കോവിഡിനേക്കാൾ മാരകമായേക്കാം, എന്താണ് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകിയ ഡിസീസ് എക്സ് ?


വീണ ചിറക്കൽ

4 min read
Read later
Print
Share

Representative Image| Photo: AFP

ലോകത്തിന്റെ പലഭാ​ഗങ്ങളിലും ഇപ്പോഴും കോവിഡ് നിരക്കുകൾ താഴ്ന്നിട്ടില്ല. നാലുവർഷത്തോളമായി വൈറസിനെ അടുത്തറിഞ്ഞിട്ടുള്ള ആരോ​ഗ്യവിഭാ​ഗം രോ​ഗപ്രതിരോധമാർ​ഗങ്ങളെല്ലാം തിരിച്ചറിഞ്ഞ് ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നുമുണ്ട്. തുടക്കകാലത്ത് കോവിഡ് എന്നു കേൾക്കുമ്പോൾ മരണഭീതിയോടെ സമീപിച്ചിരുന്ന കാലത്തു നിന്ന് ഇന്നേറെ മാറി. കൃത്യതയോടെയുള്ള ടെസ്റ്റുകളും വാക്സിനേഷനും വ്യക്തിശുചിത്വവുമൊക്കെ രോ​ഗവ്യാപനത്തിന് തടയിടാൻ സഹായകമായി. ഇപ്പോഴും കോവിഡ് പൂർണമായി വിട്ടുമാറിയിട്ടില്ലെങ്കിലും വൈറസിനെ മനസ്സിലാക്കി അതിനൊപ്പം ജീവിക്കാൻ പഠിക്കുക എന്ന തലത്തിലേക്ക് ജനങ്ങളും മാറി. കോവിഡിനെ ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നത് ലോകാരോ​ഗ്യസംഘടന പിൻവലിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. ഇപ്പോഴിതാ കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിയ്ക്കുള്ള സാധ്യതയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ലോകാരോ​ഗ്യസംഘടന. ഡിസീസ് എക്സ് എന്ന പേരിൽ അറിയപ്പെടുന്ന ഈ രോ​ഗത്തിന് കോവിഡിനേക്കാൾ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ലോകാരോ​ഗ്യസംഘടനയുടെ കണക്കുകൂട്ടൽ.

കോവിഡിനേക്കാൾ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജരാകണം എന്നാണ് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. 76-ാമത് ആഗോള ആരോഗ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലോകാരോ​ഗ്യസംഘടനയുടെ മേധാവിയായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ഇക്കാര്യം പറഞ്ഞത്. കോവിഡിന്റെ പുതിയ വകഭേദങ്ങൾക്കുള്ള സാധ്യത നിലനിൽക്കുകയാണെന്നും എന്നാൽ കോവിഡിനേക്കാൾ തീവ്രമായ മറ്റൊരു വൈറസ് ഉയർന്നുവന്നേക്കാം എന്നുമാണ് ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞത്. പുതിയൊരു മഹാമാരിയെ നേരിടാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കോവിഡ് മഹാമാരിയെ എത്രത്തോളം പ്രാധാന്യത്തോടെ നേരിട്ടുവോ അതേ രീതിയിൽ മറ്റ് വൈറസുകൾക്കെതിരെയും പോരാടണമെന്നും സുസ്ഥിരവികസനലക്ഷ്യങ്ങൾ നേടിയെടുക്കാനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആ​ഗോളതലത്തിൽ തന്നെ രോ​ഗകാരികളുടെ എണ്ണം വളരെ കൂടുതലാണ്, എന്നാൽ രോ​ഗ​ഗവേഷണത്തിനും വികസനത്തിനുമുള്ള (ഡിസീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്) വിഭവങ്ങൾ പരിമിതമാണ്. ലോകാരോ​ഗ്യസംഘടനയുടെ R&D ബ്ലൂപ്രിന്റ് കൂടുതൽ ഉത്പാദനക്ഷമവും ഫലപ്രദവും ആക്കുന്നതിന്റെ ഭാ​ഗമായും വിഭവങ്ങളുടെ പരിമിതി കൊണ്ടും അടിയന്തിര പ്രാധാന്യം നൽ‌കേണ്ട രോ​ഗങ്ങളുടെ കൂട്ടത്തിലാണ് ഡിസീസ് എക്സിനെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നത്.

വൈറസിന്റെ തീവ്രതയും രോ​ഗവ്യാപനവും പ്രതിരോധവും കണക്കിലെടുത്ത് മുൻ​ഗണന കൊടുക്കേണ്ട രോ​ഗങ്ങളുടെ പട്ടികയാണ് ലോകാരോ​ഗ്യസംഘടന പുറത്തുവിട്ടത്. അവയിൽ ഏറ്റവും ഒടുവിലത്തേതാണ് ഡിസീസ് എക്സ്. ചുവടെ നൽകിയിരിക്കുന്നവയാണ് അവ.

  • കോവിഡ് 19
  • ക്രിമിയൻ കോം​ഗോ ഹെമറേജിക് ഫീവർ
  • എബോള വൈറസ് ‍ഡിസീസ് ആൻഡ് മാർബർ​ഗ് വൈറസ് ഡിസീസ്
  • ലാസ ഫീവർ
  • മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻ‍ഡ്രോം കൊറോണ വൈറസ് MERS-CoV & അക്യൂട്ട് റെസ്പിറേറ്ററി സിൻഡ‍്രോം(SARS)
  • നിപാ& ഹെനിപാവൈറൽ ഡിസീസ്
  • റിഫ്റ്റ് വാലി ഫീവർ
  • സിക
  • ഡിസീസ് എക്സ്
മഹാമാരികളുടെ സാധ്യതാപട്ടികയിലെ ഈ ഒടുവിലത്തെ പേര് ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്. രോ​ഗകാരിയെക്കുറിച്ച് വ്യക്തതയില്ലാത്തതുകൊണ്ടാണ് രോ​ഗത്തിന് ഡിസീസ് എക്സ് എന്ന പേരു നൽകിയിരിക്കുന്നത്. ആ​ഗോളതലത്തിൽ തന്നെ പടർന്നുപിടിച്ചേക്കാവുന്ന ഈ രോ​ഗം വൈറസോ ബാക്ടീരിയയോ ഫം​ഗസോ വഴി പടരുന്നത് ആകാമെന്നാണ് ലോകാരോ​ഗ്യസംഘടന പറയുന്നത്. ഇതിന് ഫലപ്രദമായ ചികിത്സ ഉണ്ടായിരിക്കില്ലെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കുന്നു. അതിനാൽ തന്നെ ഡിസീസ് എക്സ് രൂപപ്പെട്ടാൽ അത് വൈറസ്, ബാക്ടീരിയ, ഫം​ഗസ് എന്നു തുടങ്ങി ഏതു വിധേന ആണെങ്കിലും വാക്സിനുകളുടെയും മതിയായ ചികിത്സയുടെയും അഭാവം നേരിടുമെന്നും ലോകാരോ​ഗ്യസംഘടന പറയുന്നു.

എന്താണ് ഡിസീസ് എക്സ്?

ഡിസീസ് എക്സിലെ, എക്സ് എന്നത് അർഥമാക്കുന്നത്, നമുക്ക് അറിയാത്തത് എന്തോ അവയെല്ലാം എന്നതാണ്. അതായത് പുതിയൊരു രോ​ഗമായിരിക്കും ഇത്. അതിനാൽ തന്നെ അത് ഏതു വിധത്തിൽ രൂപപ്പെട്ടാലും അതിനേക്കുറിച്ചുള്ള അറിവുകൾ പരിമിതമായിരിക്കും. എപ്പോൾ സ്ഥിരീകരിക്കപ്പെടും എന്നോ വ്യാപിക്കുമെന്നോ ധാരണയില്ല. പക്ഷേ ഡിസീസ് എക്സ് വൈകാതെ വരും എന്നും നാം സജ്ജരായിരിക്കണം എന്നതുമാണ് പ്രധാനം.

ഡിസീസ് എക്സിന്റെ തീവ്രതയെക്കുറിച്ചു പറയുമ്പോഴും രോ​ഗത്തെക്കുറിച്ചുള്ള വ്യക്തത ഇല്ലായ്മയാണ് പ്രധാന ആശങ്ക. 2018ലാണ് ലോകാരോ​ഗ്യസംഘടന ആദ്യമായി ഡിസീസ് എക്സ് എന്ന പദം ഉപയോ​ഗിക്കുന്നത്. ഒരുവർഷത്തിനു പിന്നാലെ കോവിഡ് 19 എന്ന വൈറസ് ഉടലെടുക്കുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. അന്നും ഡിസീസ് എക്സ് എന്ന് മുന്നറിയിപ്പ് നൽകി ആ​ഗോളതലത്തിൽ തീവ്രമായി വ്യാപിച്ചേക്കാവുന്ന വൈറസ് ഉടലെടുക്കാമെന്നാണ് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയത്.

ഡിസീസ് എക്സ്, എന്തിന് ജാ​ഗ്രത?

എബോളയെയും കോവിഡിനെയും പോലെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന സൂണോട്ടിക് വിഭാ​ഗത്തിൽ ഉള്ളവയായിരിക്കും ഈ രോ​ഗമെന്നാണ് വിദ​ഗ്ധർ പറയുന്നത്. അതേസമയം മനുഷ്യനിർമിതിയാൽ തന്നെ ഉണ്ടായേക്കാവുന്ന രോ​ഗകാരിയാകാം ഡിസീസ് എക്സ് എന്ന വാദം പുലർത്തുന്നവരുമുണ്ട്. അടുത്തൊരു മഹാമാരിയെ നിർണായകവും ഉചിതവും കൂട്ടായതുമായ ഇടപെടലുകളിലൂടെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജരാകണമെന്നാണ് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കുന്നത്.

കഴിഞ്ഞ ജൂണിൽ ബ്രിട്ടനിലെ ആരോ​ഗ്യ വിദ​ഗ്ധരും ഡിസീസ് എക്സ് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു. ലണ്ടനിലെ മലിനജലത്തിൽ നിന്നു ശേഖരിച്ച സാമ്പിളിൽ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തുകയും, മങ്കിപോക്സ്, ലാസ ഫീവർ, പക്ഷിപ്പനി തുടങ്ങിയവ അടുത്ത കാലങ്ങളിലായി കൂടുതൽ വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിലാണ് ജാ​ഗ്രതാ നിർദേശം നൽകിയിരുന്നത്. കൊയലിഷൻ ഫോർ എപിഡെമിക് പ്രിപയേഡ്നസ് ഇന്നവേഷൻസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഡിസീസ് എക്സ് മനുഷ്യരാശിക്ക് ഭീഷണിയാകാം എന്നും മുമ്പുണ്ടായിരുന്നവയേക്കാൾ ദ്രുത​ഗതിയിൽ ലോകമെമ്പാടും വ്യാപിക്കാമെന്നും പറയുന്നുണ്ട്.

ഇത് ഒരു സയൻസ് ഫിക്ഷനെക്കുറിച്ചല്ല മറിച്ച് നാം സജ്ജരാകേണ്ട സാഹചര്യത്തെക്കുറിച്ചാണ് പറയുന്നതെന്ന് സി.ഇ.പി.ഐ.യിൽ നിന്നുള്ള ഡോ.റിച്ചാർഡ് ഹാഷെറ്റ് പറയുകയുണ്ടായി. പുതിയ രോ​ഗകാരികൾ ഉടലെടുക്കുന്നതിനെ പ്രതിരോധിക്കാൻ ലോകത്തിന് കഴിയണമെന്നില്ല, എന്നാൽ ഉത്തരവാദിത്തത്തോടെയും ശ്രദ്ധയോടെയും പ്രവർത്തിക്കുക വഴി അവയുണ്ടാക്കാവുന്ന അതീവനാശത്തെ ചെറുക്കാനാകാമെന്നും അദ്ദേഹം പറയുന്നു.

ആഫ്രിക്കയിൽ വീണ്ടും എബോള വ്യാപനം ഉണ്ടായപ്പോൾ ആരോ​ഗ്യവിഭാ​ഗം പ്രതിരോധം ശക്തമാക്കിയതിനെ ചൂണ്ടിക്കാട്ടിയാണ് ഹാഷെറ്റ് ഇക്കാര്യം പറഞ്ഞത്. മറ്റൊരു വ്യാപനം ഉണ്ടായപ്പോൾ അതിനെ ചെറുക്കുക എളുപ്പമായിരുന്നു, കാരണം രോ​ഗത്തെക്കുറിച്ചും വാക്സിനുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെ മനസ്സിലാക്കി. പക്ഷേ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വൈറസിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ, പരിഹാരമില്ലാത്ത, ആയിരങ്ങൾക്ക് ഭീഷണിയായേക്കാവുന്ന, ചിലപ്പോൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചേക്കാവുന്ന വൈറസ്? ജീവനുകൾ നഷ്ടമാകുന്നു എന്നതുകൂടാതെ അതിന് ആ​ഗോള സാമ്പത്തിക വ്യവസ്ഥയിൽ ഉണ്ടാക്കിയേക്കാവുന്ന ചലനം ചെറുതല്ല.- ഹാഷെറ്റ് പറഞ്ഞു.

കോവിഡ് 19 ആയിരുന്നില്ല ലോകത്തെ ഭീതിപ്പെടുത്തിയ ആദ്യത്തെ മഹാമാരി, എന്നാൽ അതായിരിക്കില്ല അവസാനത്തേതും- ഇൻഫെക്ഷൻ കൺട്രോൾ & ഹോസ്പിറ്റൽ എപ്പിഡെമിയോളജി എന്ന ജേർണലിൽ പങ്കുവെച്ച ഒരു ലേഖനത്തിൽ കുറിച്ചിരിക്കുന്ന വരികളാണിത്. അതിനാൽ തന്നെ മറ്റൊരു മഹാമാരിയെ നേരിടാനും കഴിയാവുന്നതും സജ്ജമായിരിക്കണം എന്നും ലേഖനത്തിൽ പറയുന്നു.

വൈകാതെ തന്നെ ഡിസീസ് എക്സ് വ്യാപനത്തിന് സാധ്യതയുണ്ട് എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തി ഇല്ലെന്ന് ജോൺ ഹോപ്കിൻസ് ബ്ലൂംബെർ​ഗ് സ്കൂൾ ഓഫ് പബ്ലിക്കിന്റെ ഇന്റർനാഷണൽ ഹെൽത്ത് വിഭാ​ഗത്തിൽ ​ഗവേഷകനായ പ്രണബ് ചാറ്റർജി പറയുന്നു. രോ​ഗകാരി കൂടുതൽ വ്യാപിക്കും മുമ്പ് അതിനെ കണ്ടെത്താനുള്ള സൂക്ഷ്മമായ നിരീക്ഷണം പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.

1.67 മില്യൺ അജ്ഞാതമായ വൈറസുകൾ ഭൂമിയിൽ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നതെന്ന് എക്കോ ഹെൽത്ത് അലയൻസ് റിപ്പോർട്ട് ചെയ്യുന്നു. അവയിൽ തന്നെ 631,000 മുതൽ 827,000 വരെയുള്ളവയ്ക്ക് മനുഷ്യനെ ബാധിക്കാനുള്ള പ്രാപ്തിയുണ്ട്. ​മനുഷ്യരിലേക്ക് പടരുന്ന 263 വൈറസുകളെക്കുറിച്ചാണ് നിലവിൽ ​ഗവേഷകർക്ക് അറിവുള്ളത്. അതായത് ആ​ഗോള മഹാമാരിയായേക്കാവുന്ന 99.96 % വൈറസുകളെക്കുറിച്ച് യാതൊരു ധാരണയും ഇല്ല- എക്കോ ഹെൽത്ത് റിപ്പോർട്ട് ചെയ്യുന്നു.

വൈറൽ മഹാമാരികളെ സ്ഥിരീകരിക്കാനുള്ള കാലതാമസം കുറയ്ക്കുകയും വാക്സിനുകളും ഫലപ്രദമായ ചികിത്സയും ഉടനടി ലഭ്യമാക്കുകയുമാണ് ഡിസീസ് എക്സിന് പ്രാധാന്യം നൽകുന്നതിലൂടെ ലോകാരോ​ഗ്യസംഘടന ലക്ഷ്യമിടുന്നത്.

Content Highlights: what is disease X Why experts are warning of a pandemic

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
salt

2 min

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോ? ഈ ലക്ഷണങ്ങൾ പറയും

Sep 23, 2023


kidney
Premium

3 min

മൂത്രത്തിന് ചുവന്നനിറം, അമിതമായ ക്ഷീണം; വൃക്കയിലെ അർബുദ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്

Jun 15, 2023


fever

2 min

വിട്ടുമാറാത്ത പനി, പുറംവേദന; കുട്ടികളിൽ ശ്രദ്ധിക്കേണ്ട വാതരോഗ ലക്ഷണങ്ങൾ

Sep 24, 2023


Most Commented