രാജ്യത്തെ ആദ്യത്തെ ദേശീയഓൺലൈൻ ഒ.പി.യാണ് വ്യക്തിസൗഹൃദ ടെലിമെഡിസിൻ വീഡിയോ കോൺഫറൻസ് സംവിധാനമായ ഇ-സഞ്ജീവനി. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.

കോവിഡ് 19 വ്യാപനത്തെത്തുടർന്ന് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ജനങ്ങൾക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്. കൂടുതൽ ആളുകൾ ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാൽ അത് തടയുക എന്നതും ഇ-സഞ്ജീവനിയുടെ ലക്ഷ്യമാണ്.

ഇ-സഞ്ജീവനി ആപ്പിന്റെ പ്രവര്‍ത്തനമെങ്ങനെയെന്ന് അറിയാന്‍ വീഡിയോ കാണാം

ക്വാറന്റീനിൽ കഴിയുന്ന രോഗികൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. ജീവിതശൈലി രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്കുള്ള ചികിത്സകൾ ആശുപത്രിയിൽ പോകാതെ തന്നെ ഇതുവഴി ഉറപ്പുവരുത്താം.

ഡോക്ടർമാർക്ക് വ്യക്തികളെ പരിശോധിക്കാനുള്ള ഏറ്റവും നൂതനവും ഫലപ്രദവുമായ മാർഗമാണിത്. കൺസൾട്ടേഷന് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിൽ എത്തുന്നവരുടെ മുൻ ചികിത്സാരേഖകൾ പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

2020 ജൂൺ ഒമ്പതിന് സംസ്ഥാനത്ത് തുടക്കമിട്ട സംവിധാനം സ്മാർട്ട് ഫോണോ കംപ്യൂട്ടറോ ലാപ്ടോപ്പോ കൂടെ ഇന്റർനെറ്റ് കണക്ഷനും ഉപയോഗിച്ചാണ് പ്രയോജനപ്പെടുത്തേണ്ടത്. വീഡിയോ കോൺഫറൻസ് വഴി നേരിട്ട് ഡോക്ടറോട് സംസാരിക്കാം. തുടർന്ന് മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്യാം. ഡോക്ടറെ കാണാൻ എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ദിശ 1056 / 04712552056നമ്പറിൽ ബന്ധപ്പെടാം. മികച്ച പ്രതികരണമാണ് ഇതുവഴി ലഭിച്ചത്. തുടർന്ന് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിന്റെ സാധ്യതകൾ വിപുലപ്പെടുത്തുകയായിരുന്നു.

വയോധികർക്കും കോവിഡിനെ തുടർന്ന് ക്വാറന്റീനിൽ കഴിയുന്ന ഡോക്ടർമാർക്ക് സ്വന്തം വീട്ടിലിരുന്നുകൊണ്ട് തന്നെ ടെലി മെഡിസിൻ കൺസൾട്ടേഷന്റെ ഭാഗമായി പ്രവർത്തിക്കാം. അല്ലെങ്കിൽ ഇ-സഞ്ജീവിനിയുടെ ജില്ലാ ഓഫീസിൽ ആവശ്യമായ സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് കോഴിക്കോട് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ പറഞ്ഞു. ഒരോ ഡോക്ടർമാർക്കും ഇ-സഞ്ജീവനി ലോഗിൻ വഴി പ്ലാറ്റ്ഫോമിന്റെ ഭാഗമാകാം. ഇതുവഴി ഇതുവഴി എത്രസമയം ചെലവഴിച്ചു, എത്ര കൺസൾട്ടേഷൻ നടത്തി തുടങ്ങിയ മുഴുവൻ വിവരങ്ങളും ലഭിക്കും.

ഇനി ഡെന്റൽ വിഭാഗം കൂടി ആരംഭിക്കുന്നുണ്ട്. ആദ്യം തിരുവനന്തപുരത്താണ് ടെലിമെഡിസിൻ സംവിധാനം ആരംഭിച്ചത്. ഇത് വിജയകരമായതിനെത്തുടർന്ന് എല്ലാ ജില്ലകളിലും ഹബ്ബ് തുടങ്ങുകയായിരുന്നു. ഇനി അടുത്ത ലക്ഷ്യം മെഡിക്കൽ കോളേജുകളിൽ ഹബ്ബ് തുടങ്ങുക എന്നതാണ്. നിലവിൽ ഓരോ മെഡിക്കൽ കോളേജുകളിലും അതിന്റെ ശേഷിയേക്കാൾ കൂടുതൽ രോഗികൾ ഒ.പിയിലും മറ്റും എത്തുന്നുണ്ട്. അവിടെ ടെലിമെഡിസിൻ ഹബ്ബ് ആരംഭിച്ചാൽ ഒ.പിയിലെ തിരക്ക് വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും. ഒപ്പം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ അവരുടെ സൗകര്യത്തിന് അനുസരിച്ച് ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കുകയും ചെയ്യാം. തുടർ സന്ദർശനങ്ങൾ, റിപ്പോർട്ടുകൾ പരിശോധിക്കാൻ നൽകൽ തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി മെഡിക്കൽ കോളേജുകളിലെത്തുന്നവരെ പൂർണമായും ടെലിമെഡിസിൻ പ്ലാറ്റ്ഫോമിലേക്ക് മാറ്റാനാകും.

കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് അവിടുത്തെ രോഗികൾക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ഉപയോഗപ്പെടുത്താനും സാധിക്കും. നിലവിൽ ഇ-സഞ്ജീവനിയിലൂടെ ജനറൽ ഒ.പി. വിഭാഗത്തിൽ കോഴിക്കോട് ദിവസവും 170 ഓളം കേസുകൾ വരുന്നുണ്ടെന്ന് ഡോ. നവീൻ പറഞ്ഞു. ഇനി ഇ-ഹെൽത്ത് ആരംഭിക്കാനിരിക്കുകയാണ്. അപ്പോൾ ഈ പ്ലാറ്റ്ഫോമിന്റെ സാധ്യതകൾ വർധിക്കുമെന്നും ഡോ. നവീൻ പറഞ്ഞു.

നമുക്ക് താത്‌പര്യമുള്ള ഡോക്ടറെ തന്നെ എപ്പോഴും ലഭിക്കില്ലെന്നതാണ് ഈ സംവിധാനത്തിന്റെ ഒരു ന്യൂനത. ലഭ്യമാകുന്ന ഡോക്ടർമാരുടെ സേവനമാണ് ഇവിടെ ലഭിക്കുക. നിലവിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സേവനങ്ങൾ ലഭിക്കുക.

ഇ-സഞ്ജീവനിയുടെ ഉപയോഗം ഇങ്ങനെ
മൊഹാലിയിലെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (CDAC) ആണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്.
വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ഈ സംവിധാനം ഉപയോഗപ്പെടുത്താം.

 • ആദ്യമായി esanjeevaniopd.in/kerala എന്ന വെബ്സൈറ്റോeSanjeevaniOPD എന്ന ആപ്ലിക്കേഷനോ തുറക്കുക.
 • ഇനി മെനു ബാറിൽ പേഷ്യന്റ് രജിസ്ട്രേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്യണം.
 • രജിസ്ട്രേഷൻ കോളത്തിനുള്ളിൽ മൊബൈൽ നമ്പർ നൽകണം. അപ്പോൾ ആ നമ്പറിലേക്ക് ഒരു ഒ.ടി.പി. ലഭിക്കും. ഈ ഒ.ടി.പി. നമ്പർ പ്രസ്തുത കോളത്തിലേക്ക് ടൈപ്പ് ചെയ്യുക.
 • ഇപ്പോൾ പേഷ്യന്റ് രജിസ്ട്രേഷൻ കോളം കാണാം. ഇതിലേക്ക് പേരും വയസ്സും മറ്റ് വിവരങ്ങളും നൽകുക.
 • മുൻപ് ചികിത്സ നടത്തിയതിന്റെ രേഖകൾ കൈവശമുണ്ടെങ്കിൽ അവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള ചൂസ് ഫയൽ എന്ന ഒപ്ഷൻ ആ വിൻഡോയിൽ തന്നെ കാണാം. ഫയലുകൾ അതിലേക്ക് ചേർക്കാം.
 • ഇനി ജനറേറ്റ് പേഷ്യന്റ് ഐ.ഡി, ടോക്കൺ നമ്പർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇവ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ലഭിക്കും.
 • പേഷ്യന്റ് ഐ.ഡിക്ക് പകരമായി നിങ്ങളുടെ മൊബൈൽ നമ്പറും ഉപയോഗിക്കാം.
 • ടോക്കൺ നമ്പർ നൽകി ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്യുക.
 • ഇപ്പോൾ നിങ്ങൾ കൺസൾട്ടേഷൻ വെയ്റ്റിങ് റൂമിലേക്ക് എത്തും. ഡോക്ടർ സ്റ്റാറ്റസ് ബോക്സിൽ ഡോക്ടർ അവെയ്ലബിൾ ആയാൽ കോൾ നൗ ബട്ടൺ പ്രസ്ചെയ്യുക. അപ്പോൾ ഡോക്ടർ വീഡിയോ കോളിൽ എത്തും.
 • കൺസൾട്ടേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ മരുന്ന് കുറിപ്പടി അവിടെ നിന്ന് തന്നെ ഡൗൺലോഡ് ചെയ്യാനുള്ള ഒപ്ഷനും ഉണ്ട്. ഇതിനായി അവിടെ മൊബൈൽ നമ്പർ നൽകണം. അപ്പോൾ ഒരു ഒ.ടി.പി. ലഭിക്കും. അത് നൽകുക. തുടർന്ന് പ്രിസ്ക്രിപ്ഷൻ സെലക്ട് ചെയ്ത് ഡോക്ടറുടെ കുറിപ്പടി ഡൗൺലോഡ് ചെയ്യാം. ഇത് കാണിച്ച് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്നുകൾ വാങ്ങാം.
 • രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് സേവനം.
 • ചികിത്സ പൂർണമായും സൗജന്യമാണ്.
 • ഈ സംവിധാനത്തിൽ ഡോക്ടറെ കാണാൻ എന്തെങ്കിലും തടസ്സം നേരിടുകയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ദിശ (1056) നമ്പറിൽ വിളിക്കാം.

ഇപ്പോൾ സ്പെഷ്യാലിറ്റി ഒ.പിയും
ജനറൽ ഒ.പി. മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സ്പെഷ്യാലിറ്റി ഒ.പി. കൂടി ആരംഭിച്ചിട്ടുണ്ട്. ഇത് ആദ്യമായി ആരംഭിച്ചിരിക്കുന്നതും കോഴിക്കോട് ആണ്.

ശിശുരോഗം, ഗൈനക്കോളജി, ചർമരോഗം, മാനസികരോഗം, ഹൃദ്രോഗം, ജനറൽ മെഡിസിൻ വിഭാഗങ്ങളിലായി ആറ് സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുക. ജനറൽ ഒ.പി. സേവനവുമായി ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ അഞ്ച് സ്ഥിരം ഡോക്ടർമാരും ഓൺലൈനിലുണ്ടാകും.

കോഴിക്കോട് സിവിൽസ്റ്റേഷനിൽ ജില്ലാ മെഡിക്കൽ ഓഫീസിനും ആരോഗ്യകേരളം ജില്ലാ ആസ്ഥാനത്തോടും ചേർന്നാണ് ഇ-സഞ്ജീവനി കോൾ സെന്റർ. ഇവിടെ വെച്ചാണ് ഡോക്ടർമാർ രോഗികളുമായി സംസാരിക്കുക. സ്വന്തം വീടുകളിൽ വെച്ചും ഡോക്ടർമാർക്ക് സേവനങ്ങൾ നൽകാം. ഓരോരുത്തർക്കും പ്രത്യേക ലോഗിൻ നൽകും.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ എന്നിവരാണ് നേതൃത്വം വഹിക്കുന്നത്. സെന്ററിന്റെ ഏകോപനച്ചുമതല അർബൻ ഹെൽത്ത് കോഓർഡിനേറ്റർ എസ്. സത്യജിത്തിനാണ്.

സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സമയക്രമം
ജനറൽ മെഡിസിൻ: ചൊവ്വ, വ്യാഴം, ശനി രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന്വരെ
ശിശുരോഗം: തിങ്കൾ മുതൽ ശനി വരെ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന്വരെ
ഗൈനക്കോളജി: വെള്ളി ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് നാലുവരെ
ചർമരോഗം: തിങ്കൾ, ചൊവ്വ, വ്യാഴം രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ
മാനസികരോഗം: ചൊവ്വ, വ്യാഴം ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് നാലുവരെ
ഹൃദ്രോഗവിഭാഗം: എല്ലാ വെള്ളിയാഴ്ചയും രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക്ഒന്നുവരെ
ജനറൽ ഒ.പി.: എല്ലാദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ

Content Highlights:what is e-Sanjeevani how to use e-Sanjeevani all you needs to know, Health,e-Sanjeevani