കൊറോണ വൈറസ് ലോകജനതയെ ആകമാനം ബാധിച്ചിരിക്കവെ മറ്റൊരു അജ്ഞാത രോഗം വ്യാപിച്ചേക്കുമോ എന്ന ആശങ്കയിലാണ് ലോകം. ഡിസീസ് എക്‌സ് എന്നാണ് ഇത് അറിയപ്പെടുന്നത്. 'അടുത്ത മഹാമാരി' എന്നാണ് ഈ രോഗത്തെ ആരോഗ്യവിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.
ഗവേഷകര്‍ ഡിസീസ് എക്‌സ് എന്ന ഈ രോഗത്തെ 'ബ്ലൂപ്രിന്റ് പ്രിയോരിറ്റി ഡിസീസസ്' എന്നാണ് വിശേഷിപ്പിക്കുന്നത്. അജ്ഞാതമായതിനാലാണ് ഡിസീസ് എക്‌സിലെ എക്‌സ് എന്ന ഘടകത്തെ അത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. രോഗത്തിന് കാരണമായ രോഗകാരിയെ തിരിച്ചറിയാത്തതാണ് ഇതിന് കാരണം.
ഡിസീസ് എക്‌സ് അതിവിനാശകാരിയാകാമെന്ന് 1976 ല്‍ ആദ്യമായി എബോള വൈറസിനെ തിരിച്ചറിഞ്ഞ പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ ഇത്തരത്തില്‍ നിരവധി മാരകമായ വൈറസുകള്‍ക്ക് ജന്‍മം നല്‍കിയേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡിസീസ് എക്‌സ് എന്നത് പുതിയൊരു രോഗമല്ല. ഭാവിയില്‍ ഇത് മനുഷ്യരാശിക്ക് വലിയ പ്രതിസന്ധികള്‍ക്കിടയാക്കിയേക്കാം. 2018 ല്‍ ലോകാരോഗ്യ സംഘടന പത്ത് മഹാമാരികളുടെ കൂട്ടത്തില്‍ ഈ രോഗത്തെയും ഉള്‍പ്പെടുത്തിയിരുന്നു.
കോവിഡ് 19, ക്രീമിയന്‍-കോംഗോ ഹെമറാജിക് ഫീവര്‍, എബോള വൈറസ് & മാര്‍ബര്‍ഗ് വൈറസ് ഡിസീസ്, ലാസ ഫീവര്‍, മെര്‍സ്, സാര്‍സ്, നിപ & ഹെനിപാവൈറല്‍ ഡിസീസ്, റിഫ്റ്റ് വാലി ഫീവര്‍, സിക തുടങ്ങിയവയാണ് മഹാമാരികളുടെ കൂട്ടത്തില്‍ ലോകാരോഗ്യസംഘടന ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് ഒന്‍പത് രോഗങ്ങള്‍.
'ആര്‍ & ഡി ബ്ലൂപ്രിന്റ് ഫോര്‍ ആക്ഷന്‍ ടു പ്രിവെന്റ് എപ്പിഡെമിക്‌സ്' എന്ന പേരില്‍ ലോകാരോഗ്യ സംഘടന 2015 മേയില്‍ ആണ് ഒരു പദ്ധതിയ്ക്ക് രൂപം നല്‍കിയത്. ഒരു വൈറല്‍ അണുബാധ റിപ്പോര്‍ട്ട് ചെയ്താല്‍ അതിനെ കണ്ടെത്തി ചികിത്സയും വാക്‌സിനേഷനും തീരുമാനിച്ച് അംഗീകാരം നല്‍കാനുള്ള സമയനഷ്ടം കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. ഇതിനായി ആഗോള തലത്തില്‍ തന്നെ ഒരു വിദഗ്ധ സംഘത്തിന് രൂപം നല്‍കി അവരുടെ ശുപാര്‍ശ പ്രകാരം ചുരുക്കപ്പട്ടിക തയ്യാറാക്കി ലോകാരോഗ്യസംഘടന കരട് പട്ടിക തയ്യാറാക്കുകയായിരുന്നു.
ഡിസീസ് എക്‌സ് ഇപ്പോള്‍
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നുള്ള ഒരു സ്ത്രീയില്‍ അടുത്തകാലത്തായി ഹെമറാജിക് ഫീവര്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ എബോള ഉള്‍പ്പടെ നിരവധി രോഗങ്ങള്‍ക്കുള്ള പരിശോധനകള്‍ നടത്തിയെങ്കിലും അതെല്ലാം നെഗറ്റീവായിരുന്നു. അങ്ങനെയാണ് ഇതൊരു പുതിയ രോഗത്തിന്റെ വൈറസ് ആകാന്‍ സാധ്യതയെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത്.
തിരിച്ചറിയുന്നതിന് മുന്‍പ് വരെ എബോള, കോവിഡ് 19 എന്നിവ ലോകത്തിന് അജ്ഞാതമായിരുന്നു. അതിനാല്‍ ഈ രോഗം തിരിച്ചറിയാനാകാത്തത് ആശങ്ക ഉയര്‍ത്തുന്നുവെന്നാണ് ഈ സ്ത്രീയെ പരിശോധിച്ച ഫിസിഷ്യനായ ഡോ. ഡാഡിന്‍ ബൊണ്‍കോലെ പ്രതികരിച്ചത്.
തിരിച്ചറിയപ്പെടാനാകാത്ത ഈ രോഗം ഒരുപക്ഷേ എബോള, കോവിഡ് 19 എന്നിവയേക്കാള്‍ ഭീകരമാകാന്‍ സാധ്യതയുണ്ടെന്ന് പ്രൊഫസര്‍ താംഫൂം വിലയിരുത്തുന്നു. ഇതിനെത്തുടര്‍ന്നാണ് ഡിസീസ് എക്‌സ് എന്ന രോഗത്തിന് ലോകശ്രദ്ധ ലഭിച്ചത്.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന പലതരം സൂണോട്ടിക് രോഗങ്ങള്‍ ഇനിയും ഭാവിയില്‍ ഉയര്‍ന്നുവന്നേക്കാമെന്ന് പ്രൊഫസര്‍ താംഫൂം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്‍ഫ്‌ളുവന്‍സ, റേബീസ്, യെല്ലോ ഫീവര്‍ തുടങ്ങി മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് എത്തിച്ചേര്‍ന്ന് രോഗങ്ങളെയും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. ഇത്തരം കാര്യങ്ങളെല്ലാം വളരെ സാധാരണമാണെന്നും ഇത് ഭാവിയില്‍ മഹാമാരികള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
വനനശീകരണവും പരിസ്ഥിതി നാശവുമൊക്കെയാണ് ഇത്തരം പുതിയ രോഗങ്ങളും രോഗാണുക്കളും മനുഷ്യരാശിക്ക് നേരെ ഭീഷണി ഉയര്‍ത്തുന്നതിന് കാരണമെന്നാണ് വിദഗ്ധ നിഗമനം.
രോഗത്തെ തിരിച്ചറിയാനും വാക്‌സിന്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ക്കായി ശാസ്ത്രലോകം ഒരുങ്ങേണ്ട സമയമായിക്കഴിഞ്ഞു.
Content Highlights: what is disease X Is Disease X became the next pandemic, Health