കഭേദം വന്ന രണ്ട് കോവിഡ് 19 വൈറസുകളെ തിരിച്ചറിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ആകെ കോവിഡ് 19 കേസുകളുടെ 75 ശതമാനവും ഇപ്പോൾ മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ 37.85 ശതമാനം കോവിഡ് കേസുകൾ ഉള്ളപ്പോൾ മഹാരാഷ്ട്രയിൽ ഇത് 36.87 ശതമാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ വകഭേദം വന്ന കോവിഡ് 19 വൈറസുകളെക്കുറിച്ച് കൂടുതൽ അറിയാം.

ഇന്ത്യയിൽ പുതിയ കൊറോണ വൈറസ് വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ?

ഉണ്ട്. നോവൽ കൊറോണ വൈറസിന്റെ രണ്ട് വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. N440K, E484K എന്നിവയാണ് ഈ രണ്ട് വകഭേദങ്ങൾ.

ഇന്ത്യയിൽ മാത്രമുള്ളതാണോ ഈ രണ്ട് വകഭേദങ്ങളും?

അല്ല. ഈ രണ്ട് വകഭേദങ്ങളും ഇന്ത്യയിൽ മാത്രമുള്ളതല്ല. ഇവ രണ്ടും മറ്റ് രാജ്യങ്ങളിലും തിരിച്ചറിഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ഏതുസംസ്ഥാനങ്ങളിലാണ് പുതിയ രണ്ട് വകഭേദങ്ങളെയും കണ്ടെത്താനായത്?

മഹാരാഷ്ട്ര, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഈ പുതിയ രണ്ട് വകഭേദങ്ങളെയും കണ്ടെത്തിയിട്ടുള്ളത്.

ഇന്ത്യയിൽ കൊറോണ വൈറസിന്റെ എത്ര പുതിയ വകഭേദങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്?

ഇന്ത്യയിൽ കൊറോണ വൈറസിന്റെ അഞ്ച് വകഭേദങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. N440K വകഭേദം, E484K വകഭേദം എന്നിവയും യു.കെ. വകഭേദം, ദക്ഷിണാഫ്രിക്കൻ വകഭേദം, ബ്രസീൽ വകഭേദം എന്നിവയും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇപ്പോൾ പുതുതായി നടക്കുന്ന രോഗവ്യാപനത്തിന് കാരണം കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളാണോ?

പുതുതായി നടക്കുന്ന രോഗവ്യാപനത്തിന് കാരണം കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളാണ് എന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.

കൊറോണ വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് എത്ര പേർക്ക് ബാധിച്ചിട്ടുണ്ട്?

ഇന്ത്യയിൽ 194 പേർക്ക് യു.കെ. വകഭേദം, ദക്ഷിണാഫ്രിക്കൻ വകഭേദം, ബ്രസീൽ വകഭേദം എന്നിവ ബാധിച്ചിട്ടുണ്ടെന്ന് നീതി ആയോഗ് ആരോഗ്യ വിഭാഗം അംഗം ഡോ. വി.കെ. പോൾ അറിയിച്ചിട്ടുണ്ട്. E484Q സ്ട്രെയിൻ നാല് തരത്തിൽ കഴിഞ്ഞ മാർച്ച്ജൂലായ് മാസങ്ങളിൽ മഹാരാഷ്ട്രയിൽ തിരിച്ചറിഞ്ഞിരുന്നു. N440K വകഭേദം കഴിഞ്ഞ വർഷം മേയ്സെപ്റ്റംബർ കാലയളവിൽ തെലങ്കാന, ആന്ധ്രാപ്രദേശ്, അസം എന്നിവിടങ്ങളിലെ 13 വ്യത്യസ്ത മേഖലകളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

N440K വകഭേദം, E484K വകഭേദം എന്നിവ എന്താണ്?

കൊറോണ വൈറസിന് ഉണ്ടാകുന്ന ജനിതകവ്യതിയാനങ്ങളെക്കുറിച്ച് രാജ്യത്ത് കർശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 3500 സ്ട്രെയിനുകൾ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇവയെ സീക്വൻസിങ് ചെയ്തുകൊണ്ടിരിക്കുമ്പോൾ അവയിൽ അസ്വാഭാവികമായി എന്തെങ്കിലും കാണുന്നുണ്ടോയെന്ന്നിരീക്ഷിക്കുകയാണ്. വൈറസിന്റെ സ്വഭാവം മനസ്സിലാക്കാൻ ഇത് സഹായിക്കും. വൈറസിന് ഉണ്ടാകുന്ന ജനിതക വ്യതിയാനവും നിരീക്ഷിക്കുകയാണ്. ഈ വിവരങ്ങൾ അടിസ്ഥാനമാക്കി കണ്ടെത്താനായത് ജനിതകവ്യതിയാനം സംഭവിച്ച സ്ട്രെയിനുകൾ മൂലം കുറച്ചുജില്ലകളിൽ അണുബാധ കൂടിയിട്ടില്ല എന്നാണ്.
ഇന്ത്യൻ സാർസ് കോവ് 2 ജീനോമിക്സ് കൺസോർഷ്യത്തിലെ (INSACOG) പ്രമുഖ ശാസ്ത്രജ്ഞരാണ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നത്. പഠനം ഇപ്പോഴും തുടരുകയാണ്. ഡിസംബറിലാണ് ഇന്ത്യൻ സാർസ് കോവ് 2 ജീനോമിക്സ് കൺസോർഷ്യം സ്ഥാപിച്ചത്.

E484K എന്ന് വകഭേദം വന്ന വൈറസിലെ 484 എന്നത്

ജനിതകവ്യതിയാനം സംഭവിച്ച കൃത്യമായ സ്ഥലത്തെയാണ് സൂചിപ്പിക്കുന്നത്. E എന്ന അക്ഷരം സൂചിപ്പിക്കുന്നത് വൈറസിന്റെ യഥാർഥ അമിനോ ആസിഡിനെയാണ്. K എന്ന അക്ഷരം സൂചിപ്പിക്കുന്നത് ജനിതകവ്യതിയാനം സംഭവിച്ച അമിനോ ആസിഡിനെയുമാണ്.

എന്താണ് കൊറോണ വൈറസിന്റെ യു.കെ. വകഭേദം?

യു.കെ. വകഭേദം കെന്റ് വകഭേദം(B.1.1.7) എന്നും
അറിയപ്പെടുന്നു. ഇത് മറ്റുള്ളവയെ അപേക്ഷിച്ച് എഴുപത് ശതമാനത്തിലധികം വ്യാപനശേഷിയുള്ളതാണ്. മാത്രമല്ല മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് മരണസാധ്യത കൂടിയതുമാണ്. എങ്കിലും ഇക്കാര്യങ്ങൾ ഉറപ്പിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. ഇത് നിലവിൽ ഡെൻമാർക്ക്, നെതർലാൻഡ്സ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലാൻഡ്, ജർമ്മനി, കാനഡ, ജപ്പാൻ, ലെബനോൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്താണ് കോവിഡ് 19 ന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം?

ദക്ഷിണാഫ്രിക്കൻ വകഭേദത്തെ 501Y.V2 എന്നോ B.1.351 എന്നോ വിളിക്കാം. ഇത് 2020 ഡിസംബറിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇത് കോവിഡ് 19 വൈറസിൽ നിന്നും പലതരത്തിലും വ്യത്യസ്തമാണ്. വൈറസിന് മനുഷ്യശരീരത്തിലേക്ക് കടക്കാൻ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനിൽ ഉൾപ്പടെ ഈ വകഭേദത്തിൽ വ്യത്യാസങ്ങളുണ്ട്. പുതിയ യു.കെ. വകഭേദത്തോട് ഏറെ സാമ്യമുള്ളതാണ് ഇത്. ഇതിന് വ്യാപനശേഷി വളരെ കൂടുതലാണ്. അതിനാൽ രോഗവ്യാപനം പെട്ടെന്ന് വർധിക്കും. എന്നാൽ മുൻ റിപ്പോർട്ടുകളിൽ പറയുന്നത് ദക്ഷിണാഫ്രിക്കൻ വകഭേദം കോവിഡ് 19 നേക്കാൾ മാരകമല്ല എന്നാണ്.ഇത് കൂടുതലും പ്രായമായവരെയാണ് ബാധിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പറയുന്നത് ചെറുപ്പക്കാരെയാണ് ദക്ഷിണാഫ്രിക്കൻ വകഭേദം കൂടുതലായി ബാധിക്കുന്നത് എന്നാണ്.

എന്താണ് കൊറോണ വൈറസിന്റെ ബ്രസീലിയൻ വകഭേദം?

ബ്രസീൽ വകഭേദം(P.1) കഴിഞ്ഞ ജൂലായിലാണ് ഉയർന്നുവന്നത്. എന്നാൽ ഇതിന് ഇപ്പോൾ E484K എന്ന ജനിതകവ്യതിയാനം കൂടി വന്നിരിക്കുന്നു. യു.കെ. വകഭേദം, ദക്ഷിണാഫ്രിക്കൻ വകഭേദം എന്നിവയെപ്പോലെ ബ്രസീൽ വകഭേദവും കൂടുതൽ പടർന്നുപിടിക്കുന്നതാണ്.

എന്താണ് ജനിതകവ്യതിയാനം എന്നതുകൊണ്ട് അർഥമാക്കുന്നത്?

വൈറസിന്റെ ജനിതക സീക്വൻസിൽ ഉണ്ടാകുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നതാണ് ജനിതകമാറ്റം അഥവ മ്യൂട്ടേഷൻ എന്ന് പറയുന്നത്. വൈറസുകൾ ഇരട്ടിക്കുമ്പോഴാണ് ഈ മാറ്റങ്ങൾ ഉണ്ടാകുന്നത്. വൈറസ് ഒരു അന്യശരീരത്തിൽ പറ്റിപ്പിടിച്ച് അതിന്റെ ജനിതക വസ്തു അന്യശരീരത്തിലെ കോശങ്ങളിലേക്ക് കുത്തിവയ്ക്കുമ്പോഴാണ് വൈറസ് വ്യാപനം ഉണ്ടാകുന്നത്. അന്യശരീരം ഇതിനെതിരെ പോരാടുമ്പോൾ വൈറസുകൾ ഇരട്ടിക്കുകയും ആ പോരാട്ടത്തെ അതിജീവിക്കാൻ വഴികൾ കണ്ടെത്തുകയും ചെയ്യുന്നു. ഇതിനായി സ്വയം മാറ്റങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.

എങ്ങനെ സുരക്ഷിതരാകാം?

കൈകൾ ഇടയ്ക്കിടെ കഴുകുക, ആളുകളിൽ നിന്ന് സാമൂഹിക അകലം പാലിക്കുക, മാസ്ക്ക് ധരിക്കൽ ശീലമാക്കുക തുടങ്ങിയവ വഴി അണുബാധകളെ തടയാം. വൈറസിന്റെ പുതിയ വകഭേദങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും വ്യാപിക്കുന്നതിനാൽ അതിനെ പ്രതിരോധിക്കാൻ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

Content Highlights:what is Covid19 variants all details you needs to know, Health, Covid19, Corona Virus