-
കോവിഡ് 19 നെ തടയാന്‍ സാധിക്കുന്ന അദ്ഭുത മരുന്ന് എന്ന വിശേഷണവുമായി ഡെക്‌സാമെത്തസോണ്‍ (Dexamethasone) എന്ന മരുന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവായിട്ടാണ് ബ്രിട്ടീഷ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിച്ചത്.
ഓക്‌സ്ഫര്‍ഡ് സര്‍വകലാശാല പുറത്തുവിട്ട റിക്കവറി ട്രയല്‍(റാന്‍ഡമൈസ്ഡ് ഇവ്യാലുവേഷന്‍ ഓഫ് കോവിഡ് 19 തെറാപ്പി) ഫലമാണ് ഈ മരുന്നിനെക്കുറിച്ച് വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്.
പത്തു ദിവസത്തെ ക്ലിനിക്കല്‍ ട്രയലില്‍ 2100 രോഗികള്‍ക്ക് ദിവസം ആറ് മില്ലിഗ്രാം ഡോസ് ഡെക്‌സാമെത്തസോണ്‍ ആണ് നല്‍കിയത്. ഈ ചികിത്സയിലെ പുരോഗതി മരുന്ന് നല്‍കാത്ത 4300 രോഗികളുടെ ഫലവുമായി താരതമ്യം ചെയ്യുകയും ചെയ്തു. വെന്റിലേറ്റര്‍ ഉപയോഗിച്ച രോഗികളില്‍ മരണനിരക്ക് മൂന്നിലൊന്നായും ഓക്‌സിജന്‍ മാത്രം നല്‍കിയിരുന്നവരില്‍ മരണനിരക്ക് അഞ്ചിലൊന്നായും കുറച്ചുവെന്നുമാണ് ഗവേഷണഫലം.
കോവിഡിനെതിരായ പോരാട്ടത്തില്‍ ഡെക്‌സാമെത്തസോണ്‍ കൂടി ഉപയോഗിച്ചാല്‍ ഭാവിയില്‍ കോവിഡ് മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചേക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ സുലഭം
ഡെക്‌സാമെത്തസോണ്‍ എന്ന മരുന്ന് ആന്റിഇന്‍ഫ്‌ളമേറ്ററി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒരു ഒരു സ്റ്റിറോയ്ഡാണ്. നമ്മുടെ നാട്ടില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ എല്ലാ ആശുപത്രികളിലും ഇത് കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്.
ശ്വാസമെടുക്കാന്‍ തടസ്സമുണ്ടാകുന്ന അവസ്ഥകളില്‍ ഈ മരുന്ന് ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ ശ്വാസകോശ സംബന്ധ രോഗങ്ങളായ ബ്രോങ്കിയല്‍ ആസ്ത്മ, സി.ഒ.പി.ഡി.(ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്) എന്നീ അവസ്ഥകളിലും മരുന്നുകളുടെ അലര്‍ജിക് റിയാക്ഷനുകളിലും ഡെക്‌സാമെത്തസോണ്‍ ഒരു സ്ഥിരം മരുന്നാണ്.
സന്ധികളില്‍ നീര്‍ക്കെട്ടു മൂലം കടുത്ത വേദനയുണ്ടാകുമ്പോഴും റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ലൂപ്പസ് പോലുള്ള ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ (സ്വന്തം ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ സ്വന്തം ശരീരത്തെ തന്നെ ആക്രമിക്കുന്ന അവസ്ഥ), എന്നീ രോഗാവസ്ഥകളിലും ശരീരത്തിലേക്ക് രക്തം കയറ്റുന്ന (ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍) സമയത്ത് റിയാക്ഷന്‍ ഉണ്ടായാലും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്.
ഇത് ഇഞ്ചക്ഷനായും ഗുളികയായും നല്‍കാറുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ ഞരമ്പുകളിലൂടെ(ഐ.വി.)യാണ് ഈ ഇഞ്ചക്ഷന്‍ നല്‍കുക. ഗുളികയായും ചില ഘട്ടങ്ങളില്‍ നല്‍കും. ഈ മരുന്നിന് കൃത്യമായ ഒരു ഡോസ് ഇല്ല. ഓരോ വ്യക്തിയുടെയും ശാരീരിക പ്രത്യേകതകളും രോഗാവസ്ഥകളുമെല്ലാം കണക്കിലെടുത്താണ് ഡോസ് നിശ്ചയിക്കുന്നത്. ഒരു സിംഗിള്‍ ഡോസ് ഇഞ്ചക്ഷന് മൂന്നു രൂപയും ഗുളികയൊന്നിന് ഒരു രൂപയില്‍ താഴെയുമാണ് വില. കുറഞ്ഞ വിലയില്‍ ഏറ്റവും ഫലപ്രദമായ മരുന്നാണിത്. ഈ മരുന്ന് ദിവസവും ആര്‍ക്കെങ്കിലും കുറിക്കാത്ത ഒരു ഡോക്ടറും നമ്മുടെ ആശുപത്രിയില്‍ കാണില്ല എന്നതാണ് വാസ്തവം.
പാര്‍ശ്വഫലങ്ങളുമുണ്ട്
ഗുണങ്ങള്‍ എന്ന പോലെ പല പാര്‍ശ്വഫലങ്ങളും ഈ മരുന്നിനുണ്ട്. സ്റ്റിറോയ്ഡ് ആയതിനാല്‍ ഇത് ശരീരത്തിന്റെ പ്രതിരോധശക്തി കുറയ്ക്കാന്‍ ഇടയാക്കും. അതിനാല്‍ ഈ മരുന്ന് ഡോക്ടറുടെ നിര്‍ദേശമില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങി ഉപയോഗിക്കരുത്.
കടുത്ത ആസ്ത്മയുടെ പ്രശ്‌നങ്ങളുമായി ഡോക്ടറെ കാണുന്ന ഒരു രോഗിക്ക് ആ സമയത്ത് ഉപയോഗിക്കാനായി രണ്ടോ മൂന്നോ ആഴ്ചത്തേക്കായി ഡെക്‌സാമെത്തസോണ്‍ പൊതുവേ കുറിച്ചുകൊടുക്കാറുണ്ട്. എന്നാല്‍ പലപ്പോഴും രോഗികള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ തന്നെ ഈ മരുന്ന് വാങ്ങിക്കഴിക്കും. അതിനാല്‍ തന്നെ ഈ അവസ്ഥയില്‍ നിന്ന് ന്യുമോണിയയായി മാറുമ്പോള്‍ അത് തിരിച്ചറിയാനാകാതെ പോവുകയും ചെയ്യും. അതിനാല്‍ ഒരിക്കല്‍ ഉപയോഗിച്ചെന്ന് കരുതി ഈ മരുന്ന് വീണ്ടും വീണ്ടും ഡോക്ടറുടെ നിര്‍ദേശമില്ലാതെ വാങ്ങിക്കഴിക്കരുത്.
ഉറക്കക്കുറവ്, അമിതഭാരം, ഉത്കണ്ഠ, എല്ല് തേയ്മാനം എന്നീ പാര്‍ശ്വഫലങ്ങള്‍ക്കും ഈ മരുന്ന് കാരണമായേക്കാം. അതിനാല്‍ തന്നെ ഈ മരുന്ന് ഉപയോഗിക്കുന്നതിന് മുന്‍പ് ശാരീരിക അവസ്ഥകള്‍ പരിഗണിച്ചേ ഡോക്ടര്‍ ഈ മരുന്ന് നിര്‍ദേശിക്കൂ.
ബ്രിട്ടീഷ് ഗവേഷകരുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ഈ മരുന്ന് നല്‍കരുതെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ ഇന്ത്യയിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അത്യാവശ്യമാണെങ്കില്‍ ഇവര്‍ക്കും ഈ മരുന്ന് നല്‍കാറുണ്ട്.
ഇപ്പോള്‍ ഗവേഷണം നടത്തിയ ബ്രിട്ടണില്‍ ഇത്തരം സ്റ്റിറോയ്ഡുകള്‍ ഇന്ത്യയിലേതു പോലെ സാധാരണമായി ഉപയോഗിക്കാറില്ല. അതിനാലാണ് ഈ മരുന്നുപയോഗിച്ച് നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ നിന്ന് മികച്ച ഫലം ലഭിച്ചപ്പോള്‍ ഇതൊരു വാര്‍ത്തയാകുന്നത്.
ക്ലിനിക്കല്‍ ട്രയലില്‍ നിന്ന് മികച്ച ഫലം ലഭിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ രണ്ട് ലക്ഷം പേരുടെ ചികിത്സയ്ക്ക് ഈ മരുന്ന് ഉപയോഗിച്ചിട്ടുണ്ട്. ഈ ക്ലിനിക്കല്‍ ട്രയല്‍ ഫലത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തിട്ടുമുണ്ട്. കോവിഡ് മൂലമുണ്ടാകുന്ന നീര്‍ക്കെട്ടും ശ്വാസസംബന്ധമായ പ്രശ്‌നങ്ങളും അകറ്റാന്‍ ഡെക്‌സാമെത്തസോണ്‍ ഫലപ്രദമാണെന്ന് തെളിയുന്നത് ആരോഗ്യരംഗത്തിന് പ്രതീക്ഷ പകരുന്നതാണ്. പക്ഷേ, ഏതൊരു അദ്ഭുത മരുന്നും സൂക്ഷിച്ച് ഉപയോഗിക്കണം എന്നത് മറക്കരുത്.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സൗമ്യ സത്യന്‍
കണ്‍സള്‍ട്ടന്റ്
ഇന്റേണല്‍ മെഡിസിന്‍ വിഭാഗം
എം.ഇ.എസ്. മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ
Content Highlights: what is Dexamethasone and how to use it for Covid19 CoronaVirus treatment, Covid19, Corona Virus, Health, Dexamethasone
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..