Representative Image| Photo: Gettyimages
ഏതാനും ദിവസങ്ങളിലായി കോവിഡിന്റെ പുതിയ വകഭേദമായ ഡെല്റ്റാക്രോണിനെക്കുറിച്ചാണ് വാര്‍ത്തകള്‍.
മെഡിറ്ററേനിയന്‍ ദ്വീപുരാഷ്ട്രമായ സൈപ്രസില്‍ 25 കോവിഡ് രോഗികളിലാണ് നോവല്‍ കൊറോണ വൈറസിന്റെ രണ്ട് വകഭേദങ്ങളായ ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും വകഭേദങ്ങള്‍ ഒന്നിച്ചു കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇരുവകഭേദങ്ങളും ഒന്നിച്ച് ഒരു വ്യക്തിയില്‍ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ബി.1.640.2 എന്നായിരുന്നു പേര് നല്‍കിയിരുന്നത്.
സൈപ്രസ് ബയോളജിക്കല്‍ സയന്‍സസ് സര്‍വകലാശാലയിലെ പ്രൊഫസറും അവിടുത്തെ ലബോറട്ടറി ഓഫ് ബയോടെക്നോളജി ആന്‍ഡ് മോളിക്യുലര്‍ വൈറോളജിയുടെ തലവനുമായ ലിയോണ്‍ഡിയോസ് കോസ്ട്രിക്കിസ് ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് 25 പേരില്‍ പുതുതായി കണ്ടെത്തിയ വകഭേദത്തിന് ഒമിക്രോണിന്റേതുപോലെയുള്ള ജെനറ്റിക് സിഗ്നേച്ചറും ഡെല്റ്റയുടേതു പോലുള്ള ജീനോമുകളും കണ്ടെത്തിയെന്നാണ്. അതിനെത്തുടര്‍ന്നാണ് ഡെല്‍റ്റക്രോണ്‍ എന്ന പേര് ഉയര്‍ന്നുവന്നത്.
പുതിയ വകഭേദം ബാധിച്ചത് 25 പേരെയാണ്. ഇതില്‍ ആശുപത്രിയിലായ 11 പേരുടെ സാംപിളുകളും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 14 പേരുടെ സാംപിളുകള്‍ വീട്ടില്‍ നിന്നുമാണ് എടുത്തത്. പുതിയ ഈ വകഭേദം കൂടുതല്‍ പടരാന്‍ സാധ്യതയുള്ളതാണെങ്കില്‍ ഡെല്‍റ്റയേക്കാളും ഒമിക്രോണിനേക്കാളും കരുതലെടുക്കേണ്ടതുണ്ടെന്ന് കോസ്ട്രിക്കിസ് അഭിപ്രായപ്പെട്ടിരുന്നു.
ഈ 25 ഡെല്‍റ്റാക്രോണ്‍ വകഭേദം ബാധിച്ച രോഗികളുടെ വിശദാംശങ്ങള്‍ വൈറസിന്റെ മാറ്റങ്ങള്‍ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര ഡാറ്റാബേസ് ആയ ജി.ഐ.എസ്.എയ്ഡിലേക്ക്(GISAID) ഈ മാസം ഏഴിന് തന്നെ നല്‍കിയിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഡെല്‍റ്റക്രോണ്‍ എന്ന പുതിയ വകഭേദം ലബോറട്ടറിയില്‍ നിന്നുള്ള 'കണ്ടാമിനേഷന്' മൂലമാണോയെന്ന സംശയം ചില ആരോഗ്യ വിദഗ്ധര്‍ അപ്പോള്‍ തന്നെ പങ്കുവെച്ചിരുന്നു. ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ വൈറോളജിസ്റ്റായ ടോം പീകോക്ക്, ലോകാരോഗ്യസംഘടനയുടെ കോവിഡ് 19 ടെക്നിക്കല്‍ ടീം അംഗവും പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധനുമായ ഡോ. കൃതിക കുപ്പലി, യു.എസിലെ സ്ക്രിപ്സ് റിസര്‍ച്ച് ട്രാന്‍സ്ലേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനായ ഡോ. എറിക് ടോപ്പോല് എന്നിവര്‍ ഇതുസംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇത്ര കുറച്ച് ആളുകളില്‍ മാത്രം സീക്വന്‍സുകള്‍ കണ്ടെത്തിയത് സൂചിപ്പിക്കുന്നത് ലാബില്‍ നിന്നുള്ള 'കണ്ടാമിനേഷന്' ആണെന്നാണ് എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.
ഇതിനിടെ, താന്‍ നല്കിയ വിശദാംശങ്ങള്‍ ഡാറ്റബേസില്‍ നിന്ന് നീക്കം ചെയ്യാന്‍ ലിയോണ്‍ഡിയോസ് കോസ്ട്രിക്കിസ് തന്നെ ജി.ഐ.എസ്.എയ്ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നുണ്ട്. ഫ്രാന്‍സ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ ഉള്‍പ്പടെ ഈ വൈറസ് സീക്വന്‍സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നതിനാല്‍ തന്റെ നിഗമനം ഒരു 'ടെക്നിക്കല്‍ എറര്‍' ആണെന്ന് അദ്ദേഹം പറഞ്ഞതായതാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതല്‍ വിശദാംശങ്ങളുടെ അഭാവത്തില്‍ ഡെല്‍റ്റക്രോണ്‍ ഒരു വകഭേദമല്ലെന്നും 'കണ്ടാമിനേഷന്' മൂലമാണെന്നുമെന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ ആരോഗ്യവിദഗ്ധരും വൈറോളജിസ്റ്റുകളും ബി.1.640.2 എന്ന ഡെല്റ്റക്രോണിനെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വൈറസ് സീക്വന്‍സിങ് നടക്കുമ്പോള്‍ ഫ്ളൂയിഡുകള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും 'ലബോറട്ടറി കണ്ടാമിനേഷന്' നടക്കാനിടയുണ്ട്. ഇത് ലാബുകളില്‍ സര്‍വസാധാരണമാണ്. ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ നേരത്തെ ചെയ്തുവെച്ച പി.സി.ആര്. ടെസ്റ്റിന്റെ അല്പഭാഗം അതില്‍ നിലനില്ക്കുകയും അത് തുടര്‍ന്ന് എടുക്കുന്ന സാംപിളിലേക്ക് വ്യാപിക്കുകയും ചെയ്യും. ഇതിനെത്തുടര്‍ന്ന് രണ്ട് വകഭേദങ്ങളുടെയും സ്വഭാവം ഈ സാംപിളില്‍ കണ്ടെത്താം. ഇതാണ് ഈ കേസില്‍ സംഭവിച്ചിരിക്കാന്‍ സാധ്യത.
ലോകാരോഗ്യസംഘടനയുടെ കോവിഡ് ടെക്നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ക്കോവ് ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തിയിട്ടുണ്ട്. ഡെല്‍റ്റക്രോണ്‍ എന്നത് സീക്വന്‍സിങ്ങിന്റെ ഇടയ്ക്ക് 'കണ്ടാമിനേഷന്' സംഭവിച്ചതിനെത്തുടര്ന്നാകാമെന്നും അതിനാല്‍ ഡെല്‍റ്റക്രോണ്‍ ഫ്ളൂറോണ, ഫ്ളൂറോണ് എന്ന വാക്കുകള്‍ ഒന്നും ഇനി ഉപയോഗിക്കരുതെന്ന് അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
1.2 മില്ല്യണ്‍ ജനസംഖ്യയുള്ള ഒരു യൂറോപ്യന്‍ യൂണിയന് അംഗമായ സൈപ്രസില്‍ രണ്ടുലക്ഷം കോവിഡ് കേസുകളും 700 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Content Highlights: What is Deltacron- Deltacron is non variant of concern
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..