരണ കാലത്തുമാണ് എലിപ്പനിയെക്കുറിച്ചും ഡോക്‌സിസൈക്ലിന്‍ ഗുളികയെക്കുറിച്ചുമൊക്കെ ഒരുപാട് കണ്ടും കേട്ടുമറിഞ്ഞത്.

പ്രളയകാലത്ത് മാത്രമല്ലേ എന്ന് കരുതി അവഗണിക്കേണ്ട ഒന്നല്ല എലിപ്പനി. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരില്ലെങ്കിലും മലിനമായ മണ്ണും വെള്ളവും നമുക്ക് ചുറ്റുമുണ്ടെങ്കില്‍ നാം എലിപ്പനിയെ ഭയപ്പെടണം. മഴക്കാലം തുടങ്ങിയതിന് പിന്നാലെ പലയിടത്തും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. അതിനാല്‍ മറ്റേത് മഴക്കാല രോഗങ്ങളെയും പോലെ തന്നെ എലിപ്പനിയെയും നാം കരുതിയിരിക്കണം.

രോഗം ബാധിക്കുന്ന വഴികള്‍

ലെപ്‌റ്റോസ്‌പൈറ വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണം.
എലി, പശു, ആട്, പന്നി, കുതിര, നായ മുതലായ മൃഗങ്ങളുടെ മൂത്രത്തിലൂടെ ഈ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരുന്നു. ഇത്തരത്തില്‍ രോഗാണുക്കള്‍ അടങ്ങിയ മണ്ണിലോ വെള്ളത്തിലോ നമ്മള്‍ ചവിട്ടി നടക്കുമ്പോള്‍ ഈ രോഗാണുക്കള്‍ നമ്മുടെ ശരീരത്തിലെ മുറിവുകളിലൂടെയോ കണ്ണ്, വായ മുതലായവയിലെ ശ്ലേഷ്മസ്തരം വഴിയോ ശരീരത്തില്‍ പ്രവേശിക്കുന്നു.

മുറിവുകള്‍ എന്നു പറയുമ്പോള്‍ വലിയ മുറിവുകള്‍ എന്നല്ല, പകരം ചൊറിച്ചില്‍ മൂലമോ മറ്റോ ചര്‍മത്തില്‍ ഉണ്ടാകുന്ന പൊട്ടലുകളിലൂടെയും രോഗം പകരാം. രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുടിക്കുന്നതും രോഗത്തിന് കാരണമാകും. പൊതുവെ എലിപ്പനി വ്യാപകമാകുന്നത് പ്രളയം പോലുള്ള സമയങ്ങളില്‍ ശുദ്ധജലം ലഭ്യമാവാത്ത സാഹചര്യത്തിലും മണ്ണും പരിസരവും മലിനമാവുകയും ചെയ്യുമ്പോഴാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പകരാറില്ല.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍ വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു. രണ്ട് മുതല്‍ നാലുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. വിറയലോടെയുള്ള പനി, ശക്തമായ പേശീവേദന, തലവേദന, കണ്ണുചുവപ്പ്, മൂത്രത്തിന് മഞ്ഞനിറം മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍. ശരീരവേദനയും കണ്ണിന്റെ വെള്ളഭാഗത്തിന് (കണ്‍ജങ്ടിവ) ചുവപ്പുനിറവും ഉണ്ടാകുന്നതാണ് എലിപ്പനിയുടെ ഏറ്റവും പ്രധാന ലക്ഷണം. എലിപ്പനിക്കൊപ്പം മഞ്ഞപ്പിത്തം കൂടി ഉണ്ടായാല്‍ അത് ഗുരുതരമായി മാറും.

രോഗമുണ്ടാകുന്നത് രണ്ട് ഘട്ടമായി

എലിപ്പനി പ്രധാനമായും രണ്ട് ഘട്ടങ്ങളായിട്ടാണ് കാണുന്നത്. ആദ്യഘട്ടത്തില്‍ പനി, വിറയല്‍, തലവേദന, പേശീവേദന, ഛര്‍ദി, വയറിളക്കം എന്നിവയാണ് കാണുക. ഈ ഘട്ടത്തില്‍ രോഗം പെട്ടെന്ന് ഭേദമായാലും വീണ്ടും രോഗംബാധിക്കാനുള്ള സാധ്യതയുണ്ട്.

രണ്ടാം ഘട്ടത്തില്‍ രോഗം കൂടുതല്‍ ഗുരുതരമാകും. ഈ സമയത്ത് രോഗിയുടെ വൃക്കകള്‍, കരള്‍ എന്നിവ തകരാറിലായേക്കും. തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസിനും സാധ്യതയുണ്ട്. രോഗം ഏതാനും ദിവസം മുതല്‍ മൂന്നാഴ്ചയോളം നീണ്ടു നില്‍ക്കാം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗുരുതരമാകാം.

ഗുരുതരമാവുന്നവര്‍

പ്രായമായവര്‍, മറ്റ് രോഗങ്ങളുള്ളവര്‍, മദ്യപിക്കുന്നവര്‍, ചികിത്സ ആരംഭിക്കാന്‍ വൈകുന്നവര്‍ മുതലായവര്‍ ഗുരുതരമായ രോഗാവസ്ഥകളിലേക്ക് പോകാം. ഇത്തരം രോഗികള്‍ക്ക് കരള്‍, വൃക്ക, ഹൃദയം(മയോകാര്‍ഡൈറ്റിസ്), ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം താറുമാറാകാന്‍ ഇടയുണ്ട്. ഈ ഘട്ടത്തില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടി വരും. അല്ലെങ്കില്‍ മരണം വരെ സംഭവിക്കാം.

രോഗസാധ്യത കൂടിയവര്‍

കര്‍ഷകര്‍, അഴുക്കുചാല്‍ പണികള്‍ ചെയ്യുന്നവര്‍, അറവുശാലകളിലെ ജോലിക്കാര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, മീന്‍പിടുത്തക്കാര്‍ തുടങ്ങിയവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍. മലിനമായ നദികള്‍, തടാകങ്ങള്‍, സ്വിമ്മിങ് പൂളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നീന്തുന്നവരും മറ്റും ഈ രോഗത്തെ ശ്രദ്ധിക്കണം.

രോഗനിര്‍ണയം

രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താനാകും. സ്ഥിരീകരണത്തിനായി കാര്‍ഡ് ടെസ്റ്റ്, എലിസ ടെസ്റ്റ് എന്നിവ ചെയ്യാം.

ചികിത്സ

ഡോക്‌സിസൈക്ലിന്‍, പെന്‍സിലിന്‍ പോലെയുള്ള ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് ചെയ്യുക. രോഗം നിര്‍ണ്ണയിച്ചാലുടന്‍ ചികിത്സ തുടങ്ങണം. ഗുരുതരാവസ്ഥയിലാണെങ്കില്‍ രോഗിക്ക് ഞെരമ്പിലൂടെ ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടതുണ്ട്. എലിപ്പനി പ്രതിരോധിക്കാന്‍ വാക്‌സിന്‍ ഇല്ല എന്നോര്‍ക്കുക.

പ്രതിരോധിക്കാന്‍ വഴികളുണ്ട്‌

  • വൃക്തിശുചിത്വം പാലിക്കുക.
  • കെട്ടിക്കിടക്കുന്ന വെള്ളവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
  • മലിനമായ മണ്ണിലും വെള്ളത്തിലും ജോലി ചെയ്യുന്നവര്‍ ശരീരം മറയ്ക്കുന്ന വസ്ത്രങ്ങളും ബൂട്ട് പോലെയുള്ള ചെരിപ്പുകള്‍ ധരിക്കുക. വയലുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ മുന്‍കാലത്ത് മുട്ടോളമെത്തുന്ന ബൂട്ടുപോലെയുള്ള ചെരിപ്പ് ധരിക്കാറുണ്ടായിരുന്നു.
  • രോഗമുള്ള മൃഗങ്ങളുമായി നേരിട്ട് ബന്ധം പുലര്‍ത്താതിരിക്കുക.
  • ചെളിവെള്ളവുമായും മറ്റും ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ ആഴ്ചയില്‍ ഒരു ദിവസം എന്ന തോതില്‍ ആറാഴ്ചത്തേക്ക് 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കാം. പരമാവധി എട്ടാഴ്ച കഴിച്ചാല്‍ മതിയാകും. ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരമാണ് കഴിക്കേണ്ടത്.
  • മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നതിനാല്‍ ഓരോരുത്തരും വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടും രോഗത്തെ പ്രതിരോധിക്കണം.
ശ്രദ്ധിക്കേണ്ടത്

  • ലക്ഷണങ്ങളിലെ സാമ്യം മൂലം എലിപ്പനിയെ ഡെങ്കിപ്പനിയോ മഞ്ഞപ്പിത്തമോ ഒക്കെ ആയി തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗം ബാധിച്ചാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് കൃത്യമായ രോഗനിര്‍ണയം നടത്തി ചികിത്സ തേടണം.
  • പനിയല്ലേ എന്ന് കരുതി പാരസെറ്റമോളോ മറ്റ് പനിഗുളികകളോ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം വാങ്ങിക്കഴിക്കരുത്.
  • കോവിഡ് ഭീഷണിയുള്ളതിനാല്‍ ഡോക്ടറെ നേരിട്ട് ആശുപത്രിയില്‍ പോയി കാണാന്‍ സാധിക്കാത്തവര്‍ക്ക് ടെലിമെഡിസിന്‍ സംവിധാനം വഴി ഡോക്ടറെ കണ്ട് രോഗനിര്‍ണയം നടത്തി കൃത്യമായ ചികിത്സ സ്വീകരിക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സൗമ്യ സത്യന്‍
കണ്‍സള്‍ട്ടന്റ് ഇന്റേണല്‍ മെഡിസിന്‍ വിഭാഗം
എം.ഇ.എസ്. മെഡിക്കല്‍ കോളേജ്
പെരിന്തല്‍മണ്ണ

Content Highlights: what is Elippani Leptospirosis treatment and prevention, Monsoon diseases, Health, Fever

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
salt

2 min

ദിവസവും കഴിയ്ക്കാവുന്ന ഉപ്പിന്റെ അളവ് എത്ര?; ആരോഗ്യവിദഗ്ധര്‍ പറയുന്നത്

Jun 5, 2023


turmeric milk

1 min

ഗര്‍ഭിണികള്‍ പാലില്‍ മഞ്ഞള്‍ കലര്‍ത്തി കുടിക്കുന്നത് ആരോഗ്യപ്രദമോ?

Jun 5, 2023


Pregnancy test not pregnant - stock photo Pregnancy test not pregnant

2 min

വന്ധ്യതയ്ക്ക് ഇടയാക്കുന്ന പ്രധാനപ്പെട്ട ഒരു കാരണം ഇപ്പോള്‍ ഇതാണ്

Dec 17, 2020

Most Commented