വിഷാദത്തെ കീഴടക്കാനാവുന്നില്ലേ? സമൂഹവും കുടുംബവും കൂട്ടുകാരും അറിയണം ഈ ടിപ്‌സ്


ഡോ. സി.ജെ. ജോണ്‍

4 min read
Read later
Print
Share

വിഷാദം ബാധിച്ച് ആത്മഹത്യയില്‍ അഭയം തേടുന്ന നിരവധി പേരുണ്ട്. ഇവരില്‍ സമ്പന്നരെന്നോ ദരിദ്രരെന്നോ ഉള്ള വ്യത്യാസമില്ല. വിഷാദത്തില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാന്‍ സമൂഹം ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

-

ലിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമല്ല വ്യക്തിപരമായി ഒരാള്‍ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുമ്പോഴും അതില്‍ നിന്ന് കരകയറാന്‍ മനസ്സിന് പ്രഥമശുശ്രൂഷ ആവശ്യമാണ്. മനസ്സിന്റെ സ്വസ്ഥത വെല്ലുവിളക്കപ്പെടുമ്പോള്‍ എല്ലാവര്‍ക്കും ഇത് ലഭിക്കണം. അത് നല്‍കുന്ന ദൗത്യം സമൂഹത്തിന്റെ വിവിധ ശ്രേണിയിലുള്ളവര്‍ ഏറ്റെടുക്കുകയും വേണം.

വിഷാദത്തിന്റെ ലക്ഷണങ്ങള്‍

  • രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന സങ്കടഭാവം * ആസ്വദിച്ചു ചെയ്തിരുന്ന പ്രവൃത്തികളോടു പോലും താത്പര്യമില്ലായ്മ
  • തീവ്രമായ ക്ഷീണം
അനുബന്ധ ലക്ഷണങ്ങള്‍

  • അശുഭചിന്തകള്‍
  • കുറ്റബോധം
  • ശ്രദ്ധാപ്പതര്‍ച്ചകള്‍
  • ആത്മവിശ്വാസക്കുറവ്
  • ആത്മഹത്യാപ്രവണത
  • വിശപ്പിലും ഉറക്കത്തിലും ശരീരഭാരത്തിലുമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍
  • ലൈംഗീകതാത്പര്യക്കുറവ്
  • വിഷാദഭാവത്തിനുണ്ടാകുന്ന രാപകല്‍ വ്യതിയാനങ്ങള്‍
എങ്ങനെ നല്‍കും ഫസ്റ്റ്എയ്ഡ്
മുങ്ങിമരിക്കാന്‍ പോകുന്ന ആളെ കരയിലെത്തിച്ച് ഒന്നും ചെയ്യാതെ വാഹനത്തില്‍ കിലോമീറ്ററുകള്‍ അകലെയുള്ള മുന്തിയ ആശുപത്രിയിലെത്തിക്കാം. പക്ഷേ, മരണസാധ്യത കൂടുതലാണ്. ശ്വാസകോശത്തിലേക്ക് കയറിയ വെള്ളം പുറത്തുകളയാനും ശ്വാസഗതി വീണ്ടെടുക്കാനുമുള്ള പ്രഥമശുശ്രൂഷ നല്‍കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ജീവന്‍രക്ഷ അപ്പോഴേ ഉറപ്പാകൂ. ഓരോതരം അത്യാഹിതങ്ങളിലും സാധാരണ ജനത്തിന് ചെയ്യാവുന്ന ആദ്യഘട്ട ഇടപെടലുകളുണ്ട്. മനസ്സ് നേരിടുന്ന വെല്ലുവിളികളില്‍ എന്ത് പ്രഥമശുശ്രൂഷയെന്ന സംശയം വരാം. പ്രതിസന്ധികളില്‍ അകപ്പെട്ട് ആകുലതകളുടെയും ആധികളുടെയും വീര്‍പ്പുമുട്ടലില്‍ പലപ്പോഴും ജീവിതം നിശ്ചലാവസ്ഥയിലാവുകയാണ്. വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടി മരണം സംഭവിക്കുന്നതിന് സമാനമായ മാനസികാവസ്ഥകളുണ്ട്. മനസ്സിനെ തണുപ്പിക്കുന്ന ഇടപെടലുകളില്ലെങ്കില്‍ ഗുരുതരങ്ങളായ രോഗാവസ്ഥകളിലേക്കും വഴുതിമാറാം. ആത്മഹത്യാചിന്തകള്‍ കടന്നുവരാം. മനസ്സിലാക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുന്ന ആരെങ്കിലുമുണ്ടാവുകയെന്നതാണ് മാനസികാരോഗ്യ പ്രഥമശുശ്രൂഷകളിലെ മര്‍മം.

depression

അലിവോടെ കേള്‍ക്കുന്ന ഒരാളുടെ മുന്‍പില്‍ എല്ലാം തുറന്നുപറഞ്ഞ് ഉള്ളില്‍ അടക്കിവെച്ച തേങ്ങല്‍ പുറത്തുവരുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങിപ്പോയ ജലം പുറത്തുപോകുമ്പോഴുള്ള ആശ്വാസമാണ് കിട്ടുന്നത്. ഇങ്ങനെ മനസ്സിന് കിട്ടുന്ന സ്വസ്ഥത ജീവിതത്തിലേക്ക് ചുവടുവെക്കാനുള്ള ആത്മവിശ്വാസം നല്‍കും. പ്രതിസന്ധികളുടെ പ്രത്യേകതകളനുസരിച്ച് സാമൂഹികമായ സഹായങ്ങളിലേക്കോ വിശുദ്ധമായ മാനസികാരോഗ്യ ശുശ്രൂഷകളിലേക്കോ നയിക്കാന്‍ പോന്ന മാനസികാവസ്ഥയും ഈ സാന്ത്വനങ്ങളിലൂടെ ഉണ്ടാകും. മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് വൈകാരിക പിന്തുണയേകുന്ന മാനുഷികവും പ്രായോഗികവുമായ സമീപനം സന്‍മനസ്സുള്ള ആര്‍ക്കും ചെയ്യാം. പക്ഷേ, ചില നൈതിക ചിട്ടകളില്‍ ഒതുങ്ങിവേണം ഈ സഹായം.

വിഷാദമകറ്റാന്‍ Look, Listen, Link
സര്‍വസാധാരണമായ വിഷാദാവസ്ഥയില്‍ എങ്ങനെ ഇടപെടലുകള്‍ നടത്താമെന്നത് ഒരു മാതൃകയായി അവതരിപ്പിക്കാം. കാണുക(Look), കേള്‍ക്കുക(Listen), കണ്ണിചേര്‍ക്കുക(Link) എന്ന പാതിയിലൂടെയാണ് പോകുന്നതെന്ന് ശ്രദ്ധിക്കുക.
വിഷാദത്തെ തിരിച്ചറിയുക, അനുഭവിക്കുന്ന ദുഖത്തെ ഉള്‍ക്കൊള്ളുന്ന ആര്‍ദ്രമായ മനസ്സോടെ ഇടപെടുക, നല്ല കേള്‍വിക്കാരനാവുക, വിഷാദത്തില്‍ ഉണ്ടാകാനിടയുള്ള ആത്മഹത്യാചിന്തകള്‍ പോലെയുള്ള കാര്യങ്ങള്‍ ആരായുക, പിന്തുണയ്ക്കാന്‍ ഒപ്പമുണ്ടെന്ന വിശ്വാസമുണ്ടാക്കുക. ഇത്രയും ചേര്‍ന്നാല്‍ വിഷാദത്തിന് നല്‍കാവുന്ന പ്രഥമശുശ്രൂഷയായി.

പരിചയമുള്ളയാള്‍ സങ്കടക്കടലില്‍ വീണുപോയിരിക്കുകയാണെന്നത് ശ്രദ്ധിച്ചാല്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ടാവില്ല. ഇത്തരം വിഷമങ്ങള്‍ കാണാനുള്ള കണ്ണുണ്ടാകണം. വിഷാദവും കോപവുമൊക്കെ ആ വ്യക്തി കൂടുതലായി പ്രകടിപ്പിക്കാം. ഉന്‍മേഷക്കുറവും ക്ഷീണവുമൊക്കെ പിടികൂടാം. അപകര്‍ഷബോധവും കുറ്റബോധവും സംസാരത്തില്‍ നിഴലിക്കാം. പ്രത്യാശ നഷ്ടമാവാം. ശ്രദ്ധ കേന്ദ്രീകരിക്കാനോ തീരുമാനമെടുക്കാനോ ബുദ്ധിമുട്ടുണ്ടാകാം. ചലനം മന്ദഗതിയിലാകാം. ചിലരുടെ പെരുമാറ്റം ആധികലര്‍ന്ന അസ്വസ്ഥതയുള്ളതാകാം. നിസ്സാരകാര്യങ്ങളില്‍ കരയാം. ജീവിതം അവസാനിപ്പിക്കണമെന്ന പറച്ചിലുകള്‍ ഉണ്ടാകാം. ചിലര്‍ അതിനായുള്ള ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ടാകാം. ചിലര്‍ക്ക് ഉറക്കം കുറയാം. ചിലര്‍ക്ക് അമിതമായ ഉറക്കമായിരിക്കും. വിശപ്പ് കുറഞ്ഞ് വലിയതോതില്‍ തൂക്കം നഷ്ടമാകുന്നവരുണ്ട്. മറ്റുചിലര്‍ വിഷാദാവസ്ഥയില്‍ വാരിവലിച്ച് ഭക്ഷണം കഴിക്കും. ദുര്‍മേദസ്സ് കൂട്ടും. മാരറ്റങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമാണ്. നിസ്സാരവത്ക്കരിക്കരുത്. അവഗണിക്കരുത്. മുഖം തിരിക്കുകയുമരുത്.

ക്ഷമയോടെ കേള്‍ക്കാം
നീ വല്ലാതെ സങ്കടപ്പെട്ടിരിക്കുകയാണല്ലോയെന്ന് ചോദിച്ചാല്‍ വിഷാദം സങ്കീര്‍ണമാകുമെന്നൊരു മിഥ്യാധാരണയുണ്ട്. ആകുലതകളെക്കുറിച്ച് പറയാനുള്ള അവസരങ്ങള്‍ ലഭിക്കുമ്പോഴാണ് അത് ലഘൂകരിക്കപ്പെടുന്നത്. മനസ്സിനുള്ളില്‍ ദുഃഖത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടിയിട്ടുണ്ടാകും. അലിവോടെ കേള്‍ക്കാനൊരാളുണ്ടെങ്കില്‍, നിര്‍ഭയമായി മനസ്സു തുറക്കാന്‍ പറ്റുമെങ്കില്‍ അത് പെയ്‌തൊഴിഞ്ഞ് മനസ്സില്‍ വെളിച്ചം കയറും. വിഷമങ്ങള്‍ക്ക് കാതോര്‍ക്കുകയെന്നത് പ്രധാനമാണ്. സ്വകാര്യത ഉറപ്പാക്കി, ശാന്തമായ അന്തരീക്ഷത്തില്‍ ക്ഷമയോടെ കേള്‍ക്കണം. ചിന്തകള്‍ പങ്കു വെക്കുമ്പോഴുണ്ടാകാനിടയുള്ള വികാര വിക്ഷോഭങ്ങള്‍ക്ക് ചിറ കെട്ടേണ്ട. അതു പ്രകടിപ്പിക്കപ്പെടട്ടെ.

വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുമ്പോഴുള്ള മൗനത്തെപോലും അനുവദിക്കണം. വിഷാദത്തില്‍പ്പെട്ട വ്യക്തി നിരത്തുന്ന വ്യാഖ്യാനങ്ങളോടും കാരണങ്ങളോടും പ്രഥമശുശ്രൂഷാ ഘട്ടത്തില്‍ വിയോജിപ്പു പ്രകടിപ്പിക്കാന്‍ പോകേണ്ട. തെറ്റും ശരിയും വേര്‍തിരിക്കാന്‍ പോകേണ്ട. വിഷാദത്തില്‍ അകപ്പെടേണ്ട കാര്യമൊന്നുമില്ലെന്ന് തോന്നാം. ഇത്ര ദുഃഖിക്കേണ്ട കാര്യമുണ്ടോയെന്ന പാഴ്വാക്കു ചൊല്ലാന്‍ മുതിരരുത്. അയാള്‍ വിഷാദത്തിനടിമപ്പെട്ടുവെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കണം. വിഷാദം ഒരു ദൗര്‍ബല്യമോ പരാജയമോ കുറ്റമോ ആണെന്ന ധ്വനി വാക്കിലും പ്രവൃത്തിയിലും ഉണ്ടാകാന്‍ പാടില്ല. ഉപദേശങ്ങള്‍ ഒഴിവാക്കി നല്ല കേള്‍വിക്കാരാവുക. ക്ഷമയോടെ കേട്ടശേഷം മനസ്സിലായ കാര്യങ്ങള്‍ ചുരുക്കി അങ്ങോട്ടു പറയുക. അപ്പോള്‍ കരുതലോടെ ശ്രദ്ധിച്ചുവെന്ന വിശ്വാസമുണ്ടാകും. ആശയറ്റുവെന്നും ജീവിതംകൊണ്ട് ഇനി പ്രയോജനമില്ലെന്നുമൊക്കെയുള്ള സംസാരങ്ങള്‍ ഉണ്ടാകുമ്പോള്‍ വിഷാദത്തിനെ സങ്കീര്‍ണമാക്കുന്ന ആത്മഹത്യാ പ്രവണതയുടെ സാധ്യത ഓര്‍ക്കുക. അനുയോജ്യമായ സന്ദര്‍ഭത്തില്‍ സ്വയം ഉയിരെടുക്കാനുള്ള വിചാരങ്ങളുണ്ടോയെന്നു അന്വേഷിക്കുക. ഇത്തരമൊരു ചോദ്യം ചോദിച്ചാല്‍ അങ്ങനെ ചെയ്യാനുള്ള ഉത്തേജനമാകില്ലേയെന്ന ആശങ്ക അസ്ഥാനത്താണ്. തിരിച്ചറിയാന്‍ സാധിച്ചാല്‍ പിന്‍തിരിപ്പിക്കാനാകും. ഉള്ളില്‍ ഒളിപ്പിച്ച ഈ കാര്യംപോലും മനസ്സിലാക്കിയല്ലോയെന്നത് വിഷാദത്തിനടിമപ്പെട്ട വ്യക്തിക്ക് ആശ്വാസവുമേകും.

കണ്ണിചേര്‍ക്കാം
മനസ്സില്‍ വെല്ലുവിളിയാകുന്ന പ്രതിസന്ധികള്‍ പലതരത്തിലുണ്ട്. നഷ്ടങ്ങളും ദുരന്തങ്ങളും വ്യക്തിബന്ധത്തിലെ താളപ്പിഴകളുമൊക്കെ അതില്‍ ഇടം പിടിക്കാം. സാഹചര്യങ്ങള്‍ക്കനുസൃതമായ തുടര്‍സഹായം നല്‍കുന്ന സംവിധാനങ്ങളുമായി കണ്ണികളുണ്ടാക്കി കൊടുക്കേണ്ടിവരും. ദുരന്തസന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ ധനസഹായങ്ങളും മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങളും ലഭിക്കുന്നതെവിടെയെന്ന കാര്യങ്ങള്‍ മനസ്സിലാക്കേണ്ടിവരും. മനസ്സിന്റെ അസ്വസ്ഥതകള്‍ അതിരുവിട്ട് വിഷാദരോഗമാകുമ്പോള്‍ വിദഗ്ധവും ശാസ്ത്രീയവുമായ ചികിത്സകള്‍ എവിടെ ലഭിക്കുമെന്ന് ചൂണ്ടിക്കാണിച്ചുകൊടുക്കേണ്ടിവരും. ദുരന്തസാധ്യത സജീവമായി നില്‍ക്കുന്ന ഇടങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്ന സംവിധാനങ്ങളുമായി കണ്ണിചേര്‍ക്കേണ്ടിവരും. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരെ നീതിനിര്‍വഹണ വിഭാഗവുമായി ബന്ധപ്പെടുത്തണം. മറവിരോഗമോ ഗുരുതരമായ മാനസികരോഗമോ ബാധിച്ച ബന്ധുവിനെ പരിചരിക്കുന്നവര്‍ക്കും പിന്തുണയും സഹായവും നല്‍കുന്ന സന്നദ്ധസംഘടനകളെ പരിചയപ്പെടുത്തണം. ഇത്തരത്തില്‍ നിരവധി കണ്ണിചേര്‍ക്കലുകളുണ്ട്. പ്രഥമശുശ്രൂഷയ്ക്ക് ഒരുങ്ങുമ്പോള്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള വിവരശേഖരണവും നടത്തണം. ഇതൊക്കെ ചെയ്യാനുള്ള പ്രാപ്തി സ്വയംവിശകലനം ചെയ്യണം. മറ്റുള്ളവരുടെ മനസ്സിന് സഹായമേകുമ്പോള്‍ സ്വന്തം മനസ്സിന് തളര്‍ച്ച പറ്റാതെ ശ്രദ്ധിക്കുകയും വേണം.

നമുക്ക് വേണോ മനസ്സിന് ശുശ്രൂഷ
ഉറ്റവര്‍ക്കും ഉടയവര്‍ക്കും മനസ്സില്‍ തളര്‍ച്ചയുണ്ടാകുമ്പോള്‍ വേണ്ട പ്രഥമശുശ്രൂഷകള്‍ നല്‍കാനുള്ള ശക്തി നമ്മുടെ സാമൂഹികഘടനയില്‍തന്നെ ഉണ്ടെന്നത് ഒരു തര്‍ക്കമാകാം. ദൈവവിശ്വാസി പ്രതിസന്ധിവേളയില്‍ ചെയ്യുന്ന പ്രാര്‍ഥനകളും മറ്റ് ആചാരങ്ങളും സ്വയമേകുന്ന ആദ്യശുശ്രൂഷകളാണെന്നും വാദിക്കാം. ശവസംസ്‌കാര ചടങ്ങുകളും പിന്നീട് നടത്തുന്ന മരണാനന്തര അനുഷ്ഠാനങ്ങളുമൊക്കെ ദേഹവിയോഗവുമായി പൊരുത്തപ്പെടാനുള്ള മനശ്ശാസ്ത്രതന്ത്രങ്ങളാണെന്നു പറയാം. കുരുക്ഷേത്ര യുദ്ധരംഗത്ത് നിഷ്‌ക്രിയനായിപ്പോയ അര്‍ജുനന് നല്‍കിയ ഗീതോപദേശം പ്രതിസന്ധിയില്‍ തളരുന്നവന് നല്‍കുന്ന പ്രഥമശുശ്രൂഷകളുടെ തലവും കടന്ന് സൈക്കോതെറാപ്പിയുടെ മാനങ്ങള്‍ കൈവരിച്ചത് ചൂണ്ടിക്കാണിക്കാം.

dep

ഓസ്ട്രേലിയയിലൊക്കെ ജനസംഖ്യയുടെ രണ്ടുശതമാനം പേര്‍ക്ക് മാനസികാരോഗ്യ പ്രഥമശുശ്രൂഷ അറിയേണ്ടിവരുന്നത് ഈവക സാംസ്‌കാരിക ശക്തികള്‍ ഇല്ലാത്തതുകൊണ്ടാണെന്ന് പറഞ്ഞ് പരിഹസിക്കാം. എന്നാല്‍ ഇതൊക്കെ പാഴ് വാക്കുകളാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് കേരളത്തില്‍നിന്ന് കിട്ടുന്നത്. ആത്മഹത്യാനിരക്ക് ലക്ഷത്തിന് ഇരുപത്തിനാലിന് മീതെ, വിവാഹമോചനങ്ങളുടെ തോത് കുതിച്ചുകയറുന്നു, വൃദ്ധജനങ്ങളുടെയും കുട്ടികളുടെയും ഇടയില്‍ മാനസികസംഘര്‍ഷങ്ങള്‍ പെരുകുന്നു. നോവുന്ന മനസ്സിനുവേണ്ട പ്രഥമശുശ്രൂഷകള്‍ കിട്ടാത്തതിന്റെ കോട്ടം പ്രകടം.

അതുകൊണ്ട് നമുക്കും വേണം മാനസികാരോഗ്യ പ്രഥമശുശ്രൂഷാ സംവിധാനങ്ങള്‍. ഒരു പരിധിവരെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പരിചരണത്തില്‍ ഇതുണ്ട്. നിലവില്‍ സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നവര്‍ക്ക് ഇതുചെയ്യാം. ഇത് നല്‍കാനുള്ള വിധത്തില്‍ മനസ്സ് പാകപ്പെടുത്തിയെടുക്കണം.

പരീക്ഷപ്പേടിയുള്ള കൂട്ടുകാര്‍ക്ക് ആ ഭീതിയകറ്റാനുള്ള മാനസികാരോഗ്യ പ്രഥമശുശ്രൂഷകള്‍ അവരുടെ ഇടയിലെ പേടിയില്ലാത്ത മിടുക്കരായ സഹപാഠികളെ പരിശീലിപ്പിച്ചത് ഓര്‍മവരുന്നു. എല്ലാവരുടെ ഇടയിലുമുണ്ട് ഇങ്ങനെയുള്ളവര്‍, നിങ്ങളിലുമുണ്ടാകും. ഉണര്‍ത്തിയെടുക്കാം ആ അനുഭവങ്ങള്‍. തളരുന്ന മനസ്സുകളെ തിരിച്ചറിയാം. നല്‍കാം പ്രഥമശുശ്രൂഷകള്‍. ഒരുപക്ഷേ, തടയുന്നത് ഒരു ആത്മഹത്യയാകാം. ചിലപ്പോള്‍ ഒരു രോഗാവസ്ഥയ്ക്ക് വൈകാതെ ചികിത്സ കിട്ടാനുള്ള പ്രേരണയാകാം. മനസ്സിന്റെ രോഗവും മറ്റ് ഏത് രോഗവും പോലെയാണെന്ന സന്ദേശം പടര്‍ത്താന്‍ നിമിത്തവുമായേക്കാം.

(കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ ചീഫ് സൈക്യാട്രിസ്റ്റ് ആണ് ലേഖകന്‍)

Content Highlights: what is depression how to manage it you needs to know, mental health, first aid for depression, Health

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
salt

2 min

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോ? ഈ ലക്ഷണങ്ങൾ പറയും

Sep 23, 2023


fever

2 min

വിട്ടുമാറാത്ത പനി, പുറംവേദന; കുട്ടികളിൽ ശ്രദ്ധിക്കേണ്ട വാതരോഗ ലക്ഷണങ്ങൾ

Sep 24, 2023


kidney
Premium

3 min

മൂത്രത്തിന് ചുവന്നനിറം, അമിതമായ ക്ഷീണം; വൃക്കയിലെ അർബുദ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്

Jun 15, 2023


Most Commented